കോളം - ജി. ഷഹീദ്‌

കാടിന്റെ കണ്ണ്‌

Photos: T N A Perumal

 
ആന ബുദ്ധിസാമര്‍ത്ഥ്യമുള്ള മൃഗമാണെങ്കില്‍, കടുവ മാന്യനാണ്. പുള്ളിപ്പുലിയെ കാട്ടിലെ ഭൂതം എന്നാണ് പെരുമാള്‍ പേരിട്ടിരിക്കുന്നത്. നീണ്ട കാത്തിരിപ്പിന് ശേഷമാണ് പുള്ളിപ്പുലിയെ ക്യാമറയിലേക്ക് പകര്‍ത്തിയിട്ടുള്ളത്. എന്നാല്‍ കടുവകള്‍ ബാന്ധവ്ഗഡിലും രണ്‍തംഭോറിലും കന്‍ഹയിലും ഇപ്പോള്‍ സാധാരണ കാഴ്ച്ചയാണ്. വീട്ടിലെ പൂച്ചകളെ പോലെ കടുവകള്‍ കാട്ടില്‍ നടക്കുന്നു!

പ്രകോപിക്കപ്പെട്ടില്ലെങ്കില്‍ ഒരു വന്യമൃഗവും മനുഷ്യനെ ആക്രമിക്കില്ലെന്നു പറയുമ്പോഴും പേടിപ്പെടുത്തുന്ന ചില അനുഭവങ്ങള്‍ പെരുമാള്‍ ഓര്‍ക്കുന്നു. മുതുമലയില്‍ വെച്ച് ഒരു കൊമ്പനാന ഓടിച്ചു. കരടിയും കാട്ടുപോത്തും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. കാലം കഴിഞ്ഞപ്പോള്‍ അപകടാവസ്ഥ ഇല്ലെന്നായി. അനുഭവങ്ങളുടെ വെളിച്ചത്തില്‍, സമര്‍ത്ഥരായ വഴികാട്ടികളുടെ സഹായത്താല്‍ സ്വതന്ത്രമായി നടക്കാം. വാഹനത്തിലിരിക്കുന്ന വന്യജീവി പ്രേമികളെ നോക്കി വഴിയരികില്‍ ശാന്തരായി നില്‍ക്കുന്ന കടുവകള്‍!

എന്നാലും ശ്രദ്ധിക്കണം, പെരുമാള്‍ മുന്നറിയിപ്പ് നല്‍കുന്നു. മാന്യമായ അകലം പാലിക്കണം. കുഞ്ഞുങ്ങള്‍ കൂടെയുള്ള വന്യമൃഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ മൃഗങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കും. ഉദാഹരണത്തിന് കന്‍ഹാ സങ്കേതത്തിലെ കടുവ ദുധ്‌വ സങ്കേതത്തിലെ കടുവയേക്കാള്‍ വ്യത്യസ്തനാണ്. മുതുമലയിലെ കാട്ടാനകള്‍ ചിലപ്പോള്‍ ആക്രമണസ്വഭാവം പ്രദര്‍ശിപ്പിക്കും. കാരണം മനുഷ്യനും ആനയും അവിടെ പലപ്പോഴും സംഘര്‍ഷത്തിലാണ്. തേക്കടിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആന ആക്രമിച്ച സംഭവം അദ്ദേഹം ഓര്‍മ്മിച്ചു. വലിയൊരു തടിക്കഷ്ണം തുമ്പിക്കൈയില്‍ എടുത്ത്, ബോട്ടിന് നേരെ എറിഞ്ഞു. മറ്റൊരിക്കല്‍ ആന വലിയൊരു പാറ താഴേക്ക് തള്ളിയിട്ടു. തടാകക്കരയില്‍ ഇരുന്നവരെ ചതച്ചരയ്ക്കാതെ അത് ഉരുണ്ടു പോയപ്പോള്‍ അവര്‍ ദൈവത്തെ വിളിച്ച് ആശ്വസിച്ചു.

' മുമ്പ് കാട്ടിലെ യാത്ര ദുഷ്‌ക്കരമായിരുന്നു. വാക്കത്തികൊണ്ട് തടസ്സങ്ങള്‍ മുറിച്ച് നീക്കണം. ദേഹം മുള്ളു കൊണ്ട് മുറിയും. ഇപ്പോഴോ? അനായാസമായ യാത്ര. വാഹനങ്ങളില്‍ നീങ്ങാനും മൃഗങ്ങളെ കാണാനും എളുപ്പം. ഫോട്ടോഗ്രാഫര്‍ക്ക് പോസു ചെയ്യാന്‍ പോലും ആനകളും കാട്ടുപോത്തുകളും കടുവകളുമുണ്ട്, വേണ്ടുവോളം. കേരളത്തിന് പുറത്താണ് കടുവക്കാഴ്ച്ച സുലഭം.

