കോളം - ട്രാവല്‍ ട്രാന്‍സ്‌

ശിലകള്‍ കാമിനികള്‍

Photos: Madhuraj

 

ബേലൂരിലെ ശിലകള്‍ കവിതയല്ല. ഉന്നതമായ ധ്യാനം തന്നെയാണ്. ഇതിഹാസങ്ങളും പുരാണങ്ങളും ചരിത്രവും നൃത്തവും ശൃംഗാരവുമെല്ലാം ഒരു സ്വപ്‌നത്തിലെന്ന പോലെ ഈ ചുവരുകളില്‍ വിരിയുന്നുകൊല്‍ക്കത്തയില്‍ ഗംഗാതീരത്തെ ബേലൂര്‍മഠത്തില്‍ ഞാന്‍ പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് 'വാസ്തുഹാര' ഷൂട്ട് ചെയ്യുമ്പോള്‍. സ്വാമി വിവേകാനന്ദന്‍ കണ്ട സ്വപ്‌നവും അതിന്റെ സാക്ഷാത്കാരവുമാണ് ആ മന്ദിരം. സ്വാമിയുടെ സമാധിയും അവിടെ തന്നെയാണ്. എന്റെ മനസിന്റെ ഭൂപടത്തില്‍, ബേലൂര്‍ എന്നു പറഞ്ഞാല്‍ ഗംഗാതീരത്തെ പവിത്രമായ ഈ മണ്ണ് മാത്രമായിരുന്നു.

മറ്റൊരു ബേലൂരുണ്ടെന്നറിഞ്ഞത് വളരെ കഴിഞ്ഞാണ്. കര്‍ണ്ണാടകത്തിലെ ഒരു വിദൂര ഗ്രാമത്തില്‍ ഭാരതീയ ശില്‍പ്പകലയുടെ ഏറ്റവും സൂക്ഷ്മമായ കാഴ്ചകളുടെ നടനവേദിയായി യാത്രികനെ വിസ്മയിപ്പിക്കുന്ന ഒരു കൊച്ചു ക്ഷേത്രം. വായിച്ചറിഞ്ഞും കണ്ടുവന്നവര്‍ പറഞ്ഞുകേട്ടും എന്റെ പകല്‍ സ്വപ്‌നങ്ങളില്‍ ആ ക്ഷേത്രത്തിന്റെ ചുമരുകള്‍ നിറഞ്ഞു. അതെന്നെ വശ്യമായി മോഹിപ്പിച്ചു. പോകാതിരിക്കാനാവില്ല എന്ന ഘട്ടമെത്തി. ഒടുവില്‍ ഒരു ദിവസം ഞാന്‍ ബാംഗഌരില്‍ നിന്നും ഹാസന്‍ വഴി ബേലൂരിലേക്ക് യാത്ര തുടങ്ങി.

ശാന്തവും സൗമ്യവുമായ കര്‍ണ്ണാടക ഗ്രാമങ്ങളെ കടന്നാണ് യാത്ര. ആ ഗ്രാമങ്ങള്‍ക്കെല്ലാം ഒരു ആദിമ വിശുദ്ധിയുള്ളതു പോലെ തോന്നി. കൃഷിയുടെയും കന്നുകാലികളുടെയും ഗന്ധമായിരുന്നു അവയ്ക്ക്. ആല്‍മരങ്ങളും കൊച്ചുക്ഷേത്രങ്ങളും അവയുടെ കേന്ദ്രമായി. ആളുകള്‍ ലളിതമായി ജീവിച്ചു, ശുദ്ധമായ വായു ശ്വസിച്ച് വിഷം കലരാത്ത ഭക്ഷണം കഴിച്ച്, നഗരത്തിന്റെ സംഘര്‍ഷങ്ങളില്‍ കുടുങ്ങാതെ.

