
ചിമ്മിനിയുടെ ചന്തങ്ങള്‍
Posted on: 05 Apr 2012
Photos: N M Pradeep

ചിറകടിച്ചുയരുകയാണ് ചിമ്മിനി. വനയാത്രകളില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍. ഈ കാട്ടില്‍ ഒരു രാത്രിയെങ്കിലും താമസിക്കാത്തവര്‍ക്ക് കാടിന്റെ ഗഹനതയും സൗന്ദര്യവും അറിയാനാവില്ല. ചിമ്മിനിയുടെ ചിന്നിത്തൂവുന്ന ചന്തങ്ങളിലൂടെ...
ഇവിടെ ഒരു സ്ഥിരം കൂടാരം ഉണ്ടായിരുന്നു. ആഴത്തിലുള്ള ട്രഞ്ചുകള്‍ വരും മുമ്പ് ഒരു കൊമ്പന്റെ രോഷം അതിനെ ഇടിച്ചു നിരത്തിയതാണ്. കൂടാരത്തിന്റെ ചെറിയ ഭിത്തി തകര്‍ത്തു. അടുത്തുള്ള മരങ്ങളും പിഴുതെറിഞ്ഞു. കൊമ്പന്റെ കലിയുടെ അടയാളങ്ങള്‍ പലതും ഇപ്പോഴും ബാക്കി കിടക്കുന്നു. എന്നാല്‍ ഇനി ആനപ്പോരിലെ താമസം ഭയപ്പാടില്ലാത്തതാണ്. ആനന്ദത്തോടെ ട്രഞ്ചിന്റെ സുരക്ഷിതത്വത്തില്‍ കഴിയാം. രാത്രി മുഴങ്ങുന്ന ചിന്നംവിളികള്‍ ആസ്വദിച്ച് ഭയപ്പെടാതെ കിടന്നുറങ്ങാം.
ചിമ്മിനി വന്യമൃഗസങ്കേതത്തിലെ ആനപ്പോരില്‍ നിന്നുള്ള കാഴ്ച്ചയാണിത്. ചിമ്മിനി ഡാമിലൂടെ ദീര്‍ഘമായ തോണി യാത്ര ചെയ്താലെത്തുന്ന സ്ഥലമാണ് ആനപ്പോര്. പശ്ചിമഘട്ടത്തിലെ ധന്യമായ ജൈവവൈവിധ്യ മേഖലകളില്‍ ഒന്ന്. പ്രകൃതി സ്നേഹികളുടേയും സഞ്ചാരികളുടേയും പുതിയൊരു സങ്കേതമായി ചിമ്മിനി ഇക്കോ പ്രോജക്റ്റിനു കീഴിലെ ആനപ്പോര് ടൂറിസം മാറുകയാണ്. അതോടെ ചിമ്മിനി പുതിയ ചിറകുകള് വിരിക്കും. ട്രെക്കിങ്ങും രാത്രിവാസവും ഇക്കോ പഠനവും പക്ഷിനിരീക്ഷണവും വന്യമൃഗക്കാഴ്ചകളുമെല്ലാം ചേര്‍ന്ന വിപുലമായ ഇക്കോ ടൂറിസം പരിപാടികളാണ് ഇവിടെ ഒരുങ്ങുന്നത്. ഗൈഡുകളെയും താമസിക്കാനുള്ള ടെന്റുകളും യാത്രാബോട്ടും എല്ലാം ഫോറസ്റ്റ് വകുപ്പ് നല്‍കും. നൂതനമായ ഈ വിനോദ-പഠന പാക്കേജിന് പച്ചക്കൊടി കിട്ടിക്കഴിഞ്ഞു. ഉടനെ ലോഞ്ച് ചെയ്യാനിരിക്കുന്ന ഈ പദ്ധതിയുടെ ത്രില്‍ മുന്‍കൂട്ടി അറിയാനാണ് 'യാത്രാ'സംഘം ആനപ്പോരിലെത്തിയത്.
സ്കൂള്‍-കോളേജ് വിദ്യാര്‍ഥകള്‍ക്കായി നടത്തുന്ന പ്രകൃതി പഠന ക്ലാസാണ് ചിമ്മിനിയുടെ മുഖമുദ്ര. വനം വകുപ്പ് ലക്ച്ചര്‍ ക്ലാസുകളും സ്ലൈഡ് ഷോകളും ഇളം മനസ്സുകളെ ആകര്‍ഷിക്കുന്ന രീതിയില്‍ ഒരുക്കിയിട്ടുണ്ട്. ഡി.എഫ്.ഒ. സാജു വര്‍ഗ്ഗീസിനോടൊപ്പം പ്രകൃതിയുമായി ആത്മബന്ധമുള്ള ഉദ്യോഗസ്ഥര്‍ തന്നെ പദ്ധതിക്കു പിന്നില്‍ അണിനിരന്നിരിക്കുന്നു. വനത്തില്‍ നീണ്ട ട്രക്കിങ്ങിനും മലകയറ്റത്തിനും അവര്‍ സദാ സന്നദ്ധം. യാത്രാ ടീമിന്റെ ചിമ്മിനി സന്ദര്‍ശനത്തില്‍ ഡി.എഫ്.ഒ.യോടൊപ്പം പ്രതാപനും ജയദേവനും സലിംകുമാറും സാഹസികയായ വനിതാ ഗാര്‍ഡ് സീനയും പങ്കെടുത്തിരുന്നു. 'ചെറുപ്പം മുതല്‍ തന്നെ കാടിനോടു ഇഷ്ടമുണ്ടായിരുന്നു. വനത്തിലെ ഗാര്‍ഡായി പി.എസ്.സി ജോലി കിട്ടിയപ്പോള്‍ സ്വപ്നസാഫല്ല്യമായി' -സീന പറഞ്ഞു.