മൂങ്ങകളെ തേടിയുള്ള രാത്രിയാത്രയാണ്, ഫോട്ടോഗ്രാഫിയില്‍ ഇന്നും ദുഷ്‌ക്കരം. ഇതിനായി നീണ്ട കാലയളവ് നീക്കി വെച്ചിരുന്നു. ഒളിഞ്ഞും തെളിഞ്ഞും സഞ്ചരിച്ചു. ആയിരക്കണക്കിന് ചിത്രങ്ങള്‍ കിട്ടി. തിരിഞ്ഞു നോക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം, സംതൃപ്തി. ചിത്രശലഭങ്ങളേയും മറ്റ് സൂക്ഷ്മജീവികളേയും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മൂങ്ങയുടെ ചിത്രമെടുക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അത് നേരിട്ടു, ജയിച്ചു.

ഒരു കലാകാരന് മാത്രമേ മികച്ച വന്യജീവി ഫോട്ടോഗ്രാഫറാകാന്‍ കഴിയൂ. സര്‍ഗ്ഗാത്മകത വേണം. അതോടൊപ്പം കാഴ്ച്ചപ്പാടും പുതിയ ചക്രവാളങ്ങളിലേക്ക് ഉയരണം. വായനയാണ് അതിന് അനിവാര്യം. നല്ല ചിത്രങ്ങള്‍ കണ്ട് മനസ്സിലാക്കണം. കൂടുതല്‍ നിരീക്ഷിക്കുമ്പോള്‍ പുതിയ ആശയങ്ങള്‍ മനസ്സില്‍ ഉദിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്തായ സന്ദേശങ്ങള്‍ നല്‍കാന്‍ മികച്ച ചിത്രങ്ങള്‍ക്ക് കഴിയും -പെരുമാള്‍ പറഞ്ഞു.

എനിക്ക് സ്വപ്‌നങ്ങള്‍ നെയ്യാന്‍ പ്രേരണയായത് നിരവധി പേരാണ്. ചിലരെയെങ്കിലും എടുത്ത് പറയാം -ജിം കോര്‍ബറ്റ്, ഇ.ഡബ്ല്യു. ചാമ്പ്യന്‍, ഒ.സി. എഡ്വേര്‍ഡ്. സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ അധ്യാപകനായ എഡ്വേര്‍ഡ് എന്റെ ഗുരുവാണ്. ഒരു വിശ്വവിജ്ഞാനകോശമായിരുന്നു അദ്ദേഹം. പ്രകൃതി ശാസ്ത്രവും പരിസ്ഥിതി സംരക്ഷണവും ശൈശവാവസ്ഥയിലായിരുന്നപ്പോഴും അദ്ദേഹം ദീര്‍ഘദൃഷ്ടിയോടെ ഈ വിഷയങ്ങളെ സമീപിച്ചു. വലിയൊരു മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ അങ്ങനെയൊരു കാഴ്ച്ചപ്പാടുണ്ടാകു.' കടുവകളെ ധീരമായി പിന്‍തുടര്‍ന്ന്, കാല്‍പ്പാടുകള്‍ നോക്കി അവയുടെ ചലനങ്ങള്‍ വിലയിരുത്തിയ ചാമ്പ്യന്‍ 200 ഓളം കടുവകളെ തന്റെ ക്യാമറയില്‍ ഒളിപ്പിച്ചു. വന്യജീവി ഫോട്ടോഗ്രാഫര്‍മാരായ ഗോര്‍പഡെ, ഹനുമന്തറാവു, എം കൃഷ്ണന്‍, ടി എസ് ലാല്‍ തുടങ്ങിയവരോടൊപ്പം കൈകോര്‍ത്ത് നില്‍ക്കാനുള്ള സുവര്‍ണ്ണാവസരങ്ങളും പെരുമാളിന് കിട്ടി. ജീവിതത്തിലെ ധന്യമായ നിമിഷങ്ങളാണ് അവയെന്ന് അദ്ദേഹം ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

കൂടുതല്‍ സൗഹൃദം ഏതൊക്കെ വന്യമൃഗങ്ങളോടാണ്?
ആനകള്‍. പെരുമാളിന്റെ മറുപടി മിന്നല്‍ വേഗത്തിലായിരുന്നു. ആനകളാണ് മനുഷ്യനെ സ്‌നേഹിക്കുന്ന വന്യജീവി. ചില ആനകള്‍ക്ക് ആര്‍ദ്രമായ മനസ്സുള്ളതായി തോന്നുന്നു. ശൈത്യകാലത്ത് ചില ആനകളുടെ തിരുനെറ്റിയില്‍ തുഷാരബിന്ദുക്കള്‍ പൊടിഞ്ഞിറങ്ങുന്നതായും എനിക്ക്‌തോന്നിയിട്ടുണ്ട്'.
ഒരേയൊരു സങ്കടമേ പെരുമാളിനു ബാക്കിയുള്ളൂ. ജിം കോര്‍ബറ്റിനെ ആരാധിക്കുന്ന പെരുമാളിനു കോര്‍ബറ്റ് സങ്കേതത്തില്‍ ഇന്ന് വരെ പോകാന്‍ കഴിഞ്ഞിട്ടില്ല.'
Go to Pages »
1 | 2|
TAGS:
TNA PERUMAL  |  WILDLIFE  |  PHOTOGRAPHY  |  BARN OWL 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/