കോളം - ജി. ഷഹീദ്‌

കാടിന്റെ കണ്ണ്‌

Photos: T N A Perumal

 

ഇന്ത്യന്‍ വന്യജീവി ഫോട്ടോഗ്രാഫി എന്നാല്‍ ഒരു കാലത്ത് ടി എന്‍ എ പെരുമാള്‍ ആയിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഡിജിറ്റല്‍ യുഗത്തിന് മുന്‍പ് അദ്ദേഹം നടത്തിയ കാനന യാത്രകളിലൂടെ...

ചെറിയ പക്ഷി. കൈവിരലിന്റെ വലിപ്പം. കണ്ണുകള്‍ക്ക് ചുറ്റും വെള്ളനിറത്തിലുള്ള വലയം. പേര് വൈറ്റ് ഐ (White Eye). അരനൂറ്റാണ്ട് മുമ്പ് ഈ പക്ഷിയുടെ ചിത്രമാണ് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ ടി.എന്‍.എ പെരുമാള്‍ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയത്. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം. പ്രകൃതിയുടെ തുടികൊട്ട് പോലെ അത് ഇന്നും അദ്ദേഹത്തിന്റെ ആല്‍ബത്തിലുണ്ട്.

കഴിഞ്ഞ കാലാനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ തഞ്ചാവൂര്‍ നടേശാചാരി പെരുമാള്‍ എന്ന ടി എന്‍ എ പെരുമാള്‍ മിതഭാഷിയെങ്കിലും വാചാലനാകും. മനസ്സിന്റെ ചെപ്പു തുറക്കും. കണ്ണുകളില്‍ തിളക്കം. പക്ഷികള്‍ മഴവില്ലുകള്‍ പോലെയായിരുന്നു. പക്ഷികളെ തേടിയുള്ള യാത്രയില്‍ വന്യമൃഗങ്ങളുടെ രൂപഭാവങ്ങള്‍ കണ്ട് മനസ്സ് ഭ്രമിച്ചു. കാടു കുലുക്കി കരിമല ഗോപുരം പോലെ കുതിക്കുന്ന കൊമ്പന്റെ കുതിപ്പും കടുവയുടെ തിളങ്ങുന്ന കണ്ണുകളും കാട്ടുപോത്തിന്റെ ഇമവെട്ടാത്ത നോട്ടങ്ങളും കുരങ്ങന്‍മാരുടെ കുസൃതികളും ഹൃദയം കവര്‍ന്നു.
ഇന്ത്യയിലെ വന്യജീവി ഫോട്ടോഗ്രാഫി രംഗത്തെ കുലപതിയായ പെരുമാളിന് വയസ്സ് എണ്‍പതിനോടടുക്കുന്നു. ഇപ്പോഴും ചെറുപ്പക്കാരെ വെല്ലുന്ന ഊര്‍ജ്ജം. കയ്യില്‍ ക്യാമറയുമായി കാട്ടില്‍ കാല്‍നടയായിപ്പോകാനും ആവേശം. പതിനായിരക്കണക്കിന് ചിത്രങ്ങള്‍ ശേഖരത്തിലുണ്ടെങ്കിലും പെരുമാളിനു തൃപ്തിയായിട്ടില്ല.

പക്ഷികളുടെ ചിത്രങ്ങള്‍ എടുത്തുകൊണ്ടാണ് പെരുമാള്‍ വന്യജീവി ഫോട്ടോഗ്രാഫി രംഗത്തേക്ക് വന്നത്. തമിഴ്‌നാട്ടുകാരായ മാതാപിതാക്കള്‍ ബാംഗ്ലൂരേക്ക് കുടിയേറി. പെരുമാള്‍ ബാംഗ്ലൂരിലാണ് ജനിച്ച് വളര്‍ന്നത്. അച്ഛന്‍ ബിസിനസ്സുകാരനായിരുന്നു. അധ്യാപകനായ റവ. ഐ എല്‍ തോമസും ഒ.സി എഡ്വേര്‍ഡ്‌സും അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചു. ബന്നേര്‍ ഘട്ടിലെ സ്‌കൂള്‍ അങ്കണത്തില്‍ കൂട് കൂട്ടിയിരുന്ന വൈറ്റ് ഐയുടെ ചിത്രത്തിന്റെ പ്രിന്റ് നല്‍കിയപ്പോള്‍ അധ്യാപകനായ എഡ്വേര്‍ഡ്‌സ് പറഞ്ഞു: കാട് സ്വര്‍ണഖനി പോലെയാണ്. വലിയൊരു ലോകം അത് തുറന്ന് തരും. ഗുരുവിന്റെ വാക്കുകള്‍ ഇന്നും കാതില്‍ മുഴങ്ങുന്ന അനുഭവമാണ് പെരുമാളിന്.

