കോളം - ജി. ഷഹീദ്‌

മേഘങ്ങളെ ചുംബിച്ച് മന്നവന്‍ചോല

G Sheed, Photos: M V Sinoj

 

മൂന്നാറില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് മന്നവന്‍ ചോല.
ആനമുടി നാഷണല്‍ പാര്‍ക്കിലെ ആകര്‍ഷകമായ ചോലക്കാട്.
സമീപം പ്രകൃതി സ്‌നേഹികളായ ടൂറിസ്റ്റുകള്‍ക്ക് പാര്‍ക്കാന്‍
വനംവകുപ്പ് പണിതീര്‍ത്ത കൂടാരം..

ശീതക്കാറ്റ് ആഞ്ഞുവീശി. രാത്രിയില്‍ ഇടിമുഴക്കം േപാലെ. ആദ്യമായി എത്തുന്നവര്‍ക്ക് ഭയം തോന്നും.
മഴമേഘങ്ങള്‍ തൊട്ടുനില്‍ക്കുന്ന നോക്കെത്താത്ത ചോലക്കാടുകള്‍. മരതക ദൃശ്യഭംഗി. തണുപ്പ് ആസ്വദിക്കാം. കമ്പിളിവസ്ത്രങ്ങള്‍ കൊണ്ട് ശരീരം മൂടി.

വെളുപ്പിന് നാല് മണി വരെ ആ ശീതക്കാറ്റ് നീണ്ടുനിന്നു. മരം കൊണ്ട് തീര്‍ത്ത കൂടാരത്തിന്റെ വാതില്‍ തള്ളിത്തുറക്കുന്ന പ്രതീതി. വൈദ്യുതി എത്താത്തതിനാല്‍ മെഴുകുതിരി വെളിച്ചത്തില്‍ നോക്കി-വാതില്‍ പൊളിഞ്ഞിട്ടുണ്ടോ?

ഇല്ല, മരത്തിലാണെങ്കിലും കൂടാരത്തിന് ഉരുക്കിന്റെ ശക്തി. കൊടുങ്കാറ്റിനെപ്പോലും അതിജീവിക്കും.

മൂന്നാറില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് മന്നവന്‍ ചോല. 2003 ഡിസംബറില്‍ രൂപവത്ക്കരിച്ച ആനമുടി നാഷണല്‍ പാര്‍ക്കിലെ ആകര്‍ഷകമായ ചോലക്കാട്. അതിന് സമീപം പ്രകൃതി സ്‌നേഹികളായ ടൂറിസ്റ്റുകള്‍ക്ക് പാര്‍ക്കാനാണ് വനംവകുപ്പ് കൂടാരം പണിതീര്‍ത്തത്. ഒരേ ഒരു കൂടാരം. നേരം വെളുത്തപ്പോള്‍ വിജനത. നിശ്ശബ്ദതയുടെ താഴ്‌വരകള്‍ പോലെ. മഴ പെയ്ത് കുതിര്‍ന്ന നടപ്പാതയില്‍ സഹ്യന്റെ മകന്‍ നടന്നുപോയിരിക്കുന്നു. വഴിക്കു ചിലപ്പോള്‍ കടുവയുടെ കാല്പാടുകള്‍.

''ഇവിടെയുണ്ടായിരുന്ന ഒരു നായയെ ഈയിടെ പുള്ളിപ്പുലി പിടിച്ചുതിന്നു.'' വനംവകുപ്പിലെ വാച്ചര്‍ രമേശന്‍ പറഞ്ഞു.

