കോളം - ജി. ഷഹീദ്‌

ആകാശഗോപുരം

G Shaheed, Photos: T K Pradeep Kumar

 

മീശപ്പുലി മലയെക്കുറിച്ച് നാട്ടുകാര്‍ക്ക് പലര്‍ക്കും അറിയില്ല.
എന്നാല്‍ പ്രകൃതി സ്‌നേഹികളായ വിദേശികള്‍
ഒരു തീര്‍ഥയാത്ര പോലെ മീശപ്പുലി മലയിലേക്കു പോകുന്നു.

മീശപ്പുലി മല എവിടെ?

മൂന്നാറില്‍ ആദ്യമായി എത്തുന്ന വിദേശികളില്‍ ചിലര്‍ കൈയിലുള്ള ഭൂപടം നിവര്‍ത്തി പറയും. ഇതാണ് മീശപ്പുലി മല. സഹ്യന്റെ നക്ഷത്ര ഗോപുരങ്ങളില്‍ ഒന്ന്...

നടന്ന് മല കയറാനുള്ള ആകാംക്ഷയും തിടുക്കവും വിദേശികളുടെ മുഖത്ത് കാണാം. കാലില്‍ ചെരിപ്പില്ലാത്ത സായിപ്പും കൈയില്‍ പച്ചകുത്തി, കാതില്‍ കല്ലു വെച്ച കമ്മലിട്ട മദാമ്മയും വിദേശികളുടെ കൂട്ടത്തിലുണ്ടാവും. എല്ലാം സാഹസികര്‍.

നാട്ടുകാരില്‍ പലര്‍ക്കും മീശ്പ്പുലി മലയെക്കുറിച്ച് അറിയില്ല. പ്രകൃതി സ്‌നേഹികളായ വിദേശികള്‍ ഇപ്പോള്‍ മൂന്നാറില്‍ എത്തി ഒരു തീര്‍ഥയാത്ര പോലെ മീശപ്പുലി മലയിലേക്കു പോകുന്നു. വിവിധ ട്രാവല്‍ ഏജന്‍റുമാരാണ് വിദേശികളെ കൊണ്ടു വരുന്നത്.

മഞ്ഞിന്റെ വലയം നീങ്ങുമ്പോള്‍ മീശപ്പുലി മലയില്‍ നിന്നാല്‍ ആനമുടി കാണാം. ദക്ഷിണേന്ത്യയിലെ എവറസ്റ്റ്. നിലാവുള്ള രാത്രിയില്‍ ആനമുടി കാല്‍പ്പനികതയുടെ കാഴ്ചയായി മാറും. മേഘങ്ങളില്‍ ലയിച്ചു ചേര്‍ന്ന മലനിരകള്‍ ചുറ്റും. മരതകവിരിപ്പിന്റെ ദൃശ്യാനുഭൂതി.
മൂന്നാര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റിലൂടെ യാത്ര ചെയ്ത് 24 കി.മീ. പിന്നിട്ടാല്‍ മീശപ്പുലി മലയുടെ ബേസ് ക്യാമ്പായി. നാലു കിലോമീറ്റര്‍ വീണ്ടും പിന്നിട്ടാല്‍ പ്രകൃതിഭംഗിയുടെ അവസാനവാക്കായ റോഡോവാലി. തുടര്‍ന്ന് കാല്‍നടയാത്ര. പുല്‍മേടിലെ ഒറ്റയടിപ്പാതയില്‍ കയറ്റവുംഇറക്കവും മാറിമാറി വരുന്നു. രണ്ട് മണിക്കൂര്‍ നടന്നാല്‍ മീശപ്പുലി മലയുടെ ശ്രീകോവില്‍ നടയായി. ഉയരം 8640 അടി.

ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ശീതക്കാറ്റ് ആഞ്ഞുവീശുന്നു. ശൈത്യകാലത്ത് കമ്പിളി വസ്ത്രം വേണം. രാത്രി കമ്പിളിയുടെ എണ്ണം കൂട്ടേണ്ടിയും വരും. മീശപ്പുലിയില്‍ താമസസൗകര്യമില്ല. ടെന്‍റുകള്‍ റോഡോവാലിയിലാണുള്ളത്. രാത്രി താമസം അവിടെ. യാത്രക്കും താമസത്തിനും എല്ലാമുള്ള ഒരുക്കങ്ങള്‍ നടത്തുന്നത് കേരളാ ഫോറസ്റ്റ് ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്റെ മൂന്നാറിലുള്ള ഓഫീസാണ്. പരിചയസമ്പന്നരായ ഗൈഡുകള്‍ സാഹസികരായ സഞ്ചാരികളെ മീശപ്പുലിമലയിലേക്കു നയിക്കും. താഴേക്കിറങ്ങാനും വേണം ഒന്നര മണിക്കൂര്‍.
മാട്ടുപ്പെട്ടിയില്‍ നിന്ന് എക്കോ പോയിന്‍റിലെത്തി അരുവിക്കാട് എസ്‌റ്റേറ്റ് റോഡിലൂടെ തുടരുന്ന ജീപ്പ്് യാത്ര ദുഷ്‌കരം തന്നെ. വലിയ പാറക്കല്ലുകള്‍ പാകിയതാണ് വളഞ്ഞു പുളഞ്ഞു പോകുന്ന പാത. ഫോര്‍വീല്‍ ശക്തിയുള്ള ജീപ്പാണെങ്കിലും കൂറ്റന്‍ പാറക്കല്ലുകള്‍ ഇടക്കിടെ അതിനെ അമ്മാനമാട്ടും.

