സെലിബ്രിറ്റി ട്രാവല്‍

ശ്വേതതീരങ്ങളില്‍

Swetha Menon, Photos: Madhuraj

 

ശ്വേതാ മേനോന്‍
പഞ്ചാരമണല്‍ത്തരികളോട് കിന്നാരം ചൊല്ലി
ബീച്ചുകളില്‍ നിന്നും ബീച്ചുകളിലേക്ക്. ഹോക്കാ
പഴങ്ങളുടെ മധുരം നുകര്‍ന്ന് ഡ്യൂ ദ്വീപിലെ
കാഴ്ചകളിലൂടെ ശ്വേതാ മേനോന്റെ യാത്ര


വീണ്ടെടുത്ത കുട്ടിക്കാലം: ഡ്യൂ ദ്വീപിലെ പഞ്ചാരമണലില്‍ എല്ലാം മറന്ന് ശ്വേത മേനോന്‍. ഫോട്ടോ: മധുരാജ്‌
മഞ്ഞുതുള്ളി പോലൊരു നാട്.........ഡ്യുവിനെ കുറിച്ച് സ്‌കൂള്‍കുട്ടിയായിരിക്കുമ്പോള്‍ വിചാരിച്ചതിങ്ങനെയായിരുന്നു. പിന്നീടാണ് സ്‌പെല്ലിങിലെ വ്യത്യാസമറിഞ്ഞത്. എങ്കിലും ഡ്യു എന്ന ദേശത്തെ കുറിച്ച് എപ്പോള്‍ കേട്ടാലും മഞ്ഞുതുള്ളിയാണ് മനസ്സില്‍ തെളിയുക. ഡ്യുവിന്റെ കഥകള്‍ കേട്ടു തുടങ്ങിയപ്പോള്‍ മുതല്‍ ഒട്ടേറെ ബീച്ചുകളുള്ള ഈ കൊച്ചു ദ്വീപിലേക്ക് ഒരിക്കലെങ്കിലും വരണമെന്ന് മനസ്സില്‍ കുറിച്ചിട്ടിരുന്നു.

ഷൂട്ടിങ്ങിന്റെയും സ്റ്റേജ് ഷോകളുടെയും തിരക്കുകളില്‍ നിന്ന് ഒരിടവേള കട്ടെടുക്കണമെന്ന് ആശിച്ച നേരത്താണ് മാതൃഭൂമി 'യാത്ര' ഒരു യാത്ര പോകാമെന്ന് പറയുന്നത്. രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. ഗുജറാത്തിന്റെ ഗോവയായ ഡ്യുവിലേക്ക് പോകാന്‍ നിശ്ചയിച്ചു. ഉത്തരേന്ത്യമുഴുവന്‍ നവരാത്രി ആഘോഷങ്ങളില്‍. ഞാന്‍ ഡ്യുവിലേക്ക് പറന്നു. ഇനിയുള്ള ദിവസങ്ങളില്‍ ആക്ഷനും കട്ടിനും പായ്ക്കപ്പ്.

ഡ്യു എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുമ്പോള്‍ തിരക്കുണ്ടാകുമോ എന്ന് പേടിച്ചിരുന്നു. ചെറിയ വിമാനത്താവളം, ബഹളങ്ങളുമില്ല. ബാഗുമായി പുറത്തേക്കിറങ്ങി. സൂര്യഭഗവാന്‍ ഉച്ചിയില്‍ അറ്റന്‍ഷനായി നില്‍ക്കുന്നു. റിസോര്‍ട്ടുകാര്‍ ഏര്‍പ്പെടുത്തിയിരുന്ന വണ്ടി റെഡി. എന്റെ മുഖഭാവം കണ്ടിട്ടാകണം ഡ്രൈവര്‍ പറഞ്ഞു, 'യഹാം അഭി ഗര്‍മി കാ മോസം ഹെ....' (ഈ സമയത്ത് ഇവിടെ ചൂടാണ്).

