താനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൂരദര്‍ശന്‍, ശാസ്ത്രലോകത്തെ അദ്ഭുതമായ ഡോ. ശകുന്തളാദേവിയുമായി കോളേജ് വിദ്യാര്‍ഥികള്‍ നടത്തുന്ന ഒരു ചോദ്യോത്തര മത്സരം സംപ്രേഷണം ചെയ്യുകയുണ്ടായി. വിദ്യാര്‍ഥികള്‍ നല്‍കിയ എല്ലാ ചോദ്യങ്ങള്‍ക്കും സെക്കന്‍ഡുകള്‍ക്കുള്ളില്‍ മറുപടി നല്‍കി അവര്‍ എല്ലാവരെയും ഞെട്ടിച്ചു.

ഡോ. ശകുന്തളാദേവിയെ ലോകം വിളിക്കുന്നത് 'മനുഷ്യ കംപ്യൂട്ടര്‍' എന്നാണ്. ബെംഗളൂരുവിലെ ബ്രാഹ്മണകുടുംബത്തില്‍ 1929 നവംബര്‍ 4നാണ് ശകുന്തള ജനിച്ചത്. സര്‍ക്കസ് കലാകാരനായ നാനാക്ചന്ദ് ഝേട്ടിയായിരുന്നു പിതാവ്. ബാല്യത്തിലേ സര്‍ക്കസ് കലാകാരിയായതിനാല്‍ സ്‌കൂള്‍ വിദ്യാഭ്യാസവും അവര്‍ക്ക് ലഭിച്ചില്ല. എങ്കിലും മൂന്നാം വയസ്സില്‍ത്തന്നെ ഗണിതശാസ്ത്രത്തിലെ സംഖ്യകളുമായി അടുപ്പം പുലര്‍ത്താന്‍ ശകുന്തളയ്ക്കായി. 1977ല്‍ അമേരിക്കയിലെ ഡാളസില്‍ ദൈര്‍ഘ്യമേറിയ ഒരു സംഖ്യയുടെ ഘനമൂല്യം കണക്കുകൂട്ടുന്നതില്‍ കംപ്യൂട്ടറിനോട് മത്സരിച്ച് ജയിച്ചതോടെയാണ് 'മനുഷ്യ 
കംപ്യൂട്ടര്‍' എന്ന് അറിയാന്‍ തുടങ്ങിയത്.

ഒരു വ്യക്തിയുടെ ജനനത്തീയതി ശകുന്തളയെ അറിയിച്ചാല്‍ നിമിഷങ്ങള്‍ക്കകം അത് ഏതു ദിവസമാണെന്ന് അവര്‍ പറയുമായിരുന്നു. അത് കേള്‍ക്കുന്നവരെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്യും. 2828 ഡിസംബര്‍ 19 ഏതു ദിവസമെന്ന് തിരക്കിയാലും ഉത്തരം റെഡി.

1980 ഒക്ടോബര്‍ 5ന് 'ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി' (ബി.ബി.സി.) ശകുന്തളയുമായി ഒരു അഭിമുഖം സംപ്രേഷണം ചെയ്തു. ബി.ബി.സി. തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കെല്ലാം അവര്‍ ശരിയായ ഉത്തരം നല്‍കി. അതിനെക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടത്, 'ശകുന്തള ജയിച്ചു, ബി.ബി.സി. തോറ്റു' എന്നായിരുന്നു.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന ഒരു മത്സരത്തില്‍ ശകുന്തളാദേവി ഒരു കംപ്യൂട്ടറിനെ തോല്പിച്ച സംഭവമുണ്ടായി. ന്യൂ സൗത്ത് വെയില്‍സിലെ പ്രസിദ്ധമായ 'ഉതകന്‍' (utakan) എന്ന കംപ്യൂട്ടറായിരുന്നു ശകുന്തളയുടെ മുഖ്യ പ്രതിയോഗിയായിരുന്നത്. 

അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞരായിരുന്ന ബാറി തോന്‍ടനും ജിസ് മാര്‍ട്ടുംകൂടി തയ്യാറാക്കിയ ചോദ്യാവലിയാണ് കംപ്യൂട്ടര്‍ മറുപടി പറയുന്നതിന് മുന്‍പുതന്നെ ഉത്തരം നല്‍കി ശകുന്തള വിജയിയായത്.1980 ജൂണ്‍ 18ന് ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ 13 അക്കങ്ങളുള്ള രണ്ട് സംഖ്യകളുടെ ഗുണനഫലം 28 സെക്കന്‍ഡിനുള്ളില്‍ മനസ്സില്‍ കണക്കുകൂട്ടിയെടുത്തത് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സ്ഥാനംപിടിക്കാന്‍ സഹായകമായി.

'പൂര്‍ണമായ കൊലപാതകം', 'സാമൂഹ്യശാസ്ത്രപഠനങ്ങള്‍', 'അക്കങ്ങള്‍ പഠിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം', 'നൃത്തം ചെയ്യുന്ന കഴുത', 'ഇന്ത്യന്‍ പുരാണങ്ങളിലെ ദേവന്മാരും ദേവിമാരും', 'നിങ്ങളെ വിഷമിപ്പിക്കുന്ന കടംകടഥകള്‍', 'ദശലക്ഷങ്ങളുടെ ഗണിതശാസ്ത്രം', 'കുട്ടികളുടെ കഥകള്‍' എന്നിവ പുസ്തകങ്ങളില്‍ ചിലതാണ്.