കോളം - അനിതാ നായര്‍

മനോദ്വീപിലെ കടല്‍ക്കാഴ്ച്ചകള്‍

Photos: Ahamad Manik

 

1190 ദ്വീപുകള്‍. അതിലൊന്നില്‍ ഒറ്റയ്ക്ക് മാലിദ്വീപിന്റെ പ്രലോഭനങ്ങളിലൂടെ അനിതാനായര്‍....


ഭൂമധ്യരേഖയില്‍ കോര്‍ത്തിട്ട മാലയാണ് 1190 ചെറു പവിഴദ്വീപുകള്‍ ചേര്‍ന്ന മാലി. രാത്രിയാവുമ്പോള്‍ ഓരോ തുണ്ട് കരയും ഒറ്റയ്ക്കാവുന്നു. ഏകാന്തതയാല്‍ തിങ്ങിനിറഞ്ഞ്. ഒറ്റപ്പെടലില്‍ കിടുങ്ങി വിറച്ച്..

ഇന്ത്യാ മഹാസമുദ്രത്തിലേക്ക് കണ്ണുംനട്ട്, മണലില്‍ തിരകള്‍ തീര്‍ക്കുന്ന ഇടതടവില്ലാത്ത ശബ്ദഘോഷങ്ങള്‍ക്കു കാതോര്‍ത്ത് 214-ാം നമ്പര്‍ കോട്ടേജിന്റെ വരാന്തയില്‍ ഞാനിരിക്കുന്നു. ബാഹ്യലോകവുമായി മിക്കവാറും ഒരു ബന്ധവുമില്ലാതെ. എന്നിട്ടും ഇതു വളരെ സ്വാഭാവികമാണെന്നതു പോലെ. ദിനപ്പത്രങ്ങള്‍ ഇവിടേയ്‌ക്കെത്തുന്നില്ല, ടി.വിയില്ല, ഫോണ്‍ റിങ് ചെയ്യുന്നില്ല, ആഗോളവലയില്‍ കുരുക്കാന്‍ കമ്പ്യൂട്ടറുമില്ല. Trochee എന്ന വാക്കിന്റെ അര്‍ഥം കണ്ടെത്തണമെന്ന് പെട്ടെന്നൊരു മോഹം എനിക്കുണ്ടായെന്നിരിക്കട്ടെ, ഒന്നു നോക്കാന്‍ ഒരു നിഘണ്ടു പോലും ഇവിടെയില്ല. അപ്പോഴും ഇതല്ല എന്റെ യഥാര്‍ഥ ലോകമെന്ന് സങ്കല്പിക്കാനും കഴിയുന്നില്ല.

നമ്മിലോരോരുത്തരിലും ഒരു സാങ്കല്‍പിക രേഖയുണ്ട്, നാം ആരാണെന്നതിനും ആരാകാന്‍ ആഗ്രഹിക്കുന്നു എന്നതിനും മധ്യത്തിലൂടെ കടന്നു പോകുന്ന ഒന്ന്. ഭൂമിയിലും ഉണ്ട് അങ്ങനെയൊന്ന്. അതിന് 24,902 മൈല്‍ നീളമുണ്ട്, അത് മൂന്നു സമുദ്രങ്ങളെ മുറിച്ചു കടക്കുന്നു, ഏതാണ്ട് ഒരു ഡസന്‍ രാജ്യങ്ങളിലൂടെ കടന്നു പോവുന്നു. മഴക്കാടുകളേയും സാവന്ന പുല്‍മേടുകളെയും അഗ്നിപര്‍വ്വതങ്ങളെയും സമുദ്രങ്ങളെയും അറുത്തു മുറിക്കുന്നു. അതിനൊരു പേരുണ്ട് : ഭൂമധ്യരേഖ. അത് സാങ്കല്പികമാണ്. എന്നാല്‍ ഇല്ലാത്തതുമല്ല. നിങ്ങള്‍ക്കത് കാണാനോ തൊടാനോ രുചിച്ചു നോക്കാനോ മണത്തറിയാനോ അതില്‍ കൊക്കക്കോളയുടെ മുദ്ര വരച്ചിടാനോ സാധ്യമല്ല. എന്നാല്‍ അതവിടെ ഉണ്ട്; ഇല്ല.