റിസോര്‍ട്ടിലെത്തി അല്‍പ്പനേരം കിടന്നു. പക്ഷേ മുറിക്ക് മുന്‍ വശത്തുള്ള നഗോയ ബീച്ചിന്റെ കാഴ്ച്ച എന്നെ ഉറങ്ങാന്‍ വിട്ടില്ല. ഇട്ടിരുന്ന വേഷം ഊരിയെറിഞ്ഞ് ജീന്‍സ് ടോപിലേക്കും ലോങ് സ്‌കേര്‍ട്ടിലേക്കും കയറി, ബീച്ചിലേക്കോടി. പൂര്‍ണവൃത്തത്തില്‍ നിന്ന് ഒരു ചെറിയ ഭാഗം മായ്ച്ച പോലെയാണ് നഗോയ ബീച്ച്. പ്രകൃതി തീര്‍ത്ത അര്‍ദ്ധവൃത്തത്തിന്റെ ഇരു വശത്തും ബീച്ചിന് കാവലായി രണ്ട് പാറക്കൂറ്റന്‍മാര്‍. കടല്‍കരയില്‍ ഒരു സംഘം പക്ഷികളുടെ നീണ്ടനിര. ബീച്ചിനൊരുവശത്ത് ടൂറിസ്റ്റുകള്‍ തിരയില്‍ തിമിര്‍ക്കുകയാണ്. മറുവശത്ത് തിരയിലിറങ്ങാന്‍ ഊഴം കാത്ത് നില്‍ക്കുകയാണ് ഈ പക്ഷികള്‍ എന്ന് തോന്നി.

കുറച്ച് 'താടിയ' പഴം തിന്നാം, തടിവെച്ചാലോ!
ഗുരുവായൂരമ്പലത്തിലെ പഞ്ചസാരയോളം നേര്‍ത്തതായിരുന്നു ബീച്ചിലെ മണല്‍. അത് വാരി കൂമ്പാരം കൂട്ടുമ്പോള്‍ മനസ്സറിയാതെ പഴയൊരു ഹിന്ദി പാട്ടിലേക്കെത്തി. 'സാഗര്‍ കിനാരേ... ദില്‍ യെ പുകാരേ...' ചെറുപ്പത്തില്‍ അച്ഛനൊപ്പം ജുഹു ബീച്ചില്‍ ഓടിക്കളിച്ചിരുന്നതാണ് ഓര്‍മ്മവന്നത്. ശാന്തസുന്ദരമായ ബീച്ചിനെ സന്ധ്യപുണരാന്‍ തുടങ്ങിയിരുന്നു. മണല്‍ തരികള്‍ക്ക് സ്വര്‍ണനിറം. സൂര്യന്‍ കടലില്‍ നീരാടാനിറങ്ങുന്നത്് കാണാനായി മുഖമുയര്‍ത്തി, കടലിന് യാതൊരു ഭാവഭേദവുമില്ല. ബീച്ചിന് പിന്‍വശത്താണ് സൂര്യനസ്തമിച്ചത്. ഓ... ചുറ്റും കടല്‍ തന്നെയാണല്ലോ എന്ന് പിന്നീടാണോര്‍ത്തത്.

കടല്‍ക്കരയില്‍ ഒന്നിലധികം തലകളുള്ള മരങ്ങളുടെ നിര. അതില്‍ ഇളം ചുവപ്പ് നിറത്തിലുള്ള പഴങ്ങളും ധാരാളം. ആരോട് സംശയം ചോദിക്കുമെന്ന് സംശയിച്ച് നിന്നപ്പോഴാണ് ആ പഴങ്ങള്‍ വില്‍ക്കുന്ന സ്ത്രീകള്‍ ഒരുവശത്ത് കണ്ടത്. 'പാഞ്ച് കാ ദോ...' (അഞ്ച് രൂപയ്ക്ക് രണ്ടെണ്ണം) പഴത്തിന്റെ വില ചോദിച്ചപ്പോള്‍ കൂട്ടത്തില്‍ പ്രായം കുറഞ്ഞ സ്ത്രീ പറഞ്ഞു. പഴം വാങ്ങി, ഒരെണ്ണം കഴിച്ചു നോക്കി സബര്‍ജലി പഴത്തിന്റെ സ്വാദിനോടൊരു സാമ്യം. 'താടിയ' എന്നാണ് മരത്തിന്റെ പേരെന്നും ഹോക്കയെന്നാണ് ഈ പഴം അറിയപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ തെങ്ങ് കാണപ്പെടുന്നത് പോലെയാണ് ഇവിടെ താടിയ മരങ്ങള്‍. വഴിയരികിലെല്ലാം ഈ മരങ്ങളാണ്. പനയുടേത് പോലുള്ള തടി. പലതിനും മൂന്നും നാലും തലകള്‍. ഇലകള്‍ക്കും പനയോട് നല്ല സാമ്യം.


