കോളം - ട്രാവല്‍ ട്രാന്‍സ്‌

മരുപ്പരപ്പിലെ അനുഗ്രഹപ്പച്ച

 മരുഭൂമിയിലെ അദ്ഭുതങ്ങള്‍ തേടിയുള്ള സഞ്ചാരത്തിലാണ് മോഹന്‍ലാല്‍.
ലോകത്തെ എട്ടാമത്തെ ഏറ്റവും വലിയ പള്ളിയായ
അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് എന്ന
വിസ്മയിപ്പിക്കുന്ന പുണ്യഗേഹത്തിലേക്ക് ലാലിന്റെ യാത്ര...


കഴുത്ത് മുതല്‍ കാല്‍മടമ്പു വരെ അയഞ്ഞ് നീണ്ടു കിടക്കുന്ന 'കന്ദൂറ' എന്ന അറബി വേഷം ഞാന്‍ ആദ്യമായി ധരിക്കുന്നത് 'നാടോടിക്കാറ്റ്' എന്ന സിനിമയ്ക്കു വേണ്ടിയാണ്. ഉരുവില്‍ നിന്നും ഗഫൂര്‍ക്ക ചൂണ്ടി കാണിച്ചു തന്ന തീരം ദുബായ് ആണെന്ന് വിശ്വസിച്ച് മദിരാശിയില്‍ എത്തിയ ദാസനും വിജയനും നഗരത്തിലൂടെ അലയുന്ന രംഗമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. ഈ അലച്ചിലിനിടയില്‍ കുറേ റിക്ഷക്കാര്‍ എന്നെയും ശ്രീനിവാസനേയും വളയുന്നുണ്ട്. വുഡ്‌ലാന്റ്‌സ് ഹോട്ടലിനു മുന്നിലെ റോഡില്‍ വെച്ചായിരുന്നു അത് ചിത്രീകരിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സൈക്കിള്‍റിക്ഷക്കാരാക്കി ആദ്യം ആ രംഗം ചിത്രീകരിച്ചെങ്കിലും സത്യേട്ടന് (സത്യന്‍ അന്തിക്കാട്) തൃപ്തിയായില്ല. ഒടുവില്‍ യഥാര്‍ഥത്തിലുള്ള റിക്ഷക്കാരെ വച്ചാണ് അദ്ദേഹം അത് ചിത്രീകരിച്ചത്. ആ സമയത്താണ് അറബിവസ്ത്രമണിഞ്ഞ് ഓടാനും വേഗത്തില്‍ നടക്കാനുമെല്ലാം എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എനിക്കു മനസിലായത്. പക്ഷെ, മദിരാശിയിലെ കൊല്ലുന്ന കത്തിരിച്ചൂടിന്റെ ആ സമയത്ത് ആ വസ്ത്രം വലിയ ആശ്വാസമായിരുന്നു. ഇപ്പോള്‍, അബുദാബിയുടെ ആകാശത്തിനു കീഴെ, ഒട്ടകങ്ങള്‍ ചരിക്കുന്ന മണലില്‍, കന്ദൂറയുമിട്ട്, തലയില്‍ തുണിവെച്ച് കറുത്ത വട്ടക്കെട്ടും കെട്ടി നടക്കുമ്പോള്‍ ഒരിക്കല്‍ കൂടി ഞാന്‍ ആ കാലം ഓര്‍ത്തുപോകുന്നു. ആ ഓര്‍മ്മയുടെ തണുപ്പില്‍, ചൂടു കൂടിയ യു.എ.ഇ മണ്ണിലൂടെയുള്ള യാത്ര തുടങ്ങുന്നതിന് ഒരു പ്രത്യേക സുഖമുണ്ട്.

ഗള്‍ഫില്‍ പോകുന്ന ആളുകളെയൊന്നും കണ്ടുവളരാത്ത ഒരു ബാല്യമായിരുന്നു എന്റേത്. അക്കാലത്ത് ഗള്‍ഫ് ഇങ്ങിനെയൊന്നുമായിരുന്നില്ല എന്നത് ഒന്നാമത്തെ കാര്യം. പിന്നെ, മലബാറിലേതുപോലെ ഗള്‍ഫ് കുടിയേറ്റം തിരുവിതാംകൂറില്‍ അത്ര സജീവമല്ലായിരുന്നു. അതുകൊണ്ട് തന്നെ ഗള്‍ഫ് യാത്ര എന്റെ സ്വപ്‌നങ്ങളിലേ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് എനിക്ക് ഇവിടെയൊരു വീടുണ്ട്, ഒരുപാട് സുഹൃത്തുക്കളുണ്ട്, വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്ന കാഴ്ചകളുമുണ്ട്.

യു.എ.ഇ യാത്ര തുടങ്ങേണ്ടത് അബുദാബിയില്‍ വെച്ചാണ് എന്ന് ഞാന്‍ പറയും. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ആസ്ഥാനം ഇവിടെയായതുകൊണ്ടല്ല ഞാന്‍ ഇങ്ങനെ പറയുന്നത്. ഈ നാടിന്റെ വളര്‍ച്ചയുടെ ചരിത്രം ഇവിടെയാണ് കിടക്കുന്നത്. വെറുമൊരു മരുപ്പരപ്പായിരുന്ന ഈ ദേശത്തിനെ സ്വര്‍ഗതുല്യമാക്കിയെടുത്ത ഷെയ്ഖ്‌സായദ് എന്ന സായദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ജീവിച്ചതും ദീര്‍ഘവീക്ഷണത്തോടെയും ജനസ്‌നേഹത്തോടെയും പ്രവര്‍ത്തിച്ചതും ഇവിടെവെച്ചാണ്. സ്മരണകളില്‍പോലും ഊര്‍ജം പകര്‍ന്നുകൊണ്ട് അദ്ദേഹം ഉറങ്ങുന്നതും ഇവിടെ തന്നെ.

കടലും മരുഭൂമിയും വന്ന് മുട്ടുന്ന ഈ മണ്ണില്‍ മുത്തുവാരിയും മീന്‍പിടിച്ചും മരുഭൂമിയില്‍ ഒട്ടകങ്ങളെ മേച്ചുമാണ് മനുഷ്യര്‍ ജീവിച്ചിരുന്നത്. വാസ്‌കോഡഗാമയും ഇംഗഌഷുകാരുമെല്ലാം ഇവരെ ഭരിച്ചു. ബദുക്കള്‍ എന്ന മരുഭൂഗോത്രക്കാര്‍ ഈന്തപ്പനപ്പട്ട ചീന്തിയെടുത്ത് വീടുണ്ടാക്കി, അതില്‍ വസിച്ചു.
Go to Pages »
1| 2 |
TAGS:
ABUDABI  |  GRANT MOSQUE  |  SHEIKH ZAYED MOSQUE  |   

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/