nashra

'അറേഞ്ച്ഡ് മാര്യേജ്' എന്ന പ്രതിസന്ധിഘട്ടത്തെ ആദ്യമായി നേരിടുമ്പോള്‍ നഷ്‌റ ബലംഗംവാല എന്ന പാകിസ്താനി പെണ്‍കുട്ടിക്ക് 18 വയസ്സായിരുന്നു പ്രായം. തനിക്ക് യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരാളുടെ കൂടെ ബാക്കിയുള്ള ജീവിതം ജീവിച്ചുതീര്‍ക്കാന്‍ അവള്‍ തയ്യാറല്ലായിരുന്നു. വിവിധ കാരണങ്ങളുണ്ടാക്കി അവള്‍ വിവാഹം മുടക്കി. സ്വന്തം ജീവിതം സ്വന്തം തീരുമാനമെന്നുറപ്പിച്ച് എത്രയും വേഗം നാട് വിടുകയാണ് പിന്നെയവള്‍ ചെയ്തത്.

ആറ് വര്‍ഷത്തിന് ശേഷം 'അറേഞ്ച്ഡ്' എന്ന പേരില്‍ ഗെയിം നിര്‍മിച്ച് ശ്രദ്ധേയയായിരിക്കുകയാണ് ഈ പെണ്‍കുട്ടി. വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവളെ സഹായിച്ച ടെക്‌നിക്കുകളും വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിലൂടെ ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമൊക്കെ കൂട്ടിച്ചേര്‍ത്താണ് ഈ ഗെയിം തയ്യാറാക്കിയിരിക്കുന്നത്. ബോര്‍ഡ് ഗെയിം നിര്‍മാതാക്കളിലെ ഭീമന്മാരായ 'ഹാസ്‌ബ്രോ'യില്‍ ജോലി ചെയ്ത പരിചയമാണ് ഇങ്ങിനെയൊരു ഗെയിം നിര്‍മിക്കാന്‍ നഷ്‌റയ്ക്ക് സഹായകമായത്.

nashra

ആളുകളെ പറ്റിക്കാന്‍ വ്യാജ വിവാഹനിശ്ചയ മോതിരമണിഞ്ഞും തെരുവുകളില്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടും മുഖത്ത് വ്യാജ മുറിവുണ്ടാക്കിയുമൊക്കെയാണ് നഷ്‌റ തന്റെ വിവാഹം മുടക്കിയത്. അറേഞ്ച്ഡ് എന്ന ഗെയിമിലുമുണ്ട് ഇത്തരം സൂത്രപ്പണികളിലൂടെ രക്ഷപെടാനുള്ള അവസരങ്ങള്‍.

ഒരു സെറ്റ് കാര്‍ഡുകളും ഒരു ബോര്‍ഡും കുറേ കഥാപാത്രങ്ങളുമാണ് അറേഞ്ച്ഡ് ഗെയിമിലുള്ളത്. മൂന്നുപേര്‍ക്കാണ് ഒരേ സമയം ഗെയിമില്‍ പങ്കെടുക്കാനാവുക. തിരഞ്ഞെടുക്കുന്ന കാര്‍ഡിലെ നിര്‍ദേശമനുസരിച്ചാണ് കളിയ്‌ക്കേണ്ടത്. ജോലിയും കരിയറും വേണോ, നാല് ചുവട് മുന്നോട്ട് വയ്ക്കുക എന്നാണ് കാര്‍ഡിലെ നിര്‍ദേശമെങ്കില്‍ അനുവദിച്ചിരിക്കുന്ന വഴിയിലൂടെ മുന്നോട്ട് നീങ്ങണം. ഇങ്ങനെ പോവുന്ന വഴിയിലുണ്ടാവുന്ന പ്രതിസന്ധികളായാണ് കളിയിലെ കഥാപാത്രങ്ങളായ കല്ല്യാണച്ചെക്കന്മാരും ബന്ധുക്കളും ഒക്കെയെത്തുന്നത്. ഇവരെ എങ്ങനെ മറികടന്നു മുന്നോട്ട് പോവുമെന്നതാണ് കളിക്കാരെ കുഴക്കുക!!

nashra

പാകിസ്താനിലും ഇന്ത്യയിലുമുള്ള പെണ്‍കുട്ടികളില്‍ നിന്ന് നിരവധി അഭിനന്ദനങ്ങള്‍ നഷ്‌റയ്ക്ക് ലഭിച്ചു. ആദ്യമൊക്കെ വെറുമൊരു കളിയായി തോന്നുമെങ്കിലും നിരവധി ചോദ്യങ്ങളും ചര്‍ച്ചകളും മുന്നോട്ട് വയ്ക്കുന്ന ഗൗരവമുള്ള ഒന്നായി അറേഞ്ച്ഡ് മാറുന്നു എന്നാണ് നഷ്‌റയ്ക്ക് ലഭിച്ച പ്രതികരണം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹം എന്ന ആശയത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന രീതിയില്‍ ഗെയിമിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെന്നും നഷ്‌റ പറയുന്നു. എന്നാല്‍,അത് താന്‍ കാര്യമാക്കുന്നില്ലെന്നാണ് നഷ്‌റയുടെ നിലപാട്.

ഗെയിം ലോകത്തെ മാറ്റിമറിക്കുമെന്ന വിചാരമൊന്നും തനിക്കില്ല. പക്ഷേ, ഇതിലൂടെ ചെറിയ രീതിയിലെങ്കിലും ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കാനായെങ്കില്‍ അതല്ലേ ഏറ്റവും വലിയ കാര്യമെന്നും നഷ്‌റ ചോദിക്കുന്നു.