ഐഡിയ സറ്റാര്‍ സിങ്ങര്‍ ഫെയിം
രഞ്ജിനി ഹരിദാസും നസ്രിയ നസീമും
കോടനാട് ആനക്കളരിയില്‍ ഒരു ദിനം
ആനത്തലയോളം പോന്ന ആഗ്രഹമായിരുന്നു ആനകളെ ഒന്ന് തൊടണമെന്നത്. 'ന്റെ ഉപ്പാപ്പയ്ക്ക് ആന ഇല്ലാര്‍ന്നത്' കൊണ്ട് അതൊന്നും നടന്നില്ല, 'മാതൃഭൂമി യാത്ര' വിളിക്കുന്നത് വരെ...കൊച്ചിയില്‍ രവിപുരം ക്ഷേത്രത്തിനടുത്താണിപ്പോള്‍ താമസമെന്നതിനാല്‍ ആനക്കാഴ്ച്ചകള്‍ക്ക് പഞ്ഞമില്ല. ആനപ്പുറത്തേറുന്ന പാപ്പാനോടും മേല്‍ശാന്തിയോടും എന്തിന് തിടമ്പിനോട് വരെ എനിക്കസൂയ തോന്നിയിട്ടുണ്ട്. വല്ലാത്തൊരു ആനക്കൊതി!
കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രത്തെക്കുറിച്ച് കേട്ടറിവ് മാത്രമായിരുന്നു. അങ്ങോട്ടേക്കാണ് യാത്ര. നാലും ആറും ഏഴും വയസ്സുള്ള അഞ്ചംഗ കുട്ടിപ്പട്ടാളവും കൂട്ടിനുണ്ടെന്ന് കേട്ടപ്പോള്‍ ഞാന്‍ എക്‌സൈറ്റഡായി. കുഞ്ഞു കുട്ടികളെ എനിക്ക് വല്ല്യ ഇഷ്ടാ...അപ്പോ ഒരു ഐഡിയ തോന്നി സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ ആങ്കര്‍ നസ്രിയയെ കൂടി കൂട്ടിയാലൊന്ന്....നസ്രിയ എനിക്ക് അനിയത്തിക്കുട്ടിയെ പോലെയാണ്. വിളിച്ചു വിളികേട്ടു, നസ്രി റെഡി. ഇനി പുറപ്പെട്ടാല്‍ മതി.
അവര്‍ക്കൊപ്പം ഒപ്പം നസ്രയും. പുറപ്പെടാനായി കാറില്‍ കയറിയതും അഞ്ചുവയസ്സുകാരി അനാമിക 'സ്റ്റാര്‍ സിങ്ങര്‍ ചേച്ചി' എന്നു വിളിച്ച് മടിയില്‍ കയറിയിരുന്നു. യാത്രയ്ക്കിടയിലെപ്പോഴോ ചേച്ചിവിളി, 'രഞ്ജിനി' എന്നുമാത്രമായി. ഭാഗ്യം, ആന്റിയെന്നുവിളിച്ചില്ലല്ലോ. ദിവസവും ടി.വിയില്‍ കാണുന്നത് കൊണ്ടാവും കുട്ടികള്‍ക്കാര്‍ക്കും പരിചയക്കേടില്ല. മുന്നിലെ പല്ലുകള്‍ രണ്ടെണ്ണം 'കാക്കകൊണ്ടുപോയ' നികിത കുട്ടി നസ്രിയയുടെ മടിയിലും ഇരുപ്പായി.
കോടനാട് ലക്ഷ്യമാക്കി കാറുകള്‍ ഒഴുകുന്നതിനിടെയാണ് തലയിലൊരു ബള്‍ബ് മിന്നിയത്.... ആനകള്‍ക്ക് എന്തെങ്കിലും വാങ്ങേണ്ടേ...പെരുമ്പാവൂര്‍ ടൗണില്‍ നിന്ന് ഒരു കുല പഴം വാങ്ങി ഡിക്കിയിലാക്കി. പെരുമ്പാവൂര് നിന്നും കുറച്ചു ദൂരമേയുള്ളു കോടനാട്ടേക്ക്. തലേന്നേ വിളിച്ച് പറഞ്ഞിരുന്നതു കൊണ്ട് കോടനാട് ഡി.എഫ്.ഒ രാജേന്ദ്രന്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. ആനകളെ കുളിപ്പിക്കാന്‍ കൊണ്ടു പോവുകയാണെന്നറിഞ്ഞപ്പോള്‍ 'ആഗ്രഹം ആനപ്പുറത്ത് കയറി'! ആനകളെ കുളിപ്പിക്കാന്‍ കൂടിയാലോ...ചോദ്യം കേട്ടതും നസ്രിയയും കുട്ടിപ്പട്ടാളവും തുള്ളിച്ചാടി.
