15000 അടി ഉയരത്തില്‍, രണ്ടു ചുരങ്ങള്‍ക്കും ഹിമാലയന്‍ മലനിരകള്‍ക്കും മേലേ, മഞ്ഞും മേഘങ്ങളും വാരിപ്പുതച്ചു കിടക്കുന്ന സ്പിതി

 

വര്‍ഷത്തില്‍ ഒന്‍പതു മാസവും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് മഞ്ഞു മൂടി കിടക്കുന്ന താഴ്‌വര. ഹിമാലയന്‍ തിബത്ത് എന്നറിയപ്പെടുന്ന സ്പിതി, ലാഹോള്‍ താഴ്‌വര. രണ്ട് ചുരങ്ങള്‍, 13123 അടി ഉയരെ റോത്താങ്ങ് പാസ്സും 14,800 അടി ഉയരത്തിലുള്ള കുന്‍സും പാസ്സും, കടന്നു വേണം സ്പിതിയിലെത്താന്‍. സാഹസികരായ യുവാക്കളും, യുവത്വം കാത്തു സൂക്ഷിക്കുന്നവരും മാത്രം സ്പിതിയിലേക്കു പുറപ്പെട്ടാല്‍ മതി. വേനലില്‍ പൊള്ളുന്നവര്‍ക്ക് മഞ്ഞും കുളിരും പകര്‍ന്ന് മലമുകളില്‍ സ്പിതി കാത്തിരിക്കുന്നു.

 

വര്‍ഷത്തില്‍ എല്ലായ്‌പോഴും സ്പിതിയില്‍ പോകാനാവില്ല. റോത്താങ്ങ് ചുരം മെയ് മുതല്‍ ഒക്‌ടോബര്‍ വരേയും കുന്‍സും പാസ്സ് ജൂലായ് മുതല്‍ ഒക്‌ടോബര്‍ വരേയും മാത്രമേ യാത്രായോഗ്യമാകൂ. ഈ സമയത്താണ് സന്ദര്‍ശകര്‍ എത്തുന്നത്. ജനവാസമുള്ളതും മോട്ടോര്‍ വാഹന യാത്രായോഗ്യമായതും ഏഷ്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമായ ഗ്രാമമായ കിബ്ബറും (15,500 അടി) പതിനാറാം നൂറ്റാണ്ടില്‍ പണിത ബുദ്ധവിഹാരമായ കി ഗോംപയും സ്പിതി താഴ്‌വരയിലാണ്. ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന തികച്ചും സഹൃദരായ മനുഷ്യര്‍ താമസിക്കുന്ന ഇടം.

 

spiti valley

 

കിബ്ബറും കിം ഗോപയും സന്ദര്‍ശിക്കുന്നതിനുള്ള ആഗ്രഹവുമായാണ് ഞങ്ങള്‍ ഏഴുപേര്‍- സുരേഷ്, അനില്‍, സുമിത്, ബോയ്‌സി, രാഘവന്‍, പദ്മകുമാര്‍, ഞാനും- കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനം കയറിയത്. അവിടെ നിന്ന് മണാലിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് എല്ലാ ഏര്‍പ്പാടുകളും മുന്‍കൂട്ടി ചെയ്തിരുന്നു. മണാലിയില്‍ നിന്നും കിബ്ബറിലേക്ക് പോകുന്നതിനുള്ള വണ്ടി അവിടെ ചെന്നിട്ട് ഏര്‍പ്പാടാക്കാം എന്നു തീരുമാനിച്ചാണ് യാത്ര പുറപ്പെട്ടത്. മണാലിയിലെത്തുമ്പോള്‍ ആപ്പിളിന്റെ വിളവെടുപ്പു കാലമായിരുന്നു. ഓരോ മരത്തിലും നൂറുകണക്കിന് ആപ്പിളുകള്‍. ആപ്പിള്‍ മാര്‍ക്കറ്റില്‍ രാവിലെ ടണ്‍ കണക്കിന് ആപ്പിള്‍. 

