ഡെസ്റ്റിനേഷന്‍ - വിദേശം

ഹൂട്ടോങ് സവാരി

Posted on: 08 Oct 2010

Text & Photos: Dr.V.Venu

 

ചൈനീസ് നഗരങ്ങളിലെ ഊടുവഴികളുടെ ലോകമാണ് ഹൂട്ടോങ്. ചാന്ദ്‌നി ചൗക്കിലും മട്ടാഞ്ചേരിയിലും വലിയങ്ങാടിയിലുമെല്ലാം നമ്മള്‍ കണ്ടുമുട്ടുന്ന സാധാരണക്കാരുടെ ലോകം. കഷ്ടപ്പെട്ട് സൈക്കിള്‍ ചവുട്ടി ബെയ്ജിങ്ങിലെ ഹുട്ടോങ്ങുകളിലൂടെ ഒരു യാത്ര

ശാന്തമായ ടിയാനന്‍മെന്‍. പ്രഭാത്തിന്റെ കുളിര് അവഗണിച്ച് ഞങ്ങള്‍ ഇരുപതോളം പേര്‍, പ്രസിദ്ധമായ ചത്വരത്തില്‍ ദിവസവും സൂര്യോദയത്തിനുള്ള പതാക ഉയര്‍ത്തല്‍ കാണാന്‍ എത്തിയതായിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ സേനയുടെ സൈനികര്‍ അച്ചടക്കത്തോടെ, ഔപചാരികതയോടെ പതാക ഉയര്‍ത്തി. അകലെ, മാവോയുടെ കൂറ്റന്‍ ചിത്രം അലങ്കരിക്കുന്ന ടിയാനന്‍മെന്‍ കവാടം. ചത്വരം മുറിച്ചു കടന്നു ഞാന്‍ എന്റെ സൈക്കിള്‍ യാത്ര തുടര്‍ന്നു.

ഒളിംപിക്‌സിന് മുന്‍പുള്ള ഒരു ഒക്ടോബര്‍. ബെയ്ജിങിലേക്കുള്ള എന്റെ യാത്ര തീരുമാനമായപ്പോള്‍, അവിടെ ജോലി ചെയ്തിട്ടുള്ള ഒരു സുഹൃത്തിനോട് ചോദിച്ചു. ടൂറിസ്റ്റ് ബ്രോഷറുകള്‍ക്കപ്പുറമുള്ള ബെയ്ജിങ് എങ്ങനെ കാണാം? മറുപടി ഉടനെ വന്നു. ഒരു സൈക്കിള്‍ വാടകയ്ക്ക് എടുക്കൂ.

'സൈക്കിള്‍ വാടകയ്ക്ക് കിട്ടുമോ' എന്റെ ചോദ്യം കേട്ട 'കോണ്‍സിയേര്‍ജ്' (ടൂറിസ്റ്റ് സഹായി) ഒന്നു ഞെട്ടി. ഒരു മെഴ്‌സിഡസ് വാടകക്ക് കിട്ടുമോ എന്ന ചോദ്യത്തിന് അയാള്‍ക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. എന്നാല്‍ സൈക്കിള്‍- അയാള്‍ കൈമലര്‍ത്തി. സംഭാഷണം കേട്ടു നിന്ന ഒരു ബെല്‍ബോയ് എന്തോ പറയുന്നത് ശ്രദ്ധിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ആ യുവാവ് എന്നെ സമീപിച്ചു. മുറിഞ്ഞ ഇംഗ്ലീഷില്‍ ചോദിച്ചു 'സര്‍, സൈക്കിള്‍ വാങ്ങാനോ, വാടകയ്‌ക്കോ?'. വാടകയ്ക്ക് എന്നറിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു 'ആറ് മണിക്ക് എന്റെ ഡ്യൂട്ടികഴിയും. കൂടെവന്നാല്‍ ഞാന്‍ ശരിയാക്കിത്തരാം'. വൈകുന്നേരം യുവാവ് ഹോട്ടലിന് പുറത്ത് കാത്തുനിന്നു. വാങ് എന്ന ഇരുപത്തിരണ്ടുകാരന്‍. ഗുവമാവോ സ്‌റ്റേഷനിലേക്ക് നടക്കുമ്പോള്‍ വാങ് ആഗ്രഹം വ്യക്തമാക്കി. തന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തണം. അതിനുള്ള വഴിയാണ് സന്ദര്‍ശകര്‍ക്ക് ചില്ലറ സഹായങ്ങള്‍ ചെയ്ത് അവരെ പരിചയപ്പെടുകയും ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്യുക. നമ്മുടെ നാലായിരത്തോളം രൂപയാണ് അവന്റെ ശമ്പളം. പിന്നെ, ടിപ്പുകള്‍ വഴി ചെറിയൊരു തുകയും.

