കോളം - ജി. ഷഹീദ്‌

ഉയരങ്ങളുടെ കൂട്ടുകാര്‍

G Shaheed, Photos:V.S.Shine, M.V.Sinoj

 
നല്ല മരതക ഭൂവാണ് മൂന്നാര്‍. പ്രകൃതിഭംഗി ആസ്വദിക്കുന്തോറും മലനിരകളിലെ മരതകത്തിന്റെ മാറ്റ് കൂടുന്നത് കാണാം.

മൂന്നാറില്‍ ആകാശവും ഭൂമിയും ലയിക്കുന്ന സൗന്ദര്യം ദൃശ്യമാണ്്. സഹ്യന്റെ നോക്കെത്താത്ത നിരകള്‍, ഹരിതഭംഗിയാര്‍ന്ന പുല്‍മേടുകള്‍, ചോലക്കാടുകള്‍, മഞ്ഞിന്റെ വലയങ്ങള്‍, കുളിരേകുന്ന രാത്രിയും.... പ്രകൃതി സൗന്ദര്യത്തിന്റെ അത്യപൂര്‍വ്വ തലങ്ങള്‍ മൂന്നാറിനെ അവിസ്മരണീയമാക്കുന്നു.

ഗുരുതരമായ വംശനാശത്തെ നേരിടുന്ന വരയാടുകളെ മൂന്നാറില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുളള രാജമലയില്‍ കാണാം. മൂന്നാറില്‍ എത്തുന്ന ടൂറിസ്റ്റുകളുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്് വരയാടുകള്‍. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗം. മധ്യവേനല്‍ അവധിക്കാലത്ത് ടൂറിസ്റ്റുകളുടെ തിരക്ക് അത്യധികമാണ്.

വരയാട് എന്ന് കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട. ആടിന്റെ ദേഹത്ത് വരകളൊന്നുമില്ല. തമിഴില്‍ വരൈ എന്നാല്‍ മല. മലനിരകള്‍ വാസസ്ഥലമാക്കിയതിനാലാണ് ഈ ആടുകള്‍ക്ക് വരയാടുകള്‍ എന്ന് പേരിട്ടത്. മൂന്നാറില്‍ മുമ്പ് ഉണ്ടായിരുന്ന ഇംഗ്ലീഷുകാര്‍, ഈ വന്യജീവിക്ക് പൂര്‍ണ സംരക്ഷണം നല്‍കിയിരുന്നു. അവയും പുല്‍മേടുകളും നമ്മുടെ ധന്യമായ പൈതൃകമായി മാറി. ഇരവികുളം ദേശീയോദ്യാനത്തിന്റെ നോക്കെത്താ മലനിരകളിലും വരയാടുകളുണ്ടെങ്കിലും അവയെ അടുത്ത് കാണാന്‍ രാജമലയിലാണ് എളുപ്പം. ഇവിടെ മാത്രമായി രണ്ട് മാസത്തിനുള്ളില്‍ 48 ഓളം കുഞ്ഞുങ്ങള്‍ പിറന്നിട്ടുണ്ടെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍ ബാബു പറഞ്ഞു.

ടൂറിസ്റ്റുകളുമായി ഇണങ്ങിയതാണ് ആടുകള്‍. അവ ഫോട്ടോയ്ക്ക് നിന്നും തരും. വലിയ പാറക്കൂട്ടങ്ങളില്‍ കുത്തനെ കയറി അഭ്യാസം നടത്തും. പശ്ചിമഘട്ടത്തില്‍ ഇരവികുളത്തും രാജമലയിലുമാണ് വരയാടിന്റെ എണ്ണം കൂടുതല്‍. അവയ്ക്ക് വനം വകുപ്പ് പൂര്‍ണ സംരക്ഷണം നല്‍കുന്നു. രാജമലയില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കര്‍ശനമായ പെരുമാറ്റചട്ടവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.നീലഗിരി മലമടക്കുകളില്‍ ധാരാളമായി കണ്ടു വന്നിരുന്ന വരയാടുകളെ മാംസത്തിനായി കൊന്നൊടുക്കിയിരുന്നു, 19-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ ഇവ കടുത്ത വംശനാശ ഭീഷണിയുടെ നിഴലിലായി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇവയുടെ എണ്ണം 100 ആയി ചുരുങ്ങി. 1936-ലാണ് രാജമലയും പരിസര പ്രദേശങ്ങളും വരയാടു സംരക്ഷണത്തിന് ഊന്നല്‍ നല്‍കി ദേശീയപാര്‍ക്കായി പ്രഖ്യാപിച്ചത്.

വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് കീഴ്ക്കാം തൂക്കായ പാറക്കെട്ടുകള്‍ക്കിടയിലാണ് വരയാടുകള്‍ പ്രസവിക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞാലേ കുഞ്ഞുങ്ങളുമായി ഇവ പുറത്തു വരൂ. 40 ശതമാനമേ ബാലാരിഷ്ടതകള്‍ താണ്ടി രക്ഷപ്പെടാറുള്ളു. സാധാരണ ഒരു പ്രസവത്തില്‍ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂര്‍വ്വമായി ഇരട്ടകളേയും കാണാറുണ്ട്. ജനവരി ഫിബ്രവരി മാസങ്ങളാണ് പ്രസവകാലം. ഈ സമയങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. ഒപ്പം വേട്ടക്കാര്‍ വരാതെ കാത്തും ഇവയെ വംശനാശ ഭീഷണിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ഇവയുടെ എണ്ണം 2000 കവിഞ്ഞിട്ടുണ്ട്.

അറ്റ്‌ലസ് മോത്ത് എന്ന നിശാശലഭങ്ങളേയും ഇവിടെ ധാരാളമായി കാണാം.

മൂന്നാര്‍ ടൗണില്‍ നിന്ന് രാജമല ഫോറസറ്റ് ചെക്ക് പോയിന്റ് വരെ 6 കി.മീ. രാജമലയിലേക്ക് വരയാടുകളെ കാണാന്‍ വനം വകുപ്പിന്റെ ബസ്സില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. തിരിച്ചുവരാനും ബസ് സൗകര്യമുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ചെക്ക് പോയിന്റില്‍ പാര്‍ക്ക് ചെയ്യണം. രാജമലയില്‍ സന്ദര്‍ശകര്‍ക്ക് ഫോറസ്റ്റ് ഗൈഡുകളുടെ സഹായം കിട്ടും. പശ്ചിമഘട്ടത്തിന്റെ പ്രകൃതി സൗന്ദര്യം ക്യാമറയില്‍ പകര്‍ത്താന്‍ പറ്റിയ നിരവധി സ്ഥലങ്ങളും ഉണ്ട്.
TAGS:
DESTINATION  |  KERALA  |  THEMES  |  ECOTOURISM  |  TREKKING  |  WILDLIFE  |  WRITERS  |  G.SHAHEED  |  V.S.SHINE  |  M.V.SINOJ 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/