കോളം - ജി. ഷഹീദ്‌

ആനയുടെ വഴികള്‍

Photos: N.A.Naseer

 
കാട്ടിലും മേട്ടിലും കൊമ്പുകുത്തിക്കളിക്കുന്ന
വമ്പന്‍മാരെ പിന്തുടരുന്ന ഒരു ഫോട്ടോഗ്രാഫറുടെ അനുഭവങ്ങള്‍.


ഭയപ്പെടുത്തുന്ന കൊടുംങ്കാറ്റിന്റെ അനുഭവം. ആനയുടെ ചിഹ്നംവിളി കൊലവിളി പോലെ തോന്നി. വാല്‍ ചുരുട്ടി, കണ്ണുകളില്‍ തീ പാറുന്ന നോട്ടത്തോടെ കൊമ്പന്‍ മുന്നോട്ട് ആഞ്ഞു...
സുഹൃത്തുക്കള്‍ പല വഴിക്ക് ചിതറിയോടി. ചിലരുടെ നിലവിളി കേട്ടു. പക്ഷേ ഫോട്ടോഗ്രാഫര്‍ വഴിയിലിരുന്നു. ശ്വാസം വിടാതെ.
കൊമ്പന്‍ കാട്ടാനക്ക് 'ചിന്താക്കുഴപ്പമായി'. ആന തുമ്പിക്കൈ ഉയര്‍ത്തി നിവര്‍ന്നു നിന്നു. പലരും പേടിച്ചോടിയപ്പോഴും ഒരാള്‍ മാത്രം വഴിയില്‍ മാറാതെ ഇരുന്നത് കാട്ടാനക്ക് അസാധാരണമായ അനുഭവമായിരുന്നു. കാട്ടാന അല്‍പ്പനേരം നിശ്ചലമായി നിന്നു. പിന്നീട് തല വെട്ടിച്ച്. തിരിഞ്ഞു നടന്നു. തിരിഞ്ഞു നോക്കിയില്ല. കൊടുംങ്കാറ്റ് അകന്നു പോയ അനുഭവം!


ആനത്താരകളില്‍ ക്യാമറയും തൂക്കി അപകടകരമായ വഴികളിലൂടെ നടന്നിട്ടുള്ള വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍. കെ. നസീര്‍ തന്റെ കാല്‍ നൂറ്റാണ്ട് കാലത്തെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ വാചാലനായി, ഒരു വി.കെ.എന്‍. പ്രയോഗം ഒര്‍മ്മിച്ചു ''ആന ഒരു വലിയ മൃഗമാകുന്നു. പക്ഷെ ഗജവീരന് തന്റെ മല പോലുള്ള ശക്തി അറിയില്ല''. വയനാട്ടില്‍ വെച്ചായിരുന്നു കൊമ്പന്‍ കൊടുങ്കാറ്റു പോലെ മുന്നില്‍ വന്നത്. പക്ഷെ അവന്‍ പക കാട്ടാതെ പിന്‍വാങ്ങി. ആന വീണ്ടും മുന്നോട്ടു കുതിച്ചിരുന്നെങ്കില്‍ മിന്നല്‍ പോലെ ഓടാന്‍ തയ്യാറെടുത്തിരുന്നുവെന്ന് നസീര്‍ പറഞ്ഞു. ''പക്ഷെ കാട്ടുകൊമ്പന്‍ അപ്രതീക്ഷിതമായി പിന്‍മാറിയതിന്റെ മനശ്ശാസ്ത്രം അറിയില്ല''.

കാലം കഴിഞ്ഞപ്പോള്‍ കാട്ടാനയും മനുഷ്യരുമായി ഇണങ്ങി. വാഹനങ്ങളുടെ ശബ്ദവും, മനുഷ്യന്റെ ഗന്ധവും കാട്ടാനകള്‍ക്ക പരിചയമായി. കാട്ടിലും വന്യജീവി സങ്കേതങ്ങളിലും കാഴ്ച്ചകള്‍ കാണാന്‍ എത്തുന്നവര്‍ പൊതുവെ ശല്ല്യക്കാരായ വ്യവഹാരികള്‍ അല്ലാത്തതിനാല്‍ ആനകളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. കാട്ടാനകള്‍ ഇപ്പോള്‍ പൊതുവെ ഉപദ്രവകാരികളല്ല.