വഴിയില്‍ പലയിടങ്ങളിലും നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുന്നു. കാലം തെറ്റി പൂത്ത കുറിഞ്ഞി. ചുവന്ന റോഡോഡെന്‍ഡ്രോണ്‍ പൂക്കളും കാണാം. ആകര്‍ഷകമായ ഓര്‍ക്കിഡുകള്‍ കാണുമ്പോള്‍ മൂന്നാറിലെ ഷോല റേഞ്ച് ഓഫീസര്‍ ആനീഷ് കുമാര്‍ അവ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തും. ആഗാധമായ താഴ്‌വരകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ ജീപ്പ് നിര്‍ത്തുമ്പോള്‍ ഗൈഡായ മുത്തു കാഴ്ചകള്‍ വിവരിക്കും. ദൂരെ ഒരു ഗുഹ ബൈനോക്കുലറിലൂടെ കാണിച്ച് ഡ്രൈവര്‍ രാജ്കുമാര്‍ പറഞ്ഞു. ആതാണ് പാണ്ഡവര്‍ ഗുഹ. ഉയര്‍ന്ന പാറക്കൂട്ടങ്ങളില്‍ ഗുഹ കാണാം. വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെയും തമ്പടിച്ചിട്ടുണ്ടത്രെ. അതില്‍ ഇപ്പോള്‍ നൂറുകണക്കിനു പക്ഷികളുണ്ട്. തൈലകുരുവികള്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. അവ മണ്ണുകൊണ്ട് കൂടുകള്‍ ഉണ്ടാക്കും. കൈവിരലിന്റെ വലുപ്പമേ കുരുവിക്കുള്ളൂ.
ബേസ് ക്യാമ്പില്‍ താമസസൗകര്യത്തിന് സ്‌കൈ കോട്ടേജ് ഒരുങ്ങുന്നു. ചെറിയൊരു കൂടാരം. കഴിയുന്നത്ര വേഗത്തില്‍ അതിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് ഫോറസ്‌ററ് ഡെവലപ്‌മെന്റെ് കോര്‍പ്പറേഷന്‍ ഡിവിഷനല്‍ മാനേജര്‍ പി.വി. ശ്രീനിവാസന്‍ പറഞ്ഞു.

കോട്ടേജിന്റെ ചില്ലിട്ട ജനലിലൂടെ അകലെ ആനമുടി കാണാം. ഉയരം 8682 അടി. മീശപ്പുലിയേക്കാള്‍ കേവലം 42 അടി മാത്രം കൂടുതല്‍. തൊട്ടു മുന്നില്‍ വെള്ളച്ചാട്ടം ജനലിലൂടെ കാണാം. ഫീല്‍ഡ് ഓഫീസര്‍ ജോണ്‍സണ്‍ പറഞ്ഞു: ഇതാണ് കുറിഞ്ഞി വെള്ളച്ചാട്ടം. ടൂറിസ്റ്റുകള്‍ അതിന്റെ ഭംഗി നുകരാന്‍ മണിക്കൂറുകള്‍ അവിടെ ചിലവഴിക്കും. റോഡോവാലിയിലേക്കുള്ള യാത്രയില്‍ പൈന്‍മരങ്ങള്‍ താഴ് വരയില്‍ കാണാം. ഒറ്റയ്ക്കുള്ള പൈന്‍മരങ്ങളും ആകര്‍ഷകങ്ങളാണ്. റോഡോവാലിയിലെ ചെക്ക് ഡാമില്‍ കാടിന്റെ കണ്ണീരു പോലുള്ള വെള്ളം സംഭരിച്ചിരിക്കുന്നു. ഐസ് പോലെ തണുത്ത വെള്ളം. നടന്നു ക്ഷീണിച്ചെത്തുന്നവര്‍ക്ക് ദാഹജലം നുകരാം. വെള്ളം മുഖത്തൊഴിച്ചാലുള്ള ആശ്വാസം പറയാനാവില്ല.

നടപ്പാത വിട്ട് ചിലയിടങ്ങളില്‍ ആനപിണ്ടം. കടുവയുടെയും പുള്ളിപ്പുലിയുടെയും കാല്‍പ്പാടുകള്‍. പക്ഷെ കടുവയെ നേരില്‍ കാണുക എളുപ്പമല്ല. എന്നാല്‍ കാട്ടുപോത്തിനെ കാണും. ആസ്ഥാനകാട്ടുപോത്തുകളും ഇവിടെയുണ്ടെന്ന് ഗൈഡ് മുത്തു.

വരയാടുകളുടെ കൂട്ടത്തെ മീശപ്പുലിമലയുടെ ചില ഭാഗങ്ങളില്‍ കാണാം. ജോണ്‍സണ്‍ ദൂരെ മലമുകളില്‍ കാണിച്ചു തന്നത് ഒരു ആണ്‍വരയാടിനെയായിരുന്നു. നടപ്പാതയില്‍ പലയിടങ്ങളിലും കുറിഞ്ഞി മരങ്ങളുണ്ട്. പന്ത്രണ്ടാം വര്‍ഷത്തെ കാത്തിരിക്കുന്ന കുറിഞ്ഞികള്‍..
TAGS:
DESTINATION  |  KERALA  |  THEMES  |  TREKKING  |  WILDLIFE  |  ECOTOURISM  |  WRITERS  |  G.SHAHEED  |  TKPRADEEPKUMAR 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/