സെലിബ്രിറ്റി ട്രാവല്‍

ചോളസാമ്രാജ്യത്തിലേക്ക്, കാളവണ്ടിയില്‍

A.P.Abdullakutty, K.C.Venugopal, A.P.Anilkumar. Text: O R Ramachandran, Photos: Madhuraj

 

ചെട്ടിനാട്. നാട്ടുകോട്ടകളുടെ പുരാതനദേശം. ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, എ പി അബ്ദുള്ളക്കുട്ടി എം.എല്‍.എ എന്നിവര്‍, നടന്നും കാളവണ്ടിയിലും സൈക്കിളിലുമായി അവിടേക്കു നടത്തിയ യാത്ര

ഫോട്ടോ: മധുരാജ്‌അതാ, അതാണ് ആയിരം ജനലുള്ള വീട്. അപ്പുറത്ത് അഞ്ഞൂറു തൂണുകളുള്ള വീട്. ഇതാണ് 300 മുറികളുള്ള വീട്. ആ വീടിന് 40000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ഈ തെരുവിനപ്പുറത്ത് കൊട്ടാരം പോലെ കാണുന്നതാണ് ചിദംബരത്തിന്റെ അമ്മവീട്. ഇത് രാമസ്വാമി ചെട്ടിയാരുടെ പിതാമഹര്‍ പണിത രാജമന്ദിരം. കാനാടുകാത്താന്‍ കോവിലാണ് അത്. ദൂരെ, മലമുകളില്‍ ഒരു പൊട്ടു പോലെ കുന്നക്കുടി ക്ഷേത്രം. വരിഞ്ഞുമുറുക്കിയ വയലിനിലെന്ന പോലെ മലയുടെ ഉച്ചസ്ഥായികളിലേക്ക് വൈദ്യുതക്കമ്പികളുടെ ആരോഹണം.

ചെട്ടിനാട്ടെ കയറ്റിറക്കങ്ങളില്ലാത്ത ചെമ്മണ്‍തെരുവുകളിലൂടെ കാളവണ്ടി സഞ്ചരിച്ചു കൊണ്ടിരുന്നു. ഈ തെരുവുകളിലൂടെ പണ്ട് പ്രതാപികളായ ചെട്ടിയാര്‍മാര്‍ ഇങ്ങിനെ സഞ്ചരിക്കുമായിരുന്നു. ഇതു പോലെ വില്ലുവെച്ച കാളവണ്ടിയില്‍. മുന്നിലും പിന്നിലും സേവകര്‍ ആയുധവുമായി അനുഗമിക്കും. മട്ടുപ്പാവുകളില്‍ തൂവാല വീശിയും കടക്കണ്ണെറിഞ്ഞും പെണ്‍കൊടിമാര്‍ നില്‍ക്കും.

ഇപ്പോള്‍ ജനനായകരുടെ ഈ യാത്ര കാണാന്‍ ചെട്ടിനാട്ടിലെ വെണ്‍മാടങ്ങളുടെ മട്ടുപ്പാവില്‍ ആരുമില്ല. തെരുവുകളില്‍ ആരവം മുഴക്കുന്ന ജനക്കൂട്ടമില്ല. ശുദ്ധശൂന്യതയില്‍ ലയിച്ചു നില്‍ക്കുന്ന ഗ്രാമം. പാതക്കിരുവശവും മൗനം പുതച്ചു നില്‍ക്കുന്ന മഹാസൗധങ്ങള്‍. കമാനങ്ങളും ഗോപുരങ്ങളും കാവല്‍ നില്‍ക്കുന്ന വെണ്‍മാടങ്ങള്‍. നിവര്‍ത്തിയ വെണ്‍കൊറ്റക്കുട പോലെ മുകളില്‍ ആകാശം. പൊടുന്നനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഏതോ ചോളരാജാവിന്റെ കൊട്ടാരത്തെരുവിലേക്ക് എടുത്തെറിയപ്പെട്ട പോലെ.

ഒഴിഞ്ഞ വീഥിയില്‍, പഴയൊരു കാളവണ്ടിയില്‍, സഞ്ചാരികളായി അവര്‍. മൂന്നു ജനപ്രതിനിധികള്‍. കേരളത്തില്‍ നിന്നുള്ള മൂന്നു യുവനേതാക്കള്‍. വണ്ടൂര്‍ നിന്ന് എ. പി. അനില്‍കുമാര്‍, ആലപ്പുഴ നിന്ന് കെ. സി. വേണുഗോപാല്‍, കണ്ണൂരു നിന്ന് ഏ.പി. അബ്ദുള്ളക്കുട്ടി. വാഹനങ്ങളോ അകമ്പടിയോ പരിവാരങ്ങളോ ഇല്ല, കാളവണ്ടിയിലും സൈക്കിളിലും കാല്‍നടയായുമുള്ള സഞ്ചാരം. വ്യത്യസ്തമായ അനുഭവങ്ങള്‍ തേടി, ചരിത്രവിദ്യാര്‍ഥികളായി, കാല്‍പ്പനികരായി ചെട്ടിനാട്ടിലെ തെരുവുകളിലൂടെ, തമിഴ് സംസ്‌കൃതിയുടെ തീര്‍ഥങ്ങളിലൂടെ, സംഗീതവും സാഹിത്യവും നൃത്തവും ശില്‍പ്പങ്ങളും പൂത്തുലഞ്ഞ കാവേരിയുടെ കരയിലൂടെ -പ്രാക്തനമായ ഒരു വ്യവസ്ഥിതിയുടെ വേരുകള്‍ തേടി ഒരു യാത്ര.