മലമുഴക്കി വേഴാമ്പലിന്റെയും കാട്ടാനയുടേയും സഞ്ചാരപഥങ്ങള്‍ തേടി അലഞ്ഞിട്ടുള്ള നസീര്‍ പറഞ്ഞു. ''കാട്ടാനയെ എത്ര കണ്ടാലും മതി വരില്ല''.
മറ്റേതു വനങ്ങളേയും അപേക്ഷിച്ചു നോക്കിയാല്‍ മുതുമലയിലെ ആനകളെ പിന്‍തുടരുന്നതാണ് സുഖകരമായ അനുഭവം. കാട്ടാനക്കൂട്ടങ്ങള്‍ നിശ്ശബ്ദമായി മേഞ്ഞു നടക്കും. ഫോട്ടോഗ്രാഫറെ കണ്ടാലും കണ്ടില്ലെന്നു നടിക്കും. അത്രക്കു സൗഹൃദം. ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍ ആനക്കണ്ണിലെ ജാഗ്രത തിളങ്ങും. കുഞ്ഞുങ്ങള്‍ കൂടെയുണ്ടെങ്കില്‍ കോട്ടപോലെ നിന്ന് സംരക്ഷണം നല്‍കും. ആനക്കൂട്ടം നിശ്ശബ്ദമായി നടന്നു നീങ്ങും. കാതോര്‍ത്താല്‍ കാല്‍പ്പെരുമാറ്റം പോലും കേട്ടെന്നു വരില്ല. നിശ്ശബ്ദമായി കാട്ടാനയുടെ 50 മീറ്റര്‍ അടുത്തു വരെയെത്തി നസീര്‍ ക്യാമറ ക്ലിക്കു ചെയ്തിട്ടുണ്ട്. മുതുമലയില്‍ നിന്ന് ബന്ദിപ്പൂരിലേക്കും, ബന്ദിപ്പൂരില്‍ നിന്ന് വയനാട്ടിലേക്കും നീളുന്ന ആനത്താരകളിലൂടെ സ്ഥിരമായി നസീര്‍ സഞ്ചരിക്കാറുണ്ട്.

മുന്നാറിനു സമീപമുള്ള പാമ്പാടുംചോലയിലെ അന്തേവാസിയാണ് ഗുണ്ടുമണിയെന്നറിയപ്പെടുന്ന തടിയന്‍ ആന. ഗുണ്ടുമണി ഇളകിയാടി വരുന്ന കാഴ്ച്ച ഒരനുഭവമാണ്. വന്യജീവി ഗൈഡ് ആയ മനോഹരനാണ് ഇവന് ഗുണ്ടുമണി എന്ന പേരിട്ടത്. പാമ്പാടുംചോലയിലെ സുഖകരമായ തണുപ്പും ഹരിതവനത്തിന്റെ സൗന്ദര്യവും മനസ്സു കുളിര്‍പ്പിക്കുന്ന കാറ്റും സുലഭമായ തീറ്റയും ഗുണ്ടുവിനെ വ്യത്യസ്തനാക്കുന്നു. അനുസരണയുള്ള നാട്ടാനയെപ്പോലെ ഗുണ്ടുമണി 'ഒഴുകിയെത്തും', സൗഹൃദം നുകരാന്‍. ഒരിക്കല്‍ പോലും അവന്റെ ഭാവം മാറിയിട്ടില്ല. ചിലപ്പോള്‍ അല്‍പ്പം കുസൃതിക്ക് മുതിരും. മരങ്ങള്‍ക്കിടയില്‍ ഒളിച്ചു കളിക്കും.
Go to Pages »
1| 2 |
TAGS:
ELEPHANTS  |  WILDLIFE  |  TUSKERS  |  N.A.NASEER  |   

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/