
ബാന്ധവ്ഗഡിലെ അപരിചിതന്
Posted on: 09 Jun 2011
PHOTOS: VIVEK SINHA

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരത്പൂരിലെ പക്ഷിപ്രളയത്തിന് നടുവിലായിരുന്നു വിവേക് സിന്‍ഹയേയും ഭാര്യ ആരതിയേയും ആദ്യമായി കാണുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ സിന്‍ഹയുടെ കാടാറുമാസത്തിനിടയിലെ പരിചയപ്പെടല്‍. ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ഭരത്പൂര്‍ ഫീല്‍ഡ് ലാബ് ഡയറക്ടറായ ഡോ.വിജയനാണ് പരിചയപ്പെടുത്തിയത്. സൈബീരിയന്‍ കൊക്കുകളെ കുറിച്ച് ഗവേഷണം നടത്തുകയാണ് അദ്ദേഹത്തിന്റെ ഭാര്യ ലളിതയും ഒപ്പമുണ്ട്.
'പക്ഷെ 92ല്‍ അവനും മക്കളായ ദാവുവും ബലറാമും ബാന്ധവ്ഗഡിലെ ചക്രധാര പ്രദേശത്ത് നിന്ന് അപ്രത്യക്ഷരായി. എങ്ങോട്ട് പോയെന്ന് ആര്‍ക്കുമറിയില്ല. കടുവകള്‍ ചിലപ്പോള്‍ സ്വന്തം പ്രദേശം വിട്ട് മറ്റിടങ്ങളിലേക്ക് പോകാറുണ്ട്. പക്ഷേ ഇടയ്ക്കിടെ പഴയ രാജ്യം സന്ദര്‍ശിക്കും. പരിചിതമായ ഇടങ്ങളിലെ സുഖംതേടി. മക്കള്‍ പോയത് മനസ്സിലാക്കാം. അവര്‍ യുവാക്കളാണ്. എന്നാല്‍ ബര്‍ക്കയ്ക്ക് പ്രായം 14 കഴിഞ്ഞിരുന്നു. മാത്രമല്ല തന്റെ പ്രദേശത്തേയ്ക്ക് കടന്നു കയറാന്‍ ശ്രമിച്ച ഒരുത്തനെ തുരത്തുന്നതിനിടെ തോളെല്ലിന് പരിക്കേറ്റിരുന്നു. ഇരതേടാന്‍ ബുദ്ധിമുട്ടുമെന്നുറപ്പ്. ഫോറസ്റ്റുകാര് അന്വേഷിച്ചു നടന്നു, ബര്‍ക്കയെ കണ്ടെത്തിയില്ല'.
'ബര്‍ക്കയുടെ തിരോധനാത്തിനിടെ രണ്ട് പുതിയ അതിഥികള്‍ ബാന്ധവ്ഗഡിലെത്തിയിരുന്നു. ചക്രധാരയിലാണ് അവരെയും തുറന്ന് വിട്ടത്. ആയിടയ്ക്കാണ് ഞാനും ആരതിയും പതിവു സന്ദര്‍ശനത്തിന് ബാന്ധവ്ഗഡിലെത്തിയത്. ഫോറസ്റ്റ് റസ്റ്റ് ഹൗസിലെ ഉച്ചമയക്കത്തിന് ശേഷം ആരതിക്കൊപ്പം സിദ്ധനാഥ് എന്ന ആനയുടെ പുറത്ത് കയറി. കുട്ടപ്പനാണ് പാപ്പാന്. ഇരിപ്പിടത്തിന്റെ വലത് വശത്ത് ഞാനും ഇടതുവശത്ത് ആരതിയും'.
'ചെറു അരുവിയായ ചരണ്‍ഗംഗ, ബന്ധവ്ഗഡിന്റെ വടക്ക്-കിഴക്കന്‍ മേഖലയിലാണ്. ഇവിടെയാണ് പീതക്കല്ലില് കൊത്തിയെടുത്ത മഹാവിഷ്ണുവിന്റെ അനന്തശയന രൂപമുള്ളത്. അതിനടുത്ത് വലിയൊരു ഞാവല്‍മരമുണ്ട്. അതിന്റെ ഒത്തമുകളില്‍ തവിട്ടു നിറത്തിലുള്ള രണ്ട് മീന്‍ കൂമന്മാര്. രണ്ട് മൂന്ന് സ്നാപ്സ് എടുത്തു. രണ്ട് ദിവസമായി കടുവകളെ തേടി അലയാന്‍ തുടങ്ങിയിട്ട്. പുതിയ അതിഥികളുമായൊരു സൗഹൃദം സ്ഥാപിക്കാന്‍ മനസ്സ് കൊതിച്ചു. നിരാശയായിരുന്നു ഫലം'.