
അഞ്ചരയ്ക്കുള്ള പോത്ത്
Posted on: 30 Jan 2012
Photos: N A Naseer

കാടിന്റെ ഘനഗംഭീരമായ ആത്മാവിന്റെ പ്രതിരൂപമാണ് കാട്ടുപോത്തുകള്‍. കാട്ടുപോത്തുകളെത്തേടിയുള്ള യാത്രകള്‍ വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ ഓര്‍ത്തെടുക്കുന്നു
''നെല്ലിയാംപതിയിലെ കാട്ടില്‍ കാട്ടുപോത്തുകളെ തേടി നടക്കുകയായിരുന്നു. കൂടെ വനംവകുപ്പിലെ വാച്ചര്‍ മണികണ്ഠനും. മണികണ്ഠനെ കണ്ടാല്‍ കാട്ടുപോത്തുകള്‍ക്ക് കലിയിളകും എന്നു കേട്ടിട്ടുണ്ടായിരുന്നു. കാട്ടുപോത്തിനെ ദൂരെ നിന്ന് കണ്ടപ്പോഴേ മണികണ്ഠന് ടെന്‍ഷന്‍.
കാഴ്ചയില്‍ കാട്ടുപോത്ത് ഭീകരന്. കൊടും ഭീകരന്. എന്നാല്‍ ഒരിക്കലും ഉപദ്രവകാരിയായി പെരുമാറിയിട്ടില്ലെന്ന് നസീര്‍. പലപ്പോഴും ഓടിയകലുകയാണ് അവന് ചെയ്യുക. ആനകള്ക്കിടയിലെന്ന പോലെ കാട്ടുപോത്തുകള്ക്കിടയിലും ഒറ്റയാനെ കാണാം. പക്ഷെ അവ അപകടകാരിയല്ല. പ്രായം കൂടുതലുള്ളവയാണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത്.
ജീപ്പില്‍ രാത്രി സഞ്ചരിച്ച് കാട്ടുപോത്തുകളെ ഷൂട്ട് ചെയ്യുന്നതിന്റെ ത്രില്‍ നസീര്‍ ഏറെ ആസ്വദിച്ചിട്ടുണ്ട്. 'അതൊരനുഭവം തന്നെയാണ്. ദൂരെ നിന്ന് ലൈറ്റ് കാണുമ്പോള്‍തന്നെ അവ തലയുയര്‍ത്തും. കണ്ണുകള്‍ തീക്കട്ട പോലെ തിളങ്ങും. പരിചയസമ്പന്നരായ ഡ്രൈവര്‍മാരാണെങ്കില്‍ കാട്ടുപോത്തിന്റെ തൊട്ടുത്തു വരെ ജീപ്പുമായി ചെല്ലും. അപ്പോഴും പരിഭവമില്ലാതെ അവന് നില്ക്കും. പിന്നെ, നിശ്ശബ്ദം വനത്തിനുള്ളിലേക്കു കയറിപ്പോകും.
കാട്ടുപോത്തുകളെത്തേടിയുള്ള യാത്രയിലെ ഏറ്റവും ഹൃദയഹാരിയായ കാഴ്ച തേക്കടിയിലെ പൂവരശിയിലാണ് നസീര്‍ കണ്ടത്. നോക്കെത്താത്ത പുല്‍മേടുകളില്‍ കൂട്ടംകൂട്ടമായി കാട്ടുപോത്തുകള്‍ ഇളംവെയിലില്‍ മേഞ്ഞുനടക്കുന്ന ആ കാഴ്ച ഒരിക്കലും മറക്കില്ല. 60ലേറെ പോത്തുകള്‍ അന്നാ സംഘത്തിലുണ്ടായിരുന്നുവെന്ന് നസീര്‍ ഓര്‍ക്കുന്നു. പറമ്പിക്കുളത്തും ഇതുപോലെ വലിയ കൂട്ടങ്ങളെ കണ്ട ദിവസങ്ങള്‍ നസീര്‍ തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.