കോളം - ജി. ഷഹീദ്‌

കിളിപ്പേച്ച് കേള്‍ക്കവാ..

G Shaheed, Photos: N.A.Naseer, Dr. Sugathan

 
പച്ചിലക്കുടുക്ക, പച്ചപ്രാവ്, ഇലക്കിളി, തേന്‍കിളി, പവിഴക്കാലി, പാതിരാകൊക്ക്, തേന്‍കൊതിച്ചിപ്പരുന്ത്, താമരക്കോഴി, തത്തച്ചിന്നന്‍, ഇത്തിക്കണ്ണികുരുവി, മഞ്ഞക്കിളി....

പേരുകളുടെ വൈവിധ്യം. ചില പേരുകളില്‍ കാല്‍പ്പനിക സൗന്ദര്യം. അവ ചിറകുകള്‍ വിരിച്ചു പറക്കുമ്പോള്‍ ആകാശത്ത് മഴവില്ലുകള്‍. പക്ഷികളുടെ ചിലക്കലും ഒഴുകിയെത്തുന്ന പാട്ടും ആസ്വാദകരെ ഭ്രമിപ്പിക്കും. പ്രകൃതിയുടെ ഹൃദയത്തുടിപ്പുകള്‍ അവിശ്വസനീയം! അന്തരിച്ച പക്ഷി ശാസ്ത്രജ്ഞന്‍ സാലീം അലിയുടെ സ്മരണ നിലനിര്‍ത്തുന്ന തട്ടേക്കാട്ട് പക്ഷി സങ്കേതം. എറണാകുളം ജില്ലയിലെ കോതമംഗലത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ. അതിശൈത്യമാകുമ്പോള്‍ സൈബീരിയയില്‍ നിന്ന് അഭയം തേടിവരുന്ന ദേശാടന പക്ഷികളും ഏറ്റവും ചെറിയ ഇത്തിക്കണ്ണികുരുവികളും മൂന്നടിയോളം വരുന്ന ചിറകുകളുള്ള വലിയ ചുറ്റിപരുന്തും വരെ ഈ പക്ഷിസങ്കേതത്തിലുണ്ട്. 320 ഇനങ്ങളോളം പക്ഷികളെ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ ശാസ്ത്രജ്ഞരും വനം വകുപ്പ് അധികൃതരും തിരിച്ചറിഞ്ഞിട്ടുണ്ട്.

സങ്കേതത്തിലെ നടപ്പാതയിലൂടെ അതിരാവിലെ പക്ഷിനീരിക്ഷിണത്തിനിറങ്ങുക സുഖകരമായ അനുഭവമാണ്. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷങ്ങള്‍. ചിലത് ആകാശത്തെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന പോലെ. എവിടെ നിന്നും കിളിമൊഴികള്‍. കളകളം പടര്‍ന്ന് പന്തലിക്കുന്ന പ്രതീതി. പ്രകൃതിയുടെ ഭാഷക്ക് സൂക്ഷ്മമായി കാതോര്‍ക്കുമ്പോള്‍ ഹൃദയഹാരിയായ അനുഭവം. ബൈനോക്കുലര്‍ ഉണ്ടെങ്കില്‍ കാഴ്ച്ച അതിമനോഹരം. ചുറ്റും നോക്കി പ്രമുഖ പക്ഷിശാസ്ത്രജ്ഞനായ ഡോ. ആര്‍. സുഗതന്‍ ബൈനോക്കുലര്‍ നല്‍കിക്കൊണ്ട് പറഞ്ഞു: അതാണ് ഒലേഞ്ഞാലി ( റിവവ ്യഹവ ). കാഴ്ച്ചയില്‍ തത്തയെപ്പോലെ. കറുപ്പും വെള്ളയും തവിട്ടുനിവുമുള്ള പക്ഷിക്ക് പ്രത്യേകമായ അഴക്. തലയും കഴുത്തും മാറിടവും പുക പിടിച്ച തവിട്ടുനിറം. ഇണയെ ആകര്‍ഷിക്കുന്ന പാട്ടുപാടിയിരിക്കുകയാണ് പക്ഷി.

പക്ഷി സങ്കേതത്തിലെ നടപ്പാതയിലൂടെ ഏതാണ്ട് ഒരു മണിക്കൂര്‍ മെല്ലെ നടന്നാല്‍ ചുരുങ്ങിയത് നൂറിനം പക്ഷികളെയെങ്കിലും തിരിച്ചറിയാന്‍ കഴിയും. ഡോ. സുഗതനും പക്ഷി സങ്കേതത്തിന്റെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിര്‍മ്മല്‍ ജോണും ചേര്‍ന്ന് ഏതാണ്ട് അത്രയും ഇനം പക്ഷികളെ കാണിച്ചു തന്നു.