ഹാസന്‍ കഴിഞ്ഞാല്‍ ഹൊയ്‌സാലരുടെ കാലം ചരിത്രബോധമുള്ള സഞ്ചാരിയെ പിടികൂടും. ദിക്കുകളില്‍ നിന്നും ദിക്കുകളിലേക്ക് പടനടത്തി നാടുകളെ വെന്ന് അവര്‍ വലിയ സാമ്രാജ്യമായി. തലക്കാട് യുദ്ധത്തില്‍ ചോളന്‍മാരെ പരാജയപ്പെടുത്തിയതിന്റെ സ്മാരകമായി വിഷ്ണുവര്‍ധന്‍ പണി തുടങ്ങിയതാണ് ബേലൂരിലെ ചെന്നകേശവ ക്ഷേത്രം. നൂറ്റിമൂന്നാമത്തെ വര്‍ഷം, അദ്ദേഹത്തിന്റെ പൗത്രന്‍ വീരബല്ലാല രണ്ടാമന്‍ ക്ഷേത്രം പൂര്‍ത്തിയാക്കി. ചെന്നകേശവ എന്നാല്‍ സുന്ദരനായ വിഷ്ണു എന്നര്‍ഥം.

ബേലൂരിലേക്ക് അടുക്കുംതോറും ഉപേക്ഷിക്കപ്പെട്ടു പോയ ഒരു പഴയ നഗരത്തിന്റെ ഛായ വഴിയോരത്ത് അവിടവിടെ കാണാം. പാതി തകര്‍ന്ന കല്‍മണ്ഡപങ്ങള്‍, വിളക്കുമാടങ്ങള്‍, ക്ഷേത്രങ്ങള്‍, പാലങ്ങള്‍, അപൂര്‍ണ്ണമായ ശില്‍പ്പങ്ങള്‍ എന്നിവയെല്ലാം ചിതറികിടക്കുന്നു. അതിനിടയില്‍ മുളച്ചുയര്‍ന്ന പുതിയ കെട്ടിടങ്ങള്‍ കാഴ്ചയില്‍ അഭംഗി സൃഷ്ടിച്ചു.

പൊടിപിടിച്ച ഒരു കൊച്ചു അങ്ങാടിയാണ് ബേലൂര്‍. എവിടെ നിന്ന് നോക്കിയാലും ക്ഷേത്രത്തിന്റെ ഗോപുരം കാണാം. തമിഴ് ശൈലിയാണ് ഗോപുരത്തിന്. ഹൊയ്‌സാലര്‍ക്കു ശേഷം വിജയനഗര സാമ്രാജ്യ കാലത്താണ് ഗോപുരം പണിതത്. അതിന്റെ സ്വരചേര്‍ച്ചയില്ലായ്മ ഒറ്റ നോട്ടത്തില്‍ മനസിലാകും. ഗോപുരം കടന്നെത്തുന്നത് ചതുരാകൃതിയിലുള്ള ദീര്‍ഘമായ തുറസിലേക്കാണ്. അതിന്റെ മധ്യത്തില്‍ നക്ഷത്രരൂപത്തില്‍, മകുടങ്ങളോ, വിമാനങ്ങളോ ഇല്ലാതെ ക്ഷേത്രം നില്‍ക്കുന്നു. വലുപ്പത്തിലല്ല സൂക്ഷ്്മതയിലാണ് ഈ ശില്‍പ്പികള്‍ ശ്രദ്ധിച്ചത് എന്ന് ഒറ്റനോട്ടത്തിലറിയാം. ഹൊയ്‌സാലരുടെ ശില്‍പ്പകലയെ തീര്‍ത്തും വ്യത്യസ്തമാക്കുന്നത് സൂക്ഷ്മതയിലുള്ള ഈ ഊന്നലാണ്.

നക്ഷത്രരൂപത്തിലുളള കല്‍ത്തറയിലേക്കു കയറുന്നതു മുതല്‍ കാഴ്ചയില്‍ ശില്‍പ്പങ്ങളുടെ ഉത്സവം തുടങ്ങുകയായി. ചുമരുകളില്‍ നിന്നും ചുമരുകളിലേക്ക് അവ കണ്ണിചേര്‍ന്ന് പടര്‍ന്നു പോകുന്നു. എവിടെ തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ അറിയില്ല. മനുഷ്യനും മൃഗങ്ങളും പക്ഷികളും വാദ്യങ്ങളും വനവും ജീവിതരംഗങ്ങളുമെല്ലാം കല്ലില്‍ പുനര്‍ജനിച്ചിരിക്കുന്നു.