ബെയ്ജിങിലെ ഭൂഗര്‍ഭ റെയില്‍വേയിലൂടെ ആയിരുന്നു പിന്നീടുള്ള യാത്ര. വൃത്തിഹീനവും പൊട്ടിപൊളിഞ്ഞതുമായിരുന്നു അത്. (ഒളിംപിക്‌സോടെ പുതിയ ട്രാക്കുകളും പുതുപുത്തന്‍ വഴികളുമെല്ലാം വന്നു കഴിഞ്ഞിട്ടുണ്ടാവും). അധികം ദൂരത്തല്ലാത്ത സ്റ്റേഷനിലിറങ്ങി ചെറുവഴികളിലൂടെ നടന്നപ്പോള്‍ ഒരു സൈക്കിള്‍ കട. പലതരം സൈക്കിളുകള്‍. ചൈനയുടെ പ്രസിദ്ധമായ 'പറക്കും പ്രാവ്' ബ്രാന്‍ഡിനോടൊപ്പം അമേരിക്കന്‍ സൈക്കിളുകളും. എന്റെ ക്രെഡിറ്റ് കാര്‍ഡ് പണയപ്പെടുത്തി ഒരു സൈക്കിള്‍ വാടകയ്ക്ക് എടുത്തു. അഞ്ഞൂറു രൂപയോളം വാടക. കൂടെയൊരു ഹെല്‍മെറ്റ് ഫ്രീ!

ഹോട്ടല്‍ വരെ തിരികെയുള്ള യാത്ര ജിയാങ് ഗുവോ മെന്‍നേയി എന്ന സായി ജിയേയിലൂടെ ( 'സായി ജിയേ' എന്നാല്‍ ചൈനീസില്‍ പ്രധാന റോഡ് എന്ന് അര്‍ത്ഥം) ആയിരുന്നു. ഇരുഭാഗത്തുമുളള രാജപാതയ്ക്കരികിലായി വിശാലമായ പദയാത്ര മേഖലയില്‍ സൈക്കിള്‍ട്രാക്ക് വരച്ചിട്ടുണ്ട്. സുഖകരമായ യാത്രക്ക് ശേഷം ഹോട്ടലിലെത്തി. വമ്പന്‍ കാറുകള്‍ നിര്‍ത്തിയ പാര്‍ക്കിങ് മേഖലയിലെ ഒരു പോസ്റ്റില്‍ എന്റെ 'വാഹനം' ഞാന്‍ പാര്‍ക്ക് ചെയ്തപ്പോള്‍ കാവല്‍ക്കാരന്‍ അന്തംവിട്ടുനിന്നു.

അങ്ങനെ, ഈ ഞായറാഴ്ച പുലരിയില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ജാക്കറ്റും ഒരു ബാക്ക്പാക്കുമായി ഇവിടെ ടിയാനന്‍മെനില്‍. ചൈനീസ് പ്രപഞ്ചത്തിന്റെ മദ്ധ്യസ്ഥലി. ആള്‍ക്കൂട്ടത്തിന്റെ ആരവമില്ലാതെ ലോകത്തെ ഏറ്റവും വിസ്തൃതമായ ചത്വരത്തിന്റെ അരികല്‍ നില്‍ക്കുമ്പോള്‍ ഇവിടെ നടന്ന സംഭവങ്ങളുടെ ഓര്‍മ്മ മനസ്സില്‍ നിറയുന്നു.