സ്‌കൂള്‍ കാലം മുതല്‍ക്കേ ഈ ഭൂമധ്യരേഖയെ നാമറിയും. അതു മുറിച്ചു കടക്കുമ്പോള്‍ പകല്‍ രാത്രിയാവും, വേനല്‍ ശൈത്യമാവും, എല്ലാം നമുക്കറിയാം. പുരാവൃത്തങ്ങള്‍ക്കു പുറത്തുള്ള അറിവുകള്‍. ആ ഭൂമധ്യരേഖയ്ക്കു മുകളില്‍ ചെന്നു നില്‍ക്കുമ്പോഴോ? ഏതാണ്ട് പൂജ്യം ഡിഗ്രിയില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ട്? നമ്മുടെ ഉള്ളിലുള്ള ആ രേഖയില്‍ കുടുങ്ങിപ്പോയാലത്തെ അവസ്ഥ തന്നെ. ഉണ്ടോ ഇല്ലയോ എന്നറിയാത്ത ഒരിടത്ത്, വെറുതെ.. അങ്ങിനെ..

ഇതാ, ഞാനിപ്പോള്‍ നില്‍ക്കുന്ന ഈ കൊച്ചുദ്വീപ് ഭൂമധ്യരേഖയിലാണ്. അക്ഷാംശം 3' 15'N, രേഖാംശം 73' 0'E. ദ്വീപിന്റെ ആകെ നീളം 500 വാര. വീതി 165 വാര. ഇവിടെയും ഞാന്‍ അതേ അവസ്ഥയിലാണ് - വെറുതെ, വെറുതെ നില്‍ക്കുന്നു. അവിടെയാണെന്നോ അല്ലെന്നോ ഉറപ്പില്ലാതെ..

മാലിയിലേക്കുള്ള വിമാനത്തില്‍ ഞാന്‍ ഒരു അധ്യാപികയുടെ അടുത്താണ് ഇരുന്നത്. ഇന്ത്യാക്കാരി. ദ്വീപിലെ ഒരു സകൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. അവരാണെന്റെ ഗൈഡ്ബുക്ക്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ കുഞ്ഞു ദ്വീപിലേക്കുള്ള യാത്രയ്ക്കു മുമ്പേ എത്ര അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയ ഗൈഡ് ബുക്ക്.

മാലിയിലെ കുറുമാത്തി ദ്വീപില്‍ സണ്‍ബാത്ത് ആസ്വദിക്കുന്ന ടൂറിസ്റ്റുകള്‍ afp
'നിങ്ങള്‍ക്കെന്തിനാണൊരു ഗൈഡ്ബുക്ക്' ട്രാവല്‍ ഏജന്‍സിയിലെ യുവസുന്ദരി ആദ്യമേ തര്‍ക്കിച്ചു. 'നിങ്ങള്‍ പോകുന്ന റിസോര്‍ട്ടിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാം ഞാന്‍ പറഞ്ഞു തന്നില്ലേ? അവിടെ അഞ്ചു റസ്റ്റാറന്റുകളുണ്ട്. രണ്ട് ബാറുകളും -നീന്താന്‍ സൗകര്യമുള്ളത് ഒന്ന്. ദിവസവും വിനോദത്തിനുള്ള സൗകര്യം അവര്‍ ഒരുക്കുന്നുണ്ട്. ഔട്ട്‌ഡോര്‍ കാര്യങ്ങളിലാണ് താത്പര്യമെങ്കില്‍ അവര്‍ക്ക് ഒരു ഡൈവിങ് സ്‌കൂളും വിന്‍ഡ് സെയിലിങും മീന്‍ പിടിക്കാനുള്ള സൗകര്യവുമുണ്ട്. ഇത്രയൊക്കെ പോരേ?' ഞാന്‍ കിതച്ചു. ഒരു ദീര്‍ഘശ്വാസമെടുത്തു.