എല്ലാവരും ഇട്ടിരുന്ന വേഷമൊക്കെ മാറി, പെരിയാറിന്റെ തീരത്തെത്തി. മഴക്കാലമായതിനാല്‍ ഞങ്ങളേക്കാള്‍ ആവേശമുണ്ട് പെരിയാറിന്. അക്കരെ മലയാറ്റൂര്‍ പള്ളി കാണാം.
കടവില്‍ അഞ്ജനയും ആശയും പാര്‍വ്വതിയും കുളിക്കാനായി കാത്തു നില്‍ക്കുന്നു. കോടനാട്ടെ അഞ്ച് ആനകളിലെ ഇളമുറക്കാരാണ് ഈ മൂവര്‍ സംഘം. കൂട്ടത്തില്‍ അഞ്ജനയാണ് കുസൃതിക്കാരി. പാര്‍വ്വതി കുളിക്കാനിറങ്ങിയപ്പോള്‍ ഞങ്ങള്‍ അഞ്ജനയോടും ആശയോടും കുശലം ചോദിക്കാന്‍ ചെന്നു. കുട്ടിയാനകളാണെന്നും ഒന്നും ചെയ്യില്ലെന്നും പറഞ്ഞിട്ടും കുട്ടികള്‍ക്കും നസ്രിയക്കും ഭയങ്കര പേടി. പക്ഷേ എനിക്കെന്തോ കുട്ടിയാനകളോട് വാത്സല്യമാണ് തോന്നിയത്. പണ്ട് ആരോ പറഞ്ഞ് കേട്ട അറിവും മനസ്സിലുണ്ടായിരുന്നു. മൃഗങ്ങളെ കണ്ട് നമ്മള്‍ പേടിച്ചാലാണ് മൃഗങ്ങളും വയലന്റാവുന്നതെന്ന്. നസ്രിയേയും കുട്ടികളേയും പേടിയൊക്കെ പറഞ്ഞു മാറ്റി ആനകളുമായി ചങ്ങാത്തം കൂടാന്‍ പഠിപ്പിച്ചു. നസ്രിയയുടെ പേടി മാറിയെങ്കിലും കുട്ടികളില്‍ ചിലര്‍ പേടിമാറാതെ മാറി നിന്നു. ആശയും അഞ്ജനയും ഞങ്ങളുമായി വേഗം ഇണങ്ങി. അവരുടെ തുമ്പിക്കയ്യില്‍ പിടിച്ചും നെറ്റിയില്‍ തലോടിയുമൊക്കെ ഞങ്ങള്‍ കൂട്ടുകാരായി. പാപ്പാന്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങളും അനുകരിച്ചു. 'പിരി പിടിയാനെ....' എന്നു പറഞ്ഞതും അഞ്ജനയും ആശയും തുമ്പിക്കൈ ചുരുട്ടി മുകളിലേക്ക് പിടിച്ചു. കൊള്ളാല്ലോ... എന്ന് പറഞ്ഞ് നസ്രയിയും പറഞ്ഞുതുടങ്ങി 'പിരി പിടിയാനെ'. രണ്ട് മൂന്ന് തവണ ആവര്‍ത്തിച്ചപ്പോള്‍ ഒരു സംശയം. അധികം പറഞ്ഞാല്‍ ആനക്ക് 'പിരി'യിളകിയാലോ. ഞങ്ങള്‍ വായടച്ചു.
