
കാര്‍ത്തഹീനയില്‍ ഒരിടവേള
Posted on: 13 Mar 2011
കാര്‍ത്തഹീനയിലേക്കുള്ള വഴി വരണ്ടതും ശൂന്യവുമായിരുന്നു. മുന്നോട്ടു പോകും തോറും വഴി വിജനമായി വന്നു. എന്നാല്‍, കുറെ കാലത്തിനിടയ്ക്ക് ആദ്യമായി ഒരു വ്യത്യസ്തമായ യാത്ര നടത്തിയതു പോലെ എനിക്കു തോന്നി.....

ഞാന്‍ തിരിഞ്ഞു നോക്കി. ഒരു ചെറുപ്പക്കാരന്. എന്റെ തൊട്ടടുത്ത് അയാള്‍. വെറുതെ ചിരിക്കുന്ന ഒരുത്തന്. ചിരി സാധകം ചെയ്യുന്നതു പോലെ. 'നിങ്ങള്‍ക്ക് ഇവിടെ കിട്ടാവുന്ന ഏറ്റവും അനുയോജ്യനായ ആള് ഇതാ.. വരൂ, എന്നെ അറിയൂ' എന്ന മുഖഭാവം. വിശപ്പും യാത്രാക്ഷീണത്തിന്റെയും ഇടയില്‍ ഒരു ശൃംഗാരം! ശൃംഗരിക്കാന്‍ പറ്റിയ നേരം തന്നെ! ഞാന്‍ മുരണ്ടു: നോ ഫ്രഞ്ച്! അയാള്‍ വിടാനുള്ള ഭാവമില്ല. ചോദ്യഭാവത്തില്‍ പുരികം വളച്ച് അടുത്ത ചോദ്യം: ഇറ്റാലിയന്‍?
അതാവണം, വടക്കന്‍ യൂറോപ്പിലുള്ളവരെല്ലാം അലികാന്തെയിലേക്കാണ് പോകുന്നത്. കാര്‍ത്തഹീനയില്‍ നിന്ന് ഒരു മണിക്കൂര്‍ ഡ്രൈവേ ഉള്ളൂ അലികാന്തെ എന്ന മനോഹരമായ കടല്‍ത്തീരത്തിലേക്ക്. ധാരാളം വിമാനങ്ങളും അതിവേഗത്തീവണ്ടികളുമുള്ള അലികാന്തെയാണ് സ്പെയിന്റെ ഈ ഭൂഭാഗത്തെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നത്. കാര്‍ത്തഹീനയില്‍ നിന്നു വരുന്ന ടാക്സി കാത്ത് നില്ക്കുമ്പോള് അലികാന്തെ എയര്‍പോര്‍ട്ട് നിറയെ വെള്ളക്കാരായ ടൂറിസ്റ്റുകളുണ്ടായിരുന്നു. ബീച്ച് വസ്ത്രം ധരിച്ച്, സര്‍ഫ് ബോര്‍ഡുകളും വലിയ സ്പോര്‍ട്സ് ബാഗുകളും പേറി, അലികാന്തെ ബീച്ച് തേടി വരുന്നവര്‍. മലയ്ക്കും കടലിനുമിടയിലുള്ള അലികാന്തെയുടെ കിടപ്പാവണം ആ നഗരത്തിനിത്ര ഭംഗി നല്‍കിയത്. ഏതു സഞ്ചാരിയേയും വ്യാമോഹിപ്പിക്കുന്ന സൗന്ദര്യം.