1933 ലാണ് തിരുവിതാംകൂര്‍-കൊച്ചി പക്ഷി സര്‍വ്വേക്ക് വേണ്ടി ഡോ.സാലിം അലി തട്ടേക്കാട് ആദ്യം എത്തിയത്. വര്‍ഷങ്ങള്‍ ഇപ്പോള്‍ 75 കഴിഞ്ഞു. ഋതുക്കള്‍ മാറി, കാലാവസ്ഥ മാറി, വനത്തിന്റെ രൂപവും ഭാവവും മാറി. അന്നത്തെ നിബിഡ വനങ്ങള്‍ കാലം കഴിഞ്ഞപ്പോള്‍ കയ്യേറ്റക്കാര്‍ക്ക് കീഴടങ്ങി. പരിസ്ഥിതി നാശവും ഉണ്ടായി. 1933 ല്‍ ഡോ. സാലിം അലിക്ക് 130 ഇനം പക്ഷികളെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു.

വര്‍ണ്ണപ്പകിട്ടു കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന പക്ഷികളാണ് ചൂളക്കാക്കയും (ൗമാമയമി നസ്രഹീറാഹൃഷ റസിുീസ) തീക്കാക്കയും ( ൗമാമയമി റി്ഷ്ൃ ). ഒരു ഗാനത്തിന്റെ ആദ്യത്തെ വരി നാം വീണ്ടും വീണ്ടും ചൂളമടിക്കുന്നതു പോലെ പാട്ടുപാടുന്ന പക്ഷിയാണ് ചൂളക്കാക്ക. ദേഹമാസകലം തിളങ്ങുന്ന നീലിമയാര്‍ന്ന കറുപ്പ്. നെറ്റിയിലും ചുമലിലും നീലപട്ട. സഹ്യാദ്രിയുടെ ചേതനയ്ക്ക് ചിഹ്നമാവാന്‍ സര്‍വഥാ യോഗ്യനായ പക്ഷിയാണിതെന്ന് അന്തരിച്ച പ്രമുഖ പക്ഷിശാസ്ത്രജ്ഞനായ പ്രൊഫ. കെ. കെ. നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) തന്റെ 'കേരളത്തിലെ പക്ഷികള്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

തീക്കാക്ക അസാധാരണമായ വര്‍ണ്ണശോഭയുള്ള പക്ഷിയാണ്. ഇങ്ങനെ വര്‍ണ്ണങ്ങള്‍ വാരിവിതറുന്ന 320 ഓളം പക്ഷികളുടെ സങ്കേതമാണ് തട്ടേക്കാട്. പക്ഷികളെ അഥവാ കണ്ടില്ലെങ്കില്‍തന്നെ അവയുടെ ശബ്ദവും ചിലക്കലും പാട്ടും കൊണ്ട് തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഈ വിഷയത്തില്‍ നീണ്ട 35 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഡോ. സുഗതന്‍ സാക്ഷ്യപ്പെടുത്തുന്നത്. സംസ്ഥാന വനം വകുപ്പിന്റെ ശാസ്ത്രജ്ഞനായി അദ്ദേഹം തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ സേവനം അനുഷ്ഠിക്കുന്നു. കാഴ്ച്ചയില്‍ മൂങ്ങയെ പോലുള്ള നിശ്ശബ്ദ പക്ഷിയാണ് മാക്കാച്ചികാട (രവള്‍ാ്ൃ ശി്ഷൗ്ുറസ). ഗുരുതരമായ വംശനാശം നേരിടുന്ന ഈ പക്ഷിക്കു തട്ടേക്കാട് പൂര്‍ണ്ണ സംരക്ഷണം നല്‍കിയിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിനായി കര്‍ശനമായ മാര്‍ഗ്ഗരേഖകളും പെരുമാറ്റ ചട്ടങ്ങളും സങ്കേതത്തില്‍ നടപ്പാക്കിയിട്ടുണ്ട്. സങ്കേതത്തിന്റെ സംരക്ഷണത്തിനായി പൊതുജനങ്ങളുടെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നുണ്ടെന്ന് നിര്‍മ്മല്‍ ജോണ്‍ പറഞ്ഞു.

