
വേഴാമ്പല്‍ കുടീരം
Posted on: 11 Oct 2010
G Shaheed. Photos: N A Naseer
ആഗസ്ത് മാസത്തിലെ നെല്ലിയാംപതി.


കേശവന് പാറയാണ് മറ്റൊരു ആകര്‍ഷകമായ സങ്കേതം. അവിടെ നിന്നാല്‍ ഏററവും ഉയര്‍ന്ന ശൃംഗം- ഹില്‍ടോപ്പ് കാണാം. മേഘങ്ങള്‍ മൂടിക്കിടക്കുന്നു. കാറ്റില്‍ മേഘങ്ങള്‍ നീങ്ങുമ്പോള്‍ വരയാടിന്റെ കൂട്ടം. മൂന്നാറിലും ഇരവികുളത്തുമുള്ള വരയാടിന്റെ മറ്റൊരു കുടുംബമാണ് നെല്ലിയാംപതിയിലും പറമ്പിക്കുളത്തുമുളളത്. നെല്ലിയാംപതിയിലെ വരയാടുകളെ പലപ്പോഴും നിരീക്ഷിച്ചിട്ടുള്ള തോമസ് നെല്‍സണ്‍ വനം വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനും തികഞ്ഞ പ്രകൃതി സ്നേഹിയുമാണ്. വളരെ ദൂരെ മുകള്‍ത്തട്ടില്‍ എട്ടു വരയാടുകളെ ഫോട്ടോഗ്രാഫര്‍ നസീര്‍ കണ്ടു.
ഗ്രീന്‍ലാന്‍ഡ് ഫാം ഹൗസിനു സമീപമാണ് സീതാര്‍കുണ്ട്. ഉയരത്തിലുളള മലനിര. ഇവിടെ നിന്നാല്‍ മലമ്പുഴയും ചുള്ളിയാര്‍, മീങ്കര ജല സംഭരണികളും കാണാം. ഇടത്തേക്കു നീങ്ങിയാല്‍ വന്‍വൃക്ഷങ്ങളുടെ വേരുകള്‍ ചവിട്ടുപടി പോലെ നില്ക്കും. മെല്ലെ ഇറങ്ങാം. ചിലപ്പോള്‍ ശീതക്കാറ്റ് ആഞ്ഞ് വീശും. കുത്തനെയുള്ള ഇറക്കവും ഒപ്പമുണ്ട്. അല്‍പ്പം നടന്നാല്‍ വിസ്മയം അടുത്ത് കാണാം. ആകാശത്തെ എത്തിപ്പിടിക്കാന്‍ നില്ക്കുന്ന കൂറ്റന്‍ പാറക്കെട്ട്! തൊട്ടടുത്തായി വെള്ളച്ചാട്ടം. താഴോട്ട് നോക്കിയാല്‍ അഗാധത. കൊല്ലങ്കോട് വനങ്ങള്‍ നോക്കെത്താ ദൂരത്തിലാണ്. ഇവിടെ കുത്തനെയുള്ള പാറക്കൂട്ടങ്ങളിലും വരയാടിനെ കാണാം. ചെറിയ ശബ്ദം കേട്ടാല്‍ മതി. അവ കുതിച്ചു മറയും.