ഹരിപ്പാട്: പെട്ടിക്കട നടത്തി ജീവിക്കാനും പഠിക്കാനുമുള്ള വഴി കണ്ടെത്തുന്ന സ്‌നേഹ എസ്. നായര്‍ ഇനി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്. കെ.എസ്.യു.വിന്റെ അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് സ്‌നേഹ. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രനടയിലാണ് സ്‌നേഹ പെട്ടിക്കട നടത്തുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയാണ്. അവിടെ കെ.എസ്.യു. നേതാവായും പ്രവര്‍ത്തിക്കുന്നു.

കോളേജിലും ഹരിപ്പാട്ടും കെ.എസ്.യു.വിന്റെ സമരമുഖങ്ങളിലെ പ്രധാനിയാണ് സ്‌നേഹ. സ്‌നേഹയുടെ ജീവിതത്തെപ്പറ്റി ലോക വനിതാദിനത്തില്‍ 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അച്ഛന്റെ മരണശേഷം അമ്മയുമായി വാടകവീട്ടില്‍ താമസിക്കുന്ന സ്‌നേഹ പെട്ടിക്കടയില്‍നിന്നുള്ള വരുമാനംകൊണ്ടാണ് ജീവിക്കുന്നത്.

നാരങ്ങാവെള്ളവും മിഠായിയും വില്‍ക്കുന്ന ചെറിയ കടയാണ് സ്‌നേഹയുടേത്. കാര്യമായ വരുമാനമില്ല. എങ്കിലും ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുന്നു. സ്‌നേഹ രാവിലെ കോളേജില്‍ പോയിക്കഴിഞ്ഞാല്‍ അമ്മയ്ക്കാണ് കടയുടെ ചുമതല. വൈകുന്നേരം ആറുമണിയോടെ മടങ്ങിവന്നുകഴിഞ്ഞാല്‍ രാത്രി എട്ടുവരെ സ്‌നേഹ കടനോക്കും.

ഹരിപ്പാട് അമ്പലത്തിലെ വിശേഷദിവസങ്ങളില്‍ സ്‌നേഹ പഠനത്തിന് അവധി കൊടുക്കും. നല്ലകച്ചവടം കിട്ടുന്ന ദിവസങ്ങളില്‍ സ്‌നേഹ മുഴുവന്‍ സമയവും കടയിലുണ്ടാകും. കോളേജിലെയും പെട്ടിക്കടയിലെയും തിരക്കുകള്‍ക്കിടയില്‍ സ്‌നേഹ കലാരംഗത്തും സക്രിയമാണ്. മമ്മൂട്ടിയും ദിലീപും നായകന്മാരായ സിനിമകളില്‍ ചെറുതല്ലാത്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചാനലുകളിലെ കോമഡി പരിപാടികളിലെ താരവുമാണ്.

കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്‌നേഹയെ അഭിനന്ദിക്കാന്‍ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരും നാട്ടുകാരും ഞായറാഴ്ച ഹരിപ്പാട് അമ്പലനടയിലെ പെട്ടിക്കടയില്‍ എത്തിയിരുന്നു.