mangalam

'വീട്ടുവാസലില്‍ കോലം പോട്ട്' കഴിഞ്ഞിരുന്ന മംഗളം ശ്രീനിവാസന്‍ എന്ന വീട്ടമ്മയ്ക്ക് ഫെയ്‌സ്ബുക്കിന്റെ സാധ്യതകൾ പോയിട്ട് ഫെയ്‌സ്ബുക്ക് അക്കൗണ്ട് എങ്ങനെ ഉപയോഗികകണമെന്ന് പോലും അറിയില്ലായിരുന്നു. ഇന്നു പക്ഷേ, ഈ വീട്ടമ്മ ഫെയ്‌സ്ബുക്കിലൂടെ ലോകത്തെമ്പാടുമുള്ള കലാപ്രേമികള്‍ക്ക് സുപരിചിതയാണ്. 

'മൈ മോംസ് ആര്‍ട്ട് ഗാലറി' എന്ന ഫെയ്‌സ്ബുക്ക് പേജാണ് മംഗളത്തിനെ പ്രശസ്തയാക്കിയത്. വെറുതെ ഒരു രസത്തിന് മംഗളം വരച്ചിരുന്ന കോലങ്ങളുടെ കാലപരമായ മേന്മ കണ്ടുവളര്‍ന്ന പെണ്‍മക്കളാണ് ഈ ഫെയ്‌സ്ബുക്ക് പേജിന് പിന്നില്‍. അമ്മയ്ക്ക് വരയോടുള്ള ഇഷ്ടവും രംഗോലിയും കോലവും തയ്യാറാക്കുന്നതിലുള്ള മികവും കണ്ട് വളര്‍ന്ന ഭാര്‍ഗവിയും ഐശ്വര്യയും അമ്മയുെട കലാവിരുതുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമായി ഫെയ്‌സ്ബുക്കിനെ മാറ്റി.

മംഗളത്തിന്റെ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ഫെയ്‌സ്ബുക്കില്‍ ലഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ വീട്ടമ്മയെത്തേടി അഭിനന്ദനപ്രവാഹമാണ്. കോലങ്ങള്‍ക്ക് പുറമേ തഞ്ചാവൂര്‍ പെയിന്റിംഗുകളും മംഗളം ചെയ്യുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ പാഠ്യപദ്ധതിയില്‍ ഭാഗമായാണ് മംഗളം തഞ്ചാവൂര്‍ പെയിന്റിങ് പഠിച്ചത്.

mangalam

മാര്‍ഗഴി മാസത്തിലെ ഓരോ ദിവസവും തങ്ങളെ കാത്തിരുന്ന ആ അത്ഭുതക്കാഴ്ച്ചകള്‍ ലോകമൊട്ടാകെ എത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ഭാര്‍ഗവിയും ഐശ്വര്യയും. ദിവസവും 12 മണിക്കൂര്‍ സമയം വരെ മംഗളം ഇപ്പോള്‍ ചിത്രരചനയ്ക്കായി ചെലവാക്കുന്നു. വിദേശരാജ്യങ്ങളിലൊന്നും മംഗളം യാത്രപോയിട്ടില്ല, പക്ഷേ മലേഷ്യ, അമേരിക്ക,ദുബായി തുടങ്ങിയിടത്തൊക്കെ മംഗളത്തിന് ആരാധകരുണ്ട്.

mangalam

അമ്മ സരോജാ കൃഷ്ണമൂര്‍ത്തിയില്‍ നിന്നാണ് മംഗളം കോലമെഴുത്ത് അഭ്യസിച്ചത്. അമ്മയാണ് മംഗളത്തിന്റെ പ്രചോദനം. പിന്തുണയുമായി ഭര്‍ത്താവും മക്കളും മരുമക്കളും പേരക്കുട്ടികളും മംഗളത്തിനൊപ്പമുണ്ട്. പ്രതീക്ഷിക്കാതെ എത്തിയ ഈ പ്രശസ്തിക്കുമപ്പുറം സര്‍ക്കാരില്‍ നിന്ന് ഒരു അവാര്‍ഡ് വാങ്ങണമെന്ന ഒരു ചെറിയ മോഹം ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട് മംഗളം.