 

മണാലിയില്‍ പട്ടണമദ്ധ്യത്തിലുള്ള 'റോത്താങ്ങ് ഇന്‍' എന്ന ഹോട്ടലിലാണ് ഞങ്ങള്‍ തങ്ങിയത്. തൊട്ടുമുന്നിലാണ് ബസ്സ്റ്റാന്‍ഡും ടാക്‌സി സ്റ്റാന്‍ഡും. പിറ്റേന്ന് കിബ്ബറിലേക്ക് പോകാന്‍ ഒരു ക്വാളിസ് 10000  രൂപക്ക് ഏര്‍പ്പാടാക്കി. ഉച്ചക്കു ശേഷം ഞങ്ങള്‍ ഹിഡിംബദേവി ക്ഷേത്രത്തിലേക്ക് പോയി. വഴിയിലാണ് നേച്ചേഴ്‌സ് പാര്‍ക്ക്. ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ ദേവദാരുക്കളും പൈനും, അവയ്ക്കരികിലൂടെ കടന്നു പോകുന്ന നദിയും അതിനപ്പുറം റോഡും. ക്ഷേത്രത്തിലേക്ക് കടക്കുമ്പോള്‍ ഭക്തിയേക്കാള്‍ മനം മയക്കുന്ന ഈ പ്രകൃതി സൗന്ദര്യമാണ് മനസ്സില്‍ നിറയുന്നത്. ഭീമന്റെ പത്‌നി ഹിഡിംബ ദേവിയുടെ പാദങ്ങള്‍ പതിഞ്ഞ ഒരു ഗുഹയുടെ ചുറ്റുമായാണ് നാലു നിലകളിലുള്ള ക്ഷേത്രം. ബിംബങ്ങള്‍ ഗുഹയ്ക്കുള്ളിലാണ്. നാലു വര്‍ഷം മുമ്പ് ഒരു ഡിസംബര്‍ മാസത്തിലാണ് ഞാന്‍ ഈ ക്ഷേത്രം ആദ്യമായി കണ്ടത്. മഞ്ഞില്‍ കുളിച്ചു നിന്ന ക്ഷേത്രവും ചുറ്റുപാടും സ്വര്‍ഗതുല്യമായ കാഴ്ചയായിരുന്നു.

spiti valley

 

കിബ്ബറിലേക്കുള്ള യാത്ര പുറെപ്പട്ടപ്പോള്‍ രാവിലെ ആറ് കഴിഞ്ഞിരുന്നു. 25 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഗുലാബയിലെത്തി. മുമ്പു വന്നപ്പോള്‍ പഞ്ഞിക്കെട്ടു പോലെ മഞ്ഞു നിറഞ്ഞു കിടന്നയിടം പച്ച പുല്‍മേടയായി കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഏഴു മണിക്ക് പ്രാതലിനായി മാര്‍ഹിയില്‍ വണ്ടി നിര്‍ത്തി. 11,500 അടിയാണ് ഇവിടുത്തെ ഉയരം. തെളിഞ്ഞ നീലാകാശം. അതില്‍ വെളുത്ത പഞ്ഞിക്കെട്ടുകള്‍ കണക്കെ മേഘങ്ങള്‍ ഒഴുകി നടക്കുന്നു. കീഴെ ഞങ്ങള്‍ കടന്നു പോന്ന വഴി ഇരവിഴുങ്ങിയ മലമ്പാമ്പു കണക്കെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു. കീഴെ നിറഞ്ഞ പച്ചപ്പ്, കണ്ണിന് തണുപ്പേകുന്ന ഈ ഹിമാലയന്‍ സൗന്ദര്യം ആസ്വദിക്കും തോറും കൊതിയേറി  വന്നു. 

 

നല്ല രുചിയേറിയ പൂരിയും കിഴങ്ങുകറിയും കട്ടന്‍ചായയും കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഗതാഗതകുരുക്കില്‍ പ്പെട്ടു. റോത്താങ്ങ് പാസ്സിന്റെ വീതി വര്‍ദ്ധിപ്പിക്കുന്ന ജോലി നടക്കുന്നു. തലേ ദിവസത്തെ മഴയില്‍ റോഡ് ചളി പുതഞ്ഞു കിടക്കുന്നതിനാല്‍ വണ്ടികള്‍ക്ക് കയറ്റം കയറാന്‍ പ്രയാസം. ഇപ്പോള്‍ ഞങ്ങളും മേഘങ്ങളും ഒരേ നിലയിലാണ്. കട്ടിയുള്ള വെളുത്ത മേഘം  തൊട്ടുതൊട്ടില്ല എന്ന പോലെ നില്‍ക്കുന്നു. കീഴേയുള്ള ഒന്നും കാണാന്‍ കഴിയുന്നില്ല. വിമാന യാത്രയില്‍ മാത്രമേ ഇങ്ങിനെ ഒരു കാഴ്ച കണ്ടിട്ടുള്ളൂ. 

