കോളം - ജി. ഷഹീദ്‌

കാലം കടഞ്ഞ കാതല്‍

G Shaheed, Photos: N M Pradeep

 

നിലമ്പൂര്‍ തേക്ക് തോട്ടത്തിലേക്കൊരു യാത്ര.
വനം വകുപ്പിന്റെ നെടുംകയം റസറ്റ് ഹൗസ് അവിടെയാണ്.
ഒരു കുന്നിന്‍ മുകളില്‍. താഴെ പുഴ.
പലപ്പോഴും ആനകള്‍ അവിടെ നീരാടാന്‍ എത്തും.
ചാലിയാറിന് കുറുകെയാണ് തൂക്കുപാലം, കാറ്റ് വീശുമ്പോഴും ഏതാനും പേര്‍ കയറുമ്പോഴും പാലം അല്‍പ്പം ആടും. കാതോര്‍ത്താല്‍ തേക്കുമരങ്ങളുടെ ഇലകള്‍ കാറ്റിലാടി പ്രകൃതിയുടെ താരാട്ടായി മാറുന്നത് കേള്‍ക്കാം.

നിലമ്പൂരിലെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാണ് തൂക്കുപാലം. 140 അടിയാണ് നീളം. അതിലൂടെ നടന്ന് എത്തുന്നത് കൊണോലീസ് പ്ലോട്ടിലേക്കാണ്. 153 വര്‍ഷങ്ങള്‍ പിന്നിട്ട തേക്കിന്‍തോട്ടം അവിടെ കാണാം. ചരിത്രത്തിന്റെ താളുകളില്‍ അത് അനശ്വരമായി നില്‍ക്കും.

നിലമ്പൂര്‍ കോവിലകത്തിന്റെ സ്മരണകളും, നിലമ്പൂരില്‍ താമസിച്ചിരുന്ന ഇംഗ്ലീഷുകാരും പ്രകൃതി സ്‌നേഹികളുമായ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അമൂല്യ സംഭാവനകളും ഓര്‍ത്ത് വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എം. ശ്രീധരന്‍ നായര്‍ വാചാലനായി.

കോണോളീസ് പ്ലോട്ടില്‍ ഇന്ന് കാവല്‍ക്കാരന്‍ റസാക്ക് എന്ന നാട്ടുകാരനാണ്. അദ്ദേഹം മുന്‍പ് വനം കൊള്ളക്കാരനായിരുന്നു. തേക്ക് തടിയായിരുന്നു ഇഷ്ടപ്പെട്ട മോഷണവസ്തു. എന്നാല്‍ 2002ല്‍ റസാക്കും കൂട്ടരും അന്നത്തെ വനം മന്ത്രിക്ക് മുന്നില്‍ കീഴടങ്ങി. വനംസംരക്ഷണ സേനയുടെ പ്രവര്‍ത്തകനായി മാറി. അദ്ദേഹത്തെ നോക്കി ശ്രീധരന്‍ നായര്‍ പറഞ്ഞു:' 'കോടികള്‍ വിലമതിക്കുന്ന ഈ പ്ലോട്ടിന്റെ സംരക്ഷകനാണ് റസാക്ക്. പ്രകൃതിസംരക്ഷണത്തിന്റെ മുന്നണിപ്പോരാളി'.

പ്ലോട്ടിലെ ഏറ്റവും വലിയ തേക്ക് മരത്തിന് 46.5 മീറ്ററാണ് ഉയരം. ആകാശത്തെ എത്തിപ്പിടിക്കാന്‍ നില്‍ക്കുന്നു. അഞ്ചുപേര്‍ കൈകോര്‍ത്ത് നിന്നാല്‍ തേക്കിന്റെ വണ്ണമായി-420 സെന്റിമീറ്റര്‍. ലോകത്തിലെ ഏറ്റവും പഴക്കമുളള ഈ തേക്ക് തോട്ടം സന്ദര്‍ശകരെയും ടൂറിസ്റ്റുകളെയും കാണിച്ച് പ്രകൃതി സംരക്ഷണ സന്ദേശം നല്‍കുകയാണ് നിലമ്പൂര്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ലക്ഷ്യം. ഒപ്പം ചരിത്രത്തിലേക്ക് ഒരെത്തിനോട്ടവും.

