മഞ്ഞുറയും തീരത്ത് മോഹന്‍ലാല്‍
Posted on: 03 Jan 2013
മുന്‍പ് ഇതേ കോളത്തില്‍ മൂന്നാറിനെ കുറിച്ച് എഴുതിയപ്പോള്‍ തണുപ്പുള്ള സ്ഥലങ്ങളോടുള്ള എന്റെ മമതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നല്ലോ. എന്നാല്‍ എനിക്കെപ്പോഴും സഞ്ചരിക്കേണ്ടിവന്നിട്ടുള്ളത് ചൂടേറിയ സമതലങ്ങളിലൂടെയാണ്. ഈ വൈരുധ്യത്തെ ഒന്ന് മറികടക്കാന്‍ വേണ്ടിയാവണം യാദൃശ്ചികമായി ഇത്തവണ യാത്ര നോര്‍വെയിലെ മഞ്ഞുനിറയുന്ന തീരങ്ങളിലേക്കാക്കിയത്.

എല്ലാം സുചിയാണ് ഒരുക്കിയത്. ഞാന്‍ എന്റെ തിരക്കുകളില്‍ നിന്നും ഏറ്റവും ഒടുവിലത്തെ നിമിഷം ഓടിയെത്തി കുടുംബത്തിന്റെ സുഖകരമായ കൂട്ടിലേക്ക് വീഴുകയായിരുന്നു. ബാഗ്ലൂരിലെ കാസനോവയുടെ സെറ്റില്‍ നിന്നും. നോര്‍വെയുടെ വടക്കന്‍ നഗരമായ ബെര്‍ഗനില്‍ നിന്നാണ് ഞങ്ങളുടെ കപ്പല്‍ ഹെര്‍ട്ടിഗ്രൂട്ടന്‍ യാത്ര പുറപ്പെട്ടത്. ജലത്തിലെ കൊട്ടാരമായിരുന്നു ഹെര്‍ട്ടിഗ്രൂട്ടന്‍. പലതട്ടുകളുള്ള കപ്പലില്‍ ഇല്ലാത്തതൊന്നുമില്ല. ഒരു ആധുനിക മഹാനഗരത്തില്‍ ലഭിക്കുന്ന ആനന്ദങ്ങളെല്ലാം ഈ കപ്പലിലും കാത്തുവെച്ചിട്ടുണ്ട്. വന്‍ ഹോട്ടലുകളിലെ പോലുള്ള ലോഞ്ചുകള്‍, റിസപ്ഷനുകള്‍, റസ്റ്റോറന്റുകള്‍, കോഫിഷോപ്പുകള്‍, ബാര്‍, കടകള്‍, ലൈബ്രറി, ജിം, ജാക്കുസി, സമ്മേളന മുറികള്‍, കുഞ്ഞുങ്ങളെ നോക്കാനുള്ള ക്രഷുകള്‍ എന്നു വേണ്ട വികലാംഗര്‍ക്കുള്ള ടോയ്ലറ്റ് വരെ ഈ ആനന്ദനൗകയ്ക്കകത്തുണ്ട്. ഒപ്പം എന്നെ സംബന്ധിച്ചിടത്തോളം മറ്റെവിടെയും കിട്ടാത്ത അമൂല്യമായ ഒരു വസ്തുവും: സ്വകാര്യത.
അപൂര്‍വ്വമായ ഭൂപ്രകൃതിയിലൂടെയും കാഴ്ച്ചകളിലൂടെയുമാണ് ഹെര്‍ട്ടിഗ്രൂട്ടന്‍ കടന്നു പോകുന്നത്. നോര്‍വെയുടെ തീരങ്ങളിലെ അപൂര്‍വ്വമായ തീരങ്ങളെത്തൊട്ട്, പലയിടങ്ങളിലും നിര്‍ത്തി കാഴ്ച്ചകള്‍ കണ്ട് മെല്ലെ മെല്ലെ.,.. ഒരുപക്ഷെ ഈ യാത്ര ഏറ്റവുമധികം ആസ്വദിച്ചത് എന്റെ മകന് അപ്പുവായിരിക്കും. എന്നെക്കാള്‍ വലിയ യാത്രാ ഭ്രാന്തനാണവന്‍. ഇരുപത് വയസ്സ് കഴിയും മുമ്പേ ഹിമാലയത്തിലെ ഉള്‍പ്രദേശങ്ങളില്‍ വരെ അവന് സഞ്ചരിച്ചു കഴിഞ്ഞു. എല്ലാ അര്‍ത്ഥത്തിലും അലഞ്ഞു പോവും പോലെ തന്നെ. എന്താണ് അവന് അന്വേഷിക്കുന്നത് എന്ന് ഇതുവരെ എനിക്ക് പിടികിട്ടിയിട്ടില്ല.
