സെലിബ്രിറ്റി ട്രാവല്‍

കാവ്യരമണീയം എന്റെ കാസര്‍കോട്‌

Posted on: 29 Nov 2010

Photos: Madhuraj, V.P.Praveen Kumar

 

യക്ഷഗാനത്തിന്റെ നാട്ടിലേക്ക്,
തുളുനാടന്‍ തുടുപ്പുകളിലേക്ക്,
ഓര്‍മ്മകളുടെ തേരിലേറി
കാവ്യാമാധവന്റെ കാസര്‍കോടന്‍ യാത്ര






എന്റെ നാടായ കാസര്‍കോടിനെ പറ്റി ആലോചിക്കുമ്പോള്‍ മനസിലെത്തുന്നത് ബേക്കല്‍ കോട്ടയാണ്. ചെറുപ്പത്തില്‍ ഞാനവിടെ പോയിട്ടുണ്ട്. ഒരു സായാഹ്നസവാരിക്ക് കടപ്പുറത്തു പോകുന്ന ലാഘവത്തോടെ. മുറ്റത്തെ മുല്ലയായതു കൊണ്ടാണോ എന്തോ അന്നതിനൊരു മണവും തോന്നിയില്ല.എന്നാല്‍ ബോംബെ സിനിമ ചിത്രീകരിക്കാന്‍ മണിരത്‌നം അവിടെയെത്തിയെന്നറിഞ്ഞപ്പോള്‍ ഒരഭിമാനം തോന്നി. എന്റെ നാട് മണിരത്‌നത്തിന്റെ സിനിമയില്‍ എന്നൊരു പൊങ്ങച്ചം. ആ സിനിമയില്‍ സന്തോഷ് ശിവന്‍ ചേട്ടന്റെ ക്യാമറയിലൂടെ ബേക്കല്‍ കണ്ടപ്പോള്‍ ഇത് ഞാന്‍ കണ്ട ബേക്കല്‍ തന്നെയാണോ എന്നു തോന്നിപ്പോയി.


കാവ്യം മാധവം
വര്‍ഷങ്ങള്‍ക്കുശേഷം, പരസ്യചിത്രീകരണത്തിനായി ഒരു ദിവസം മുഴുവന്‍ ഞാന്‍ ബേക്കലില്‍ ചെലവഴിച്ചു. ഞാന്‍ കണ്ട പഴയ ബേക്കലായിരുന്നില്ല അത്. അതിന്റെ ചരിത്രവും സൗന്ദര്യവും സാധ്യതകളും അറിഞ്ഞ്, പുതിയ കണ്ണിലൂടെ കണ്ടപ്പോള്‍ അതിനൊരസാധാരണത്വം. കോട്ടയ്ക്കും കടലിനും കറുത്തു മിനുത്ത പാറകളില്‍ തട്ടി പഞ്ചാരമണലിലേക്ക് വീഴുന്ന തിരകള്‍ക്കും അന്നു വരെ കാണാത്ത സൗന്ദര്യം. വിനോദസഞ്ചാര ഭൂപടത്തിലിടം പിടിച്ച ബേക്കല്‍ ഏറെ മാറിയിട്ടുണ്ടായിരുന്നു. കാടും പുല്ലും പിടിച്ച് അനാഥമായി കിടന്നിടത്ത് വൃത്തിയും വെടിപ്പുമുള്ള പുതിയ മുഖം. വേണമെങ്കില്‍ മുറ്റത്തെ മുല്ലയ്ക്കും മണമുണ്ടാവുമെന്നു മനസിലായി.


എന്റെ വാഹനം
കൈലാസത്തില്‍ പോകണമെന്നതാണ് എന്റെയൊരു യാത്രാ സ്വപ്‌നം. അതു പോലെ ഞാന്‍ കാണാനാഗ്രഹിക്കുന്ന മറ്റൊരു സ്ഥലം കര്‍ണാടകയിലെവിടെയോ ഉണ്ട്. അത് കുഞ്ഞുങ്ങളുണ്ടാവാന്‍ നേര്‍ച്ച നേരുന്ന സ്ഥലമാണ്. നേര്‍ച്ച പ്രകാരം കുട്ടികള്‍ ജനിക്കുമ്പോ അവിടെയൊരു കല്ല് മുളച്ചു വരുമത്രെ. ഒരു കെട്ടുകഥ പേലെ തോന്നും. പക്ഷെ അങ്ങിനെയും ഉണ്ടാവുമായിരിക്കും. എപ്പഴോ കേട്ടതാണത്. അന്നതിന്റെ പേരൊന്നും നോട്ട് ചെയ്തില്ല. മനസിലൊരു ചിത്രമായി അത് പതിഞ്ഞു. ആ സ്ഥലത്തേക്കുള്ള യാത്ര മറ്റൊരു സ്വപ്‌നമാണ്. പക്ഷെ അപ്പോഴും ഞാനാലോചിക്കുന്നത് എന്റെ സ്വന്തം നാടായ കാസര്‍കോട്ട് ഞാനിനി എത്ര സ്ഥലങ്ങള്‍ കാണാനിരിക്കുന്നു എന്നതാണ്. നീലേശ്വരവും കാഞ്ഞങ്ങാടും. പിന്നെ ഏതാനും ചില സ്ഥലങ്ങളും മാത്രമേ കണ്ടിട്ടുള്ളു. പ്രശസ്തമായ അനന്തപുരം ക്ഷേത്രത്തില്‍ ഇതുവരെ പോയിട്ടില്ല. മാധൂര്‍ ക്ഷേത്രത്തില്‍ ഈ അടുത്ത കാലത്താണ് പോയത്. ഇത് എന്റെ മാത്രമല്ല പലരുടെയും അനുഭവമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും പോയിട്ടുണ്ടാവും പക്ഷെ വീടിന്റെ തൊട്ടടുത്തെ മനോഹരമായ സ്ഥലങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. ചന്ദ്രഗിരി പുഴയും കാര്യങ്കോട്ട് പുഴയുമെല്ലാം കാണേണ്ടവ തന്നെ. വിപഌവ സ്മരണകളുമായൊഴുകുന്ന തേജസ്വിനിയാണ് ഞങ്ങള്‍ നീലേശ്വരത്തുകാരുടെ കാര്യങ്കോട് പുഴ. ഭാഷകളുടെ സംഗമഭൂമിയാണ് കാസര്‍കോട്.

എന്റെ ഭാഷയെ സിനിമയില്‍ എല്ലാവരും കളിയാക്കും. എന്റെ വീട് ഭൂമിടെ അറ്റത്താണെന്നാണവര്‍ കളി പറയുന്നത്. എനിക്കു പോലും പെട്ടെന്ന്് മനസിലാവാത്ത ഭാഷയും അവിടെയുണ്ട്. കന്നട കലര്‍ന്ന മലയാളം. ബദിയടുക്കയില്‍ മധുരനൊമ്പരക്കാറ്റിന്റെ ഷൂട്ടിങിന് പോയപ്പോ ഈ ഭാഷ കേട്ടു. പിന്നെ ചിലരിപ്പോഴും ഫോണില്‍ വിളിക്കുമ്പം ഈ ഭാഷയുടെ നിഷ്‌ക്കളങ്കത ഞാനാസ്വദിക്കുന്നു.
Go to Pages »
1| 2 |
TAGS:
KAVYA MADHAVAN  |  ACTRESS  |  FILM  |  KASARAGOD  |  YAKSHAGANAM  |  MADHURAJ  |  V.P.PRAVEEN KUMAR 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/