അവര്‍ക്കു വിശക്കുന്നുണ്ടാവും, ഇവിടെ കുളികഴിഞ്ഞ ശേഷമാണ് ആനകള്‍ക്ക് ഭക്ഷണം കൊടുക്കാറ്' ഡി.എഫ് ഒ പറഞ്ഞു. എന്നാല്‍ പിന്നെ ഇനി ആറാട്ടിനെഴുന്നെള്ളാം. ആനകള്‍ കുളിക്കാനിറങ്ങട്ടെ, കുളിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാര്‍... കുട്ടിയാനകളും കൂട്ടത്തിലെ ആനചേച്ചിയായ സുനിതയും കുളിക്കാനിറങ്ങി. ചകിരിതൊണ്ടുമായി ഞാനും നസ്രിയുയും കുട്ടികളുമിറങ്ങി. ചകിരിതൊണ്ട് ഉരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഇഷയ്‌ക്കൊരു സംശയം. 'രഞ്ജിനി, ആനയ്ക്ക് സോപ്പു തേയ്ക്കണ്ടേ...' കൂട്ടപ്പൊട്ടിച്ചിരി കേട്ട് ആനകളും ഞെട്ടിക്കാണും. ഇതിനിടെ നസ്രിയുടെ കമന്റു വന്നു. 'നന്നായി ഉരച്ചോ.. കറുത്ത് കറുത്ത് വരുന്നുണ്ട്'. ഞാന്‍ പാര്‍വ്വതിയെ കുളിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ നസ്രി എന്നെ കുളിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. അതു പിന്നെ, പരസ്പരം വെള്ളം കോരിയൊഴിക്കലായി.
ആറാട്ട് അവസാനിക്കാറയപ്പോള്‍ ഞങ്ങള്‍ കരയിലേക്ക് കയറി. ഇതിനിടെ അഞ്ജന, പാപ്പാനെ പറ്റിച്ച് പെരിയാറിന്റെ നടുവിലേക്ക് നീന്തി. നല്ല ഒഴുക്കുള്ള സമയം. പാപ്പാന്‍ എത്ര വിളിച്ചിട്ടും തിരിച്ചു വരാതെ അവള്‍ നദിയുടെ നടുക്ക് കളിച്ചു കൊണ്ടിരുന്നു. ഒടുവില്‍ പാപ്പാന്‍ നീന്തി ചെന്ന് കഴുത്തിലെ കയറിന് പിടിച്ചു. അതോടെ അഞ്ജന അനുസരണക്കാരിയായി. എങ്കിലും പ്രതിഷേധമായി ഒന്നുരണ്ട് ചിന്നം വിളികള്‍. അതു കേട്ട് കൂട്ടത്തിലെ സുനിതയും ചിന്നം വിളിച്ചതോടെ എല്ലാവരുമൊന്ന് വിരണ്ടു. ആനയിടയുമോ എന്ന് ആശങ്ക. പ്രശനമൊന്നുമില്ലെന്ന് പാപ്പാന്‍മാര്‍ പറഞ്ഞെങ്കിലും ഇറങ്ങിയതിനേക്കാള്‍ വേഗത്തില്‍ എല്ലാവരും കരയ്‌ക്കെത്തി. കുളിപ്പിക്കാന്‍ കൊണ്ടുവന്നാല്‍ പാപ്പാന്‍മാരെ വെട്ടിച്ച് എങ്ങനെ നീന്തിത്തുടിക്കാം എന്നാണ് കുട്ടിയാനകള്‍ നോക്കുകയെന്ന് പാപ്പാന്‍മാര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു.
തിരികെ കോടനാട് ഫോറസ്റ്റ് ഓഫീസിലെ മുറിയിലെത്തി, എല്ലാവരും നനഞ്ഞ വസ്ത്രങ്ങള്‍ മാറി. ആനസഫാരിക്ക് റെഡിയായി. ഞങ്ങളെ പുറത്തേറ്റാന്‍ സുനിതയും റെഡി. ഇഷയും നികിതയും എഫ്രേമും പേടിച്ച് മാറി. കൂട്ടത്തിലെ ഏറ്റവും കുട്ടിയായ അനാമിക ഏറ്റവും മുന്നില്‍. അനുവിന് പിന്നില്‍ ഞാനും എന്നെ വട്ടം പിടിച്ച് ഉസൈറും ഏറ്റവും പിന്നില്‍ നസ്രിയയും. സുനിത നടപ്പു തുടങ്ങി. ആനപ്പുറത്തിരുന്ന് പോകുമ്പോള്‍ രജകുമാരിയെ പോലെ കൈവീശി, എന്തൊക്കയോ വെട്ടിപ്പിടിച്ച ഭാവം. വഴിക്ക് ഒരു കുടുംബം കുശലം ചോദിക്കാനായി ആനയെ തടഞ്ഞു. സ്റ്റാര്‍ സിങ്ങര്‍ വിശേഷങ്ങളറിയണം. എന്നെയും നസ്രിയയേയും കണ്ടപ്പോള്‍ സ്റ്റാര്‍സിങ്ങര്‍ പാട്ടുകുട്ടികളെ കൂടി കൂട്ടാമായിരുന്നില്ലേ എന്ന് പരിഭവം. ഇതിനിടെ നസ്രിയ ആനപ്പുറത്തിരുന്ന് തുറുപ്പുഗുലാനിലെ മമ്മൂട്ടിപ്പാട്ട് തുടങ്ങി...