സന്ധ്യയുടെ മുടുപടം മാറ്റി രാത്രിയെത്തിയപ്പോള്‍, നഗോയ ബീച്ചിന്റെ വലതുവശത്തെ പാറപ്പുറത്ത് കൂറ്റന്‍ ദീപാലങ്കരങ്ങളില്‍ 'Diu' എന്ന് തെളിഞ്ഞു. ഇരുട്ട് വീണ് തുടങ്ങിയിട്ടും ബീച്ചിലെ തിരക്കൊഴിഞ്ഞില്ല. കടല്‍ക്കാറ്റേറ്റ് നടക്കുമ്പോഴോര്‍ത്തു, ഇത്ര സുരക്ഷിതത്വം മറ്റൊരു ബീച്ചിലും തോന്നിയിട്ടില്ല. ബീച്ചില്‍ നിന്നാളൊഴിയാന്‍ തുടങ്ങിയപ്പോള്‍ വാച്ചില്‍ നോക്കി, സമയം പതിനൊന്ന്് മണിയോടടുക്കുന്നു.

പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. തിക്കിതിരക്കി അകത്തേക്ക് കയറാന്‍ വെമ്പിനില്‍ക്കുകയായിരുന്ന സൂര്യപ്രകാശം മുറിയുടെ വാതില്‍ തുറന്നപ്പോള്‍ ആശ്വാസം കിട്ടിയപോലെ ചുവരുകളിലേക്ക് പടര്‍ന്ന് കയറി. ബ്രേക്ക് ഫാസ്റ്റൊക്കെ വേഗത്തിലാക്കി. പോര്‍ച്ചുഗീസ് ഭരണത്തിന്റെ തിരുശേഷിപ്പുകള്‍ തേടിയുളള യാത്ര തുടങ്ങി. കൂട്ടിനുകിട്ടിയ ഡ്രൈവര്‍ ബാബുഭയ്യ ഒരു ഗൈഡിന്റെ ഫലം ചെയ്തു. വഴിയില്‍ ഒരു ബുള്ളറ്റ് ബൈക്ക്, പെട്ടി ഓട്ടോറിക്ഷയുടെ പിന്‍ഭാഗം വലിച്ചുകൊണ്ടു പോകുന്നു. അതാണ് 'ചക്കഡാഗാഡി'. ഡ്രൈവര്‍ പറഞ്ഞു തീരുമുന്നേ സ്ത്രീകളുള്‍പ്പടെ നിറയെ യാത്രക്കാരുമായി ചക്കഡാഗാഡി ഞങ്ങളെ കടന്നുപോയി. ഇവിടെ ഓട്ടോറിക്ഷകളെക്കാള്‍ ഈ വാഹനമാണ് റോഡിലെ ജനകീയന്‍. ബസ് ചാര്‍ജ് കൊടുത്താല്‍ യാത്രചെയ്യാം.

വഴിയോരത്ത് ഓരോ വളവിലും ഒന്നോ രണ്ടോ ബാറുകള്‍ കാണാമായിരുന്നു. നമ്മുടെ നാട്ടില്‍ ചായക്കടകാണുന്നത് പോലെയാണ് ഇവിടെ മദ്യകടകള്‍. രാവിലെ മുതല്‍ ആളുണ്ട്. കേന്ദ്രഭരണ പ്രദേശമായതിനാല്‍ മദ്യത്തിനിവിടെ വിലകുറവാണ്. മാഹിയിലെ പോലെ. അവധികിട്ടിയാല്‍ ഗുജറാത്തിലെ കുടിയന്‍മാരെല്ലാം ഡ്യുവിലേക്കാണെത്തുക.

