
മരുഭൂമികള്‍ മാറുന്നത്
Posted on: 02 Nov 2011
Photos: Madhuraj

ഊഷരഭൂമിയില്‍ എണ്ണയും ഇച്ഛാശക്തിയും വിരിയിച്ച വസന്തത്തെക്കുറിച്ച്
പല പല ഗോത്രങ്ങള്‍ പാര്‍ത്തിരുന്ന തീരമായിരുന്നു പണ്ട് ഇത്. മരുഭൂമിയില്‍ ചിതറിക്കിടന്ന ഇവര്‍ പരസ്പരം പോരടിച്ചും കൊച്ച് കൊച്ച് രാജ്യങ്ങള്‍ തീര്‍ത്തും ജീവിച്ചു. ഇവരില്‍ മിക്കവരും ദരിദ്രരായിരുന്നു. ഒട്ടകങ്ങളെ മേച്ചും മത്സ്യം പിടിച്ചുമാണ് ജീവിച്ചു പോന്നത്. അതിനിടയില്‍ ഗോത്രങ്ങളുടെ കുടിപ്പകകള്‍ നിലനിന്നു. അതും ജീവിതത്തിന്റെ ഭാഗമായി കണ്ട് അവര്‍ മരുഭൂമിയില്‍ പാര്‍ത്തു.
യു എ ഇ യിലെ ഏറ്റവും വെട്ടിത്തിളങ്ങുന്ന സ്ഥലം ദുബായ് ആണെങ്കിലും ഭരണസിരാ കേന്ദ്രവും ഗൗരവമുള്ള മറ്റുകാര്യങ്ങളും അബുദാബിയിലാണ്. കാലം മാറി, മരുഭൂമി സമ്പന്നത പുതച്ചുവെങ്കിലും പഴയ ഏടുകള്‍ മറന്നിട്ടില്ല. അബുദാബിയിലെ 'പൈതൃക ഗ്രാമം' (Heritage village) ഇതിന്റെ ഉദാഹരണമാണ്. പഴയകാര്യങ്ങള്‍ കാണാനും മനസ്സിലാക്കാനും പറ്റുമെങ്കില്‍ പലതും വാങ്ങി സൂക്ഷിക്കാനും താത്പ്പര്യപ്പെടുന്ന എനിക്ക് ഈ ഗ്രാമം ഒഴിച്ചു കൂടാനാവാത്ത ഒരു കാഴ്ച്ചയായിരുന്നു. 