ഒരുപാട് ഒഴുകിക്കഴിഞ്ഞാല് കപ്പല്‍ മുന്‍കുട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ നിര്‍ത്തും. ഏകാന്തമായ ചെറുജനപദമായിരിക്കും അത്. മഞ്ഞിന്റെ സാമ്രാജ്യത്തില്‍ വെറും മൂവായിരമോ നാലായിരമോ മനുഷ്യര്‍.
കിട്ടുന്ന സമയം കൊണ്ട് അപ്പു ആ ദേശങ്ങളില്‍ മുഴുവന്‍ അലഞ്ഞു നടക്കും. മനുഷ്യരുമായി ഇടപഴകും. തിരിച്ചു വന്ന് കഥകള്‍ പറയും. ഏതോ ഒരിടത്ത് കപ്പലടുത്തപ്പോള്‍ ഒരു രാത്രി അവനെ കാണാതായി. ഞാനും സുചിയും പേടിച്ചതിന് ഒരതിരില്ല. ഒടുവില്‍ പാതിരാത്രി കഴിഞ്ഞ് അവന് വന്നു. അവിടെ വെച്ച് പരിചയപ്പെട്ട വൃദ്ധനായ ഒരു മനുഷ്യന് അവനെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. അവന് ഭക്ഷണം നല്കി. അയാള്‍ മദ്യം കഴിച്ച് പാട്ടുകള്‍ പാടി. അയാളുടെ ഭാഷ അപ്പുവിന് അറിയില്ലായിരുന്നു, അയാള്‍ക്ക് അപ്പുവിന്റെയും. പക്ഷെ രണ്ടുപേരും ഒരുപാട് 'സംസാരിച്ചു'!
പിറ്റേന്ന് പകല്‍, അതേ സ്ഥലത്തെ പള്ളിയില്‍ വെച്ച് അപ്പുവും മായയും കൂടി അയാളെ കണ്ടു. എത്രയൊക്കെപ്പറഞ്ഞിട്ടും അയാള്‍ക്ക് അപ്പുവിനെ മനസ്സിലായില്ല. തലേന്ന് രാത്രിയുടെ ഓര്‍മ്മ തന്നെ അയാളില്‍ ഉണ്ടായിരുന്നില്ല. അത് പറഞ്ഞ് അപ്പു അന്തംവിട്ട് നില്ക്കുന്ന ദൃശ്യം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്.
ലോഫണ്‍ എന്ന സ്ഥലത്തെ യുദ്ധ മ്യൂസിയം ഇങ്ങനെ ഇറങ്ങിക്കണ്ട കാഴ്ച്ചയില്‍ പ്രധാനമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓര്‍മ്മകളാണ് ഈ മ്യൂസിയത്തില്‍ നിറയെ. 1939 മുതല്‍ 1945 വരെയുള്ള സംഭവബഹുലമായ കാലത്തിന്റെ സമഗ്രമായ പ്രതിപാദനം ഈ ചുവരുകള്‍ക്കുള്ളിലുണ്ട്. പട്ടാളക്കാരുടെ വസ്ത്രങ്ങളും ആയുധങ്ങളും രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ചിത്രങ്ങളും എല്ലാം ചേര്‍ന്ന് വികാര നിര്‍ഭരമായ അനുഭൂതി. ഒരു ജര്‍മ്മന്‍ പട്ടാളക്കാരന്റെ ഒരു ദിവസത്തെക്കുറിച്ചുള്ള കൃത്യമായ അറിവ് ഈ മ്യൂസിയം തരുന്നുണ്ട്. അവരില്‍ മിക്കവരും ചെറുപ്പക്കാരായിരുന്നു. ഒരുപാട് കാലമായി വീട് വിട്ട് നില്ക്കുന്നവര്. കടുത്ത ശൈത്യവും മങ്ങിയ പകലുകളും ഒരിക്കലും തീരില്ല എന്ന് തോന്നു വിധമുള്ള രാത്രികളും ചേര്‍ന്ന് അവരുടെ മനോഘടനകളെ താറുമാറാക്കി. പക്ഷെ പട്ടാളത്തിലെ ചിട്ട അതു പോലെ തുടര്‍ന്നു, യാതൊരുവിധ കനിവുമില്ലാതെ. പലരും ഭ്രാന്തരായി. ഇന്നും ഈ പ്രദേശങ്ങളില്‍ അപ്രതീക്ഷിതമായി മനോവിഭ്രാന്തികള്‍ ഉണ്ടാവാറുണ്ട്. പ്രകൃതി അത്രമേല്‍ മ്ലാനമാണ്. അതു പോലെ മനസ്സും. ഇരുട്ടിലേക്ക് പോകുമ്പോള്‍ ആളുകള്‍ ഉന്മാദികളാകുന്നു.