പക്ഷേ, ഇവിടെയിതാ ആ വിടവുകള്‍ പൂരിപ്പിക്കാന്‍ രജനി. എല്ലാം പറഞ്ഞേ അടങ്ങൂ എന്ന മട്ടില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.
മാലി എന്നാല്‍ മാലിദ്വീപ് തന്നെ. ഇവിടത്തെ ഏറ്റവും പ്രസിദ്ധമായ കെട്ടിടം ഏതെന്നറിയാമോ? ഗ്രാന്‍ഡ് ഫ്രൈഡേ മോസ്‌ക്. തിളങ്ങുന്ന സ്വര്‍ണ്ണ താഴികക്കുടമുള്ള അതില്‍ 5000 വിശ്വാസികള്‍ക്ക് ഒരേ സമയം പ്രാര്‍ഥിക്കാം.

ദ്വീപുകളുടെ ഒരു കൂട്ടമാണ് ഇത്. തെക്കുവടക്കായി 510 മൈലും (820 കി.മീ) കിഴക്കു പടിഞ്ഞാറായി 80 മൈലും (130 കി.മീ) വ്യാപിച്ചു കിടക്കുന്ന 1190 ദ്വീപുകള്‍. മിക്കവാറും എല്ലാം സമനിരപ്പിലുള്ളവ. കുന്നുകളോ പര്‍വ്വതങ്ങളോ ഇല്ലാത്തവ. ഓരോ ദ്വീപിനു ചുറ്റും പവിഴപ്പുറ്റുകളാല്‍ ചുറ്റപ്പെട്ട ഒരു കടല്‍പ്പൊയ്ക കാണും. അതില്‍ നീന്തിക്കോളൂ. ഒരു കായലില്‍ നീന്തുന്നതു പോലെ തോന്നും. കാലവര്‍ഷത്തിന്റെ കൈകളില്‍ നിന്നു ദ്വീപുകളെ രക്ഷിക്കുന്നത് ഈ പവിഴപ്പുറ്റുകളാണ്.

മെയ് മുതല്‍ ഓഗസറ്റ് വരെ മഴക്കാലമാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ വടക്കു കിഴക്കന്‍ കാലവര്‍ഷവും. അപ്പോഴാണ് പ്രശ്‌നം. വരണ്ട, ശക്തി കുറഞ്ഞ കാറ്റടിക്കും. ശരാശരി ചൂട് 30-24 ഡിഗ്രി സെല്‍ഷ്യസാണ്. അസുഖങ്ങള്‍ വന്നാലാണ് പ്രശ്‌നം. പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളേ ഉള്ളൂ. 65 വയസ്സാണ് ഇവരുടെ ഏതാണ്ട് ആയുസ്സ്.

മൂന്നു തരത്തിലുള്ള വിദ്യാഭ്യാസമുണ്ട് മാലിയില്‍. എന്നിട്ടെന്താ, ഉന്നതപഠനത്തിന് സൗകര്യമില്ല. വിദേശത്തു പോകണം. കുട്ടികളില്‍ മൂന്നില്‍ രണ്ടു പോലും സ്‌കൂളില്‍ എത്തുന്നുമില്ല.

പിന്നെ, ഇവിടെ കടലാമകളെ ഭക്ഷണത്തിനായി പിടികൂടാറുണ്ട് കേട്ടോ. എണ്ണയ്ക്കു വേണ്ടിയും. അത് മാലിക്കാരുടെ പരമ്പരാഗത ഔഷധമാണ്.

രജനി പറഞ്ഞുകൊണ്ടേയിരുന്നു. ഇനി എന്തിനാണ് വേറെ ഗൈഡ്ബുക്ക്?

