
പെണ്‍വഴിയിലെ പിന്‍വിളികള്‍
Posted on: 06 Dec 2012

കാലം കടന്നു പോയി. നിനച്ചിരിക്കാതെ, സുദീര്‍ഘമായ ഒരേകാന്തയാത്രക്ക് വീണ്ടും അവസരം വന്നു. ഇപ്പോള്‍ മകന് അത്ര ചെറുതല്ല. പോയാലോ? ഞാന്‍ ആലോചിച്ചു. പലരും നെറ്റി ചുളിച്ചു. നല്ല വിദ്യാഭ്യാസവും സംസ്കാരവും യാത്രാനുഭവങ്ങളുമുള്ള കൂട്ടുകാരികള്‍ പോലും അദ്ഭുതം പ്രകടിപ്പിച്ചു. 'മകനെ കൂട്ടാതെ പോകാനോ? ' അവര്‍ ഉപദേശിച്ചു: 'അരുത്, ഞങ്ങളൊന്നും അങ്ങിനെ ചെയ്യാറില്ല!' എന്നാല്‍ എന്റെ അച്ഛനും അമ്മയും എന്നെ പിന്തുണച്ചു. അവര്‍ പറഞ്ഞു: 'രണ്ടു മാസത്തെ കാര്യമല്ലേ, ധൈര്യമായിട്ടു പൊക്കോളൂ. അവസരം പാഴാക്കണ്ട. ഇപ്പോഴേ ഇതൊക്കെ സാധിക്കൂ. പ്രായമാവുമ്പോള്‍ യാത്രകളിലൊന്നും വലിയ ആനന്ദം തോന്നില്ല.'
വീണ്ടും തനിച്ചുള്ള യാത്രകളുടെ ലോകത്ത്. എല്ലാം മറന്നുള്ള സഞ്ചാരം. ഞാനെന്നെ വീണ്ടും കണ്ടെത്തി. ഏറെ ആഹ്ലാദവതിയായിട്ടാണ് ഞാന്‍ മടങ്ങിയെത്തിയത്. നിറഞ്ഞ മനസ്സോടെ, ഇനി വീട്ടിലിരിക്കാം എന്ന തീരുമാനത്തോടെ. പക്ഷെ, കുറച്ചു ദിവസത്തേക്കു മാത്രം. അതാണ് യാത്രയുടെ മറുവശം. അതിന്റെ മൂല്യം ഒരിക്കല്‍ തിരിച്ചറിഞ്ഞാല്‍ അതു നിങ്ങളെ വീണ്ടും വീണ്ടും പ്രലോഭിപ്പിക്കും.
ഒടുവില്‍ ഞാന്‍ പോവുക തന്നെ ചെയ്തു. തനിയെ. ഒരു തയ്യാറെടുപ്പുമില്ലാതെ. എത്രയോ കാലമായി ആഗ്രഹിച്ചതു പോലുള്ള ഒരു യാത്ര. താമസിക്കാനുള്ള ഹോട്ടലിന്റെ പേരല്ലാതെ കാര്യമായ മറ്റു വിവരങ്ങളൊന്നും എന്റെ കൈവശം ഉണ്ടായിരുന്നില്ല. നോര്വേയെക്കുറിച്ച് എനിക്കാന്നും അറിയില്ലായിരുന്നു. ചിത്രകാരനായ എഡ്വേഡ് മുംകിന്റെ ജന്മസ്ഥലമാണെന്നും റോള്‍ ഡാളിന് നോര്‍വീജിയന്‍ പിതൃത്വമുണ്ടെന്നും ലോര്‍ഡ് ഓഫ് റിങ്സിനെ തേടിയുള്ള വഴിയില്‍ ടോള്ക്കിയാന് കടന്നുപോകുന്ന വേരു പിണഞ്ഞ മഹാവൃക്ഷങ്ങള്‍ നോര്വേയിലാണെന്നുമൊക്കെയുള്ള വിവരങ്ങളാണ് ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയത്. താമസിക്കാന്‍ പോകുന്ന ഹോട്ടലിനെക്കുറിച്ചോ അവിടത്തെ സൗകര്യങ്ങളെക്കുറിച്ചോ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൂരത്തെക്കുറിച്ചോ പോലും ഒരു വിവരവും അതില്‍ നിന്നു ലഭിച്ചില്ല.