കോളം - ട്രാവല്‍ ട്രാന്‍സ്‌

മഞ്ഞില്‍ വിരിയുന്ന ഓര്‍മകള്‍...

Photos: Madhuraj

 

കൊടൈക്കനാലില്‍ ചിത്രീകരിച്ച മഞ്ഞില്‍വിരിഞ്ഞപൂക്കളിലൂടെയാണ് മോഹന്‍ലാലിന്റെ താരജീവിതം തുടങ്ങുന്നത്. അന്നത്തെ വഴികളിലൂടെ അതേപോലൊരു ബൈക്കില്‍ അന്നത്തെ സുഹൃത്തുക്കളെതേടി മോഹന്‍ലാലിന്റെ ഒരു അപൂര്‍വ യാത്ര............

മഞ്ഞുപൂക്കുന്ന കൊടൈക്കനാലിന്റെ താഴ്‌വരയില്‍ ഒരിക്കല്‍ക്കൂടി എത്തുമ്പോള്‍ ഒരു യാത്രികന്‍ എന്നതിലുപരി മറ്റെന്തൊക്കെയോ വികാരങ്ങള്‍ എന്നില്‍ നിറയുന്നു. വെറുമൊരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഏത് ദേശവും പുതിയപുതിയ വഴികളും കാഴ്ചകളും അനുഭവങ്ങളും മാത്രമാണ്. നാസിക്കിലും ഷിര്‍ദ്ദിയിലും കാര്‍ഗിലിലും ശനിശിംഗനാപൂരിലുമെല്ലാം സഞ്ചരിച്ചപ്പോള്‍ എനിക്കും അങ്ങിനെതന്നെയായിരുന്നു. അപരിചിതമായ ഒരു ദേശം എനിക്കു മുന്നില്‍ സ്​പന്ദിക്കുന്നതിന്റെ ആനന്ദം. എന്നാല്‍ കൊടൈക്കനാലിന്റെ തണുത്ത മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍, ഈറന്‍ കാറ്റില്‍ കുളിര്‍ന്നു വിറയ്ക്കുമ്പോള്‍ ഉളളില്‍ നിറയെ വേറൊരു അനുഭൂതിയാണ്. ഒരു നര്‍ത്തകി ആദ്യമായി ചിലങ്കയണിഞ്ഞ വേദിയില്‍ നില്‍ക്കുന്നതുപോലെ, തായമ്പക്കാരന്‍ താനാദ്യമായി കൊട്ടിയ അമ്പലമുറ്റത്ത് നില്‍ക്കുംപോലെ, നാടകനടന്‍ ആദ്യ അരങ്ങില്‍ നില്‍ക്കുംപോലെ ഞാനും. മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെവെച്ചാണ് എന്റെ അഭിനയജീവിതം തുടങ്ങിയത്. മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ക്കു നടുവില്‍, മലയാളിയ്ക്കു മുന്നില്‍ കണ്ണില്‍ചോരയില്ലാത്ത വില്ലനായി നിന്നത്. ഞാന്‍ പോലും പ്രതീക്ഷിക്കാത്ത, സ്വപ്‌നം കാണാത്ത എന്റെ ഒരു ഒരു ദീര്‍ഘയാത്രയുടെ ആരംഭബിന്ദുവാണിത്.


കലാപാരമ്പര്യമൊന്നുമില്ലാത്ത മധ്യവര്‍ഗകുടുംബമായിരുന്നു എന്റേത്. എപ്പോഴും തിരക്കിലാണ്ട അച്ഛനേയും അദ്ദേഹത്തിനുചുറ്റും ഉയര്‍ന്ന ഫയലുകളേയും കണ്ടാണ് ഞാന്‍ വളര്‍ന്നത്. എല്ലാ യുവാക്കളേയും പോലെ നേരമ്പോക്കിന് സിനിമയ്ക്കു പോകും എന്നതൊഴിച്ചാല്‍ യൗവ്വനത്തില്‍ എനിക്ക് സിനിമ വേരാഴ്ത്തിയ വികാരമൊന്നുമായിരുന്നില്ല. ലോക കഌസിക് സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. നടനാവുക എന്നത് എന്റെ വിദൂര സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നുമില്ല. എന്നിട്ടും എന്നെ സിനിമയിലേക്ക് തള്ളിവിട്ടത് എന്റെ സൗഹൃദങ്ങളായിരുന്നു. മണിയന്‍പിള്ള രാജുവും പ്രിയദര്‍ശനും സുരേഷ്‌കുമാറും അശോക് കുമാറുമെല്ലാം ചേര്‍ന്ന ആ സംഘമാണ് ഫാസിലിന്റെ പുതിയ സിനിമയിലേക്കുള്ള പുതുമുഖമായി എന്റെ അപേക്ഷ അയക്കുന്നത്. ഏറ്റവും അവസാനമായി അവിടെ കിട്ടിയ അപേക്ഷ എന്റെതായിരിക്കും. എന്നെ പറ്റിയും എന്റെ രൂപത്തെക്കുറിച്ചും നല്ല ബോധ്യമുള്ളതു കൊണ്ട് യാതൊരു ടെന്‍ഷനുമുണ്ടായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുത്തതായി അറിയിപ്പു കിട്ടിയപ്പോള്‍ ആണ് ഉള്ളില്‍ തീയാളിയത്. പ്രധാന വില്ലന്റെ വേഷമാണ്. കൊടൈക്കനാലിലാണ് ഷൂട്ടിങ്. ഒരു കമ്പിളിയുടുപ്പും അല്‍പം വസ്ത്രങ്ങളും കുത്തിനിറച്ച ബാഗുമായി അന്നൊരു നാള്‍ വീടുവിട്ടിറങ്ങുമ്പോള്‍ അമ്മയാണെ സത്യം ഞാന്‍ കരുതിയിരുന്നില്ല ആ യാത്രയ്ക്ക് ഇത്ര ദൂരമുണ്ടാകുമെന്ന്.

