Thankamaniചെമ്പൂക്കാവ് ‘തുഷാര’ത്തിൽ സന്തോഷം ഓലപ്പീപ്പി ഊതിയാണ് ഇക്കുറി എത്തിയിരിക്കുന്നത്. തൃശ്ശൂർ ആകാശവാണിയുടെ സ്വന്തം എൻ. തങ്കമണിയെത്തേടി രണ്ടാമതായാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തുന്നത്. ക്രിഷ് കൈമൾ സംവിധാനം ചെയ്ത 'ഓലപ്പീപ്പി'യിൽ കാഞ്ചനയ്ക്ക് ശബ്ദം പകർന്നതിനാണ് രണ്ടാംതവണത്തെ അംഗീകാരം. 2001ൽ ബി. കണ്ണന്റെ ‘തീർത്ഥാടന’ത്തിൽ സുഹാസിനിയ്ക്ക് ശബ്ദം നൽകിയതിനായിരുന്നു ആദ്യത്തെ പുരസ്‌കാരം. എഴുപതിലെത്തിയപ്പോൾ ലഭിച്ച പുരസ്‌കാരം ശബ്ദസപര്യയ്ക്കുള്ള ആദരവ് തന്നെയായി. 

എൻ. തങ്കമണിയെപ്പറ്റി കേട്ടറിഞ്ഞാണ് സംവിധായകൻ ക്രിഷ് ഓലപ്പീപ്പിക്കായി ബന്ധപ്പെടുന്നത്.  എൺപത്താറുകാരിയായ കാഞ്ചനയ്ക്ക് അനായാസം ഭാവം പകർന്നു. മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം കാഞ്ചനയ്ക്കു ലഭിച്ചത് നേട്ടത്തിന് ഇരട്ടിമധുരമുണ്ടാക്കിയതായി തങ്കമണി പറയുന്നു. തീർത്ഥാടനത്തിന് സുഹാസിനിയ്ക്കും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. പുരസ്‌കാരം ലഭിക്കുന്നത് രണ്ടാംതവണയാണെങ്കിലും എന്നുമോർമിക്കുന്ന കുറേ കഥാപാത്രങ്ങൾക്കാണ് തങ്കമണി ശബ്ദം നൽകിയിട്ടുള്ളത്. 1972ൽ എം. വിൻസെന്റ് സംവിധാനം ചെയ്ത ‘തീർത്ഥയാത്ര’യ്ക്കാണ് ആദ്യമായി സ്വരം കൊടുത്തത്. നടി സുപ്രിയയ്ക്കു വേണ്ടിയായിരുന്നു അത്. ഡൽഹി ആകാശവാണിയിൽനിന്ന് അംഗീകാരം ലഭിക്കേണ്ടതിനാലും ഡബ്ബിങ്ങിനായി മദ്രാസിൽ പോകേണ്ടതിനാലും ഒരുപാട് അവസരങ്ങൾ അക്കാലത്ത് വേണ്ടെന്നു വെച്ചു. 

നിർമാല്യവും മുറപ്പെണ്ണുമൊക്കെ അങ്ങനെ ഉപേക്ഷിക്കേണ്ടി വന്നവയാണ്. ശ്രീദേവി (തുലാവർഷം), അർച്ചന (പിറവി), അശ്വിനി (സ്വം), മിനി നായർ ‍(ദേശാടനം, നിയോഗം), നിർമല (ഒരു ചെറുപുഞ്ചിരി), സുഹാസിനി (വാനപ്രസ്ഥം), ശാരദ (രാപകൽ) തുടങ്ങി ഒട്ടേറെ പേരുടെ ശബ്ദമായി. ഷാജി എൻ. കരുണിന്റെ കുട്ടിസ്രാങ്കിലും ശബ്ദം പകർന്നു. പതിറ്റാണ്ടുകളായി ശ്രോതാക്കൾക്ക് പരിചിതമായ ശബ്ദസൗകുമാര്യം ഇപ്പോഴും മേഖലയിൽ സജീവമാണ്. 2008-ൽ തൃശ്ശൂർ ആകാശവാണിയിൽനിന്ന് വിരമിച്ചെങ്കിലും കാഷ്വൽ അനൗൺസറായി ജോലി തുടരുന്നു. 1967ൽ കാഷ്വൽ അനൗൺസറായും 1974ൽ പ്രോഗ്രാം അനൗൺസറായും ആകാശവാണിയുടെ ഭാഗമായ എൻ. തങ്കമണി റേഡിയോ നാടകങ്ങളുടെ പ്രിയശബ്ദമായിരുന്നു. 

ദൂരദർശൻ, ആകാശവാണി പുരസ്‌കാരങ്ങളും സംഗീത നാടക അക്കാദമിയുടെ ബെസ്റ്റ് ബ്രോഡ്കാസ്റ്റർ പുരസ്‌കാരവുമൊക്കെ ആ ശബ്ദത്തിനുള്ള അംഗീകാരമായി. പി. ഭാസ്‌കരന്റെ ഗുരുവായൂർ മാഹാത്മ്യം ഡോക്യുമെന്ററി, സി. രാധാകൃഷ്ണന്റെ നിഴൽപ്പാടുകൾ നോവൽ കാസറ്റ്, അഷ്ടമൂർത്തിയുടെ കഥകൾ സി.ഡി. എന്നിവയ്ക്ക് ശബ്ദം നൽകിയതും മറ്റൊരനുഭവമയി.  മുത്തശ്ശിക്കഥകളുടെ സി.ഡി. പുറത്തിറക്കണമെന്ന ആഗ്രഹവും തങ്കമണിക്കുണ്ട്. സാമൂഹികപരിഷ്‌കർത്താവും സാഹിത്യകാരനുമായിരുന്ന എം.ആർ.ബി.യുടെയും ഉമ അന്തർജനത്തിന്റെയും മകൾക്ക് കലയും സാഹിത്യവും ചെറുപ്പത്തിലേ പ്രിയമായിരുന്നു. ഇന്ദിരാഗാന്ധിയുടെ മുന്നിൽ നൃത്തം അവതരിപ്പിച്ചതിന്റെ ഓർമകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പങ്കുവെച്ചത് എഴുത്തിലെ നല്ല ഒർമയായി എന്നും നിലനിൽക്കുന്നു. ബിസിനസുകാരനായിരുന്ന ഭർത്താവ് ശിവൻ മൂന്നുവർഷം മുമ്പ് മരിച്ചു. ഏക മകൻ ഹരി എറണാകുളത്താണ് താമസം.