കോളം - ജി. ഷഹീദ്‌

ആനമലയിലെ കാഴ്ച്ചകള്‍

Text:G.Shaheed,Photos:N.A.Naseer

 


സൂക്ഷ്മമായ നോട്ടം. മ്ലാവിന്റെ കണ്ണുകള്‍ ചിമ്മിയില്ല. കാഴ്ചയില്‍ ദൃഢമായ കൊമ്പുകള്‍. അല്‍പ്പം കഴിഞ്ഞപ്പോള്‍ മരച്ചില്ലകള്‍ അനങ്ങുന്ന ശബ്ദം. ഒരു സിംഹവാലന്‍ കുരങ്ങ്. ചിന്താകുലമായ ഭാവം. ക്യാമറയ്ക്ക് ആകര്‍ഷകമായ പശ്ചാത്തലം. ബൈനോക്കുലര്‍ കയ്യില്‍ വെച്ച് കാട്ടുപാതയിലൂടെ നീങ്ങിയാല്‍ പക്ഷി നീരീക്ഷകര്‍ക്ക് വസന്തകാലമാണ്. നിരവധി വര്‍ണ്ണങ്ങള്‍ ഒത്തു ചേരുന്ന തീ കാക്ക ഉള്‍പ്പെടെ 300 പക്ഷികളെ നിരീക്ഷിക്കാം. സാഹസികര്‍ക്ക് കാട്ടുപാതയിലൂടെ നടക്കാം. കൂടെ ഗൈഡ് ഉണ്ടാവും. ഹരിത വനങ്ങളിലെ ജൈവ വൈവിധ്യം ആസ്വദിക്കാം. നോക്കെത്താത്ത പച്ചപ്പ്. വഴിയില്‍ മേഞ്ഞ് നടക്കുന്ന ആനക്കൂട്ടങ്ങള്‍ ഹൃദയഹാരിയായ കാഴ്ചയാണ്.

പൊള്ളാച്ചിക്ക് സമീപമുള്ള ഇന്ദിരാഗാന്ധി വന്യമൃഗ സങ്കേതത്തിന്റെ (നാഷണല്‍ പാര്‍ക്ക് ) പ്രത്യേകതകള്‍ പരിസ്ഥിതി വന്യജീവി നിരീക്ഷകരെ ആകര്‍ഷിക്കും. മുമ്പ് ആനമല വന്യമൃഗ സങ്കേതം എന്നായിരുന്നു പേര്. കാരണം പശ്ചിമഘട്ടത്തിന്റെ ഭാഗമായ ആനമലയാണ് സങ്കേതത്തിന്റെ മുഖമുദ്ര. ആനകള്‍ നൂറു കണക്കിനുള്ള മല. അങ്ങിനെയാണ് ആനമല എന്ന പേര് ഉത്ഭവിച്ചത്. ഒറ്റയാനകളെ ഇവിടെ ധാരാളം കാണാം. കേരളത്തിലെ വന്യമൃഗ സങ്കേതങ്ങള്‍ പറമ്പിക്കുളവും ചിന്നാറും ഇരവികുളവുമായി തോളോട് തോള്‍ ഉരുമ്മി നില്‍ക്കുന്ന സങ്കേതമാണ് ആനമല അഥവാ ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്ക്. ടോപ്പ് സഌപ്പാണ് സങ്കേതത്തിന്റെ ഹൃദയഭാഗം. ടോപ്പ് സഌപ്പില്‍ നിന്ന് പറമ്പിക്കുളത്തേക്ക് 25 കിലോമീറ്ററാണ് ദൂരം. 1933 ലാണ് പക്ഷിശാസ്ത്രജ്ഞനായ സാലിം അലി ഇവിടെ വന്നത്. ''ടോപ്പ് സഌപ്പിന്റെ ഹരിത സൗന്ദര്യം എനിക്ക് വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല'' സാലിം അലി തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. എവിടെ നോക്കിയാലും മേഞ്ഞു നടക്കുന്ന ആനക്കൂട്ടങ്ങളാണ് അദ്ദേഹത്തിന്റെ മനസിനെ ആഴത്തില്‍ സ്വാധീനിച്ചത്. നിത്യഹരിത വനങ്ങളും ഇല പൊഴിയും കാടുകളും മഴക്കാടുകളും ആനമലയിലുണ്ട്.

958 ചതുരശ്രമൈലാണ് വന്യമൃഗ സങ്കേതത്തിന്റെ വിസ്തീര്‍ണ്ണം. പറമ്പിക്കുളം പോലെ ആകാശത്തെ എത്തിപ്പിടിക്കാന്‍ നില്‍ക്കുന്ന തേക്കുമരങ്ങളും ഇവിടെയുണ്ട്. തേക്ക് തോട്ടങ്ങള്‍ പിന്നിട്ട് നടന്നാല്‍ ഹരിത വനത്തിന്റെ ശ്രീകോവിലിലെത്താം. മലമുഴക്കി വേഴാമ്പലുകളുടെ സ്വര്‍ഗഭൂമി ഇവിടെയാണ്. വേഴാമ്പലുകളുടെ അത്യപൂര്‍വ്വ ചിത്രങ്ങള്‍ ഇവിടെ നിന്നാണ് തനിക്ക് കിട്ടിയിട്ടുള്ളതെന്ന് വന്യജീവി ഫോട്ടോഗ്രാഫറായ എന്‍.എ. നസീര്‍ പറഞ്ഞു.

ആനയും കടുവയും കൂടാതെ മ്ലാവും കാട്ടുപോത്തും വരയാടും കാട്ടുനായ്ക്കളും കരിംകുരങ്ങും പുള്ളിമാനും പുള്ളിപ്പുലിയും സങ്കേതത്തിലുണ്ട്. ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്കിനെ കടുവ സങ്കേതമായി കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ ലോകപൈതൃക മേഖലകളില്‍ ഒന്നായി സങ്കേതത്തെ അംഗീകരിക്കാനുള്ള നടപടികള്‍ യുനസ്‌കോ പൂര്‍ത്തിയാക്കി വരുന്നു. ആദിവാസികള്‍ക്കായി 34 കുടികള്‍ സങ്കേതത്തിലുണ്ട്. 4600 ഓളം പേരെ സങ്കേതത്തിന്റെ സംരക്ഷിത പദ്ധതികളില്‍ പങ്കാളികളാക്കിയിട്ടുണ്ട്.


അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/