spiti valley

റോത്താങ്ങ് പാസ്സിലെത്തുമ്പോ ള്‍ കടുത്ത കോടയായിരുന്നു. ചുരം കടന്നപ്പോള്‍ വെയിലെത്തി. ഹിമാലയത്തിന്റെ ത്രസിപ്പിക്കുന്ന ഭംഗി ഞങ്ങള്‍ ക്യാമറയിലും വീഡിയോയിലും പകര്‍ത്തി. ഇനി ഇറക്കമാണ്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ്. അതിലൂടെ പെട്രോളും ഡീസലും മറ്റു ചരക്കുകളുമായി ലേയിലേക്ക് പോകുന്ന ലോറികളുടെ നീണ്ട നിര. ഗ്രാംഫുവില്‍ വെച്ച് അവ ഇടത്തോട്ട് തിരിഞ്ഞു. ഞങ്ങള്‍ വലത്തോട്ടും. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നവയില്‍ കൂടുതല്‍ വാഹനങ്ങളും ലേയിലേക്കാണ് പോയത്. ഇടതു വശത്ത് കൂറ്റന്‍ മലകള്‍. അവിടവിടെ പുല്ലുകള്‍ കൊണ്ടുള്ള പച്ചപ്പ്. മലമടക്കുകളില്‍ നീര്‍ച്ചോല. ഒരു അറ്റ്‌ലസില്‍ ഹിമാലയം കാണുന്ന പ്രതീതി. വലതു വശത്തെ മല വെട്ടിയുണ്ടാക്കിയ റോഡിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടയ്ക്കിടെ ഗ്ലേസിയര്‍ ഉരുകിയെത്തുന്ന നീര്‍ച്ചോലകള്‍. മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്കുശേഷം ഒരു ഇരുമ്പു പാലത്തിലൂടെ ഞങ്ങള്‍ ചന്ദ്രാ നദി കടന്നു. 

 

പാലത്തിനു സമീപം നദിയോരത്ത് നാലഞ്ച് താല്‍ക്കാലിക ഹോട്ടലുകള്‍. ഇതാണ് ഛത്രു. ഈ വില്ലേജില്‍ 120 പേരാണ് ഉള്ളതെന്ന് ബോര്‍ഡ് എഴുതി വെച്ചിരിക്കുന്നു. ഭക്ഷണശാലയ്ക്ക് സമീപത്ത് അഞ്ചാറ് ടെന്റുകളില്‍ വിദേശ യാത്രക്കാര്‍ തങ്ങുന്നുണ്ട്. അവര്‍ ട്രെക്കിങ്ങിനായി എത്തിയവരാണ്. ഉച്ചഭക്ഷണത്തിനു ശേഷം യാത്ര തുടര്‍ന്നു. ഇരു വശവും കൂറ്റന്‍ മലകള്‍, അവയ്ക്കിടയില്‍ നിറയെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ സമതലം, അതിലൂടെ നീണ്ടു പോകുന്ന പാത. വലതു വശത്തെ മലയോട് ചേര്‍ന്നൊഴുകുന്ന ചന്ദ്രാ നദി. തികച്ചും വിജനമായ ഒരിടം. മറ്റേതോ ഗ്രഹത്തിലെന്ന പോലെ ഞങ്ങള്‍ മാത്രം. ഇടയ്ക്കു വെച്ച് ചന്ദ്രാ നദി വീണ്ടും കടന്നു. ഇവിടെ നിന്നും വീണ്ടും കയറ്റം ആരംഭിക്കുകയാണ്. കയറ്റം കയറി എത്തുന്നത് 14,800 അടി ഉയരെയുള്ള കുന്‍സും പാസ്സിലേക്കാണ്. അവിടെ ഒരു ബുദ്ധക്ഷേത്രം. വണ്ടി ക്ഷേത്രത്തെ വലം വെച്ചു. അത് അവരുടെയൊരു വിശ്വാസമാണ്. ക്ഷേത്രം കണ്ട് യാത്ര തുടര്‍ന്നു. ഹിമാലയന്‍ സാനുക്കളുടെ വ്യത്യസ്ത രൂപവും ഭാവവും ഞങ്ങളുടെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു.