ഒരു സ്‌ട്രെച്ച്, കോട്ടയ്ക്കുള്ളിലെ കസര്‍ത്ത്
ശാന്തമായ അറബികടലിലേക്ക് ഇറങ്ങികിടക്കുകയാണ് 'ഡ്യു ഫോര്‍ട്ട്'. ഒട്ടേറെ യുദ്ധങ്ങളുടെയും യുദ്ധകൊതിയന്‍മാരുടെയും കഥപറയാനുണ്ടാകും 460 വയസ്സിന് മേല്‍ പ്രായമുള്ള ഈ കോട്ട മുത്തശ്ശന്. നഷ്ടപ്രതാപത്തെ അനുസ്മരിക്കും വിധം തലയെടുപ്പുള്ള കോട്ടവാതില്‍ കടന്ന് അകത്തെത്തി. കാവല്‍ക്കാരെയൊന്നും കണ്ടില്ല. കോട്ടകാണാന്‍ ഫീസ് നല്‍കേണ്ടിവരുമെന്നാണ് കരുതിയത്. അതുമുണ്ടായില്ല. വലത്തേക്ക് തിരിഞ്ഞ് പടികള്‍ കയറാന്‍ തുടങ്ങി. ''ഉധര്‍ നഹി ജാനാ.....'' ( അവിടേക്ക് പോകരുത്). കനപ്പെട്ട ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. വെള്ള ബനിയനും കാക്കി പാന്റുമിട്ട കറുത്ത് ഉയരം കൂടിയ കപ്പടാ മീശക്കാരന്‍. കോട്ടകാണാന്‍ വന്നതാണെന്ന്് പറഞ്ഞപ്പോള്‍ അയാള്‍ ഒരു ബോര്‍ഡിലേക്ക് വിരല്‍ ചൂണ്ടി. 'ഡ്യു സബ് ജയില്‍'. ഭഗവാനെ....കോട്ടയാണെന്ന്് വിചാരിച്ച് കയറിയത് ജയിലിലേക്കായിരുന്നോ. പുറത്തേക്ക് ഓടാന്‍ ഒരുങ്ങുമ്പോള്‍, കാര്‍ പാര്‍ക്ക് ചെയ്ത് ഓടി വരുകയായിരുന്ന ബാബുഭയ്യ പറഞ്ഞു മാഡം അങ്ങോട്ട് പോകാന്‍ അനുവാദമില്ല കോട്ടയുടെ ആ ഭാഗം ജയിലാണ്. എന്നെ വിലക്കിയയാള്‍ ജയിലിലെ ഗാര്‍ഡായിരുക്കുമെന്ന് ഊഹിച്ചു. സഞ്ജയ് ദത്തിനെ കാണാന്‍ പണ്ട് ജയിലില്‍ പോയതാണ് മനസ്സിലേക്ക്് വന്നത്.

ജയിലിന് എതിര്‍വശത്തേക്ക് നടന്നു. കോട്ടയുടെ ഉയരം കൂടിയ ഭാഗത്തേക്കാണ് ആദ്യം പോയത്. കയറ്റം കയറി ചെന്നത് പീരങ്കികളുടെ നടുവിലേക്കാണ്. ജയിലിന് മുന്നില്‍ പീരങ്കി ഉണ്ടകള്‍ നിരത്തിവെച്ചിരുന്നത് കോട്ടയ്ക്കുള്ളില്‍ കയറിവന്നപ്പോള്‍ കണ്ടിരുന്നു. കോട്ടയുടെ മുകളില്‍ നിന്നാല്‍ അറബിക്കടല്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നത് കാണാം. അധികം അകലെയല്ലാതെ കടലിന് നടുവില്‍ കപ്പലിന്റെ ആകൃതിയില്‍ ഒരു വമ്പന്‍ പാറ. അത് പാനികോട്ടയാണെന്ന് ബാബൂഭയ്യ പറഞ്ഞു. പണ്ട് കാലത്ത് ഭയങ്കരന്‍മാരായ തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്ന ഇടം.

അവിടെനിന്നിറങ്ങി നടന്നു. മേല്‍ക്കൂര തകര്‍ന്ന വിശാലമായ മുറിയിലേക്കാണ് കയറിയത്. ഭയാനകമായ നിശബ്ദത. കോട്ടയുടേതായ രൂപപ്പകര്‍ച്ച അവിടെ കണ്ടില്ല. അപ്പോഴാണ് രണ്ട് വിദേശയുവതികള്‍ അങ്ങോട്ട് കയറിവന്നത്. അവര്‍ ജര്‍മ്മനിയില്‍ നിന്നാണ്. ജസീക്കയും സോഫിയയും. പത്തുമാസം ഇന്ത്യയില്‍ ചെലവഴിക്കാനാണ് അവരെത്തിയത്. ജര്‍മ്മനിയില്‍ സ്‌കൂള്‍ ടീച്ചര്‍മാരാണവര്‍. സിനിമാനടിയാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഓട്ടോഗ്രാഫ് വേണമെന്നായി. പിന്നെ ഒപ്പം നിന്ന് കുറെ ഫോട്ടോകളും. ജീവിതം ശരിക്കും ആസ്വദിക്കുന്ന അവരോട് അസൂയ തോന്നി. അവരെ യാത്രയാക്കി വീണ്ടും കോട്ടയ്ക്കുള്ളിലേക്ക്.
Go to Pages »
1| 2 |
TAGS:
SWETHAMENON  |  ACTRESS  |  DIU  |  FILM  |  GUJARATH  |  DESTINATION  |  INDIA  |  YATHRA  |  DIU BEACH 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/