കണ്ടു നില്‍ക്കുമ്പോള്‍ ശിലയില്‍ ഒരു കാലം വിടരുന്നതിന്റെ വിസ്മയം നാമറിയും. ബേലൂര്‍ ശില്‍പ്പങ്ങളിലെ ഔന്നത്യം കാണുക ബ്രാക്കറ്റ് ഫിഗേഴ്‌സ് ആയ 'മദനിക'മാരിലാണ്. കല്ലില്‍ കടഞ്ഞുണര്‍ന്ന സുന്ദരിമാരാണവര്‍. ശിലയില്‍ പോലും അവര്‍ മോഹിനികളാണ്. പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്യുന്നവരുണ്ട് അക്കൂട്ടത്തില്‍. കുളിച്ചൊരുങ്ങി കണ്ണാടി നോക്കുന്നവളുണ്ട,് ആരെയോ കാത്തിരിക്കുന്നവരുണ്ട്, ഹാരമുകളിലെ വിലാസിനിമാരുണ്ട്, കണ്ണാടി നോക്കുന്ന സുന്ദരിയുടെ കാല്‍ച്ചുവട്ടില്‍ തോഴിമാരുമുണ്ട്. എല്ലാം ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണ് എന്നതാണ് അത്ഭുതം. നൃത്തം ചെയ്യുന്ന സുന്ദരിയെ നോക്കൂ. അവളുടെ കാലുകള്‍ ശാസ്ത്രീയ നൃത്തത്തിന്റെ അതേ ഘടനയിലാണ്. ആ രീതിയില്‍ കാലുകള്‍ വയ്ക്കുമ്പോള്‍ അരക്കെട്ട് എങ്ങിനെയാണോ ഉണ്ടാവുക, അതേ രീതിയിലാണ് ഇവിടെയും. ഏറ്റവും ആധുനികമായ കേശാലങ്കാരങ്ങളും ചമയങ്ങളും ആഭരണങ്ങളും, ഒമ്പത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പണിത ഈ ശില്‍പ്പങ്ങളില്‍ കാണാം! മുന്നൂറ്റിയറുപതോളം വ്യത്യസ്തമായ മുടിക്കെട്ടുകള്‍ നമുക്ക് എണ്ണി കണ്ടുപിടിക്കാന്‍ സാധിക്കും. ബോംബെയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ബ്യൂട്ടിഷ്യന്‍മാരും ആഭരണശില്‍പ്പികളും ബേലൂരില്‍ വരാറുണ്ട്. കണ്ടും വരച്ചെടുത്തും ഫോട്ടോയിലും വീഡിയോയിലും പകര്‍ത്തിയും അവരീ ശൈലികള്‍ നഗരത്തിലേക്കു കൊണ്ടുപോകുന്നു. പുതിയ കാലത്തിനനുസരിച്ച് പണിഞ്ഞെടുക്കാന്‍.

ക്ഷേത്രത്തിനകത്തേക്കു കടക്കുമ്പോള്‍ കൊത്തുപണികള്‍ നിറഞ്ഞ ഒരു കാട്ടിലേക്ക് കയറും പോലെ തോന്നി. എവിടെയും കൂറ്റന്‍ തൂണുകള്‍, അവയില്‍ നിറയെ അജ്ഞാതരായ പ്രതിഭകള്‍ തീര്‍ത്തുപോയ ആഘോഷം. ശ്രീകോവിലിന്റെ ദ്വാരപാലകര്‍ കണ്ണിന് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധം വലുതും വിസ്മയകരവുമാണ്. പ്രാണവായു പകര്‍ന്നാല്‍ അവരായിരിക്കും ഈ മണ്ണില്‍ ചരിക്കുന്ന ഏറ്റവും സുന്ദരര്‍.