നാന്‍ ചിസി ജിയേയിലൂടെനീങ്ങുമ്പോള്‍ ചുറ്റും മറ്റാരുമില്ല. തെരുവുകള്‍ വൃത്തിയായികഴിഞ്ഞിരുന്നു. ഇടതുഭാഗത്ത് ആകാശത്തേക്ക് വളഞ്ഞുനില്‍ക്കുന്ന മച്ചുകള്‍ കണ്ടുതുടങ്ങി- വിലക്കപ്പെട്ട നഗരം! രാജകീയ പ്രൗഢിയില്‍ നില്‍ക്കുന്ന കവാടത്തിന് മുന്നിലൂടെ വണ്ടിയോടിക്കുന്നത് ശിക്ഷാര്‍ഹമാണ്. സൈക്കിളില്‍ നിന്ന് ഇറങ്ങി നടന്നു. കാലങ്ങളേറെ കഴിഞ്ഞിട്ടും ഇവിടെ ഒരു സാനമ്രാജ്യത്തിന്റെ ഗാംഭീര്യം നിറഞ്ഞുനില്‍ക്കുന്നു. സാധാരണ ജനതയ്ക്ക് അഞ്ച് ശതാബ്ദത്തോളം പ്രവേശനം നിഷേധിക്കപ്പെട്ട ഒരു സമുച്ചയം ഇന്ന് താജ്മഹലിനേക്കാള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. മിങ്, ചിങ് രാജവംശങ്ങളിലെ ചക്രവര്‍ത്തിമാരുടെ ഭോഗലീലകള്‍ക്കായി പണികഴിപ്പിച്ച സൗധങ്ങള്‍, വിശാലമായ ഹാളുകള്‍, പ്രാര്‍ത്ഥനാമന്ദിരങ്ങള്‍, ഉദ്യോഗസ്ഥ-ഭൃത്യ താമസസ്ഥലങ്ങള്‍ എന്നിവ കാണാം. പഴയ ധൂര്‍ത്തിന്റെ പ്രതീകമായ ഈ നഗരം നശിപ്പിക്കാന്‍ സാംസ്‌കാരിക വിപ്ലവകാലഘട്ടത്തില്‍ ആലോചന ഉണ്ടായിരുന്നു. എന്നാലിപ്പോള്‍, കൊട്ടാരങ്ങള്‍ കാണാന്‍ വന്നടിയുന്ന ആനേകായിരം വിദേശീയര്‍ക്ക് ഇംഗ്ലീഷില്‍ കെട്ടിടങ്ങളുടെ പ്രത്യേകതകള്‍ വിശദീകരിക്കുന്ന ആഡിയോ ഗൈഡില്‍ ജെയിംസ് ബോണ്ട് നായകന്‍ റോജര്‍ മൂര്‍!

കോട്ടവാതില്‍ കടന്നു സവാരി തുടര്‍ന്നു.

റോഡിന്റെ വീതി കുറഞ്ഞു വരുന്നു. ചെറിയൊരു തടാകത്തിന്റെ സമീപത്ത് കൂടി നീങ്ങി. ഒരു ചെറിയ കുന്ന് . സൈക്കിള്‍ നിര്‍ത്തി, ഒതുക്കിവെട്ടിയ പുല്‍ത്തകിടിയിലൂടെ മേലേക്ക് നടന്നു. വടക്ക് ഉയര്‍ന്നു നില്‍ക്കുന്നത് മണിഗോപുരം. ചുറ്റും ഒക്ടോബറിന്റെ നിറം മാറ്റത്തില്‍ മുങ്ങി നില്‍ക്കുന്ന വന്‍മരങ്ങള്‍, ശാന്തരായി വ്യായാമം ചെയ്യുന്ന മധ്യവയസ്‌കര്‍. 13 ദശലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ബെയ്ജിങ് ഇത്ര നിശബ്ദമോ?

എന്റെ സ്വസ്ഥത മാറാന്‍ അധികസമയം വേണ്ടിവന്നില്ല. സമയം മരവിച്ചുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് എന്റെ സൈക്കിള്‍ എന്നെ കൊണ്ടുപോയത് ബെയ്ജിങിന്റെ തുടിക്കുന്ന ഹൃദയക്ഷേത്രമായ 'ഹൂട്ടോങ്' പ്രദേശത്തേക്കാണ് ഹൂട്ടോങ് തികച്ചും മൂന്നാം ലോകമാണ്. ഒരു വിളിപ്പാടകലെ അംബരചുംബികളായ ഹോട്ടലുകളും ഡിസൈനര്‍ ലേബലുകള്‍ കുത്തിനിറച്ച മാളുകളും എട്ടുനിര റോഡുകളും. ഹൂട്ടോങിലോ, ചൈനക്കാരും അവരുടെ സൈക്കിളുകളും. നമ്മുടെ നഗരങ്ങളിലെ വ്യാപാരത്തെരുവുകളില്‍ നിന്നും കെട്ടിടങ്ങളുടെ പിന്നിലുള്ള ലോകത്തേക്ക് നയിക്കുന്ന ഇടവഴികളില്ലേ? അത് പോലെയുള്ള ഊടുവഴികളുടെ ലോകമാണ് ഹൂട്ടോങ്. ചാന്ദിനി ചൗക്കിലും മട്ടാഞ്ചേരിയിലും വലിയങ്ങാടിയിലുമെല്ലാം നമ്മള്‍ കണ്ടുമുട്ടുന്ന സാധാരണക്കാരുടെ ലോകം. കഷ്ടപ്പെട്ട് സൈക്കിള്‍ ചവുട്ടി മുന്നോട്ട് പോയി. വഴിയില്‍ ജനത്തിരക്ക്. ബെയ്ജിങ് നഗരത്തിലെ കാല്‍ഭാഗത്തോളം ജനങ്ങള്‍ താമസിക്കുന്നത് ഹൂട്ടോങുകളിലാണ്.

