കോളം - ജി. ഷഹീദ്‌

വനഗീതം

G Shaheed, Photos: N A Naseer

 

മുതുമല കാടുകളില്‍ ആനയിറങ്ങിയ കാലം..

മുതുമലയിലെ ആനത്താരയില്‍ കണ്ടുമുട്ടിയ കാട്ടാനക്കൂട്ടം. ഫോട്ടോ: എന്‍.എ.നസീര്‍ആനകളുടെ സഞ്ചാര പഥം. കാട്ടില്‍ കരിവീരന്‍മാരുടെ സംഗമം. മുതുമല കടുവ സങ്കേതത്തിലെ ആനക്കൂട്ടങ്ങള്‍ സന്ദര്‍ശകരുടെ ഹൃദയം കവരുന്നു.

സങ്കേതത്തിലെ കവാടത്തില്‍ കടുവയുടെ ചിത്രമുണ്ട് തീ പാറുന്ന നോട്ടം. വിദേശത്തു നിന്നെത്തിയ ഡോ. ഫ്രച്ചറ്റ് ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. ''കടുവ ആക്രമിക്കുമോ'' ? സഹൃദയനായ ടൂറിസ്റ്റ് ഗൈഡ് ആവേശത്തോടെ പറഞ്ഞു.'' സര്‍, കടുവ മാന്യനാണ്. നോട്ടം കണ്ടാല്‍ അപരിചിതര്‍ ഒരു പക്ഷെ പേടിക്കും. ജിം കോര്‍ബറ്റിന്റെ കാലത്തെ കടുവകളുടെ കഥ കഴിഞ്ഞു. ഇപ്പോള്‍ മനുഷ്യനെ കണ്ടാല്‍ കടുവ വഴി മാറി പോകുന്ന കാലമാണ്''.

കാടിന്റെ ഏകാന്തവഴികളില്‍, ഒരമ്മയും കുഞ്ഞും
തെപ്പക്കാട്ടിലാണ് ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍. മുതുമല സങ്കേതത്തിന്റെ പ്രധാന കേന്ദ്രം ഇതാണ്. എപ്പോഴും തിരക്ക്. കാറുകളും മറ്റ് വാഹനങ്ങളും നിറയെ. ഒഴിവ് ദിവസങ്ങളില്‍ ടൂറിസ്റ്റുകളുടെ പ്രവാഹമാണ്. ദീപാവലി ദിവസം ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷ ദിനങ്ങളില്‍ മുതുമല നിറഞ്ഞ് കവിയും. ആനപ്പുറത്തും മിനിബസ്സുകളിലുമായി ടൂറിസ്റ്റുകള്‍ വന്യമൃഗങ്ങളെ കാണാന്‍ ഇവിടെ നിന്ന് പുറപ്പെടുന്നു. ചില ദിവസങ്ങളില്‍ എവിടെ തിരിഞ്ഞാലും ആനകള്‍ സുലഭം. മിനിബസ്സില്‍ ഇരുന്നാല്‍ കയ്യെത്തും ദൂരത്ത് ചിലപ്പോള്‍ ആനകളെ കാണാം. ടൂറിസ്റ്റുകളെ ഗൗനിക്കാതെ അവ നടന്നു നീങ്ങുന്നു.

തെപ്പക്കാട്ടില്‍ നിന്നും ഊട്ടിയിലേക്കും മസിനഗുഡിയിലേക്കുമുള്ള ടാറിട്ട റോഡിന്റെ ഇരുവശത്തും വനങ്ങളാണ്. വഴിയില്‍ ബോര്‍ഡുണ്ട് ജാഗ്രത വേണം ആനത്താരയാണ്.

മുതുമലയിലെ സഞ്ചാരത്തിനിടെ കിട്ടിയ അപൂര്‍വമായ ഒരു കാഴ്ച.
വാഹനങ്ങള്‍ നിര്‍ത്തിയാല്‍ വനത്തില്‍ ആനയെ കാണാം. കാട് കുലുക്കി നടന്നു വരുന്ന കരിമല പോലുള്ള കൊമ്പന്‍മാര്‍ കുറവാണെങ്കിലും, പിടിയാനകള്‍ നിരവധി. മെബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കുന്നവരുടെ തിരക്ക്. കാറില്‍ നിന്ന് ഒരു വിദ്യാര്‍ഥി പുറത്തിറങ്ങുമ്പോള്‍ എതിരെ വന്ന ബസ്സിലെ ഡ്രൈവര്‍ പറഞ്ഞു ''പ്ലീസ് പുറത്തിറങ്ങരുത്. കാറില്‍ ഇരുന്ന് മാത്രം ചിത്രം എടുക്കുക''.

വഴിയാത്രക്കാരെ ആനകള്‍ ഉപദ്രവിക്കാറില്ല. എന്നാല്‍ ആനയിടഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ആഗസ്തിലാണ് മുതുമലയോട് ചേര്‍ന്നു കിടക്കുന്ന ബെക്കാപുരത്ത് ഫ്രഞ്ചുകാരിയായ യോട്ടല്‍ ആനിയെ കാട്ടാന ചവുട്ടി കൊന്നത്. അവരുടെ മകന് പരിക്കു പറ്റി. അത്യപൂര്‍വനേരങ്ങളില്‍ ആനയുടെ സ്വഭാവം മാറും. കലി പൂണ്ട് വാഹനങ്ങളേയും ആക്രമിച്ച സന്ദര്‍ഭങ്ങളുണ്ട്.