 

spiti valley

 

വളരെ അകലെയായി കുറച്ച് വീടുകള്‍ കാണാം. അപ്പോള്‍ സമയം ആറു മണിയാകുന്നു. കുറച്ചു കൂടി അടുത്തപ്പോള്‍ അതൊരു ചെറിയ പട്ടണമാണെന്ന് മനസ്സിലായി. ഇതാണ് ലോസര്‍, ഒന്ന് രണ്ട് കടകള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ വിശ്രമാലയം, കുറച്ച് വീടുകള്‍, കൃഷിസ്ഥലം ഇതെല്ലാം ചേര്‍ന്ന ഒരു ചെറിയ പട്ടണം. നല്ല ഒന്നാന്തരം ചായ മൊത്തിക്കുടിച്ച് ക്ഷീണം മാറ്റി. വീണ്ടും യാത്ര തിരിക്കുമ്പോള്‍ ഇരുള്‍ പരന്നു തുടങ്ങിയിരിക്കുന്നു. കൂറ്റന്‍ മലകളുടെ വശങ്ങളില്‍ വെട്ടിയുണ്ടാക്കിയ പാതയിലൂടെ വളഞ്ഞും തിരിഞ്ഞും ഞങ്ങള്‍ നീങ്ങി. ഇടയ്ക്ക് സമതലങ്ങള്‍. എങ്ങും കൂരിരുട്ട്. അതിലൂടെ ടോര്‍ച്ച് അടിച്ചതുപോലെ വണ്ടിയുടെ പ്രകാശം. കാസയിലെത്തുമ്പോള്‍ രാത്രി ഒന്‍പത് കഴിഞ്ഞു. ഗതാഗത തടസ്സമില്ലാതിരുന്നെങ്കില്‍ ഇവിടെ ആറുമണിക്കെത്താമായിരുന്നു. നല്ല വൃത്തിയും വിശാലവുമായിരുന്നു ഹോട്ടല്‍ മുറികള്‍. താഴെ പരവതാനി, ഭംഗിയുള്ള ബെഡ് ഷീറ്റുകള്‍, പുതയ്ക്കാന്‍ രജായി, ചൂടുവെള്ളം ലഭിക്കുന്ന വൃത്തിയുള്ള കുളിമുറി. 

 

രാവിലെ ചെറിയ തോതില്‍ മഴയുണ്ടായിരുന്നു. ഇവിടെ വളരെ അപൂര്‍വ്വമായി എത്തുന്ന ഒന്നാണ് മഴ. ഹോട്ടലിനു മുകളിലെ ടെറസില്‍ നിന്നും ചുറ്റുപാടും വീക്ഷിച്ചു. മുന്നിലും പിന്നിലും ഉയര്‍ന്ന മലനിരകള്‍. മുന്‍ഭാഗത്ത് മലയോട് ചേര്‍ന്ന് സ്പിതി നദി ഒഴുകുന്നു. പിന്‍വശത്തെ ഉയര്‍ന്ന മലനിരയില്‍ ഒരു ബുദ്ധ വിഹാരവും ഹനുമാന്‍ ക്ഷേത്രവും. ഹോട്ടലിന് ചുറ്റും നിറയെ കെട്ടിടങ്ങളും വീടുകളും. പച്ച നിറത്തില്‍ മേല്‍ക്കൂരയുള്ളവയെല്ലാം സര്‍ക്കാര്‍ കെട്ടിടങ്ങളായിരുന്നു. ബുദ്ധ വിഹാരത്തിന് സമീപം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പ്. 3740 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇതാണ് ലോകത്തിലെ ഏറ്റവും ഉയരെയുള്ള പെട്രോള്‍ പമ്പ്. ഇതിനും ഉയരത്തിലുള്ള ഹനുമാന്‍ ക്ഷേത്രത്തിലേക്ക് ഞങ്ങള്‍ സാവധാനം കയറി. ഇവിടെ നിന്നാല്‍ കാസ പട്ടണം മുഴുവന്‍ കാണാം. ആറേഴ് കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന പട്ടണം മനോഹരമാണ്. ചെറിയൊരു നദി പഴയ കാസയേയും പുതിയ കാസയേയും വേര്‍തിരിക്കുന്നു.

