കോളം - ട്രാവല്‍ ട്രാന്‍സ്‌

ഓര്‍മ്മകളുടെ നടുമുറ്റത്ത്‌

 

തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ യാത്രയാണ് എന്റെ ജീവിതം.
വളര്‍ച്ചയുടെ ഓരോ പടവിലും ഈ നഗരമാണ് സാക്ഷി.
മറ്റൊരു നഗരത്തിനുമില്ലാത്ത ചാരുത തിരുവനന്തപുരത്തിനുണ്ട്.
തിരുവനന്തപുരത്തിന്റെ വാത്സല്യങ്ങളിലേക്ക് ഓര്‍മ്മകളിലൂടെ
മോഹന്‍ലാലിന്റെ ഒരു മടക്കയാത്ര....


കണ്ടറിഞ്ഞതും കടന്നുപോന്നതുമായ ഒരുപാട് ദേശങ്ങളെ കുറിച്ചും നഗരങ്ങളെ കുറിച്ചും ഞാന്‍ ഈ പംക്തിയില്‍ എഴുതി. കാഴ്ചകളും അനുഭവങ്ങളും ആ നാടുകളെ കുറിച്ച് എനിക്കറിയാവുന്ന ചരിത്രവും അവയിലുണ്ട്. എന്നാല്‍ ഒരിടത്തെക്കുറിച്ചു മാത്രം എഴുതാന്‍ മറന്നു; എന്റെ തിരുവനന്തപുരം. എനിക്കും എത്രയോ മുമ്പ് പിറന്ന്, ഒരുപാട് ചരിത്രസംഭവങ്ങള്‍ക്ക് തട്ടകമൊരുക്കി, എന്നെ വളര്‍ത്തി, എനിക്കും എത്രയോ മുന്‍പില്‍ പുതിയ കാലത്തിലേക്ക് പടരുന്ന ശ്രീപത്മനാഭപുരം. അതെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരേ സമയം അമ്മയും അച്ഛനും വീടും കുട്ടിക്കാലവും യൗവ്വനവും നടന്നുപോയ വഴികളുമെല്ലാം മനസില്‍ നിറയുന്നു. വീണ്ടും ഞങ്ങളുടെ പഴയ വീട്ടിലെത്തിയ പ്രതീതി.

ഒരുപാട് സ്‌നേഹവും സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വീട്. അച്ഛനും അമ്മയും ആദ്യം വാടകവീട്ടിലായിരുന്നു താമസം. എനിക്ക് മൂന്നു വയസുള്ളപ്പോഴാണ് ഇപ്പോള്‍ താമസിക്കുന്ന മുടവന്‍മുകളിലെ ഹില്‍വ്യൂ എന്ന വീട്ടിലേക്ക് വന്നത്. ഈ വീട്ടിനുള്ളില്‍ ഇപ്പോഴും ആ കാലത്തിന്റെ ഗന്ധങ്ങളുണ്ട്.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭംഗിയുള്ളതും വൃത്തിയുള്ളതുമായ നഗരമായിരുന്നു തിരുവനന്തപുരം. മരത്തണലുകള്‍ അതിരിട്ട അതിന്റെ വഴിയോരങ്ങള്‍ മനുഷ്യരെ അലസമായി നടക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. ഈ മരച്ചാര്‍ത്തുകള്‍ക്കപ്പുറം ഒരുപാട് പ്രസിദ്ധ സ്ഥാപനങ്ങളും കെട്ടിടങ്ങളും നഗരത്തിന് പ്രൗഢി നല്‍കി. കാഴ്ചബംഗഌവ്, കനകക്കുന്ന് ബംഗഌവ്, വാനനിരീക്ഷണകേന്ദ്രം, നിയമസഭാമന്ദിരം, തുടങ്ങി നിരവധി തലയെടുപ്പുകള്‍. ഇവയ്‌ക്കെല്ലാം മുകളില്‍ നൂറ്റാണ്ടുകളുടെ സ്മൃതികളുമായി പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ശില്‍പാലംകൃത ശീര്‍ഷം. ഇവയൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്.

തിരുവനന്തപുരത്തെ പലരേയും പോലെ അച്ഛനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. എപ്പോഴും ജോലിയില്‍ മുഴുകിയ മനുഷ്യന്‍. രാത്രി ഏറെ വൈകിയും കൂമ്പാരമായ ഫയലുകള്‍ക്കു മുന്നിലിരിക്കുന്ന അച്ഛനെ ഓര്‍മ്മയുണ്ട്. അച്ഛന്റെ അടുത്തിരുന്ന് ഒന്നും മനസിലാവാതെ ഉറക്കം തൂങ്ങുന്ന എന്നെയും.

സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ഈ നഗരത്തിലൂടെ ഞങ്ങള്‍ സംഘം ചേര്‍ന്നു നടക്കുമായിരുന്നു. നടത്തത്തിന്റെ ഒടുവില്‍ എത്തുക പഴയ സെക്രട്ടറിയറ്റിനു മുന്നിലാണ്. അവിടെ നിന്നാല്‍ ബസ് കിട്ടാന്‍ എളുപ്പമാണ്. ഫുട്പാത്തില്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ തൊട്ടു പിറകിലുള്ള സെക്രട്ടറിയറ്റ് മന്ദിരത്തിലേക്ക് ഇടക്കിടെ ഞാന്‍ തിരിഞ്ഞുനോക്കാറുണ്ടായിരുന്നു. കാരണം അതിനുള്ളിലാണ് എന്റെ അച്ഛന്‍ ജോലി ചെയ്യുന്നത്. അതിനുള്ളിലെ വഴികളും കടലാസും മഷിയും മണക്കുന്ന മുറികളും എനിക്ക് സുപരിതമായിരുന്നു. തൊട്ടടുത്തുള്ള സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണത്തിനായി ഞാന്‍ അച്ഛന്റെ മുറിയിലേക്ക് ഓടിയെത്തും. അവിടെയുള്ളവരെല്ലാം എന്നെ വാത്സല്യത്തോടെ നോക്കും. അച്ഛനൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് സ്‌കൂളിലേക്ക് തിരിച്ചോടും.
Go to Pages »
1| 2 |
TAGS:

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/