
ചെകുത്താന്റെ പാചകപ്പുരയില്‍
Posted on: 25 Mar 2011


കൊടൈക്കനാലിന്റെ കേന്ദ്രബിന്ദുവായ തടാകത്തില്‍ നിന്നും ആറുകിലോമീറ്ററോളം മാറിയാണ് ഡെവിള്‍സ് കിച്ചണ്‍. പില്ലര്‍റോക്ക് ആണ് അതിനടുത്ത, സാധാരണക്കാര്‍ എത്തിച്ചേരുന്ന സൈറ്റ് സീയിങ് പോയിന്റ്. അവിടെ നിന്നും മുകളിലേക്ക് പോയി, കറുത്ത മണ്ണില്‍ ഇടതൂര്‍ന്നു നില്ക്കുന്ന പൈന്മരക്കാടുകള് കടന്ന് വേണം ഡെവിള്‍സ് കിച്ചനിലേക്ക് പോകാന്‍. പരസ്പരം പിണഞ്ഞു കിടക്കുന്ന വേരുകള്‍, ഇടയ്ക്ക് കൂറ്റന്‍ മരങ്ങള്‍, അവയുണ്ടാക്കുന്ന ഇരുട്ട്, എണ്ണമറ്റ വാനരസംഘങ്ങള്‍.... അങ്ങേയറ്റത്ത് വേലികെട്ടിത്തിരിച്ച കൂറ്റന്‍ പാറത്തുഞ്ചാണ്. അതുവരെയേ അന്വേഷികളായ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളു. എന്നാല്‍ അതിനപ്പുറത്തെ ആഴങ്ങളിലായിരുന്നു കാഴ്ച; അനുഭവവും. പിണഞ്ഞ് കിടക്കുന്ന വേരുകള്‍ പിടിച്ചു പിടിച്ചു വേണം ചെങ്കുത്തായ ഇറക്കം ഇറങ്ങാന്‍. ഇറക്കം തുടങ്ങുന്ന സ്ഥലത്തു തന്നെ പച്ചപുല്ലുകള്‍ക്കിടയില്‍ ഒരു തലയോട്ടി പേടിപ്പിക്കും വിധം പല്ലിളിച്ചു കിടക്കുന്നു. എന്നോ, എന്തൊക്കെയോ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത ഏതോ അജ്ഞാതന്റെതാവാം അത്. അത്രയധികം പേരാണ് കാറ്റ് ചൂളം കുത്തുന്ന ആ കൊക്കയിലേക്ക് ചാടി ജീവനൊടുക്കുന്നത്. കൊല ചെയ്യപ്പെടുന്നവര്‍ വേറെയും. വീണാല്‍ പിന്നെ തിരിച്ചെടുക്കലുകളില്ല. ആരും അറിയുകയുമില്ല.
പാറക്കൂട്ടങ്ങളും പച്ചക്കാടുകളും കൂടിക്കലര്‍ന്നു കിടക്കുന്ന ആ വഴി മുന്നോട്ട് പോകുന്തോറും പേടിപ്പിക്കുന്നതായിരുന്നു. താഴേക്ക് എത്തുന്നതിനനുസരിച്ച് ചുറ്റുമുള്ള പാറകളുടെ ഉയരം വര്‍ധിക്കുന്നതു പോലെ. വലതുവശത്ത് കൊടുംകാട് നിറഞ്ഞ ആഴങ്ങള്‍. അടിയില്‍ നിന്നും പൊന്തി അതിന്റെ ഉച്ചിയിലേക്ക് പറന്ന് പരക്കുന്ന മഞ്ഞുപുക. കൊടും തണുപ്പ്. ഇടതു വശത്തു കൃത്യമായി മുറിച്ചു വച്ചതു പോലുള്ള പാറകള്‍. ഇടക്കിടെ പാഞ്ഞ് വന്ന് അസ്ഥിയില്‍ വരെ സ്പര്‍ശിച്ചു പോകുന്ന ശീതക്കാറ്റ്.