ശ്രീകോവിലിന്റെ മുന്നില്‍ കൃഷ്ണശിലയില്‍ തീര്‍ത്ത നൃത്ത മണ്ഡപം. വിഷ്ണുവര്‍ധനന്റെ പത്‌നി ശാന്തളാദേവി ഇവിടെയാണ് നൃത്തമാടിയിരുന്നത്. തൊട്ടുമുകളില്‍ ശാന്തളാദേവിയുടെ ശില്‍പ്പമുണ്ട്. ശിലയില്‍ പോലും അവര്‍ സുന്ദരിയായിരുന്നു. പുറത്തു നിന്നും ഒരു കാറ്റ് അകത്തേക്ക് അടിച്ചപ്പോള്‍ ആ ശില്‍പ്പത്തിന്റെ നെറ്റിയിലെ ചുട്ടി ഒന്നിളകി! ആ
കാഴ്ച കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്‍പ്പമാണത്. എന്നിട്ടും ചുട്ടി വരെ വേറിട്ടുനില്‍ക്കുന്നു. തൊള്ളായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ കാറ്റിലും ഇളകുന്നു! ദൈവമേ എന്ന് അത്ഭുതത്തോടെ വിളിക്കാന്‍ തോന്നിപ്പോയി.


നൃത്ത മണ്ഡപത്തിനോട് ചേര്‍ന്ന് കൊച്ചു കൊച്ചു ശില്‍പ്പങ്ങള്‍ നിറഞ്ഞ ഒറ്റക്കല്‍ത്തൂണ് കാണാം. ആ തൂണ്‍ അടുത്തകാലം വരെ കറങ്ങിയിരുന്നു. കല്ലില്‍ തീര്‍ത്ത തൂണ്‍ കറങ്ങുന്ന കാഴ്ച ഒന്നാലോചിച്ചു നോക്കൂ. ശിലയിലെ സാങ്കേതിക വിദ്യ. മുകളിലെവിടെയോ നടന്ന ശിലയുടെ സ്ഥാനഭ്രംശം ഈയടുത്തകാലത്ത് തൂണിനെ നിശ്ചലമാക്കി.

നിറഞ്ഞ ശില്‍പ്പങ്ങള്‍ക്കിടയിലും ആ തൂണില്‍ ചില ഒഴിഞ്ഞ കളങ്ങള്‍ കണ്ടു. അതെന്തിനാണെന്ന് മനസിലാവാത്തതു കൊണ്ട് ഞാന്‍ ഗൈഡിനോട് ചോദിച്ചു. 'ആ ഒഴിഞ്ഞ കളങ്ങള്‍ തനിക്കു ശേഷം വരുന്ന കാലത്തോടുള്ള ശില്‍പ്പിയുടെ വെല്ലുവിളിയാണ്. പറ്റുമെങ്കില്‍ അതിലൊരു ശില്‍പ്പം കൊത്തുക എന്ന് അവര്‍ പറയുന്നു. ആര്‍ക്കും അതിനു സാധിച്ചിട്ടില്ല.' കണ്ണിറുക്കി ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.

ഈ ശില്‍പ്പങ്ങള്‍ക്കു മുന്നില്‍ വെറുതെ നില്‍ക്കുമ്പോള്‍ പോലും നമുക്ക് വിറയ്ക്കുന്നു. ഒരു കല്ലുളിയുമായി ഇവയ്ക്കു മുന്നില്‍ നില്‍ക്കുന്നത് ആലോചിക്കാന്‍ കൂടി വയ്യ. അതിനു വേണ്ട ധ്യാനത്തിന്റെ ഒരു തുള്ളി പോലും എന്റെ ശിരസില്‍ തൂവിയിട്ടില്ലല്ലോ എന്നാലോചിച്ചപ്പോള്‍ എനിക്കു വല്ലാത്ത സങ്കടം തോന്നി. ഈ കുഞ്ഞു ക്ഷേത്രത്തിനു മുന്നില്‍ ഞാന്‍ ചെറുതായി ചെറുതായി ഇല്ലാതാവും പോലെ.

