മഴതിളങ്ങുന്ന കുന്നുകള്‍. പച്ചനിറം തിരതല്ലുന്ന വയലേലകള്‍, തെങ്ങിന്‍തോപ്പുകള്‍. കന്യാകുമാരി ജില്ല അണിഞ്ഞൊരുങ്ങി വന്ന ഒരു യക്ഷി. നാഞ്ചിനാടിന്റെ ഹൃദയത്തിലൂടെ പ്രശസ്ത സാഹിത്യകാരന്‍ ജയമോഹന്റെ യാത്ര

 

ആറുകൊല്ലം മുമ്പ് അന്തരിച്ച കേരള ചരിത്രകാരനായ ത്രിവിക്രമന്‍ തമ്പി എന്റെ അയല്‍ക്കാരനായിരുന്നു. തെക്കന്‍ തിരുവിതാംകൂറിന്റെ ചരിത്രമാണ് അദ്ദേഹത്തിന്റെ തട്ടകം. തെക്കന്‍ പാട്ടുകള്‍ സമാഹരിക്കുന്നതിനായി ഒരു ജീവിതകാലം ചെലവാക്കിയിട്ടുണ്ട്.

 

തെക്കന്‍പാട്ടുകളില്‍ നല്ലൊരു ഭാഗം യക്ഷികളെ പറ്റിയാണ്. ഞാനൊരിക്കല്‍ ചോദിച്ചു: ''എന്തുകൊണ്ടാണ് ഇത്രയും യക്ഷിക്കഥകള്‍'' എന്ന്. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ''അതു പിന്നെ മണ്ണ് അങ്ങിനെയല്ലെ. മരിച്ചവര്‍ക്ക് ജീവിക്കാന്‍ ഇതുപോലൊരു ഭൂമി വേറെയുണ്ടോ?'' 

 


 
Kanyakumari 2

 

തെക്കന്‍ തിരുവിതാംകൂറിന്റെ മിക്ക ഭാഗവും ഇപ്പോള്‍ തമിഴ്‌നാട്ടിലാണ് -കന്യാകുമാരി ജില്ല. ഇഴഞ്ഞ് പോകുന്ന അട്ടയുടെ വാല് വെട്ടികളഞ്ഞാല്‍ ആ കഷണം ഉടലിനെ തന്നെ കുറേദൂരം പിന്തുടര്‍ന്ന് പോകും. 1956ല്‍ ഐക്യകേരളം ജനിച്ചപ്പോള്‍ തെക്കന്‍ തിരുവിതാംകൂറിനെ മുറിച്ച് തമിഴ്‌നാട്ടിലേക്ക് ചേര്‍ത്തു. കുറേദൂരം ഉടലിന്റെ പിന്നാലെ ചലിച്ചിട്ട് തെക്കന്‍ തിരുവിതാംകൂര്‍ നിന്നു. തമിഴ്‌നാട്ടില്‍ ചേര്‍ന്നതുമില്ല. ഇന്ന് വളരെയേറെ സാംസ്‌കാരിക സ്വത്വം ഉള്ള ഒരു മണ്ണായി ഇത് നിലകൊള്ളുന്നു.


 
തമിഴ് സാഹിത്യത്തില്‍ വളരെയേറെ സംഭാവനകള്‍ ചെയ്യുന്ന നിലമാണിത്. കവിമണി ദേശിക വിനായകം പിള്ള മുതല്‍ ഇന്ന് കുമാരശെല്‍വ വരെ നാലു തലമുറയില്‍പ്പെട്ട എഴുത്തുകാര്‍ ഇവിടെയുണ്ട്. ഓരോരുത്തര്‍ക്കും അവരുടേതായ ശൈലിയും ജീവിതവും ഉണ്ട്. അത്രയേറെ വൈവിധ്യങ്ങളും ആഴങ്ങളും ഉള്ള നാടാണ് നാച്ചില്‍നാട് -കൈവിട്ട് പോയ കേരളം.


