മൊഹാലിയിലെ നോര്‍ത്തേണ്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബിരുദവും നേടി സ്വന്തമായി ബുട്ടികും തുടങ്ങി ഫാഷന്‍ ഡിസൈനറെന്ന നിലയില്‍ പ്രശസ്തയായിരുന്നു ശ്വേത തൊമാര്‍. 2015 വരെ തുടര്‍ന്നുവന്ന നിലയില്‍ മുന്നോട്ട് പോയിരുന്നെങ്കില്‍ ഒരുപക്ഷേ,ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാകുമായിരുന്നു ശ്വേത. എന്നാല്‍, ആ ഹൈ ഫൈ കരിയര്‍ ഉപേക്ഷിച്ച് മറ്റൊരു വഴിയിലേക്ക് തിരിയാനായിരുന്നു അവളുടെ തീരുമാനം.

2015ല്‍ വിവാഹശേഷമാണ് ശ്വേതയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവുണ്ടായത്. ഡെഹ്‌റാഡൂണില്‍ നിന്ന് ബംഗളൂരുവിലേക്ക് നവദമ്പതികള്‍ താമസം മാറി. അവിടെ തന്റെ ബുട്ടീക് തുടങ്ങുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കുകയായിരുന്ന ശ്വേത യാദൃശ്ചികമായി താമസസ്ഥലത്തിനടുത്തുള്ള ഒരു ആട് ഫാം സന്ദര്‍ശിക്കാനിടയായി. പിന്നെയുള്ള ദിവസങ്ങളില്‍ ശ്വേത ഇവിടുത്തെ സ്ഥിരം സന്ദര്‍ശകയായി.

shwetha

ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തീരുമാനം ശ്വേത ഭര്‍ത്താവ് റോബിന്‍ സ്മിത്തിനെ അറിയിച്ചു. ബുട്ടീക്കല്ല ആട് ഫാമാണ് താന്‍ തുടങ്ങാന്‍ പോവുന്നതെന്ന്. ആശയം കേട്ട റോബിന് പൂര്‍ണസമ്മതം. നഗരത്തില്‍ ആട് ഫാം തുടങ്ങാന്‍ ശ്വേതയ്ക്ക് താല്പര്യമില്ലായിരുന്നു. അങ്ങനെ ഗ്രാമത്തില്‍ ആട് ഫാം ആരംഭിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഡെഹ്‌റാഡൂണില്‍ തനിക്ക് പാരമ്പര്യമായി ലഭിച്ച സ്ഥലത്ത് ആട് ഫാം തുടങ്ങി.

യുവാക്കള്‍ക്ക് ജോലി ചെയ്ത് ജീവിക്കാന്‍ ഗ്രാമം വിട്ട് നഗരത്തിലേക്ക് പോവണമെന്നില്ലെന്ന സന്ദേശം ഗ്രാമവാസികള്‍ക്ക് പകരുകയായിരുന്നു ശ്വേതയുടെ ലക്ഷ്യം. ആദ്യമൊക്കെ എല്ലാവര്‍ക്കും ഞെട്ടലോ അത്ഭുതമോ ഒക്കെയായിരുന്നു ശ്വേതയുടെ തീരുമാനം.

shweta


തുടക്കത്തില്‍ നിരവധി പ്രതിസന്ധികളാണ് ശ്വേതയ്ക്ക് തരണം ചെയ്യേണ്ടി വന്നത്. ആട് ഫാം എന്ന ആശയം തന്നെ ആ ഗ്രാമത്തിലാരും ചിന്തിച്ചുതുടങ്ങിയിട്ടില്ലായിരുന്നു. അതുകൊണ്ട് ഈ രീതിയെ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കുമെന്നതായിരുന്നു ആദ്യ കടമ്പ. വനാതിര്‍ത്തിയിലാണ് ശ്വേതയുടെ ഫാം എന്നതായിരുന്നു മറ്റൊരു പ്രശ്‌നം. കാട്ടുമൃഗങ്ങള്‍ ആടുകളെ പിടികൂടാന്‍ സാധ്യതയുണ്ട്. അതിനെ മറികടക്കാന്‍ വേണ്ട പ്രതിരോധങ്ങളും സ്വീകരിക്കേണ്ടി വന്നു.

250 ആടുകളുമായാണ് ശ്വേത തന്റെ ഫാം തുടങ്ങിയത്. 2016 സെപ്തംബറിലാണ് പ്രേം അഗ്രോ ഫാം പ്രവര്‍ത്തനം ആരംഭിച്ചത്. 3000 ചതുരശ്ര അടിയാണ് ഫാമിന്റെ വിസ്തീര്‍ണം. സിസിടിവി ക്യാമറകള്‍, മികച്ച സൗകര്യങ്ങള്‍, ആട്ടിന്‍കാട്ടവും മൂത്രവും യഥാസമയം നീക്കം ചെയ്ത് ഫാം വൃത്തിയായി സൂക്ഷിക്കാനുള്ള സാങ്കേതിക സംവിധാനം എന്നിവയെല്ലാം ഫാമില്‍ ഒരുക്കിയിട്ടുണ്ട്.

shwe

നാടന്‍ ഇനം ആടുകളാണ് ശ്വേതയുടെ ഫാമിലുള്ളത്. പ്രകൃദിദത്ത രീതിയില്‍ മാത്രമാണ് ബീജസങ്കലനം നടത്തുന്നത്. ഫാമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആട് കൃഷിയെക്കുറിച്ചും താല്പര്യമുള്ളവര്‍ക്ക് ക്ലാസ്സുകള്‍ എടുക്കാനും ശ്വേത സമയം കണ്ടെത്തുന്നു. ആട് കൃഷിയില്‍ താല്പര്യമുള്ള ആര്‍ക്കും എട്ട് മുതല്‍ പത്ത് ലക്ഷം രൂപ മുതല്‍മുടക്കില്‍ ആട് ഫാം തുടങ്ങാനാവുമെന്ന് ശ്വേത പറയുന്നു. ഏറ്റവും പ്രധാനം നിങ്ങള്‍ക്കതില്‍ താല്പര്യവും മൃഗങ്ങളോട് സ്‌നേഹവും വേണമെന്നതാണ് എന്നും ശ്വേത ഉറപ്പിച്ചു പറയുന്നു.

ചെറുകിട കര്‍ഷകര്‍ക്കാണ് ശ്വേത ആടുകളെ വില്‍ക്കുന്നത്. കശാപ് ശാലകള്‍ക്ക് ആടുകളെ നല്കില്ലെന്ന് ശ്വേത തീരുമാനിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 3 മുതല്‍ നാല് ലക്ഷം രൂപ വരെ വരുമാനം ആട് വളര്‍ത്തലിലൂടെ ശ്വേതയ്ക്ക് ലഭിക്കുന്നു.

ഫാമിനോടനുബന്ധിച്ച് പച്ചക്കറിക്കൃഷിയും ആരംഭിച്ചിട്ടുണ്ട് ഈ പഴയ ഫാഷന്‍ ഡിസൈനര്‍.

കടപ്പാട്: ബെറ്റര്‍ ഇന്ത്യ