ഇടവഴി, ചെറിയതെരുവ് എന്നൊക്കെ അര്‍ത്ഥമുള്ള ഹൂട്ടോങുകള്‍ പുരാതനമായ ഒരു വാസവ്യവസ്ഥിതിയാണ്. മിക്ക ഹൂട്ടോങ്ങുകളും കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ സ്ഥാപിക്കപ്പെട്ടു.

വീടുകളുടെ ഘടനയിലും സമാനതകളേറെ. പടിവാതില്‍ കടക്കുമ്പോള്‍ ഒരു അങ്കണം. പിന്നെ ചെറിയ മുറികള്‍. ചുറ്റുമുളള നടുമുറ്റം. വീടിന് പുറത്ത്, വഴിയിലാണ് വെടിപറിച്ചിലും കൂട്ടുകൂടലും മദ്യപാനവുമെല്ലാം. ക്രമേണ ഹൂട്ടോങുകളില്‍ വീടുകള്‍ക്ക് പുറമേ കച്ചവടസ്ഥാപനങ്ങളും പ്രാര്‍ത്ഥനാലയങ്ങളും വന്നു തുടങ്ങി. ജനസംഖ്യാവര്‍ധന ഹൂട്ടോങ്ങുകളുടെ മുഖച്ഛായ മാറ്റിയിരിക്കുന്നു.

സൈക്കിളില്‍ ഇപ്പോള്‍ എത്തിയ ഡഷി ഹൂട്ടോങ്ങില്‍ പഴയ രൂപത്തിലുള്ള അങ്കണങ്ങളും മാളികവീടുകളും തീരെ കുറവാണ്. പകരം പെട്ടെന്ന് പൊങ്ങിയ ഫ്‌ളാറ്റുകള്‍. ഈ ഹൂട്ടോങ്ങിലെത്തിയപ്പോഴേക്കും സമയം 8 മണി. ഇടവഴി ഒരു സൈക്കിള്‍ നദിയായി പ്രവഹിക്കുന്നു. സൈക്കിള്‍ യാത്രക്കാര്‍ മാത്രമുണ്ടാക്കുന്ന ട്രാഫിക് ജാം!

തിരക്ക് കുറയുന്നതുവരെ യാത്ര നിര്‍ത്താന്‍ തീരുമാനിച്ചു. ക്ഷീണവുമുണ്ട്. ഇരിക്കാനിടമില്ല. വഴിയരികിലെ വണ്ടിക്കാരനില്‍ നിന്ന് ഒരു വടിയില്‍ കോര്‍ത്ത്് വേവിച്ച കബാബ് വാങ്ങി. സമീപമുള്ള വൈദ്യുതി പോസ്റ്റില്‍ സൈക്കിള്‍ പൂട്ടി.

ബാന്‍ചാങ് ഹൂട്ടോണിലാണ് വാങ് ശുപാര്‍ശ ചെയ്ത ചായക്കട. ഇംഗ്ലീഷില്‍ പേരെഴുതിയ ചുരുക്കം കടകളിലൊന്ന്. ആരോടും വഴി ചോദിക്കാനും സാധ്യമല്ല. കുറച്ചു നേരത്തെ തിരക്കിനുശേഷം കടയുടെ ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടു. ഹാവൂ, ആശ്വാസം! വാങിന്റെ വിസിറ്റിങ് കാര്‍ഡ് കാണിക്കുമ്പോഴേക്കും കടയിലുണ്ടായിരുന്ന മാ എന്ന പ്രായമേറിയ വ്യക്തിയുടെ മുഖത്ത് ചിരി പടര്‍ന്നു. വാങിന്റെ സുഹൃത്താണ് എന്ന് തെളിവ് ഹാജരാക്കിയ കാരണം എന്നെ സ്വാഗതം ചെയ്യാന്‍ അദ്ദേഹം തിരക്കുകൂട്ടി. അകത്തുനിന്ന് സഹായത്തിനായി ഏകദേശം 16 വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു. മുറിഇംഗ്ലീഷില്‍ സ്വയം പരിചയപ്പെടുത്തി, ലില്ലി ലിയൂ. പിന്നെ ചോദ്യങ്ങളുടെ പരമ്പര. ഇടയ്ക്കിടെ, കയ്യിലുള്ള ഭാഷാസഹായിയുടെ തുണയോടെ ഇംഗ്ലീഷില്‍ തന്നെ. കടുവയുണ്ടോ ഇന്ത്യയില്‍? എല്ലാവരും സസ്യഭുക്കുകളാണോ? എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിയാമോ? എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഇംഗ്ലീഷ് ഭാഷ പഠിക്കണമെന്ന ചൈനീസ് യുവസമൂഹത്തിന്റെ വാശി ആ മുഖത്ത് കാണാമായിരുന്നു.

