വാക്കുകള്‍കൊണ്ട് ചരിത്രത്തിന്റെ താളുകളിലേക്ക് സന്ദര്‍ശകരെ ഗൈഡ് ആകര്‍ഷിക്കുന്നു. മനസ്സ് ഭക്തികൊണ്ട് തുടിക്കുന്ന നിമിഷങ്ങള്‍. 

 

ഹിമാചല്‍പ്രദേശിലെ കാംഗ്ര താഴ്‌വര സന്ദര്‍ശിക്കുമ്പോള്‍ അതാണ് അനുഭവം. ഒന്‍പതോളം ക്ഷേത്രങ്ങളും കരിങ്കല്ലില്‍ കൊത്തിവെച്ച പ്രകൃതിയുടെ കവിതപോലെ പ്രകൃതിസൗന്ദര്യത്തിന്റെ മാസ്മര വലയങ്ങള്‍ മനസ്സിനെ ഭ്രമിപ്പിക്കും.

 

kangra

 

കാംഗ്ര- മരതകപ്പട്ടിന്റെ താഴ്‌വര. ഹിമാചല്‍പ്രദേശിലെ മറക്കാനാവാത്ത അനുഭവങ്ങളില്‍ ഒന്നാണത്. വളഞ്ഞുപിരിഞ്ഞുപോകുന്ന റോഡിലൂടെ, ചിലപ്പോള്‍ ബസ്സ് കുത്തനെ കയറുന്നതുപോലെ. ചിലപ്പോള്‍ ശ്വാസം അടക്കിപ്പിടിക്കും. കാരണം താഴേക്ക് നോക്കിയാല്‍ അഗാധത.

 

കാംഗ്രയില്‍ എപ്പോള്‍ എത്തും? അല്പം പുഞ്ചിരിയോടെ കണ്ടക്ടര്‍ പറഞ്ഞു: ഒന്‍പത് മണിക്കൂര്‍ വേണം!

 

kangra

 

സമയം പോകുന്നത് അറിയില്ല. അദ്ദേഹം പറഞ്ഞു. വഴിനീളെ പ്രകൃതിസൗന്ദര്യം തുടികൊട്ടും. മനസ്സില്‍ സംഗീതം. ആര്‍ക്കും വാക്കുകള്‍കൊണ്ട് ഇത് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അനുഭവിക്കണം - കണ്ടക്ടര്‍ വാചാലനായി.

 

ഡല്‍ഹിയില്‍നിന്ന് 468 കിലോമീറ്റര്‍ ദൂരമുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും ടൂറിസ്റ്റ് ബസ്സുകളും നിരവധിയുണ്ട്. താഴ്‌വരയില്‍ ഇടയ്ക്കിടക്ക് തേയിലത്തോട്ടങ്ങള്‍ കാണാം. അസമിലും കേരളത്തിലും മാത്രമല്ല തേയിലത്തോട്ടങ്ങള്‍. ബ്രിട്ടീഷുകാര്‍ ഭരിച്ച കാലത്താണ് ഹിമാചലിലും തേയിലകൃഷി തുടങ്ങിയത്. അതിന്റെ സ്മരണ ഉയര്‍ത്തുന്ന ഒരു ചായക്കട കാംഗ്ര ബസ്സ്റ്റാന്റിന് സമീപം കാണാം. ടൂറിസത്തിന് പ്രാധാന്യം നല്‍കുന്ന ചായക്കട. ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആവി പറക്കുന്ന ചായ. 'സുലൈമാനി' അല്ലെന്നുമാത്രം. സുഖകരമായ കാറ്റില്‍ ചായ ആസ്വദിച്ചു കുടിച്ചു.

 

kangra

 

കാംഗ്രയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കരിങ്കല്ലില്‍ പണിതീര്‍ത്ത കാംഗ്ര കോട്ട കാണാം. ഇവിടെ കോട്ട ചുറ്റിനടന്ന് കാണുമ്പോള്‍ കടുത്ത വേനലില്‍പ്പോലും കാറ്റിന് കുളിര്‍മയുള്ളതുപോലെ തോന്നും. കല്ലില്‍ സൂക്ഷ്മമായ കൊത്തുപണികള്‍ കോട്ടയില്‍ കാണാം.

 

2400 അടി ഉയരത്തിലാണ് കോട്ട. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും കോട്ട കാണാന്‍ ടൂറിസ്റ്റുകള്‍ എത്തുന്നു. രജപുത്ര രാജവംശത്തിലെ ഭരണാധികാരികളാണ് കോട്ട നിര്‍മിച്ചത്. അതിപ്രാചീനമായതാണ് കോട്ടയെന്ന് കരുതുന്നു. കാരണം അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തന്റെ സഞ്ചാരക്കുറിപ്പുകളില്‍ കാംഗ്ര കോട്ടയെക്കുറിച്ച് പറയുന്നുണ്ട്. മഹാഭാരതത്തില്‍ ഈ കോട്ടയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ഒരുപക്ഷേ, ഇന്ത്യയില്‍തന്നെ ഏറ്റവും പഴക്കം ചെന്നതാണ് കാംഗ്ര കോട്ട എന്ന് കരുതപ്പെടുന്നു. ഇന്ത്യ ആക്രമിച്ച മഹ്മൂദ് ഗസ് നി 1099-ല്‍ കോട്ട പിടിച്ചെടുത്തതായി പറയപ്പെടുന്നു.

 

kangra

 

മുഹമ്മദ് ബിന്‍ തുഗ്ലക്കും പിന്നീട് ഫിറോസ് ഷാ തുഗ്ലക്കും കോട്ട തുടര്‍ന്ന് കീഴ്‌പ്പെടുത്തി. മുഗള്‍ ഭരണകാലത്ത് ജഹാംഗീര്‍ ചക്രവര്‍ത്തിയും കോട്ടയുടെ ആധിപത്യം ഉറപ്പിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. ബ്രിട്ടീഷ് ഭരണകാലത്തും കോട്ടയ്ക്കുവേണ്ടി പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. 1905-ല്‍ ഹിമാചല്‍പ്രദേശിലുണ്ടായ ഭൂകമ്പത്തില്‍ കോട്ടയ്ക്ക് കേടുപാടുകള്‍ ഉണ്ടായി.

 

അവ ബ്രിട്ടീഷ് പട്ടാളമേധാവികളുടെ മേല്‍നോട്ടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. പ്രശസ്തമായ ദേവിവജ്രേശ്വരി ക്ഷേതം ഉള്‍പ്പെടെ ഒന്‍പത് ക്ഷേത്രങ്ങള്‍ കാംഗ്രയിലുണ്ട്. ചാമുണ്ടി ക്ഷേത്രവും സന്ദര്‍ശകരെക്കൊണ്ട് നിറയും.

 

kangra

 

കാംഗ്ര ബസ്സ്റ്റാന്റില്‍നിന്നും കോട്ടയിലേക്ക് ബസ് സര്‍വീസുണ്ട്. കൂടാതെഓട്ടോറിക്ഷകളും സുലഭം. ദലൈലാമ താമസിക്കുന്ന ധര്‍മസ്ഥലയില്‍ എത്താന്‍ കാംഗ്രയില്‍നിന്നും രണ്ട് മണിക്കൂര്‍ യാത്രചെയ്യണം.