'എന്റെ ആദ്യത്തെ ക്യാമറ റോളി കോര്‍ഡ് (Rollei cord) ആയിരുന്നു. വില 200 രൂപ. അന്ന് അതൊരു വലിയ തുകയായിരുന്നു.'' പെരുമാള്‍ പറഞ്ഞു. ''ആദ്യ കാലത്ത് ഞാന്‍ ഒരു നായാട്ടുകാരനായിരുന്നു. മൃഗവേട്ടയില്‍ താത്പര്യം ഉണ്ടായിരുന്നു. സുഹൃത്തുക്കള്‍ പലരും വെടിയിറച്ചി രുചിച്ചിരുന്നു. ക്രമേണ ഞാന്‍ തോക്ക് ഉപേക്ഷിച്ചു. കയ്യില്‍ ക്യാമറയേന്തി. പ്രകൃതിയെ സ്‌നേഹിച്ചപ്പോളാണ് മാറ്റം ഉണ്ടായത്. ക്യാമറ ജീവിത വികാരമായി മാറി.''

കാലം കഴിഞ്ഞപ്പോള്‍ വന്യജീവി ഫോട്ടോഗ്രാഫിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. ക്യാമറകളുടെ ഭാവവും രൂപവും മാറി. കളര്‍ ചിത്രങ്ങളുടെ അച്ചടിയോടെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സൗന്ദര്യം കൂടി. പുതിയ സൗന്ദര്യാവബോധത്തിന്റെ സംസ്‌ക്കാരം പിറവിയെടുത്തു. ക്യാമറകള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് നീങ്ങി. വന്യമൃഗങ്ങള്‍ മനുഷ്യരുമായി ഇണങ്ങിയോ എന്നും പെരുമാളിനു സംശയം. മുന്‍പ് ചിന്നം വിളിച്ച് ആളുകളെ ഭയപ്പെടുത്തിയ കാട്ടാനകള്‍ വാഹനങ്ങള്‍ കണ്ടാല്‍ ഒതുങ്ങി നിന്നു കൊടുക്കുന്നു.. വിസ്മയിപ്പിക്കുന്ന അനുഭവങ്ങള്‍ പെരുമാള്‍ വിവരിച്ചു.

തേക്കടിയും പറമ്പിക്കുളവും മൂന്നാറും വയനാടുമാണ് അപൂര്‍വ്വമായ ചിത്രങ്ങള്‍ തനിക്കു സമ്മാനിച്ചതെന്ന് അദ്ദേഹം പറയുന്നു. തേക്കടിയിലെ തടാകക്കരയില്‍ കൊമ്പനും പിടിയും കുഞ്ഞുങ്ങളും അണിനിരന്ന ചിത്രം പെരുമാള്‍ ഓര്‍ക്കുന്നു. ഗജമേള പോലെ ഒരു ചിത്രം!
ആനക്കൂട്ടങ്ങള്‍ ഏത് വന്യജീവി ഫോട്ടോഗ്രാഫര്‍ക്കും വിരുന്നാണ്. കാട്ടാന പോലെ ഇത്രയ്ക്ക് ബുദ്ധി ശക്തിയുള്ള വന്യമൃഗം ഇല്ലെന്ന് പറയാം. മനുഷ്യന്റെ നീക്കങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ ആനയ്ക്ക്് കഴിയും. ഇന്ന് പെരിയാറില്‍ ആനക്കൂട്ടങ്ങള്‍ കുറഞ്ഞു. കബനീ തീരത്താണ് ഗജമേള. പെരുമാള്‍ പറയുന്നു.

Go to Pages »
1| 2 |
TAGS:
TNA PERUMAL  |  WILDLIFE  |  PHOTOGRAPHY  |  BARN OWL 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/