നേരം പുലരുന്നേയുള്ളൂ. പാളി വീഴുന്ന ഇളംവെയിലില്‍ പാതി മുറിഞ്ഞ ഒരു സ്വപ്നം പോലെ തെളിഞ്ഞുവരുന്ന ചെട്ടിനാട്. കാലം സ്തംഭിച്ചു നില്‍ക്കുന്ന തെരുവില്‍ അവരെയും വഹിച്ച് അലക്ഷ്യമായി നീങ്ങുന്ന കാളവണ്ടി. യാത്രക്ക് അകമ്പടിയായി കുടമണികളുടെയും കുളമ്പടിയുടെയും ശബ്ദം മാത്രം.

മാതൃഭൂമി യാത്രക്കു വേണ്ടി ഒരു യാത്ര വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ ചെട്ടിനാട് മതിയോ എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. കാളവണ്ടിയുടെ താളത്തില്‍ കുലുങ്ങി മുന്നോട്ടു നീങ്ങുമ്പോള്‍ അനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ ഇവിടെ വന്നപ്പോഴാണ് അമ്പരന്നു പോയത്. തമിഴ്‌നാട്ടിലെ ഒട്ടു മിക്ക പ്രദേശങ്ങളും ഞാന്‍ പോയിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു സ്ഥലം മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല. ഇങ്ങിനെ ഒരേ സമയം നിങ്ങളെ അത്ഭുതപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്ന ഒരു കാഴ്ച ലോകത്ത് ചെട്ടിനാട്ടില്‍ മാത്രമേ ഉണ്ടാവൂ. കുട്ടിക്കാലത്തു വായിച്ചിട്ടുള്ള അമര്‍ ചിത്രകഥകളുടെ പേജിലേക്ക് പൊടുന്നനെ വന്നു വീണതു പോലെ.

അതെല്ലാവരും ശരി വെച്ചു. കെട്ടിടങ്ങളില്‍ നിന്നു കെട്ടിടങ്ങളിലേക്കു സഞ്ചരിക്കുമ്പോള്‍ കണ്ടതിനേക്കാള്‍ വലുതാണ് ഓരോ കെട്ടിടവുമെന്നു തോന്നും. പണ്ടിതൊരു ജനപദമായിരുന്നു. വീഥികള്‍ക്കു പിന്നാലെ വീഥികള്‍. വീഥിക്കിരുവശവും തിങ്ങിനിറഞ്ഞ് കോട്ടകൊത്തളങ്ങള്‍ പോലെ ചെട്ടിയാര്‍ ഭവനങ്ങള്‍. ആയിരം ജനലുകളും ആന പിടിച്ചാല്‍ പോരാത്ത തൂണുകളുമുള്ള വീടുകള്‍. നീണ്ടു നീണ്ടു പോകുന്ന ഇടനാഴികളും നാലും എട്ടും പതിനാറും നടുമുറ്റങ്ങളും മരത്തിന്റെ കാടെന്നു തോന്നിക്കുന്ന മണ്ഡപങ്ങളുമൊക്കെ ഓരോ വീട്ടിലും. ബര്‍മ്മിങ്ഹാമില്‍ നിന്നു കൊണ്ടു വന്ന തേക്കുതൂണുകള്‍, ഫ്ലോറന്‍സില്‍ നിന്നു കൊണ്ടു വന്ന കണ്ണാടിച്ചുമരുകള്‍, മലേഷ്യയില്‍ നിന്നു കൊണ്ടു വന്ന മാര്‍ബിള്‍ തറകള്‍, വാരണാസിയില്‍ നിന്നെത്തിയ ശില്‍പ്പികള്‍ തീര്‍ത്ത മിനാകാരി ചിത്രകവാടങ്ങള്‍, പൂംപുഹാറിലും നാഗപട്ടണത്തും കപ്പലില്‍ കൊണ്ടുവന്നിറക്കിയ അടിമകളുടെ ചോരയും വിയര്‍പ്പും പുരണ്ട കുംഭഗോപുരങ്ങള്‍.. ഓരോ വീടും ഓരോ ചരിത്രസത്യമാവുന്ന ഈ കാഴ്ച ചെട്ടിനാട്ടില്‍ മാത്രമേ കാണൂ.

