തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്.എം. വിജയാനന്ദ് 31-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. വെള്ളിയാഴ്ച നളിനി നെറ്റോ ചുമതലയേല്‍ക്കും. സംസ്ഥാന ഭരണത്തലപ്പത്തെത്തുന്ന നാലാമത്തെ വനിതയാണ് നളിനി നെറ്റോ. പത്മാ രാമചന്ദ്രന്‍, നീല ഗംഗാധരന്‍, ലിസി ജേക്കബ് എന്നിവരാണ് ഇതിനുമുമ്പ് ചീഫ് സെക്രട്ടറിയായിട്ടുള്ളത്. നളിനി നെറ്റോയ്ക്ക് ഓഗസ്റ്റ് വരെ കാലാവധിയുണ്ട്.

1981 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ നളിനി നെറ്റോ തിരുവനന്തപുരം ജില്ലാ കളക്ടര്‍, സംസ്ഥാന ടൂറിസം ഡയറക്ടര്‍, നികുതി, സഹകരണ രജിസ്‌ട്രേഷന്‍, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഒമ്പതുവര്‍ഷം സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയിരുന്നു. സംസ്ഥാനത്ത് ആ സ്ഥാനത്തിരുന്ന ആദ്യ വനിതയുമാണ്. 2006-ലെയും 2011-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളും 2009-ലെയും 2014-ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളും നളിനി നെറ്റോയുടെ മേല്‍നോട്ടത്തിലായിരുന്നു. 2015-ല്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിതയായ നളിനി നെറ്റോ പിണറായിസര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.

രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയായ നളിനി നെറ്റോ, ഒരുവര്‍ഷത്തോളം തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജില്‍ അധ്യാപികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. വിജിലന്‍സ് ഡയറക്ടറായി വിരമിച്ച ഡെസ്മണ്ട് നെറ്റോ ആണ് ഭര്‍ത്താവ്. മകള്‍ അനിഷ നെറ്റോ ലണ്ടനില്‍ ഗവേഷണവിദ്യാര്‍ഥി.

നളിനിയുടെ പിതൃസഹോദരീപുത്രി ഗിരിജ വൈദ്യനാഥനാണ് ഇപ്പോള്‍ തമിഴ്‌നാട് ചീഫ്‌സെക്രട്ടറി. അടുത്ത ബന്ധുക്കള്‍ അയല്‍സംസ്ഥാനങ്ങളില്‍ ചീഫ്‌സെക്രട്ടറിമാരായെത്തുന്നു എന്ന അപൂര്‍വതയുമുണ്ട്.