
ഒഴിയാത്ത മധുചഷകം
Posted on: 16 Jul 2011
Photos: Madhuraj


ഗോവന്‍ മണ്ണിലൂടെ സഞ്ചരിക്കുമ്പോള്‍ കാഴ്ചകളില്‍ മിക്കപ്പോഴും ജലസാന്നിധ്യമുണ്ടാകും. കാലം വളരെ വളരെ പിറകിലേക്കും പെട്ടെന്ന് പുത്തന്‍ നൂറ്റാണ്ടിലേക്കുമെത്തും. കപ്പലുകളുടെ കാഹളവും കിലുങ്ങുന്ന കൊങ്ങിണിഭാഷയും കടലിന്റെ താളമുള്ള സംഗീതവും കേള്‍ക്കാം. ഭൂമിയിലെ വിവിധരാജ്യക്കാരുടെ മുഖങ്ങള്‍ ഒന്നിച്ചുകാണാം. പലപല രുചികളിലുള്ള മീന്‍കറികളുടെ ഗന്ധം പാചകപ്പുരകളില്‍ നിന്ന് പുറത്തേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. പലവര്‍ണങ്ങളിലുള്ള കുടചൂടിയ ബീച്ചുകളില്‍ പ്രണയത്തിന്റെ തിരയടി കാണാം.
എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഗോവ. അതിന് പലപല കാരണങ്ങളുണ്ട്. ചരിത്രം മുതല്‍ ചന്ദ്രലേഖ വരെ എന്നു പറയാം. ജലസാന്നിധ്യം മുതല്‍ ജീവിതത്തിന്റെ സൗമ്യതയും ദര്‍ശനവും വരെ എന്നും പറയാം. കുട്ടിക്കാലത്ത് സ്കൂളില്‍ പഠിക്കുമ്പോള്‍ വിനോദയാത്ര പോകാന്‍ ഞാന്‍ ഏറ്റവും കൊതിച്ചിരുന്ന സ്ഥലം ഗോവയായിരുന്നു. എന്തുകൊണ്ടാണ് ഈ സ്ഥലത്തെ പറ്റി ഒന്നുമറിയാത്ത കാലത്ത് അങ്ങിനെയൊരു മോഹം വന്നതെന്നറിയില്ല. പലപ്പോഴും പഌനിട്ടിരുന്നെങ്കിലും ഞങ്ങളുടെ യൗവനസംഘങ്ങള് ഒരിക്കലും ഗോവയില്‍ വന്നില്ല. തിരുവനന്തപുരത്തുകാര്‍ക്ക് അത്രയും ദൂരെയായിരുന്നു ഈ തീരം. സിനിമയില്‍ എത്തിയതിനു ശേഷമാണ് ഞാന്‍ ആദ്യമായി ഗോവയില്‍ വരുന്നത്.
ഇത്തവണ ഞാന്‍ താമസിച്ചത് മാരിയറ്റ് ഹോട്ടലിലാണ്. മുറിയിലിരുന്നാല്‍, ജനലിനപ്പുറം മാണ്ഡവീ നദി. ഇരുണ്ട ഇരുമ്പയിര് കയറ്റി, തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലേക്ക് ഒഴുകി പോകുന്ന ഉരുക്ക് നൗകകള്‍, ഏതൊക്കെയോ ജലസാഹസികര് ഓടിച്ചുപോകുന്ന സ്പീഡ്ബോട്ടുകള്, പലപല വര്‍ണങ്ങളില്‍ വന്നു വീഴുന്ന പ്രഭാതങ്ങളും സന്ധ്യകളും, ദൂരെ ഏതോ കപ്പല്‍ കര വിട്ടു പോകുന്നതിന്റെ അടയാള ശബ്ദം...