 

 ഏഷ്യയിലെ ഏറ്റവും ഉയരെ സ്ഥിതിചെയ്യുന്നതും വാഹനങ്ങള്‍ ചെന്നെത്തുന്നതുമായ ഗ്രാമമാണ് കിബ്ബര്‍. അവിടേക്കാണ് ഞങ്ങളിപ്പോള്‍ ചെന്നുകൊണ്ടിരിക്കുന്നത്. അടുക്കടുക്കായ് നില്‍ക്കുന്ന പാറകള്‍. ഭംഗിയുള്ള മലനിരകള്‍. താഴെ ഗ്രീന്‍പീസ് പാടങ്ങള്‍. മേലേ നീലാകാശം. എന്തൊരു ഭംഗി. ഈ ഹിമാലയന്‍ മലനിരകളില്‍ ഉയര്‍ന്നു പറക്കാന്‍ കൊതിച്ചു പോകും.

 

spiti valley

 

കിബ്ബറിലെത്തി ആദ്യം തന്നെ ഉച്ച ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി. ഇവിടെ ഒന്നു രണ്ട് ഹോട്ടലുകളും അതില്‍ താമസിക്കുന്നതിനുള്ള സൗകര്യമുണ്ട്. താമസക്കാര്‍ മുഴുവനും വിദേശികളാണ്. ഗ്രാമത്തിന്റെ ഒരു വശത്തു കൂടി ഗ്ലേസിയര്‍ ഉരുകിയെത്തുന്ന വെള്ളം ഒഴുകിപോകുന്നു. അതിന്റെ ഓരത്തുകൂടി ഞങ്ങള്‍ നടന്നു. 15500 അടി ഉയരേയുള്ള ഇവിടെ ഓക്‌സിജന്‍ ലഭ്യത കുറവാണ്. അതുകൊണ്ട് നടത്തം വളരെ സാവധാനമാണ്.  ഒരേ പോലെയുള്ള അനേകം വീടുകള്‍, എല്ലാം ഇരു നിലയില്‍ മണ്ണിനാല്‍ ഉണ്ടാക്കിയത്. 

 

പുതുതായി നിര്‍മ്മിക്കുന്ന വീടുകളില്‍ സിമന്റും കല്ലും ഉപയോഗിക്കുന്നുണ്ട്. വീടിന്റെ മുകളില്‍ ഭിത്തിയുടെ മേല്‍ഭാഗത്തായി ഉണക്കമരച്ചില്ലകള്‍ ഒരടിയോളം ഉയരത്തില്‍ നിരത്തി വെച്ചിരിക്കുന്നത് മഞ്ഞുകാലത്ത് മഞ്ഞുരുകി ഭിത്തി നനയാതിരിക്കാനാണ്. ഇവിടെ പൊതുവെ മഴ പെയ്യാറില്ല. വീടുകളുടെ താഴത്തെ നില കൃഷി ഉപകരണങ്ങളും വിത്തുകളും മൃഗങ്ങളെയും മറ്റും സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നു. കിടപ്പുമുറികളും അടുക്കളയും ഒന്നാം നിലയിലാണ്. അകത്തൊക്കെ മണ്ണ് മെഴുകിയാണ് തറയൊരുക്കിയിരിക്കുന്നത്. മരത്തടികള്‍ നിരത്തിയ മേല്‍ക്കൂരക്കു മേല്‍ മണ്ണ് മെഴുകിയിരിക്കുന്നു. എല്ലാ വീടുകളും ഒരേ പോലെയുള്ളവയാണ്. ഇവിടെ ഒരു ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉണ്ട്. അതിന്റെ മുറ്റത്ത് വിദേശികള്‍ ക്രിക്കറ്റ് കളിക്കുന്നു. ചിലര്‍ ട്രക്കിങ്ങിനായി ഒരുങ്ങിയിറങ്ങുന്നു. ഗ്രാമത്തിന്റെ ഒരു വശത്ത് ഗ്രീന്‍ പീസും ബാര്‍ളിയും കൃഷി ചെയ്തിരിക്കുന്നു.