ഹൂട്ടോങിലെ പരമ്പരാഗതമായ ഒരു ഗൃഹം കാണണമെന്ന എന്റെ ആഗ്രഹം നിമിഷനേരം കൊണ്ട് സഫലമായി. ഈ സ്ഥലങ്ങളൊന്നും തന്നെ സന്ദര്‍ശകര്‍ക്കുവേണ്ടി ഒരുക്കിയതല്ല. കവാടം കടന്ന് മുറ്റത്തെത്തുമ്പോള്‍ അലക്കി വിരിച്ച തുണികളുടെ നിരകള്‍. ഓരോ ചെറുമുറിയിലും ഓരോ കുടുംബം. അങ്ങനെ 10 കുടുംബങ്ങള്‍ ഈ 'സിഹേയുവാനി'ല്‍ (അങ്കണങ്ങളുള്ള വീട്) വാടകയ്ക്ക് താമസിക്കുന്നു.

മായുടെ നിര്‍ബന്ധത്തിന് വഴങ്ങി ചൈനയുടെ സ്വന്തം പാനീയമായ 'സിങ്റ്റാവോ' ബിയറും കഴിച്ച് നന്ദി പറഞ്ഞ് വീണ്ടും സൈക്കിള്‍ യാത്ര തുടര്‍ന്നു.

ഇനിയുള്ള യാത്രയില്‍ സൈക്കിളുകള്‍ കുറയും. വിലക്കപ്പെട്ട നഗരത്തിന്റെ വടക്കുഭാഗത്തുള്ള ഹൂട്ടോങ് ശൃംഖലയിലൂടെ കടന്ന് ഞാന്‍ നഗരത്തിലെ പരിഷ്‌കൃത ഹൂട്ടോങുകളിലേക്ക് എത്തുകയാണ്. വീണ്ടും ടൂറിസ്റ്റ് ലോകത്തേക്ക്. ബാറുകള്‍, നിശാക്ലബ്ബുകള്‍ എന്നിവയ്ക്കിടെ ശ്രദ്ധയോടെ പുതുക്കിപ്പണിത പഴയ മന്ദിരങ്ങള്‍.

രാജപാതയിലൂടെ സൈക്കിള്‍ കടയിലേക്ക് തിരികെ ചവിട്ടുന്നതിന് മുമ്പ് ഒന്നുകൂടി ചായോയാങ്‌മെന്‍ നാന്‍സിയാവോ ജിയേയിലേക്ക് പോയി. തിക്കും തിരക്കും പൊടിയും വൃത്തികേടുമുള്ള ജനസമുദ്രത്തിന്റെ ലോകത്തേക്ക്. ഈ തെരുവ് ഒളിംപിക്‌സിനുവേണ്ടി വീതിയും മോടിയും കൂട്ടാന്‍ തീരുമാനിക്കപ്പെട്ട ഇരുനൂറോളം വഴികളിലൊന്നാണ്. ഇപ്പോളിത് വിശാലമായ വൃത്തിയുള്ള ഭംഗിയുള്ള റോഡായി രൂപാന്തരപ്പെട്ടിട്ടുണ്ടാവണം. തലങ്ങനെയും വിലങ്ങനെയും നെടുകെയുമൊക്കെയുള്ള പരസ്യപലകകള്‍ അപ്രത്യക്ഷമാകും. ബീഫ് കബാബുകാരന്‍ മറ്റൊരു ഇടവഴി കണ്ടെത്തും.

സൈക്കിള്‍ യാത്രയിലൂടെ കണ്ട ബെയ്ജിങ്ങിന്റെ മുഖം എത്ര വ്യത്യസ്തം...

(കേരളാ ടൂറിസം വകുപ്പ് സെക്രട്ടറിയാണ് ലേഖകന്‍)



TAGS:
DESTINATION  |  ABROAD  |  V.VENU  |  WRITERS  |   

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/