കോളം - അനിതാ നായര്‍

പെണ്‍വഴിയിലെ പിന്‍വിളികള്‍

 


ഏകാന്തയാത്രകളില്‍ നിഴല്‍ പോലെ
നിന്നെ പിന്തുടരുന്നതെന്ത്?
സഞ്ചാരികളുടെ അനാദിയായ
കുലത്തില്‍ നിന്നു നിന്നെ
വേറിട്ടു നിറുത്തുന്നതെന്ത്?
ഒരു പെണ്‍സഞ്ചാരിയുടെ ആത്മഗതങ്ങള്‍...എവിടെയോ ഒരു മണി മുഴങ്ങുന്നത് സ്വപ്‌നത്തിലെന്ന പോലെ കേട്ടു. ദീര്‍ഘനേരം മുഴങ്ങുന്ന ഒരു പള്ളിമണി. ഞാന്‍ ഞെട്ടിയുണര്‍ന്നു. എവിടെയാണ് ഞാനിപ്പോള്‍? ഏതെങ്കിലും കാത്തലിക് നഗരത്തിലാവും. കഴിഞ്ഞ ഒരു വര്‍ഷമായി ഞാനിങ്ങനെ പല നഗരങ്ങളിലായി കയറിയിറങ്ങുന്നു. എല്ലായിടത്തും പൊതുവായുള്ളത് ഈ പള്ളിമണിയാണ്. സ്വപ്‌നങ്ങളെ നുള്ളിയുണര്‍ത്തുന്ന അതിന്റെ മുഴക്കമാര്‍ന്ന ശബ്ദം. ഉണരുമ്പോള്‍ അതിനാല്‍ എന്നും ചോദിക്കേണ്ടി വരുന്നു: ഇന്ന് എവിടെയാണ്? അപ്പോള്‍ ഓര്‍മ്മ വരും, ഞാന്‍ വീണ്ടും മറ്റൊരിടത്തേക്കുള്ള വഴിയിലാണ്!

ഉണര്‍ന്നാലുടനെ അറിയാതെ മൊബൈല്‍ ഫോണ്‍ പുറത്തെടുക്കുന്നത് ഇപ്പോള്‍ ശീലമായിരിക്കുന്നു. വെറുതെ ഒരന്വേഷണം. മെസേജുകളോ മിസ്ഡ് കോളുകളോ വല്ലതും? ശൂന്യമായ സ്‌ക്രീന്‍ കാണുമ്പോള്‍ ആശ്വാസമാകും. എങ്കിലും വെറുതെ വീട്ടിലേക്കൊന്നു വിളിക്കും.

അപ്പോള്‍ ഞാനോര്‍ക്കും, അറിയപ്പെടുന്ന യാത്രികരൊക്കെ ഇങ്ങിനെത്തന്നെ ആയിരുന്നുവോ, ആവോ? ഇത്തരം തോന്നലുകളെ എങ്ങിനെയാവും അവര്‍ നേരിട്ടിരിക്കുക? ഇബ്‌നു ബത്തൂത്തയും ഫാ ഹിയാനും ആര്‍.എല്‍. സ്റ്റീവന്‍സണും ടി.ഇ.ലോറന്‍സും തൊട്ട് പുതുതലമുറയിലെ എറിക് ന്യൂബിയും പോള്‍ തെറോയും ബ്രൂസ് ചാറ്റ്‌വിനും വില്യം ഡാല്‍റിംപഌം വരെയുള്ളവര്‍? എങ്ങിനെയാവും അവരൊക്കെ യാത്ര ചെയ്തിരിക്കുക? യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുക? എങ്ങിനെയായിരിക്കും ഇവരുടെ യാത്രയുടെ തുടക്കം? പെട്ടെന്നുണ്ടാവുന്ന ഒരു തോന്നലിന്റെ പുറത്ത് ഒരു ചെറിയ ബാഗില്‍ സാധനങ്ങള്‍ കുത്തിനിറച്ച്, വീടിന്റെ ജനലുകളും വാതിലുകളും കൊട്ടിയടച്ച് ഒരു പോക്ക് പോകുകയാണോ ചെയ്യുന്നത്? അതോ ആലോചനയില്‍ മുഴുകി സ്വന്തം മുറികളില്‍ തെക്കും വടക്കും നടക്കുകയാണോ? എന്തിനെക്കുറിച്ചൊക്കെ ആലോചിച്ചിരിക്കും? പുറപ്പെടും മുമ്പ് കണക്കുകളുടെയും ചിലവുകളുടെയും കോളങ്ങള്‍ വരച്ചു നോക്കിയിട്ടുണ്ടാവുമോ? അപകടസാധ്യതകളോര്‍ത്ത് വേവലാതിപ്പെട്ടിരിക്കുമോ? സ്വന്തം മരണത്തിന്റെ സാധ്യതാചിത്രങ്ങള്‍ സങ്കല്‍പ്പിച്ചു നോക്കുകയോ പിറകിലുപേക്ഷിച്ചു പോകുന്നവരെക്കുറിച്ച് ഒരു ഞൊടിയെങ്കിലും ആലോചിക്കുകയോ ചെയ്തിരിക്കുമോ? പാല്‍ക്കാരനും പത്രക്കാരന്‍ പയ്യനും വീട്ടുവേലക്കാരിക്കുമുള്ള കുറിപ്പുകള്‍ അവരും എഴുതി വെച്ചിട്ടുണ്ടാവുമോ? ആവശ്യം വന്നാല്‍ വിളിക്കാനുള്ള നമ്പറുകള്‍ ഫ്രിഡ്ജിന്റെ വാതിലിലോ കുളിമുറിയിലെ കണ്ണാടിയിന്മേലോ കുറിച്ചിടാറുണ്ടാവുമോ? അതോ മുന്നും പിന്നും നോക്കാതെ, വരുംവരായ്കകള്‍ ചിന്തിക്കാതെ, തടസ്സം പറയുന്ന ഉള്‍വിളികളെ ഗൗനിക്കാതെ, വെറുതെ അങ്ങോട്ട് ഇറങ്ങിത്തിരിക്കുകയാണോ അവരും ചെയ്യുക? ഒരു പക്ഷെ, ഒരിടത്തു തുടരുന്നതിനേക്കാള്‍ അനായാസമായ കാര്യം അവിടം വിട്ടു പോവുന്നതാണെന്ന മട്ടില്‍?
ഞാനും അലഞ്ഞു തിരിയുന്ന ഒരു സഞ്ചാരിയാണ്. ഏകാകിയായ യാത്രക്കാരി. ഒരു യാത്ര ചെയ്യാന്‍ എനിക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ അങ്ങിനെയാണ്. എപ്പോഴും എവിടേയ്‌ക്കെങ്കിലും പോണം. ഇന്ന സ്ഥലത്തേക്കെന്നില്ല, ബോറടിക്കുന്ന ദൈനംദിന ജീവിതത്തില്‍ നിന്ന് മാറ്റം വേണമെന്ന ശാഠ്യം.