1941 മാര്‍ച്ച് നാലിന് ഇവിടെ വലിയ ഒരു സൈനീക റെയ്ഡ് നടന്നു. എം.എസ്. ഹാംബര്‍ഗ് എന്ന കൂറ്റന്‍ ആധുനിക മത്സ്യഫാക്ടറി കപ്പലാണ് റെയ്ഡ് ചെയ്യപ്പെട്ടത്. 'ലോഫണ്‍ റെയ്ഡ്' എന്നാണ് ഇത് അറിയപ്പെടുന്നത്. മ്യൂസിയത്തില്‍ ഈ റെയ്ഡിന്റെ ഓര്‍മ്മകള്‍ക്കായി ഒരു പ്രത്യേക ഇടമുണ്ട്.
ട്രോന്ഡം എന്ന തുറമുഖ പട്ടണത്തിലിറങ്ങിയാല്‍ ഒറ്റയടിക്ക് ആയിരം കൊല്ലം മുന്‍പുള്ള ചരിത്രം വന്ന് വലയം ചെയ്യും. അത്രയും പുരാതനമാണ് ഈ സ്ഥലം. ചുരുങ്ങിയത് ആയിരം കൊല്ലത്തെ പഴക്കം. നടന്നു കാണേണ്ട സ്ഥലമാണിത്. രാജകൊട്ടാരവും തണുത്തുകുതിര്ന്ന ചന്തകളും പട്ടണ സ്ഥാപകനായ ഛഹമ്ൃ്യേഴഴ ഢമഷീി ന്റെ പ്രതിമയും കടന്ന് എത്തുന്നത് നോര്‍വെയുടെ ദേശീയ സ്മാരകമായ നിദറോസ് പള്ളിക്ക് മുന്നിലാണ്. മഞ്ഞു പുതച്ച് കിടക്കുന്ന പള്ളി. നനഞ്ഞ കാറ്റില്‍ മണിനാദം. ഇലകൊഴിഞ്ഞ മരങ്ങള്‍. എന്തൊരു സ്വസ്ഥമായ ഇടം.
പഴയ നഗരത്തിലെ മരപ്പാലം മറ്റെങ്ങും കാണാന്‍ സാധിക്കാത്ത കാഴ്ച്ചയാണ്. മരവും കമാനങ്ങളും പല്‍ച്ചക്രങ്ങളും ചേര്‍ന്ന്, നൂറ്റാണ്ടുകള്‍ വരികയും പോവുകയും ചെയ്ത പാലം. താഴെ തെളിഞ്ഞ പുഴ.
യാത്രക്കിടയില്ത്തന്നെയായിരുന്നു നവവത്സരവും. മണ്ണില്‍ നടക്കുന്ന ക്രിസ്തുമസ് അപ്പൂപ്പനെ മാത്രമേ ഞാനിതുവരെ കണ്ടിരുന്നുള്ളു. എന്നാല്‍ ഇത്തവണ അക്വേറിയത്തില്‍ മത്സ്യത്തെ പോലെ ഒഴുകി നടക്കുന്ന സാന്താക്ലോസിനെ കണ്ടു. നീലജലത്തിലൂടെ ഒഴുകുമ്പോള്‍ അവര്‍ സ്നേഹത്തിന്റെ പവിഴപ്പുറ്റുകള്‍ തേടുന്നതു പോലെ.
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.