 

ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങള്‍ കിം മൊണാസ്ട്രിയിലേക്ക് വന്നു. 16ാം നൂറ്റാണ്ടിലാണ്  ഇത് നിര്‍മ്മിച്ചത്. ബുദ്ധന്റെ പ്രതിമകളും ചിത്രങ്ങളും ക്ഷേത്രത്തിനുള്ളില്‍ നിറയെ ഉണ്ട്. മദ്ധ്യത്തിലായി മൂന്ന് സംന്യാസിമാര്‍ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നു. ക്ഷേത്രകവാടത്തിനടുത്ത് വിവിധ ആഭരണങ്ങള്‍ വില്‍ക്കുന്ന ഒരാള്‍ ഇരിക്കുന്നു. അയാളുടെ കൈവശം ഒരു പ്രത്യേകമായ ഒന്ന് കണ്ടു, സിങ്ങിങ്ങ് ബൗള്‍. ഒരു ചെറിയ പിച്ചള പാത്രം അതില്‍ തിബത്തന്‍ ഭാഷയില്‍ ചില എഴുത്തുകള്‍. പാത്രം ഉള്ളം കയ്യില്‍ വെച്ച് ഒരു മരത്തിന്റെ ദണ്ഡ് കൊണ്ട് ഉരയ്ക്കുമ്പോള്‍ ഒരു പ്രത്യേക ശബ്ദം അത് വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് ഉച്ചസ്ഥായിയിലെത്തുന്നു.

 

spiti valley

 

ഇവിടെ നിന്നും നോക്കിയാല്‍ താഴെ കൃഷിപ്പാടങ്ങളും അതിനോട് ചേര്‍ന്ന് സ്പിതി നദിയും അതിനപ്പുറം ഉയര്‍ന്ന മലനിരകളും അതില്‍ വെട്ടിയുണ്ടാക്കിയ റോഡുകളിലൂടെ ഉറുമ്പുകള്‍ പോലെ അരിച്ചുനീങ്ങുന്ന വാഹനങ്ങളും കാണാം. അതിലേയാണ് തലേ ദിവസം ഇവിടെയെത്തിയതും നാളെ പോകേണ്ടതും. തിരിച്ച് കാസയിലേക്ക് വരുമ്പോള്‍ ഹിമാലയന്‍ സാനുക്കളില്‍ സംഹാരതാണ്ഡവമാടിയ പ്രതിഭാസമായ മേഘ വിസ്‌ഫോടനം ഞങ്ങള്‍ നേരിട്ടു കണ്ടു. ക്യാമറകളിലും മൊബൈലുകളിലും ആ അപൂര്‍വ്വ ദൃശ്യം ഞങ്ങള്‍ പകര്‍ത്തി. അടുത്ത ദിവസം അതിരാവിലെ ഞങ്ങള്‍ കാസയില്‍ നിന്നും തിരിച്ചു. അവിചാരിതമായുണ്ടായ പ്രകൃതിക്ഷോഭങ്ങളെ തരണം ചെയ്ത് മണാലിയിലെത്തി. ഡല്‍ഹി വഴി കൊച്ചിയിലേക്ക്. 

 

ഈ യാത്രയില്‍ കൂടെ സഞ്ചരിച്ചിരുന്നവരില്‍ തൊണ്ണൂറു ശതമാനവും വിദേശികളായിരുന്നു. അവര്‍ മുഖ്യമായും ട്രെക്കിങ്ങിനും ഫോസില്‍ ശേഖരണത്തിനുമായാണ് വരുന്നത്. മലയാളികള്‍ അവിടെയെത്തുന്നത് അപൂര്‍വ്വമാണ്.