ആഫ്രിക്കയിലെ യഥാര്‍ഥ കാര്‍ത്തേജിനു ബദലായിട്ടാണത്രെ കാര്ത്തഹീനക്കാര് ഈ നഗരം പണിതുയര്‍ത്തിയത്. എന്നാല്‍ അവരിവിടെ ഏറെക്കാലം വാണില്ല. ബി.സി. 209ല്‍ റോമന്‍ പ്യൂബ്ലിയോ കൊര്ണീലിയോ എസ്പിയാന് നഗരം ആക്രമിച്ചു കീഴടക്കി. അതോടെ ഹ്രസ്വമായ ആ പ്യൂണിക് ആധിപത്യം അവസാനിച്ചു. ബി.സി. രണ്ടാം നൂറ്റാണ്ടു വരെ പിന്നെ റോമന്‍ ഭരണമായിരുന്നു. അതിനു ശേഷമുള്ള കാലം കാര്‍ത്തഹീനയുടെ ചരിത്രത്തിലെ അന്തരാളഘട്ടമാണ്. ഭരണമില്ലാത്ത നഗരം അക്രമികളുടെ പിടിയിലായി. കൊള്ളയും കൊലയും പതിവായി. അരാജകത്വം നടമാടി. അഞ്ചാം നൂറ്റാണ്ടില്‍ ഹുസ്റ്റിനാനോ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള ബൈസാന്റീന്‍ പട ഭരണം പിടിച്ചെടുക്കുന്നതു വരെ അതു തുടര്‍ന്നു. എ.ഡി. 624ല്‍ കൂടുതല്‍ പ്രാകൃതരായ വിസിഗോത്തുകള്‍ നഗരം പിടിച്ചു. 734ല്‍ നഗരം അറബികളുടെ അധീനതയിലായി. പിന്നീട് ഫെര്‍ണാണ്ടോ മൂന്നാമന് അതിനെ കാസ്റ്റൈല്‍ സാമ്രാജ്യത്തിലേക്ക് ചേര്‍ത്തു. കാര്ത്തഹീനക്ക് സമാധാനം വിധിച്ചിട്ടുണ്ടായിരുന്നില്ല.അടുത്ത കാലം വരെ ജനറല്‍ ഫ്രാങ്കോയുടെ കൈകളിലായിരുന്നു കാര്‍ത്തഹീന. അലികാന്തെക്കൊപ്പം കാര്ത്തഹീനയും ഫ്രാങ്കോ പിടിച്ചുവെച്ചു. 1936 -39 കാലത്തെ ആഭ്യന്തരയുദ്ധത്തില്‍ നാവികപ്പടയുടെ മുഖ്യതാവളം കാര്ത്തഹീനയായിരുന്നു.
കാര്‍ത്തഹീനയില്‍ വരുന്നവരെല്ലാം ലാ മാംഗാ ഡെല്‍ മാര്‍ മെനോറിലും പോകും. 20 കിലോമീറ്റര്‍ ദൂരെ, ഉള്‍ക്കടലിലുള്ള ഒരു തുരുത്താണ് ഇത്. 160 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കൊച്ചു ദ്വീപ്. ചുറ്റും തിരമാലകളില്ലാത്ത ശാന്തമായ സമുദ്രം. കാര്ത്തഹീനയേക്കാള് അധികം പേരും ഇഷ്ടപ്പെടുന്നത് റിസോര്‍ട്ടുകള്‍ നിറഞ്ഞ ഈ തുരുത്താണ്. വേനല്‍ക്കാല സഞ്ചാരികളുടെ സ്വര്‍ഗതീരം. അതിനാല്‍ ഞങ്ങള്‍ അവിടം ഉപേക്ഷിച്ചു. ദൂരെയുള്ള കാബോ ഡി പയോസിലേക്കു (Cabo de Palos) പോകാന്‍ തീരുമാനിച്ചു. കല്ബ്ലാങ്ക്യുവിലുള്ള ഒരു സംരക്ഷിതമേഖലയാണ് ഇത്. വൈവിധ്യമേറിയ ഒരു ആവാസവ്യവസ്ഥ. കുറ്റിക്കാടുകളും വലിയ കാടുകളും ഉപ്പുഖനികളും മണലും കടല്‍ത്തീരവും മലകളും എല്ലാം ചേര്‍ന്ന ഒരു പ്രദേശം. അപൂര്‍വമായ ഒരു പാരസ്പര്യത്തില്‍ അവയെല്ലാം ആലിംഗനം ചെയ്തു നില്ക്കുന്നതു പോലെ തോന്നും.