കോളം - ട്രാവല്‍ ട്രാന്‍സ്‌

എവിടെയും എനിക്കൊരു വീടുണ്ട്‌

 ഊട്ടിയുടെ കുളിരില്‍ തന്റെ ഹിറ്റ് സിനിമകള്‍ പിറന്ന വീടുകളിലൂടെ പഴയ ഓര്‍മകളുമായി മോഹന്‍ലാല്‍...


ഊട്ടിയിലെത്തുമ്പോള്‍ എപ്പോഴും സ്വന്തം വീട്ടില്‍ എത്തുന്ന പോലെയാണ്. ഇവിടെ എനിക്ക് സ്വന്തമായി ഒരു വീട് ഉള്ളതുകൊണ്ടല്ല ഈ തോന്നല്‍. നീലഗിരിയും അതിന്റെ താഴ്‌വാരങ്ങളും പൈന്‍മരങ്ങളും പൊയ്കകളും പൂന്തോട്ടങ്ങളുമെല്ലാം എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ ഞാനുമായി പ്രണയത്തിലായതാണ്. ഇവിടുത്തെ തണുപ്പില്‍ ഞാന്‍ സ്വസ്ഥനാണ്. ഇതുകൊണ്ടൊക്കെയാണ് ഞാന്‍ ഇവിടെ ഒരു വീടുവെച്ചത്.

'കിലുക്ക'ത്തിന്റെ ഓര്‍മ്മകളില്‍ ഫേണ്‍ഹില്‍ പാലസ്‌
ഒരുപാട് വര്‍ഷങ്ങള്‍ക്കു മുമ്പ് തേനും വയമ്പും എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് ഞാന്‍ ആദ്യമായി ഊട്ടിയില്‍ എത്തുന്നത്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഒരു സുഖവാസകേന്ദ്രം മാത്രമായിരുന്നു അന്ന് ഇവിടം. പിന്നീട് എന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഊട്ടിയും വളര്‍ന്നു എന്നു പറയുന്നതാവും ശരി. കാരണം എന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലുകളായ ഒരുപാട് സിനിമകള്‍ ഇവിടെ ചിത്രീകരിച്ചു. ഇവിടെ തുടങ്ങുന്നു, എങ്ങിനെ നീ മറക്കും, കുയിലിനെത്തേടി, താളവട്ടം, ചിത്രം, ദശരഥം, കിലുക്കം, മിന്നാരം, കളിപ്പാട്ടം, ഉള്ളടക്കം, ഇരുവര്‍, ഹലോ... ഒറ്റനിമിഷം ഓര്‍ത്താല്‍ ഇത്രയും പറയാം. ജീവിത്തില്‍ ഏറ്റവും അധികം തവണ ഞാന്‍ വന്നു താമസിച്ച കേരളത്തിനു പുറത്തുള്ള സ്ഥലം ഊട്ടിയായിരിക്കും. ഒരു വീടു കൂടി വച്ചപ്പോള്‍ അതെന്റെ സ്വദേശം തന്നെയായി.

എന്റെ വീടുകളെ കുറിച്ച് ഒരുപാട് പ്രചരണങ്ങള്‍ ഒരു കാലത്ത് കേരളത്തില്‍ നിറയെ ഉണ്ടായിരുന്നു. പലതും കേട്ട് ഞാന്‍ അമ്പരക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ട്. എവിടെ ആഡംബരപൂര്‍ണമായ ഒരു പുതിയ വീട് ഉയര്‍ന്നാലും 'അത് മോഹന്‍ലാലിന്റേതാണ്.' എന്ന് പറഞ്ഞുപരന്നു. സത്യം പറഞ്ഞാല്‍ തിരുവനന്തപുരത്തെ പഴയ വീടും ചെന്നെയിലെ വീടും മാത്രമാണ് അന്നെനിക്കുണ്ടായിരുന്നത്. വളരെ കഴിഞ്ഞാണ് ഞാന്‍ ഊട്ടിയിലും എറണാകുളത്തും വീട് വെച്ചത്.