 
തമിഴ്‌നാട്ടില്‍ സംഘകാല രാജാക്കന്‍മാരെ പറ്റിയുള്ള ശിലാലിഖിതങ്ങളും മറ്റും വളരെ വൈകിയാണ് കിട്ടിയത്. എന്നാല്‍ അരനൂറ്റാണ്ടിന് മുന്‍പ് തന്നെ സംഘകാല മന്നനായ ആയ് അണ്ടിരന്റെ ശിലാലിഖിതം ഇവിടെ കിട്ടുകയുണ്ടായി. സംഘകാലം മുതല്‍ ഇന്നുവരെയുള്ള തെക്കന്‍ തിരുവിതാംകൂറിന്റെ ചരിത്രം ഏതാണ്ട് മുഴുവനായി തന്നെ എഴുതപ്പെട്ടിട്ടുണ്ട്. എന്റെ സുഹൃത്തും ചരിത്രകാരനുമായ ആ.കാ. പെരുമാള്‍ തെന്‍കുമരിയിന്‍ കഥ എന്ന കൃതിയായി അത് സമാഹരിച്ചിട്ടുണ്ട്. ഇത്ര തുടര്‍ച്ചയായി ഒരു സ്ഥലത്തിന്റെ ചരിത്രവും രചിക്കപ്പെട്ടിട്ടില്ല.


 
കൊട്ടാരത്തില്‍ പാച്ചുമൂത്തത്, കവിമണി ദേശികവിനായകം പിള്ള തുടങ്ങിയ ചരിത്രകാരന്‍മാരുടെ ഒരു നിര തന്നെ ഇവിടെയുണ്ടായിരുന്നു. മഴ, ലോക്കസ്റ്റുകളെ ഉണര്‍ത്തിവിടുന്നത് മാതിരി ചരിത്രപഠനവും സാഹിത്യവും ചേര്‍ന്ന് ഇവിടുത്തെ യക്ഷികളെ ഉണര്‍ത്തി. തമ്പി പറഞ്ഞതു പോലെ, യക്ഷികള്‍ക്കുള്ള മണ്ണാണിത്. ഇപ്പോഴും പകുതിഭാഗം കാടാണ്. നാഗര്‍കോവില്‍ നഗരത്തില്‍ നിന്ന് വെറും അഞ്ച് കിലോമീറ്റര്‍ നടന്നാല്‍ പുലി വാഴുന്ന കാട്ടില്‍ എത്താം. എന്റെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ നടന്നാല്‍ മതി. മഴതിളങ്ങുന്ന കുന്നുകള്‍. പച്ചനിറം തിരതല്ലുന്ന വയലേലകള്‍, തെങ്ങിന്‍തോപ്പുകള്‍. കന്യാകുമാരി ജില്ല തന്നെ അണിഞ്ഞൊരുങ്ങിവന്ന ഒരു യക്ഷി.


 
Kanyakumari 3

 

രണ്ട് മഴക്കാലം ഉള്ളത് കൊണ്ടാണ് ഈ മണ്ണ് ഇങ്ങിനെ ആയത്. ഡിസംബറിലാണ് വലിയ മഴക്കാലം. ജൂലായില്‍ ചെറിയ മഴക്കാലം. ആഗസ്ത് അവസാനം വരെ ചാറല്‍മഴ ഉണ്ടാവും. ആനിയാടിചാരല്‍ എന്നാണ് ഇതിനെ പറയുക. ആനി, ആടി രണ്ടും തമിഴ്മാസങ്ങള്‍. ഈ ചാരല്‍മഴ വാഴയ്ക്ക് വളരെ നല്ലതാണ്. ജൂണില്‍ വാഴ നട്ടാല്‍ ഒരു തുള്ളി വെള്ളം പോലും കോരാതെ കുല വെട്ടാം.