ബാംഗ്ലൂര്‍ നിന്ന് തിരുവനന്തപുരം വഴിയായിരുന്നു യാത്ര. തിരുവനന്തപുരത്തു നിന്നു മാലിക്കുള്ളതിനെക്കാള്‍ ചാര്‍ജുണ്ട് ബാംഗ്ലൂരിലേക്ക്. തുടക്കത്തില്‍ യാത്ര ശാന്തമായിരുന്നു. തിരുവനന്തപുരം കഴിഞ്ഞപ്പോള്‍ എല്ലാം അലങ്കോലമായി. അസഹ്യമായ കോലാഹലം. അതിനിടെ വിമാനം ഒരു എയര്‍പോക്കറ്റില്‍ വീഴുകയും ചെയ്തു. ബഹളം അതോടെ പാരമ്യത്തിലെത്തി. എയര്‍ഹോസ്റ്റസ് തമിഴിലാണ് സംസാരിക്കുന്നത്. 'അധികം കുടിക്കരുത്. നിങ്ങള്‍ ഛര്‍ദ്ദിച്ച് അവശനാകും'. പറഞ്ഞാല്‍ കേള്‍ക്കാത്ത ചട്ടമ്പിക്കുട്ടികളുടെ ക്ലാസ്സിലെ അധ്യാപികയെപ്പോലെ അവര്‍ അപേക്ഷിച്ചു കൊണ്ടിരുന്നു. നാഗര്‍കോവിലില്‍ നിന്നുള്ളവരാണ് യാത്രക്കാരില്‍ ഏറെയും. ഒന്നോ രണ്ടോ ദിവസത്തേക്ക് മാലിക്കു പോയി കഴിയാവുന്നത്ര ഇലക്ട്രോണിക് സാമഗ്രികളുമായി മടങ്ങി വരുന്ന കാരിയര്‍മാര്‍. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഈ വിമാനയാത്ര മാത്രമായിരിക്കും അവര്‍ക്ക് ആസ്വദിക്കാനുള്ള അവസരം. അവര്‍ ഉറക്കെ ചിരിക്കുന്നു, തമാശകള്‍ പൊട്ടിക്കുന്നു, പരസ്പരം പുറത്തടിച്ച് ആഘോഷിക്കുന്നു. ഇടനാഴിയില്‍ ചുറ്റിനടക്കുന്നു, കൂടുതല്‍ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരെ വട്ടംകറക്കുന്നു.

എയര്‍ഹോസ്റ്റസിന്റെ കണ്ണുകള്‍ ഇടയ്ക്കിടെ എന്റേതുമായി ഇടയുന്നുണ്ട്. അപ്പോഴൊക്കെ അവരുടെ മുഖം വല്ലാതെ കോടുന്നതു പോലെ തോന്നി. 'എന്റെ അവസ്ഥ കണ്ടില്ലേ. ഇവറ്റകളോടും പുഞ്ചിരിക്കണം, സാറിന് ബിയറാണോ വിസ്‌കിയാണോ വേണ്ടത് എന്നു ചോദിക്കണം. യാത്ര തീരുമ്പോഴേക്കും എന്റെ ചിരി ഒരു പ്ലാസ്റ്റിക് പുഞ്ചിരിയായാല്‍ കുറ്റം പറയരുതേ' എന്നു പറയുന്നതു പോലെ. ആ മുഖം കോട്ടലിന്റെ അര്‍ഥം രജനിയ്ക്കും പിടികിട്ടുന്നുണ്ട്. 'ഇന്ത്യക്കാര്‍ക്കു തന്നെ ഇന്ത്യാക്കാരെ ഇഷ്ടമല്ല. പിന്നെങ്ങിനെ അവര്‍ക്ക്... ?
Go to Pages »
1| 2 | 3 | 4 |
TAGS:
MALDIVES  |  MALE 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/