ക്ഷേത്രത്തിന്റെ പുറത്തെ തളത്തില്‍ കല്‍ത്തറയില്‍ കയറ്റിവെച്ചിരിക്കുന്ന ഒരു കൂറ്റന്‍ തൂണു കാണാം. കാഴ്ചയില്‍ ഒരു പാവം ശില്‍പ്പം. അടുത്തു ചെന്നു നോക്കിയാലാണ് അത്ഭുതം. താഴെ നാലുവശവും മുട്ടാതെ കേന്ദ്രഭാഗം മാത്രം സ്​പര്‍ശിച്ചു കൊണ്ടാണ് അതിന്റെ നില്‍പ്പ്. ടവലോ കടലാസോ ചെറുവിരലോ സുഖമായി അതിന്റെ അടിവശത്തു കൂടി കടന്നുപോകും. gravitational forceനെ ഒറ്റബിന്ദുവിലേക്ക് ഇറക്കി കൊണ്ടുവന്നാണ് ഈ വിദ്യ സാധിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ കടന്നുവന്ന കൊടുങ്കാറ്റുകള്‍ക്കൊന്നും ഈ തൂണിനെ ഒരു തരി ഇളക്കാന്‍ സാധിച്ചിട്ടില്ല. ഞാന്‍ അതിനു മുമ്പില്‍ നമസ്‌കരിച്ചു.

ദൂരെ ചുററുമതിലില്‍ ചാരി ആ നക്ഷത്രക്ഷേത്രത്തെ നോക്കിനിന്നാല്‍ ശരിക്കും ശിലയുടെ നൃത്തം കാണാം. ചെവിയോര്‍ത്താല്‍ കല്ലുളി നാദങ്ങള്‍ കേള്‍ക്കാം. ജഗന്നാചാരി എന്നയാളായിരുന്നു ബേലൂര്‍ ക്ഷേത്രത്തിന്റെ മുഖ്യശില്‍പ്പി. നമ്മുടെ പെരുന്തച്ചന് സമാനമാണ് കന്നടദേശത്തെ ജഗന്നാചാരിയുടെ സ്ഥാനം. ക്ഷേത്രം പണി മുഴുവന്‍ തീര്‍ന്ന് സമര്‍പ്പിക്കുന്ന പ്രഭാതം. രാജാവും ജനങ്ങളും ചത്വരത്തില്‍ വന്നിരിക്കുന്നു. നടുവില്‍ വെച്ച ഗണപതി വിഗ്രഹത്തില്‍ പൂജ നടക്കുകയാണ്. അപ്പോള്‍ മുടി നീട്ടി വളര്‍ത്തി തോള്‍ ഭാണ്ഡം ധരിച്ച ഒരു യുവാവ് അങ്ങോട്ടു കടന്നുവന്നിട്ടു പറഞ്ഞു:

'ആചാരീ, ആ ഗണപതി ശില്‍പ്പത്തില്‍ പിഴവുണ്ട്.'

ജഗന്നാചാരി പരിഹാസത്തോടെ ചിരിച്ചു. പിന്നീട് വെല്ലുവിളിച്ചു: 'തെളിയിക്കാമെങ്കില്‍ ഞാനെന്റെ വലതുകരം മുറിച്ചുകളയാം.'

വെല്ലുവിളി ഒരു മന്ദസ്മിതത്തോടെ ഏറ്റെടുത്ത യുവാവ് തണുത്ത വെള്ളത്തില്‍ അരച്ച അല്‍പ്പം ചന്ദനം കൊണ്ടുവരാന്‍ പറഞ്ഞു. അത് ഗണപതി വിഗ്രഹത്തിന്റെ വയറിന്‍മേല്‍ പുരട്ടി. തുടര്‍ന്ന് കല്ലുളി കൊണ്ട് ചെറുതായൊന്നു തട്ടി. അപ്പോള്‍ ആ ഭാഗം അടര്‍ന്ന് അതിനുള്ളില്‍ നിന്ന് ഒരു തുടം വെള്ളവും ഒരു കുഞ്ഞു തവളയും ചാടിപ്പോയി. ജഗന്നാചാരിയും ജനക്കൂട്ടവും രാജാവും ഞെട്ടിനിന്നു.

