
ഏകാന്തതയുടെ രാജപാതകള്‍
Posted on: 13 Sep 2011

മയക്കുന്ന താമരവളയങ്ങള് തിന്ന് ഇവിടം വിട്ടിനി എങ്ങോട്ടുമില്ലെന്നു വാശിപിടിച്ചവരെക്കുറിച്ച് (Lotus eaters) ഹോമര്‍ വിവരിച്ചിട്ടുണ്ട്. ചൈനീസ് നോവലുകളിലെ കറുപ്പ് താവളങ്ങളെക്കുറിച്ചും (Opium dens) ഞാനേറെ വായിച്ചിട്ടുണ്ട്. സലാഹുദീന്റെ കാലത്തെ അറബ് കൊലയാളികള്‍ സംഘത്തിലെത്തുന്ന പുതുമുഖങ്ങള്‍ക്ക് ഹഷീഷ് കലക്കിക്കൊടുക്കുമായിരുന്നുവത്രെ. സ്വര്‍ഗവും നരകവും അതിന്റെ രൂപത്തില്‍ അറിഞ്ഞനുഭവിക്കാന്‍ വേണ്ടി. നിഷിദ്ധമായ ആനന്ദം തേടുന്നതിലെ ഹരം അവരെപ്പോലെ ഞങ്ങളെയും യാഥാര്‍ഥ്യത്തില്‍ നിന്നകറ്റിയിരുന്നു. ഇത്തരം നിമിഷങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ലോകത്തെ ഒറ്റക്കു നേരിടാന്‍ പോന്നവരാണെന്ന തോന്നല്‍ പോലും അതു നിങ്ങളിലുണ്ടാക്കും. അങ്ങിനെ ഒരു വികാരാവേശത്തിന്റെ തള്ളിച്ചയിലാവണം, ആ നിമിഷത്തില്‍ ഞാന്‍ മറ്റൊരു നിഷിദ്ധാനന്ദം തേടുന്നതിനെക്കുറിച്ച് നിര്‍ദേശിച്ചത്. ഒരു യാത്രയായാലോ. അടുത്ത നിമിഷം ഞങ്ങള്‍ ഹൈവേയിലേക്ക് ഇടിച്ചുകയറി.
ജീവിതത്തില്‍ പല ഘട്ടങ്ങളിലായി പല വട്ടം പരിശ്രമിച്ചിട്ടും ഡ്രൈവിങ് പഠിക്കാന്‍ പറ്റാത്തവരില്‍ പെട്ടയാളാണ് ഞാന്‍. സിഗ്നല്‍ ലൈറ്റുകളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ ഓരോ കാറിലേക്കും ഞാന്‍ സൂക്ഷിച്ചു നോക്കും. ഓരോ തവണയും ഡ്രൈവിങ് വീലിനു പിറകില്‍ ഒരു സ്ത്രീയെക്കണ്ടാല് ആരാധന കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടും. എങ്ങിനെയാണ് അവരതു സാധിക്കുന്നത്? ഞാനാശ്ചര്യപ്പെടും. അനായാസതയോടെ മുന്നോട്ടു നീങ്ങാനും ഓട്ടത്തിനിടെ വേഗം കുറയ്ക്കാനുമുള്ള രഹസ്യമന്ത്രങ്ങള്‍ അവരെങ്ങിനെ വശപ്പെടുത്തി? ബ്രേക്കിനും ആക്സിലറേറ്ററിനുമിടയില് വലംകാല് മാറ്റിക്കളിക്കണം, ഇടം കാല് കൊണ്ട് ക്ലച്ചിങ്ങും ഡീ-ക്ലച്ചിങ്ങും നടത്തിക്കൊണ്ടേയിരിക്കണം, കൈ കൊണ്ട് സ്റ്റിയറിങ് ചലിപ്പിക്കണം, ഗിയര്‍ മാറ്റണം, ഇന്‍ഡിക്കേറ്റര്‍ ഇടണം, അപ്പോഴൊക്കെ നിതാന്ത ജാഗ്രതയോടെ കണ്ണുകള്‍ റോഡിലും റിയര്‍ വ്യൂ മിററിലും ട്രാഫിക് ലൈറ്റ്സിലുമുണ്ടാവണം.. എങ്ങിനെയാണ് മനസ്സും ശരീരവും ഇത്ര സമന്വയത്തോടെ ഒരു ഒഴുക്കാര്‍ന്ന ചലനത്തിലേക്ക് ഏകോപിപ്പിക്കപ്പെടുന്നത്? കുടുംബം, പലചരക്ക്, പൂച്ചകള്‍, വേലക്കാരി കുട്ടി, കുറ്റം കണ്ടുപിടിക്കുന്ന ബോസ്്, ചെയ്തു തീര്‍ക്കേണ്ട ജോലികള്‍.. ഇതൊക്കെ മനസ്സില്‍ കലപില കൂട്ടിക്കൊണ്ടിരിക്കെ പ്രത്യേകിച്ചും? ഞാനാലോചിക്കുന്നത് അതാണ്.
മെല്ലെ ഭൂപ്രകൃതി മാറാന്‍ തുടങ്ങി. ഞാന്‍ മുമ്പൊരിക്കലും ഇതൊന്നും കണ്ടിരുന്നില്ലല്ലോ. കണ്ണുടക്കുന്നതെല്ലാം അദ്ഭുതങ്ങളില്‍. ഒരു റിസോര്‍ട്ടിന്റെ കവാടത്തില്‍ നില്‍ക്കുന്നത് ഈജിപ്ഷ്യന്‍ ഫറവോയുടെ ഭീമാകാരനായ പ്രതിമ. കുറച്ചപ്പുറത്ത്, ഒരമ്പലത്തിനു മുകളില്‍ വില്ലുകുലച്ചു നില്ക്കുന്നു, മെലിഞ്ഞുണങ്ങിയ ശ്രീരാമന്. വഴിവക്കിലെ അങ്ങാടികളും വീടുകളും പൊടുന്നനെ ശൂന്യതയിലേക്കു വഴിമാറുന്നു. കണ്ണെത്താ ദൂരത്തോളം വരണ്ടുണങ്ങിയ ഭൂമി. അങ്ങിങ്ങു മുരടിച്ച കുറ്റിച്ചെടികള്‍ ഭൂമിയുടെ ചുരുട്ടിപ്പിടിച്ച മുഷ്ടി പോലെ ഉയര്ന്നുനില്ക്കുന്നു. രൂപത്തികവില്ലാത്ത കുന്നുകളില്‍ ഭൂഗുരുത്വത്തെ പരിഹസിച്ചു കൊണ്ട് ഇപ്പോള്‍ വീഴുമെന്ന മട്ടില്‍ തൂങ്ങിനില്‍ക്കുന്ന കരിമ്പാറകള്‍. എങ്ങുനിന്നെന്നില്ലാതെ പെട്ടെന്നൊരു ബോര്‍ഡ് മുന്നില്‍ ഉയര്‍ന്നുവരുന്നു. അലഞ്ഞുതിരിയുന്ന കന്നുകാലികളെ സൂക്ഷിക്കുക!