ആഴത്തിലുള്ള ഒരു ഗുഹയും അതില്‍ നിന്നും നീണ്ടുപോകുന്ന ഇരുട്ടിന്റെ തുരങ്കങ്ങളും വീണ്ടും വീണ്ടും വരുന്ന ഗുഹകളും ചേര്‍ന്നതായിരുന്നു അത്. മുകളിലേക്ക് നോക്കിയാല്‍ ആയിരത്തിലധികം അടി ഉയരത്തില്‍ പാറ പിളര്‍ന്നു മാറിയതിന്റെ വിടവ്. വിടവിനു മുകളില്‍ മരങ്ങള്‍ പടര്‍ന്നു നില്ക്കുന്നു. അതിനുമപ്പുറം ദൂരെ ആകാശത്തിന്റെ നീലത്തുണ്ടുകള്‍. തികഞ്ഞ നിശബ്ദത. വല്ലപ്പോഴും ഒരു മഞ്ഞുതുള്ളി മുകളില്‍ നിന്നും അടര്‍ന്ന്, വിടവിലൂടെ പാഞ്ഞുവന്ന് പാറയുടെ കൂര്‍ത്ത പ്രതലത്തില്‍ വീണ് ചിതറുന്നതിന്റെ ശബ്ദം പോലും ആ നിശബ്ദതയില്‍ തെളിഞ്ഞു കേള്‍ക്കാം.
ഗുഹയുടെ ഉള്ളിലേക്കു പോകുന്തോറും ഇരുട്ട് വന്ന് നമ്മളെ വിഴുങ്ങും. പലയിടത്തും ചതുപ്പാണ്. തണുപ്പ് കനത്തു. നനഞ്ഞ പാറയുടെയും കെട്ടിക്കിടക്കുന്ന വായുവിന്റെയും ഇടകലര്‍ന്ന ഗന്ധം. മുകളിലെ വിടവിലൂടെ വരുന്ന വെളിച്ചം പലപ്പോഴും താഴെയെത്തുന്നില്ല. ആ ഇരുട്ടിലൂടെ സ്ഥലവാസിയായ ഒരാളുടെ സഹായത്തോടെ മുന്നോട്ട് നടന്ന് ടോര്‍ച്ചടിച്ചപ്പോള്‍ കണ്ട കാഴ്ച ഇനി വരുന്ന ജന്മങ്ങളില് (അങ്ങിനെയൊന്നുണ്ടെങ്കില്‍) പോലും ഞാന്‍ ഓര്‍ക്കുന്നതാണ്. പിണഞ്ഞു കിടക്കുന്ന രണ്ട് അസ്ഥികൂടങ്ങള്‍! തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്മങ്ങളുടെ ശേഷിപ്പുകള്‍.
ഇവിടെ വീണാല്‍ മരണം മാത്രമേ വഴിയുള്ളൂ. മരിച്ചു കിടന്നാലും ആരും അറിയില്ല. തണുപ്പു കാരണം ശരീരം അത്ര പെട്ടെന്ന് ദ്രവിക്കുകയുമില്ല. പ്രകൃതി ഒരുക്കിയ മോര്‍ച്ചറിയില്‍ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങള്‍ കിടക്കും. കൊടൈക്കനാലിലെ ഏകാന്തമായ കൊക്കകളില്‍ ഇതു പോലുള്ള എത്രയോ മൃതദേഹങ്ങള്‍ പാതി ജീര്‍ണ്ണിച്ചും എല്ലിന് കൂടുകളായും കിടപ്പുണ്ട് എന്ന് ആ വഴികളില്‍ ഇറങ്ങിപ്പോയ പണിക്കാര് പറയുന്നു. മിക്കവയും സ്ത്രീകളുടേതാണ്. വളകളും ചുരിദാറുകളും ആഭരണങ്ങളും ചിതറികിടക്കുന്നു. ആഴങ്ങളില്‍ പൊലിഞ്ഞ അശാന്തമായ ആത്മാവുകള്‍ ചെകുത്താന്റെ പാചകപ്പുരയില്‍ നിന്നും പൊങ്ങുന്ന വെളുത്ത പുകയില്‍ കലര്‍ന്നിട്ടുണ്ടാകണം. അങ്ങിനെ നോക്കുമ്പോള്‍ കൊടൈക്കനാലിലെ കോടമഞ്ഞിന് കൂട്ടങ്ങള്‍ എന്നെ പേടിപ്പിക്കുന്നു. അപ്പോള്‍ സുന്ദരമായ കൊടൈക്കനാല്‍ ഭയം കൂടിയാവുന്നു.