സെലിബ്രിറ്റി ട്രാവല്‍

പറന്ന് പറന്ന് ജോണ്ടി..

Text: T J Sreejith, Photos: B Muralikrishnan

 


ക്രിക്കറ്റിലെ 'പറക്കും ജോണ്ടി' പറന്നു കൊണ്ടേയിരിക്കുന്നു. ദേശാടനപ്പക്ഷിയെപ്പോലെ. ഇന്നു കാശ്മീരില്‍, നാളെ കുമരകത്ത്, പിറ്റേന്നു കോവളത്ത്.. നിരന്തര യാത്രികനായ ജോണ്ടി റോഡ്‌സിനൊപ്പം കുമരകത്തൊരു പകല്‍..

ഒരു എസ് എം എസ്സിന്റെ ദൂരമേയുണ്ടായിരുന്നുള്ളു 'പറക്കും ജോണ്ടി'യെ പിടിക്കാന്‍. ഇങ്ങ് കേരളത്തില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് ഒരു മേഘസന്ദേശം... 'കേരളത്തിലെത്തുമ്പോള്‍ യാത്രയ്ക്കായി ഒരു യാത്ര'. അധിക താമസമുണ്ടായില്ല, 'നൂറുവട്ടം സമ്മത'മെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് സന്ദേശം പറന്നെത്തി. പിന്നെ ക്ഷമ തീരയില്ലാത്ത കാത്തിരിപ്പായിരുന്നു. ക്രിക്കറ്റ് ഗൗരവമായി കാണാന്‍ തുടങ്ങിയ നാള്‍ മുതല്‍ എന്നും ആരാധനയോടെമാത്രം നോക്കിയിട്ടുള്ള അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കൊപ്പം ഒരു യാത്രയ്്ക്കായുള്ള കാത്തിരിപ്പ്...

പുരാണ കഥകളില്‍ ആയിരം കൈകളുള്ള കാര്‍ത്തവീര്യാര്‍ജ്ജുനന്‍ എന്ന രാജാവിനെക്കുറിച്ച് പറയുന്നുണ്ട്. വിഷ്ണുവിനെ പ്രസാദിപ്പിച്ച് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ആയിരം കൈകളും അകമിഴഞ്ഞ സമ്പത്തും സ്വന്തമാക്കി. പിന്നെ ലോകം മുഴവന്‍ യാത്ര ചെയ്തു. ആയിരം കൈകളിലും ആയുധമേന്തി, തന്റെ അപാരശക്തി കൊണ്ട് എല്ലാവരെയും പരാജയപ്പെടുത്തി. യുദ്ധത്തിന് വന്ന ലങ്കാധിപതി രാവണനെ തോല്‍പ്പിച്ച് കാരാഗൃഹത്തിലടച്ചു, പത്‌നിമാര്‍ക്കൊപ്പം ജലകേളികളാടാന്‍ ആയിരം കൈകളാല്‍ നര്‍മ്മദയുടെ ഒഴുക്കിനെ പോലും തടഞ്ഞു. ഒരു പക്ഷേ കാര്‍ത്തവീര്യനായിരിക്കും ലോകത്ത് ആദ്യമായി ഡാം കെട്ടിയത്!

ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ ജോണ്ടിയുടെ ഫീല്‍ഡിങ് കാണുമ്പോള്‍ പലപ്പോഴും കാര്‍ത്തവീര്യാര്‍ജ്ജുനനെയാണ് ഓര്‍മ്മവന്നിരുന്നത്. ജോണ്ടിയെ കടന്ന് പന്ത് പോവുക എന്നത് അസാധ്യമായിരുന്നു. ജോണ്ടിയുടെ രണ്ട് കൈകള്‍ ആയിരം കൈകളായി മാറുന്ന മായക്കാഴ്ച്ച അദ്ദേഹത്തിനൊപ്പം കളിച്ച എല്ലാ ബാറ്റ്‌സ്മാന്‍മാരും കണ്ടിരിക്കണം, സച്ചിന്‍ ടെണ്ടുല്‍ക്കര്‍വരെ. സ്‌പോര്‍ട്‌സ് ചാനലുകളില്‍ ജോണ്ടിയുടെ ഡൈവിങ് കണ്ടിരുന്നപ്പോള്‍, ഈ മനുഷ്യന്റെ കാലിലെന്താ സ്പ്രിങ് പിടിപ്പിച്ചിട്ടുണ്ടോ എന്നുവരെ തോന്നിയിരുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്ന സ്ഥാനം ഇന്നും ജോണ്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്.

ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ വെച്ച് കേരള ടൂറിസത്തിന്റെ പവലിയന്‍ കണ്ടതോടെയാണ് ജോണ്ടിക്ക് കേരളം കാണണമെന്ന മോഹമുദിച്ചത്. പിന്നെ അന്വേഷണങ്ങളായി, ഒടുവില്‍ കുമരകമെന്ന് നിശ്ചയിച്ചു. ഇതറിഞ്ഞിട്ടായിരുന്നു ജോണ്ടിക്കൊപ്പമൊരു യാത്രയ്ക്കായി മെസ്സേജ് അയച്ചത്. കാത്തിരിപ്പിനൊടുവില്‍ മൊബൈലില്‍ ജോണ്ടിയുടെ പേര് തെളിഞ്ഞു. Message From Jonty Rhodes... 'ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തു, കേരളത്തിലേക്ക് പുറപ്പെടുകയാണ്...'
Go to Pages »
1| 2 | 3 | 4 |
TAGS:
KUMARAKOM  |  ALAPPUZHA  |  JONTY RHODES  |  CRICKET  |  BIKING 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/