കോളം - ജി. ഷഹീദ്‌

വരൂ പാമ്പാടുംചോലയില്‍ രാപാര്‍ക്കാം

G Shaheed, Photos: N.A.Naseer

 

മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടിയും ചെല്ലപ്പെട്ടിയും ടോപ്പ് സ്റ്റേഷനും പിന്നിട്ട്
ഒന്നേകാല്‍ മണിക്കൂര്‍ ജീപ്പുയാത്ര കഴിഞ്ഞാല്‍ പാമ്പാടും ചോലയായി.
വഴിനീളെ തേയിലത്തോട്ടങ്ങളും വന്മരങ്ങളും.
അത്യപൂര്‍വ സസ്യങ്ങളുടെ കലവറയായ പാമ്പാടുംചോലയിലൂടെ...


പാമ്പാടും ചോലയിലെ കാട്ടുപോത്ത്. ഫോട്ടോ: എന്‍.എ.നസീര്‍


മഞ്ഞിന്റെ വലയം നീങ്ങി. സ്വപ്നത്തിലെന്നപോലെ, മുന്നില്‍ ഇമ വെട്ടാതെ കാട്ടുപോത്ത്. അടുത്തുവന്നാല്‍ കൊമ്പില്‍ കോര്‍ക്കുമെന്ന ഭാവം.

അല്പം അകലെയാണെങ്കിലും ഭീമന്‍ കാട്ടുപോത്തിനെ കണ്ടപ്പോള്‍ ഭയം തോന്നി. തോളില്‍ തട്ടി വനം വകുപ്പിലെ ഡ്രൈവര്‍ ഫിലിപ്പ് പറഞ്ഞു: 'ഇതാണ് മറക്കാനാവാത്ത കാഴ്ച. കുറച്ചു കഴിയുമ്പോള്‍ ആ 'ഭീകരന്‍' പോകും. കണ്‍നിറയെ കണ്ടോളൂ.'

കൂടാരത്തില്‍നിന്ന് നടപ്പാതയിലേക്ക് ഇറങ്ങിയവരെ സൂക്ഷിച്ച് നോക്കിയശേഷം കാട്ടുപോത്ത് വലിഞ്ഞു. ഓടുന്ന ശബ്ദം കേള്‍ക്കാം. മരച്ചില്ലകള്‍ ഒടിയുന്നു. അപ്പോഴേക്കും മൂടല്‍മഞ്ഞ് അപ്രത്യക്ഷമായി. ഹരിതവനത്തിന്റെ ദൃശ്യഭംഗി തെളിഞ്ഞു. മരതകപ്പട്ടുപോലെ നോക്കെത്താത്ത ചോലക്കാടുകള്‍.
മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്. പ്രകൃതി സ്‌നേഹികളായ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ മരത്തില്‍ പണിതീര്‍ത്ത കൂടാരങ്ങള്‍ ഉണ്ട്.

2000 മുതല്‍ 3000 അടി ഉയരമുള്ള മലനിരകളും അതിന് ചുറ്റും ചോലക്കാടുകളുമാണ് ഇവിടെ. പകല്‍ ഹരിതഭംഗിയും കുളിര്‍കാറ്റും സൂര്യപ്രകാശം കയറാത്ത നടപ്പാതയും ആസ്വദിക്കാം. രാത്രി നക്ഷത്രങ്ങള്‍ താണുവന്നിരിക്കുംപോലെ തോന്നും.

അത്യപൂര്‍വ സസ്യങ്ങളുടെ കലവറയായ പാമ്പാടുംചോലയെ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാഷണല്‍ പാര്‍ക്കിന്റെ പദവിയിലേക്ക് ഉയര്‍ത്തിയത്. മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടിയും ചെല്ലപ്പെട്ടിയും ടോപ്പ് സ്റ്റേഷനും പിന്നിട്ട് ഒന്നേകാല്‍ മണിക്കൂര്‍ ജീപ്പുയാത്ര കഴിഞ്ഞാല്‍ പാമ്പാടും ചോലയിലെത്തി. വഴിനീളെ തേയിലത്തോട്ടങ്ങളും വന്മരങ്ങളും. രാവിലെ പക്ഷികളുടെ പാട്ടുകേട്ട് ഉണരാം. കൂടാരത്തിനുചുറ്റും നിറയെ പക്ഷികള്‍. മരക്കൊമ്പുകളില്‍ ചാടിത്തിമര്‍ക്കുന്ന മലയണ്ണാന്മാര്‍. ഒപ്പം കരിങ്കുരങ്ങുകളുടെ മുഴങ്ങുന്ന ശബ്ദവും. അകലെ നോക്കെത്താദൂരത്തില്‍ കാട്ടുപോത്തുകള്‍ മേഞ്ഞുനടക്കുന്നു. ഇടയ്ക്ക് ആനയും സവാരിക്കിറങ്ങുന്നു. മ്ലാവുകളെയും ചിലപ്പോള്‍ കാണാം. കാട്ടിലൂടെ യാത്രചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് മൂന്ന് മണിക്കൂര്‍ ട്രക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടെ വനം വകുപ്പിലെ വാച്ചര്‍മാരും വരും. സുഖകരമായ തണുത്ത കാറ്റ് അടിക്കുന്നതിനാല്‍ എത്ര നടന്നാലും ക്ഷീണമറിയുകയില്ല. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ട്രക്കിങ് ചോലക്കാടിന്റെ ആത്മാവിലേക്കുള്ള യാത്രയാണ്.

കൂടാരത്തിനുചുറ്റും ട്രെഞ്ച് കുഴിച്ചിട്ടുള്ളതിനാല്‍ വന്യമൃഗങ്ങള്‍ക്ക് കൂടാരം അപ്രാപ്യമാണ്. രാത്രി മെഴുകുതിരിയോ സോളാര്‍ ലൈറ്റോ കൂടാരത്തില്‍ തെളിക്കാം. കൂടാരത്തിന് സമീപം തീ കൂട്ടാം. ഉച്ചഭക്ഷണം കഴിഞ്ഞ് കൂടാരത്തില്‍ എത്തുംവിധമാണ് യാത്രാസംവിധാനം. രാത്രി രുചിയേറിയ ഭക്ഷണവും രാവിലെ പ്രാതലും റെഡി. വെള്ളവും ഇഷ്ടംപോലെ. എത്രകണ്ടാലും മതിവരില്ല പാമ്പാടും ചോലയിലെ കാഴ്ചകള്‍.
TAGS:
DESTINATION  |  KERALA  |  ADVENTURE  |  WILDLIFE  |  THEMES  |  TREKKING  |  WRITERS  |  G.SHAHEED  |  N.A.NASEER 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/