കടുവയേയും കടുവയുടെ കാല്‍പ്പാടുകളും സങ്കേതത്തില്‍ കാണാം. എന്നാല്‍ കടുവകളെക്കാള്‍ പുള്ളിപ്പുലികള്‍ അവയുടെ സാന്നിദ്ധ്യം കൂടുതല്‍ തെളിയിക്കുന്നുണ്ടെന്ന് മുതുമല സങ്കേതത്തിന്റെ ഫീല്‍ഡ് ഡയറക്ടര്‍ ആര്‍. കെ. ശ്രീവാസ്തവ പറഞ്ഞു. നിത്യഹരിത വനങ്ങളും ഇലപൊഴിയും കാടുകളും തേക്ക് മരങ്ങളും പുല്‍മേടുകളും തണ്ണീര്‍ത്തടങ്ങളും മുതുമലയിലുണ്ട്. തമിഴ്‌നാട്ടിലാണ് മുതുമല. രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഊട്ടിയായി. നിലമ്പൂരില്‍ നിന്നും അത്ര തന്നെ ദൂരമുണ്ട്. മുതുമലയുടെ തൊട്ടടുത്താണ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതം.

നേര്‍ക്കുനേര്‍ ഒരു കരടിപ്പോര്. ഏറ്റവും അപകടകാരിയായ മൃഗമാണ് കരടി.
പുള്ളിപ്പുലികള്‍ ഒരു വൃക്ഷത്തിലിരിക്കുന്ന ചിത്രം മുതുമലയിലെ ഒരുപാടു കാത്തിരിപ്പിനു ശേഷമാണ് വന്യജീവി ഫോട്ടോഗ്രാഫര്‍ നസീറിന് കിട്ടിയത്. ഒരു പുള്ളിപ്പുലി ആദ്യം വന്നു. കുറച്ചു കഴിഞ്ഞപ്പോല്‍ രണ്ടാമത്തേതും എത്തി. ക്യാമറക്കു മുന്നില്‍ പോസ് ചെയ്ത ശേഷം അവ അപ്രത്യക്ഷമായി. മൊയാര്‍ നദിക്കു സമീപമായിരുന്നു ഈ കാഴ്ച്ച.

നീലഗിരി ജൈവമേഖലയില്‍ ഉള്‍പ്പെടുന്നതാണ് മുതുമല. പശ്ചിമഘട്ട മലനിരകളില്‍ ഈ കടുവാ സങ്കേതം വ്യാപിച്ചു കിടക്കുന്നു. മൂന്നു സംസ്ഥാനങ്ങളുടെ സംഗമമാണ് മുതുമല. കേരളവും തമിഴ്‌നാടും കര്‍ണാടകവും. ബന്ദിപ്പൂരിനെ മുതുമലയില്‍ നിന്ന് മെയാര്‍ നദി വേര്‍തിരിക്കുന്നു. ആനയും കടുവയും കൂടാതെ പുള്ളിപ്പുലികളും കാട്ടുപോത്തുകളും, കാട്ടുപന്നികളും മുതുമലയിലെ സ്ഥിരം കാഴ്ച്ചകളാണ്. കാട്ടുനായ്ക്കള്‍ കൂട്ടം കൂട്ടമായി വേട്ടക്കിറങ്ങുന്നത് കാത്തിരുന്നാല്‍ കാണാം. പുള്ളിമാനുകളാണ് അവയുടെ ഇര. 200 ഇനം പക്ഷികളും സങ്കേതത്തിലുണ്ട്. സങ്കേതത്തിലൂടെയുള്ള ജീപ്പ് യാത്രക്ക് വനം വകുപ്പ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വന്യജീവികളുള്ള വിവിധ സ്ഥലങ്ങള്‍ പ്രകൃതി സ്‌നേഹികള്‍ക്ക് വീക്ഷിക്കാന്‍ ഈ യാത്ര സൗകര്യം നല്‍കുന്നു.

വഴി മുടക്കി ഒരു ഒറ്റക്കൊമ്പന്‍
മുതുമലയുടെ വടക്കു ഭാഗത്താണ് ബന്ദിപ്പൂര്‍. പടിഞ്ഞാറ് വയനാട്, തെക്ക് മുക്കുര്‍ത്തി മലയും സൈലന്റ്‌വാലിയും. കിഴക്ക് ബേഗൂര്‍.

''ആദ്യത്തെ കുന്ന്'', അതാണ് മുതുമലയുടെ അര്‍ഥം. ഇന്ത്യയിലെ തന്നെ ആദ്യ വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണിത്. 2007 ഏപ്രില്‍ മാസത്തിലാണ് കടുവാസങ്കേതമായി മുതുമല പ്രഖ്യാപിക്കപ്പെട്ടത്. വനം വകുപ്പിന്റെ അനുമതിയുണ്ടെങ്കില്‍ ഒരു.ജീപ്പില്‍ സങ്കേതം ചുറ്റിക്കറങ്ങാം.
TAGS:
DESTINATION  |  INDIA  |  THEMES  |  WILDLIFE  |  TREKKING  |  WRITERS  |  G.SHAHEED  |  N.A.NASEER  |   

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/