പറഞ്ഞതു പോലെ ആചാരി കൈ മുറിക്കാന്‍ മഴു എടുത്തപ്പോള്‍ യുവാവ് തടുത്തു. അപ്പോള്‍ അദ്ദേഹം അവന്റെ പേരും ദേശവും ചോദിച്ചു. പരിചിതമായ ദേശം. അമ്മയാരെന്ന് ചോദിച്ചു. പേര് പറഞ്ഞപ്പോള്‍ സ്വന്തം ചോര ആ യുവാവിലൂടെ ഒഴുകുന്നതിന്റെ ചൂട് പെരുന്തച്ചനായ പിതാവ് അറിഞ്ഞു. അദ്ദേഹം അവനെ ആലിംഗനം ചെയ്തു.

ശിലയില്‍ ചെവി ചേര്‍ത്തു നില്‍ക്കുമ്പോള്‍ ബേലൂര്‍ ഇത്തരം കഥകളും നമ്മോട് പറയുന്നു...ബേലൂരില്‍ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തായുള്ള ഹലേബീഡിലേക്കു പോകുമ്പോള്‍ പ്രൗഢിയാര്‍ന്ന ഒരു സാമ്രാജ്യ തലസ്ഥാനത്തിന്റെ ഭാവം വഴികള്‍ക്കുണ്ട്. ഹൊയ്‌സാല സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടെ. ദ്വാരസമുദ്രം എന്നാണ് ഹലേബീഡിന്റെ പഴയകാല പേര്. പിന്നീട് 'പുരാതനമായ വാസസ്ഥാനം' എന്നര്‍ഥം വരുന്ന ഹലേബീഡായി അത്.

തെളിഞ്ഞ് ശുദ്ധമായ ഒരു പൊയ്കയുടെ തീരത്ത് തണല്‍ വൃക്ഷങ്ങളോട് ചേര്‍ന്നാണ് ഹലേബീഡ് ക്ഷേത്രം. വിഷ്ണുവര്‍ധനനും ശാന്തളാദേവിയും തന്നെയാണ് ഈ ക്ഷേത്രത്തിന്റെയും നിര്‍മ്മാതാക്കള്‍. ബേലൂരിലെ സൂക്ഷ്മത ഇവിടെയും കാണാം. ഒപ്പം കൂറ്റന്‍ നന്ദിയുടെ ശില്‍പ്പം ശില്‍പ്പിയുടെ മനസിന്റെ പ്രകമ്പനം പോലെ മുന്നില്‍ പെരുത്തുനില്‍ക്കും.

മാലിക് കഫൂര്‍ 14-ാം നൂറ്റാണ്ടില്‍ ഈ ശില്‍പ്പ പ്രപഞ്ചം തച്ചുതകര്‍ത്തു. ഇത്തരം ഭംഗികളെ എങ്ങിനെയാണ് തകര്‍ക്കാന്‍ സാധിക്കുന്നത് എന്ന് എനിക്ക് എത്രയാലോചിച്ചിട്ടും മനസിലായില്ല. തകര്‍ക്കലല്ല നിര്‍മ്മിക്കലാണ് കല. ഉന്നതമായ മനസിന്റെ ഉത്പന്നമാണ് അത്.
മാലിക് കഫൂര്‍ തകര്‍ത്തതിനു ശേഷം ഹലേബീഡ് വളരെക്കാലം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നു. കാലത്തിന് അത് ആവശ്യമുള്ളതു കൊണ്ട് തിരിച്ചു കിട്ടി. ഹലേബീഡില്‍ നിന്നു തിരിച്ചിറങ്ങുമ്പോള്‍ ഗൈഡ് പറഞ്ഞു: 'ഇനി നിങ്ങള്‍ മൈസൂരിനടുത്തുള്ള സോമനാഥപുരയിലും കൂടി പോകണം. എങ്കിലേ ഹൊയ്‌സാലരുടെ കല കണ്ടു തീരൂ.'

കാലം കാത്തുവെച്ച കാഴ്ചകള്‍ തീരുന്നില്ലല്ലോ ദൈവമേ. 'നീ വെറും നിസാരന്‍' എന്ന് വീണ്ടും വീണ്ടും ബോധിപ്പിച്ചു കൊണ്ട് അവ എന്നെത്തേടി വന്നു കൊണ്ടേയിരിക്കുന്നു.


TAGS:
HALEBIDU  |  BELUR  |  KARNATAKA  |  INDIA  |  DESTINATION  |  PILGRIMAGE  |  HISTORY  |  THEMES 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/