പാട്ട് കേട്ട് ഞാന്‍ നസ്രിയയോട് പറഞ്ഞു 'പൊന്നുമോളെ ചതിക്കല്ലേ, ഇത് നിഴലാനയല്ലാട്ടോ, ഇടത്തും വലത്തും പറഞ്ഞാല്‍ ആന തിരിഞ്ഞുകളയും...ആനപ്പുറത്താണിരിക്കുന്നതെന്ന് ഓര്‍മ്മ വേണം..' നസ്രി പാട്ട് 'ടപ്പേന്ന്'നിര്‍ത്തി.
ആനപ്പുറത്ത് നിന്ന് ഇറങ്ങിയതും ഞങ്ങളെ ഇത്രയും നേരം പുറത്തേറ്റി നടന്ന സുനിതയ്ക്ക് തുമ്പിക്കയ്യില്‍ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു. നസ്രിയ പറഞ്ഞു 'നല്ല പണിയുണ്ട് ഇങ്ങനെ ഇരിക്കണമെങ്കില്‍. പണ്ടത്തെ രാജക്കന്‍മാരെയൊക്കെ സമ്മതിക്കണം..' അപ്പോഴാണ് പുറകില്‍ നിന്ന് ഒരു ഏങ്ങി കരച്ചില്‍ കേട്ടത്. ഇഷ കണ്ണൊക്കെ നിറച്ച് നില്‍പ്പാണ്. ഇടയ്ക്കിടെ വിതുമ്പുന്നുമുണ്ട്. ആനപ്പുറത്ത് കയറണമത്രെ. എല്ലാവരും കയറിയത് കണ്ടപ്പോള്‍ ധൈര്യം കിട്ടിയതാണ്. പക്ഷേ അപ്പോഴേക്കും സുനിതയാന ഭക്ഷണം കഴിക്കാന്‍ പോയി. കുട്ടിയാനകളെ കാണിക്കാം എന്ന് പറഞ്ഞ് ഇഷയെ ആശ്വസിപ്പിച്ചു.
ആനകളെ തളയ്ക്കുന്ന പറമ്പിലേക്ക് എല്ലാവരും ചേര്‍ന്ന് പഴക്കുല ആഘോഷമായെത്തിച്ചു. ഓരോരോ പഴമായി കുട്ടിയാനകളുടെ വായില്‍ വെച്ചു കൊടുത്തു. അഞ്ച് ആനകളാണ് ഇവിടെയുള്ളത് അതില്‍ നാലും കുട്ടിയാനകളാണ്. ഇവര്‍ക്കിടയിലും സ്റ്റാര്‍ സിങ്ങര്‍മാരുണ്ടാവുമോ....ഒരു മൈക്കു കിട്ടിയിരുന്നെങ്കില്‍ പാടിപ്പിച്ച് നോക്കാമായിരുന്നു. ആനപ്പാട്ട് കേള്‍ക്കാനൊരു പൂതി. 'സംഗതി വന്നില്ലല്ലോ കുട്ടാ' എന്ന് ആനയോട് പറഞ്ഞതിന്റെ ക്രെഡിറ്റ് എന്റെ അക്കൗണ്ടില്‍ വരുമല്ലോ...കൂട്ടത്തിലെ കുട്ടിക്കൊമ്പന്‍ നീലകണ്ഠനും പഴം കൊടുത്തു തീര്‍ന്നപ്പോഴേക്കും മടക്കയാത്രയ്ക്ക് നേരമായി. കുട്ടിയാനകള്‍ക്ക് ഫ്ലൈയിങ് കിസ്സുകള്‍ ആവോളം നല്‍കി കാറില്‍ കയറി. ആനകള്‍ കണ്ണില്‍ നിന്ന് മറഞ്ഞപ്പോള്‍ മനസ്സ് അറിയാതെ പറഞ്ഞു...ഇനിയും വരും ഒരുനാള്‍.
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.