ഊട്ടിയില്‍ ആദ്യകാലത്ത് വന്നപ്പോഴേ ഞാന്‍ ജോണ്‍ സള്ളിവനെക്കുറിച്ച് കേട്ടിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ കോയമ്പത്തൂര്‍ ഗവര്‍ണ്ണറായിരുന്ന അദ്ദേഹമാണ് ഊട്ടിയുടെ ശില്‍പി എന്നു പറയാം. തോടന്‍മാര്‍ എന്ന ഗോത്രവര്‍ഗക്കാരില്‍ നിന്നാണ് സള്ളിവന്‍ ഊട്ടി ഏറ്റെടുത്തത്. ചായയും തേക്കുമടക്കമുള്ള കൃഷികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തോടന്‍മാര്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. അദ്ദേഹവുമായി സഹകരിച്ചു. തോടന്‍മാരുടെ സാംസ്‌കാരികമായ അംഗീകാരത്തിനും ഭൂമിയിലുള്ള അവകാശത്തിനും വേണ്ടി സള്ളിവന്‍ ശ്രമിച്ചു. ഇതു പക്ഷെ ബ്രിട്ടീഷ് സര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തെ എല്ലാതരത്തിലും അവര്‍ ശിക്ഷിച്ചു. ഊട്ടിയിലെ ഒരോ മഞ്ഞുതുള്ളിയും സള്ളിവന്റെയും അദ്ദേഹത്തെ സ്‌നേഹിച്ച തോടന്‍മാരുടെയും കണ്ണുനീരാണ്.

ഊട്ടിയിലെ തന്റെ പ്രിയപ്പെട്ട വാസകേന്ദ്രങ്ങളിലൊന്നായ സള്ളിവന്‍ കോര്‍ട്ടിലെ ലിഫ്റ്റില്‍ മോഹന്‍ലാല്‍
നിരവധി വര്‍ഷങ്ങളിലെ വന്നുപോവലുകള്‍ക്കിടെ എപ്പോഴോ ഒരിക്കലാണ് ഊട്ടിയില്‍ ഒരു വീടുവെക്കണം എന്ന തോന്നല്‍ എനിക്കുണ്ടായത്. ഒരുപാടന്വേഷിച്ചപ്പോള്‍ ഒരു വിദേശിയായ അമ്മൂമ്മയുടെ സ്ഥലം ഉണ്ടെന്നറിഞ്ഞു. ലൗഡെയ്ല്‍ എന്ന സ്ഥലത്തായിരുന്നു അത്. വലിയ മലകള്‍ക്കഭിമുഖമായി ഒരു ചെറുവനത്തിനു നടുവിലുളള ആ സ്ഥലത്താണ് ഞാന്‍ വീട് വെച്ചത്.
അപൂര്‍വ്വമായ ശാന്തതയും മധുരമായ പ്രഭാതങ്ങളുമാണ് ഈ വീടിന്റെ സൗഖ്യം. രാവിലെ മലകള്‍ക്കപ്പുറത്ത് ഉഷസുണര്‍ന്നു വരുന്നത് നേരിട്ടു കാണാം. താഴെ ഉറഞ്ഞ തണുപ്പിലേക്ക് ഇളം ചൂടുള്ള രശ്മികള്‍ തെറിച്ചുവീഴും. വീടിനു ചുറ്റുമുള്ള വനവഴികളിലൂടെ സ്വസ്ഥമായി നടക്കാം. നടന്നുപോകുമ്പോള്‍ തൊട്ടരികിലൂടെ മേട്ടുപാളയത്തേക്കുള്ള നീലഗിരി പാസഞ്ചര്‍ കടന്നു പോകും. കുറേ നടന്നു കഴിയുമ്പോഴേക്കും വനത്തില്‍ നിറയെ വെയില്‍ പരന്നിരിക്കും.
Go to Pages »
1| 2 |
TAGS:
OOTY  |  ACTOR  |  MINNARAM  |  KILUKKAM  |  HOME  |  HOUSE  |  MOVIE 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/