ഒപ്പം ഒരു വലിയ സത്യവും ചെട്ടിനാട് പഠിപ്പിക്കും. അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. എല്ലാ സാനമ്രാജ്യങ്ങളെയും കടലെടുക്കുമെന്ന സത്യം.

അറിയുക, കടലെടുത്ത നഗരം പോലെ നില്‍ക്കുന്ന, ചെട്ടിനാട് ഇന്ന് ഒരു പരിത്യക്തനഗരമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇത് ഇന്ത്യയിലെ വെനീസായിരുന്നു. അത്ഭുതസൗധങ്ങളുടെയും വ്യാപാരത്തിന്റെയും നാട്ടുകോട്ട. ധനികരും പ്രമാണിമാരുമായ ചെട്ടിയാര്‍മാരും അവരുടെ കൂട്ടങ്ങളും ചേര്‍ന്നു പണിത വിസ്മയനഗരം. ഈ നഗരത്താര്‍മാര്‍ (ചെട്ടിയാര്‍മാര്‍) ആയിരുന്നു പാണ്ഡ്യരാജാവിന്റെ സാമ്പത്തികശക്തി. ലോകമെങ്ങും സഞ്ചരിച്ച് അവര്‍ കച്ചവടം ചെയ്തു. പണം വാരിക്കൂട്ടി. വലിയ നാട്ടുക്കോട്ടകള്‍ കെട്ടി. ഓരോ ചെട്ടിയാര്‍ ഭവനവും ഓരോ പാണ്ഡ്യരാജധാനിയായിരുന്നുവത്രെ. പിന്നീടെപ്പോഴോ അവര്‍ പാണ്ഡ്യരാജാവുമായി തെറ്റി. അപ്പോള്‍ ചോളന്മാര്‍ അവരെ ക്ഷണിച്ചുവരുത്തി കുടിയിരുത്തി. കാരൈക്കുടിയിലും പരിസരത്തുമുള്ള 75 ഗ്രാമങ്ങളിലായി അവരുടെ സാനമ്രാജ്യം പടര്‍ന്നു പന്തലിച്ചു. ചെട്ടിനാടെന്ന് അതു പിന്നീട് ചരിത്രത്തില്‍ അറിയപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബര്‍മ്മയിലും സിംഗപ്പൂരുമുള്ള ചെട്ടിയാര്‍മാരുടെ ബിസിനസ് സാനമ്രാജ്യങ്ങളെല്ലാം തകര്‍ന്നു. അതോടെ ചെട്ടിനാടിന്റെ പ്രൗഢി മങ്ങാന്‍ തുടങ്ങി. ക്രമേണ അവരുടെ സ്ഥിതി ക്ഷയിച്ചു. തൊഴില്‍ തേടി പല നാടുകളിലേക്ക് അവര്‍ നാടു വിടാന്‍ തുടങ്ങി. ഇവിടെ താമസിക്കാന്‍ ഇന്ന് ചെട്ടിയാര്‍മാരുടെ പുതുതലമുറക്കു താല്‍പ്പര്യമില്ല. അവരെല്ലാം അമേരിക്കയിലോ മറ്റു മഹാനഗരങ്ങളിലോ ആണ്. അഞ്ഞൂറും മുന്നൂറും മുറികളുള്ള നൂറു കണക്കിനു കൊട്ടാരങ്ങള്‍ പാര്‍ക്കാനാളില്ലാതെയും നോക്കാനാളില്ലാതെയും ഏകാന്തമൗനത്തില്‍ ആണ്ടു കിടക്കുന്നു. സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ശില്‍പ്പ വിസ്മയങ്ങളായി ആ നാട്ടുകോട്ടകള്‍ നിലനില്‍ക്കുന്നു. അവയെ വലംവെച്ചു തൊഴാന്‍ വന്ന തീര്‍ഥാടകരെപ്പോലെ സഞ്ചാരികളായ നേതാക്കള്‍ തെരുവുകളിലൂടെ മുന്നോട്ടു നീങ്ങി.
Go to Pages »
1| 2 | 3 |
TAGS:
DESTINATION  |  INDIA  |  CELEBRITY  |  A.P.ABDULLAKUTTY  |  K.C.VENUGOPAL  |  A.P.ANILKUMAR  |  WRITERS  |  O.R.RAMACHANDRAN  |  MADHURAJ  |  CHETTINADU  |  TAMILNADU  |  CHETTIANDUMANSION  |  CHETTINADUCUISINE  |  MINISTER 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/