 
കന്യാകുമാരി ജില്ലയില്‍ ഏത് ചെറിയ മുറുക്കാന്‍ കടയില്‍ പോലും പത്ത് പതിനഞ്ച് പഴക്കുലകള്‍ തൂങ്ങുന്നത് കാണാം. ഇവിടെ സാധാരണയായി ദിവസവും കടകളില്‍ കിട്ടുന്നത് തന്നെ പതിനാറ് ഇനം വാഴപ്പഴങ്ങളാണ്. ഇത്രയേറെ പഴങ്ങള്‍ മറ്റൊരു സ്ഥലത്തും ഞാന്‍ കണ്ടിട്ടില്ല. ഇവയില്‍ മട്ടി എന്ന ചെറിയ മഞ്ഞ നിറമുള്ള വാഴപ്പഴം ഈ മണ്ണില്‍ മാത്രം വിളയുന്നതാണ്. പണ്ട് തമിഴ്‌നാട്ടില്‍ നിന്ന് ചിലര്‍ വന്ന് രഹസ്യമായി ഇവിടെ അന്വേഷണം നടത്തി, മട്ടിവാഴയുടെ കന്നുകള്‍ അങ്ങോട്ടു കൊണ്ടുപോയി എന്ന വാര്‍ത്ത കേട്ടപ്പോള്‍ മഹാരാജാ സ്വാതിതിരുനാള്‍ പറഞ്ഞുവത്രെ- 'അവര്‍ക്ക് ആനി ആടി ചാരലിനെ കൊണ്ട് പോകാന്‍ കഴിയില്ലല്ലോ'. ഒരാള്‍ക്കും കൊണ്ട് പോകാന്‍ കഴിയാത്ത തിരുവിതാംകൂറിന്റെ മധുരമാണ് മട്ടിപ്പഴത്തില്‍ ഉള്ളത്.


 
അമ്മച്ചി പറയാറുണ്ട് 'ഓണത്തിന് ഉണ്ണിയെ കാണണം. വിഷുവിന് പെണ്ണിനെ കാണണം' എന്ന്. ഓരോന്നും സുന്ദരമാകാന്‍ ഓരോ മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. തെക്കന്‍ തിരുവിതാംകൂറിനെ മഴയില്‍ വേണം കാണാന്‍. ഇളമഴയുടെ കാലത്ത് സൗമ്യയായ സുന്ദരി. തോടുകളില്‍ ചുവന്ന ചേല പോലെ വെള്ളം പുളയുന്നത് കാണാം. കുന്നുകളില്‍ മേഘങ്ങള്‍ പൊഴിഞ്ഞ് കിടക്കും. പത്മനാഭപുരത്തും തൊട്ടടുത്തും ഉള്ള കോട്ടകളില്‍ പച്ചപ്പുല്ലിന്റെ ചര്‍മം രോമാഞ്ചമണിയും. ഇളവെയില്‍ നിറയെ കസവ് തൂക്കിയിട്ടത് പോലെ ചാറല്‍മഴ നിന്ന് തിളങ്ങും. 


 
Kanyakumari 4

 

വന്‍മഴക്കാലത്ത് കന്യാകുമാരി ജില്ല മറ്റൊരു കാഴ്ചയാണ്. രോഷാകുലയായ പുഴകള്‍. വെള്ളച്ചാട്ടങ്ങള്‍ അണിഞ്ഞ മലകള്‍. ഇരുണ്ട് മൂടിയ വാനത്തില്‍ മിന്നലിന്റെ വാള്‍പ്പോര്. കുളിച്ച ആന പോലെ കുന്നുകള്‍. പൊതുവേ ഇവിടെ മഴക്കാലത്ത് അധികമാളുകള്‍ വരാറില്ല. പക്ഷെ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാലം അതാണ്.