വലുതാവും തോറും യാത്രാസങ്കല്‍പ്പങ്ങള്‍ക്ക് മാറ്റം വന്നു. യാത്രകളിലൂടെ ഏറെ അനുഭവങ്ങള്‍ ആര്‍ജിച്ചു. അപ്പോഴും ഒരെഴുത്തുകാരിയായി ഞാന്‍ സ്വയം തിരിച്ചറിഞ്ഞിരുന്നില്ല. എന്റെ സഹജമായ അശാന്തികള്‍ക്കുള്ള മരുന്നു മാത്രമായിരുന്നു യാത്രകള്‍. എന്തിനെന്നില്ലാതെ ഞാനതു തുടര്‍ന്നു. ഓരോ യാത്രയും ഓരോ പാഠങ്ങളായിരുന്നു. എന്നാല്‍ അവ നാളേക്കുള്ള ധാന്യശേഖരമാണെന്നു കരുതി എടുത്തുവെക്കുകയോ കള്ളിതിരിച്ച് മുദ്രചാര്‍ത്തി സൂക്ഷിക്കുകയോ ചെയ്തില്ല. അതേ സമയം യാത്രകളെ തടസ്സപ്പെടുത്തുന്ന ഒന്നും എനിക്ക് സഹിക്കാനും കഴിഞ്ഞില്ല. ഒരു യാത്രക്കു വേണ്ടി മകള്‍, സഹോദരി, ഭാര്യ തുടങ്ങിയ വേഷങ്ങള്‍ താല്‍ക്കാലികമായി അഴിച്ചുവെക്കാന്‍ പോലും ഞാന്‍ തയ്യാറായി. പുതിയ അനുഭവങ്ങളിലും ചിന്തകളിലും വാക്കുകളിലും നീന്തിത്തുടിക്കുന്ന അജ്ഞാതയായ യാത്രികയായി ഞാന്‍ മാറി. മനസ്സ് മെല്ലെ വിശാലമായി വരുന്നതും ഇന്ദ്രിയങ്ങള്‍ പുതിയ അനുഭവങ്ങളില്‍ പൂത്തുലയുന്നതും ഞാന്‍ പോലും അറിഞ്ഞില്ല. വൈകാതെ, എന്നിലെ എഴുത്തുകാരി പുറത്തുവന്നു. അപ്പോഴേക്കും ഞാനൊരു കാര്യം മനസ്സിലാക്കി. യാത്ര ചെയ്യാതിരിക്കാന്‍ എനിക്കാവില്ല. സഞ്ചരിക്കാതിരിക്കുമ്പോള്‍ മനസ്സ് മ്ലാനമാവുന്നു. സര്‍ഗാത്മകത നഷ്ടപ്പെടുന്നു. ചിന്തകളെപ്പോലും ബാധിക്കുന്നു. മകന്‍ കൂടി ജനിച്ചതോടെ ഞാന്‍ വല്ലാതെ വീര്‍പ്പുമുട്ടി. മൈത്രേയന്‍ അവന്റെ കുഞ്ഞിക്കൈയാല്‍ പലപ്പോഴും എന്നെ പുറകോട്ടു പിടിച്ചുവലിച്ചു.
Go to Pages »
1| 2 | 3 |

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/