
യൗവ്വനം യാത്രയിലാണ്
Posted on: 14 Jun 2011
Lakshmi Anand with Rajiv Pillai, Photos: N M Pradeep


ഞാനൊരു പാതി മലയാളിയാണ്. പാലക്കാടാണ് അച്ഛന്റെ വീട്. അമ്മയുടേത് ബംഗലൂരുവും. കുട്ടിക്കാലത്തൊന്നും അച്ഛന്റെ നാട് കാണാന്‍ വന്നിട്ടില്ല. പക്ഷേ കേട്ടുവളര്‍ന്നത് മലയാള നാട്ടിലെ കഥകളാണ്. വികൃതിത്തരത്തിന് കയ്യും കാലും വെച്ച രൂപമായതിനാല്‍ എന്നെ ഭക്ഷണം കഴിപ്പിക്കല്‍ വലിയൊരു സാഹസമായിരുന്നു! എന്നെ എടുത്ത് നടന്ന് മലയാളനാടിനെക്കുറിച്ചും നാട്ടിലെ കഥകള്‍ പറഞ്ഞു തന്നുമാണ് അച്ഛന് ഭക്ഷണം തന്നിരുന്നത്. ആ കഥകളിലെല്ലാം ഈ നാടിന് പച്ചനിറമായിരുന്നു. അച്ഛന്റെ ഒക്കത്ത് നിന്നിറങ്ങിയിട്ടും ആ നിറം മനസ്സില്‍ നിന്ന് മാഞ്ഞിരുന്നില്ല. കേരളത്തിലൊരു വെക്കേഷന് എന്ന എന്റെ സ്വപ്നത്തിനും പച്ച നിറമായിരുന്നു. കാലം ചെല്ലുംതോറും മനസ്സിലെ ചിപ്പിക്കുള്ളില്‍ ആ പച്ചയ്ക്ക് നിറം കൂടി വന്നു.
മുംബൈ, ബംഗലൂരു റാംപുകളും ഷോകളുമെല്ലാമായി തിരക്ക് പിടിച്ച സമയത്തായിരുന്നു ഡിഗ്രി ഫൈനല്‍ എക്സാം. എല്ലാം കഴിഞ്ഞൊന്ന് റിലാക്സ് ചെയ്യണമെന്ന് തോന്നി. കേരളത്തിലാവമെന്ന് തീരുമാനിച്ചാണ് മലയാളമണ്ണിലെ എന്റെ ഏക സുഹൃത്ത്, രാജീവ് പിള്ളയെ വിളിച്ചത്. രാജീവിനൊപ്പം മുംബൈ, ബംഗലൂരു റാംപുകളില്‍ ഞാന്‍ ചുവടു വെച്ചിട്ടുണ്ട്. ലാക്മെ ഫാഷന്‍ വീക്കില്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക മോഡലായ രാജീവിന് എന്നേക്കാള്‍ തിരക്കാണ്. സംശയിച്ചാണ് രാജീവിനോട് കാര്യം പറഞ്ഞത്, എനിക്കൊന്നു റിലാക്സ് ആവണം...'ഭാഗ്യം, ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് രാജീവ് കൊച്ചിയിലുണ്ടായിരുന്നു. അവന് ഒ.കെ പറഞ്ഞു. അതിരപ്പിള്ളിയുടെ ഓരത്ത്, ചാലക്കുടിപ്പുഴയുടെ തീരത്ത്, കൊന്നക്കുഴിയിലുള്ള ആയുര്‍സൗഖ്യം റിസോര്‍ട്ടില്‍ ഒരു ദിവസം..