 
ചരിത്ര ചിഹ്നങ്ങള്‍ കൊണ്ട് നിറഞ്ഞ മണ്ണാണ്. കന്യാകുമാരി ഭഗവതിയെ എല്ലാ മലയാളികളും അറിയും. എന്നാല്‍ കന്യാകുമാരിയില്‍ ഉള്ളത് ഭഗവതി അല്ല. മറ്റേതോ ദൈവമാണ്. പണ്ട് കടലില്‍ മുങ്ങിപോയ കുമരിനിലം എന്ന പുരാതന തമിഴ്‌നാട്ടില്‍ ജനങ്ങള്‍ തൊഴുതിരുന്ന കന്യക ദൈവമാണ്. കുമരി ദൈവം എന്നും പറയും. ചിലപ്പതികാരത്തില്‍ ചില കുറിപ്പുകള്‍ ഉണ്ട്. ദേവിയെ പറ്റി മറ്റൊന്നും ഇന്നാര്‍ക്കും അറിയില്ല. മലയഭുജ പാണ്ഡ്യന്റെ മകളായി ദേവി ജനിച്ചു എന്ന കഥ പതിനേഴാം നൂറ്റാണ്ടില്‍ ഉണ്ടായതാണ്. ഇപ്പോഴുള്ള കോവില്‍ പത്താം നൂറ്റാണ്ടില്‍ പാണ്ഡ്യമന്നന്‍ പണിയിച്ചത്. അതിന് മുമ്പ് കടലിന്റെ ഉള്ളില്‍ ഒരു ചെറിയ കോവിലാണ് ഉണ്ടായിരുന്നത്. 

 

 

Kanyakumari 5

 

തൊട്ട് അടുത്തുണ്ട് ശുചീന്ദ്രം. ശിവിന്താരം എന്നാണ് ശരിക്കുള്ള പേര്. ശിവഇന്ത്രം. കെ.കെ. പിള്ള ഈ ഒറ്റ ക്ഷേത്രത്തെ പറ്റി ആയിരം പുറങ്ങള്‍ ഉള്ള മഹാകൃതി രചിച്ചിട്ടുണ്ട്. പാണ്ഡ്യ കാലഘട്ടം, ചോഴകാലഘട്ടം, ചേരകാലഘട്ടം എന്ന് മൂന്ന് ചരിത്രകാലങ്ങളുടെ ശിലാമുദ്രയാണ് ഈ മഹാദേവക്ഷേത്രം. മൂവായിരത്തിലേറെ ശിലാലിഖിതങ്ങളും ഇവിടെയുണ്ട്.


 
പിന്നെ പത്മനാഭപുരം. അടുത്ത് തന്നെ തിരുവിതാംകോട്. കുറേ കഴിഞ്ഞാല്‍ മുഞ്ചിറ. അതിന്റെയടുത്ത് പുരാതനമായ വേദപാഠശാല ഉണ്ടായിരുന്നു. പാര്‍ഥിവശേഖരപുരം. ചുരുങ്ങിയത് ഒരു മാസം ഉണ്ടെങ്കിലേ ഈ നാടിനെ ഒന്ന് കണ്ട് തീര്‍ക്കാനാവൂ.


 
എന്റെ സുഹൃത്തും കവിയുമായ പ്രേം ഒരിക്കല്‍ പത്മനാഭപുരത്ത് വന്നു. കോട്ടയുടെ മീതെ നിന്ന് ചുറ്റും അലതല്ലിയ പച്ചപ്പ് കണ്ടു നിന്നിട്ട് പറഞ്ഞു. എത്ര മനോഹരമായ പച്ച.. എത്ര മനോഹരമായ പച്ച... എത്ര ഐശ്വര്യം... ഇത് പിടിച്ചടക്കുവാനും വാഴുവാനും എത്ര ചോര ഒഴുകിയിട്ടുണ്ടാവും ഒരു ദലിത് കവിയുടെ ചിന്തയാണത്. ആ ചോരയില്‍ നിന്നാണ് തമ്പി ജീവിതം പെറുക്കിച്ചേര്‍ത്ത മുഴുവന്‍ യക്ഷിക്കഥകളും ഉണ്ടായത്.