നിലമ്പൂര്‍ തേക്ക് ലോകപ്രശസ്തമാണ്. 15 കിലോമീറ്റര്‍ അകലെയാണ് കരുളായി തേക്ക് തോട്ടം. വനം വകുപ്പിന്റെ നെടുംകയം റസറ്റ് ഹൗസ് അവിടെയാണ്. ഒരു കുന്നിന്‍ മുകളില്‍. താഴെ പുഴ. പലപ്പോഴും ആനകള്‍ അവിടെ നീരാടാന്‍ എത്തും. പുഴയിലൊരു കുളി സുഖകരമായ അനുഭവമാണ്. അവിടെ നിന്ന് മുക്കാല്‍ മണിക്കൂര്‍ ജീപ്പില്‍ യാത്ര ചെയ്താല്‍ മാഞ്ചേരിയില്‍ എത്തും. ചോലനായ്ക്കരുടെ കോളനി. ഓരോരുത്തരുടെയും പേര് വിളിച്ച് അവരുടെ ക്ഷേമം അന്വേഷിക്കാന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഉണ്ണികൃഷ്ണന്‍ പ്രത്യേകം ശ്രദ്ധിക്കും.

കുറച്ചുകൂടി യാത്ര ചെയ്താല്‍ മീന്‍മുട്ടി. മുമ്പ് അവിടെ താമസിക്കാന്‍ അല്‍പ്പം ഉയരത്തില്‍ ഒരു കൂടാരം ഉണ്ടായിരുന്നു. കരിമ്പുഴ കുറുകെ കടന്ന് വേണം മീന്‍മുട്ടിയില്‍ എത്താന്‍. പാറക്കെട്ടുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തില്‍ കുളിക്കാം. മീന്‍മുട്ടിയില്‍ നിന്ന് മലകയറിയും ഇറങ്ങിയും രണ്ട് ദിവസം കൊണ്ട് ഊട്ടിയിലെത്താം. വഴികാട്ടി കൂടെ വേണം.

ഇന്‍ഫോര്‍മേഷന്‍ സെന്റര്‍, ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ എന്നിവ വികസിച്ചു വരുന്നുണ്ട്. നിലമ്പൂര്‍ ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ ചന്തക്കുന്നിലാണ് തേക്ക് മ്യൂസിയം. കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കീഴിലാണ് ഈ സ്ഥാപനം. തേക്കിനെ കുറിച്ചുള്ള സമ്പൂര്‍ണ ചിത്രം ഈ മ്യൂസിയം വീക്ഷിച്ചാല്‍ ലഭിക്കും. തൊട്ടടുത്താണ് ജൈവ ഉദ്യാനം. ,

കൊണോലി, ചാത്തുനായര്‍, ബ്രയാന്‍ ഡേവിസ്

നിലമ്പൂരില്‍ തേക്ക് തോട്ടം തുടങ്ങുന്നത് 1846ലാണ്. അന്നത്തെ മലബാര്‍ കളക്ടറും ബ്രിട്ടീഷുകാരനുമായ എച്ച്.വി. കൊണോളിയായിരുന്നു സൂത്രധാരന്‍. തദ്ദേശീയനായ ചാത്തുനായര്‍ വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഇരുവരുടെയും പ്രകൃതി സ്‌നേഹവും തൊഴില്‍പരമായ ആത്മാര്‍ത്ഥതയും ഒത്തുചേര്‍ന്നപ്പോഴാണ് തേക്കിന്‍തോട്ടം രൂപമെടുത്തത്. കൊണോളി സായിപ്പിന്റെ സ്്മരണ നിലനിര്‍ത്താനാണ് തേക്ക് തോട്ടത്തിന്് കൊണോലീസ് പ്ലോട്ട് എന്ന് വനം വകുപ്പ് നാമകരണം ചെയ്തത്.

പ്രശസ്ത ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായ ബ്രയാന്‍ ഡേവിസ് നിലമ്പൂരിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഗ്രന്ഥമാണ് 'ഫോറസ്റ്റ് റൂട്ട്‌സ്'. 1937ല്‍ നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്്റ്റ്് ഓഫീസര്‍ ആയിരുന്ന പി.ഡബ്ലിയു. ഡേവീസിന്റെ മകനാണ് ബ്രയാന്‍ ഡേവിസ്. നീലഗിരിയിലും പാലക്കാട്ടും ബലൂചിസ്ഥാനിലും വനം വകുപ്പ് ഉദ്യോഗസ്ഥനായി പി.ഡബ്ലിയു.ഡേവിസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1947ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി.

അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നല്ലവനായ ഒരാള്‍ ഒരു ചെടിയെങ്കിലും നട്ടിരിക്കണമെന്ന ശ്രീബുദ്ധന്റെ വാക്കുകള്‍ ഉദ്ദരിച്ചു കൊണ്ടാണ് ബ്രയാന്‍ ഡേവിസ് തന്റെ ഗ്രന്ഥം ആരംഭിക്കുന്നത്. 1995ല്‍ അദ്ദേഹം വീണ്ടും നിലമ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.
TAGS:
DESTINATION  |  KERALA  |  THEMES  |  WILDLIFE  |  TREKKING  |  ECOTOURISM  |  WRITERS  |  G.SHAHEED  |  N.M.PRADEEP  |   

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/