പെരിയാറിന്റെ കൈവഴിയായ കുട്ടമ്പുഴയാറാണ് സങ്കേതത്തിനു സമീപം. ബോട്ടില്‍ യാത്രചെയ്താല്‍ പ്രകൃതി സൗന്ദര്യത്തിന്റെ മാസ്മര മേഖലകള്‍ കാണാം. പക്ഷി സങ്കേതത്തിന് മുമ്പുള്ള റോഡ് ഭൂതത്താന്‍ കെട്ടിലേക്ക് പോകുന്നു. സങ്കേതത്തിന്റെ മുന്നിലുടെയുള്ള വഴി പൂയംകുട്ടിയിലേക്കു നീളുന്നു. ,

പക്ഷികളുടെ സ്വര്‍ഗ്ഗീയ സങ്കേതം

ഇന്ത്യയില്‍ പക്ഷികളുടെ സ്വര്‍ഗ്ഗീയ സങ്കേതം ഏത് ? ജൈവവൈവിധ്യം കൊണ്ട് ധന്യമായ തട്ടേക്കാട് തന്നെ. സംശയിക്കേണ്ട ആവശ്യമില്ലെന്നാണ് ഡോ. സാലിം അലിയുടെ അഭിപ്രായം.

1933 ല്‍ ആദ്യം വന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് തട്ടേക്കാട് പക്ഷികളുടെ മികച്ച വാസസ്ഥലമായി ബോധ്യപ്പെട്ടിരുന്നു. തന്റെ ആത്മകഥയില്‍ അദ്ദേഹം വിവരിക്കുന്നു.

''ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ധന്യമായ പക്ഷി സങ്കേതമായി തട്ടേക്കാട് എന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കും. കിഴക്കന്‍ ഹിമാലയ മേഖലയെ മാത്രമെ തട്ടേക്കാടിനോട് താരതമ്യപ്പെടുത്താന്‍ കഴിയൂ ''.

''പക്ഷി നിരീക്ഷണത്തിനും സര്‍വ്വേക്കുമായി ഞാന്‍ പലപ്പോഴും കേരളത്തില്‍ പോയിട്ടുണ്ട് . മാറിമാറി വന്നിട്ടുള്ള സര്‍ക്കാരുകളും, നേര്‍വഴിക്ക് പോകാത്ത രാഷ്ട്രീയക്കാരും ചേര്‍ന്ന് നിത്യ ഹരിതവനങ്ങള്‍ക്ക് വലിയ നാശം ഉണ്ടാക്കിയിട്ടുണ്ട്. വികസനപ്രവര്‍ത്തനങ്ങളും തട്ടേക്കാടിനെ പ്രതികൂലമായി ബാധിച്ചു. ''

വന്‍മരങ്ങള്‍ വീഴുമ്പോള്‍

വന്‍മരങ്ങള്‍ എവിടെ? മേഘങ്ങളെ ചുംബിച്ചിരുന്ന വൃക്ഷങ്ങളെക്കുറിച്ചാണ് ഡോ. സാലിം അലി ചോദിച്ചത്. ആദ്യകാലത്ത് തട്ടേക്കാട് വന്നപ്പോള്‍ വന്‍മരങ്ങള്‍ കണ്ട് അദ്ദേഹത്തിന്റെ ഹൃദയം തുടിച്ചു. വേഴാമ്പലുകള്‍ക്ക് (പ്രത്യേകിച്ച് മലമുഴക്കി വേഴാമ്പല്‍) കൂടുകെട്ടാന്‍ വന്‍മരങ്ങള്‍ വേണം. ആദ്യമൊക്കെ വേഴാമ്പലുകളുടെ വലിയ കൂട്ടങ്ങളെ അദ്ദേഹം അവിടെ കണ്ടിരുന്നു.

1986 ല്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഡോക്ടറേറ്റ് സ്വീകരിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹം തട്ടേക്കാടും സന്ദര്‍ശിച്ചു. ഡോ. ആര്‍. സുഗതനും കൂടെ ഉണ്ടായിരുന്നു. അന്ന് ഒറ്റ വേഴാമ്പലിനെപ്പോലും കാണാന്‍ കഴിയാതെ അദ്ദേഹം വേദനിച്ചു. കണ്ണുകള്‍ നിറഞ്ഞു. അവശനായ അദ്ദേഹം കൂടുതല്‍ നടന്നില്ല. വന്‍മരങ്ങള്‍ പിഴുതെറിയപ്പെട്ടതിനാലാണ് വേഴാമ്പലുകള്‍ അപ്രത്യക്ഷമായതെന്ന് അദ്ദേഹം വിലാപസ്വരത്തില്‍ അന്ന് പ്രതികരിച്ചു.
TAGS:
DESTINATION  |  KERALA  |  THATTEKADU  |  THEMES  |  ECOTOURISM  |  WILDLIFE  |  TREKKING  |  G.SHAHEED  |  WRITERS  |  N.A.NASEER 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/