ചുറ്റും മലനിരകള്‍. നോക്കെത്താത്ത ദൂരത്തില്‍ ഹരിതഭംഗിയുടെ പല വിതാനങ്ങളുള്ള ചോലക്കാടുകളും. സമുദ്രനിരപ്പില്‍ നിന്ന് ഉയരം 1600 മീറ്റര്‍ മുതല്‍ 2400 മീറ്റര്‍ വരെ. കൂടാരത്തിന് സമീപമുള്ള ഉയര്‍ന്ന വാച്ച്ടവറില്‍ നിന്ന് സൂര്യപ്രകാശത്തെ പ്രവേശിപ്പിക്കാത്ത ചോലക്കാടിന്റെ ഹൃദയഹാരിയായ വിഹഗവീക്ഷണം സാധ്യതമാകും.

നാഷണല്‍ പാര്‍ക്കില്‍ മന്നവന്‍ ചോലക്കാടാണ് രാജകീയം. ചോലക്കാടുകളിലെ ചക്രവര്‍ത്തി. പുള്ളാറടി ചോലക്കാടും ഇടിവാരച്ചോലക്കാടും ഈ നാഷണല്‍ പാര്‍ക്കിലാണ്. ചോലക്കാടുകള്‍ക്കെല്ലാം കൂടി 42.68 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം. വിവിധയിനം വൃക്ഷലതാദികളും മൃഗങ്ങളും നിറഞ്ഞ സങ്കേതം ജൈവവൈവിധ്യം കൊണ്ട് ധന്യമാണ്. ചിത്രശലഭങ്ങള്‍ നൂറിനമുണ്ട്. ഫിബ്രവരി മാസത്തില്‍ പൂക്കുന്ന ചുവന്ന റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍ ചുറ്റുപാടുകളെ ശോണാഭമാക്കും.

സങ്കേതത്തിന്റെ സംരക്ഷണത്തിന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍ ബാബുവും റേഞ്ച് ഓഫീസര്‍ അനീഷ്‌കുമാറും നേതൃത്വം നല്‍കുന്നു.

മന്നവന്‍ ചോല ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപമുള്ള വഴിയിലൂെട എട്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കാന്തല്ലൂരിലെത്താം. അവിടെ നിന്ന് മറയൂരിലും. വഴിയില്‍ ഇരുവശത്തും പച്ചക്കാടുകള്‍. കാട്ടുകോഴി സാധാരണ കാഴ്ചയാണ്. കാല്‍നടക്കാര്‍ സൂക്ഷിക്കണം. പുഴയുടെ ഇരുവശത്തും വളര്‍ന്നുനില്‍ക്കുന്നത് ആനവിരട്ടിച്ചെടിയാണ്. ദേഹത്ത് തൊട്ടാല്‍ ചൊറിഞ്ഞുതടിക്കും.

ഡിസംബര്‍, ജനുവരി, ഫിബ്രുവരി മാസങ്ങളില്‍ അതിശെത്യം. തണുപ്പ് ആറ് ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. ഏപ്രില്‍, മെയ് സുഖകരം. ജൂണ്‍, ജൂലായ്, ആഗസ്തില്‍ മഴ. മൂന്നാറില്‍ ശക്തിയായി മഴ പെയ്യുമ്പോള്‍ മന്നവന്‍ചോലയില്‍ ശക്തി കുറഞ്ഞ മഴയാകും. സമീപത്താണ് കുണ്ടള ഡാം. അണക്കെട്ടില്‍ ടൂറിസ്റ്റുകള്‍ക്കായി ബോട്ട് സവാരി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്നവന്‍ചോലയിലേക്കുള്ള വഴിയിലാണ് മാട്ടുപ്പെട്ടി ഇന്‍ഡോ-സ്വിസ് ഫാം.

മന്നവന്‍ചോലയിലേക്കുള്ള വഴി ആകര്‍ഷകമാണ്. തേയിലത്തോട്ടങ്ങളും പുല്‍മേടുകളും പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്നു. ശൈത്യകാലത്ത് മഞ്ഞിന്റെ വലയവും.
TAGS:
DESTINATION  |  KERALA  |  THEMES  |  TREKKING  |  WILDLIFE  |  WRITERS  |  G.SHAHEED  |  M.V.SINOJ 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/