വിമാനത്തില്‍ കോയമ്പത്തൂരില്‍ വന്നിറങ്ങി അവിടെ നിന്ന് റോഡ്മാര്‍ഗമാണ് അന്ന് ഞാന്‍ കൊടൈക്കനാലില്‍ എത്തിയത് എന്നാണ് എന്റെ ഓര്‍മ. അന്നിവിടെ ഇത്രത്തോളം ബഹളമയമായിരുന്നില്ല. നീലത്തടാകവും അതിനെചുറ്റിനില്‍ക്കുന്ന നീലക്കുന്നുകളും പൈന്‍മരക്കാടും പച്ചപ്പുകളും യൂക്കാലിപ്റ്റസ് തോട്ടങ്ങളുമെല്ലാം അതുപോലെ തന്നെ. ആദ്യ ദിവസങ്ങളിലൊന്നും എനിക്ക് ഷൂട്ട് ഇല്ലായിരുന്നു. അതുകൊണ്ട് ഈ വഴിയില്ലൊം തോന്നിയത് പോലെ കറങ്ങിനടക്കാന്‍ സാധിച്ചു. ഒരു പക്ഷെ കൊടൈക്കനാലിനെ ഞാന്‍ കണ്‍നിറയെകണ്ടത് ആ ദിവസങ്ങളിലായിരിക്കണം. പിന്നീട് വന്നപ്പോഴെല്ലാം സമയവും തിരക്കും എന്നെ നാലുവശത്തേക്കും പിടിച്ചുവലിക്കുകയായിരുന്നു.


ഒടുവിലൊരു ദിനം പാച്ചിക്ക (ഫാസില്‍) എന്റെ ഷോട്ടെടുക്കാന്‍ തയ്യാറായി. ആ സ്ഥലം കൃത്യമായി എനിക്കിപ്പോഴും ഓര്‍മയുണ്ട്. കൊടൈ ബസ്റ്റാന്‍ഡിനടുത്ത് ഇപ്പോഴത്തെ അസ്‌റ്റോറിയ ഹോട്ടല്‍ നില്‍ക്കുന്നതിന്റെ തൊട്ടടുത്തുള്ള കടയുടെ മുന്‍വശമായിരുന്നു അത്. 'അയാം നരേന്ദ്രന്‍' എന്നു പറഞ്ഞ് ഞാന്‍ ഇറങ്ങിവരുന്നത് അവിടെ നിന്നാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഇടവേള അവിടെ തുടങ്ങുന്നു. ഇടവേളകളില്ലാതെ തുടരുന്ന എന്റെ അഭിനയജീവിതവും അവിടെ തുടങ്ങുന്നു. അതിനുമുമ്പ് എന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ 'തിരനോട്ട'ത്തില്‍ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചിരുന്നെങ്കിലും ആ ചിത്രം ജനങ്ങളിലേക്കെത്തിയിരുന്നില്ല. വീണ്ടും ആ സ്ഥലത്ത് ചെന്നു നിന്നപ്പോള്‍ വിവരണാതീതമായ ഏതോ വികാരം എന്നില്‍ പടരുന്നത് ഞാനറിഞ്ഞു. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.
Go to Pages »
1| 2 |
TAGS:
MOHANLAL  |  KODAIKANAL  |  ACTOR  |  FILM 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/