jabna

'പുഴയിലെ മാലിന്യങ്ങള്‍ വൃത്തിയാക്കണമെങ്കില്‍ അതിലേക്കിറങ്ങുക തന്നെ വേണം. അല്ലാതെ തീരത്തിരുന്ന് മാലിന്യമുക്തമായ പുഴ എന്ന മാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല.'

വാക്കുകള്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഒരു പൊതുപ്രവര്‍ത്തകയുടേതല്ല. വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ജനപ്രതിനിധികള്‍ക്ക് പോലും കഴിയാതിരുന്ന കാര്യങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് സാധ്യമാക്കിയ ഒരു ഇരുപത്തിമൂന്നുകാരിയുടേതാണ്.

ജബ്‌ന ചൗഹാന്‍, പഞ്ചായത്ത് പ്രസിഡന്റ്,താജൂന്‍,ഹിമാചല്‍ പ്രദേശ്.  കോട്ടണ്‍ സാരിയുടുത്ത, കട്ടിക്കണ്ണടയും പരുക്കന്‍ മുഖവുമുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകയെ പ്രതീക്ഷിച്ച് ഈ മേല്‍വിലാസത്തിലെത്തുന്നവര്‍ അമ്പരക്കുക തന്നെ ചെയ്യും. കോളേജിലെ ക്ലാസ് മുറിയില്‍ നിന്ന് ഇടവേളയ്ക്ക് വന്നതുപോലെ ഒരു പെണ്‍കുട്ടിയെയാവും നിങ്ങള്‍ക്കവിടെ കാണാനാവുക!

jabna

അച്ഛന്റെ പൊന്നുമോള്‍...

ഹിമാചല്‍പ്രദേശിലെ പിന്നോക്ക ഗ്രാമങ്ങളിലൊന്നാണ് താജൂന്‍. കര്‍ഷകനായ ശ്രീഹാരിയയുടെ രണ്ടാമത്തെ മകളായ ജബ്‌ന വളര്‍ന്നത് തന്റെ ഗ്രാമത്തിന്റെ ദുരവസ്ഥ കണ്ടുതന്നെയാണ്. പഠിച്ച് വലിയ ആളാവുന്നതും തന്റെ ഗ്രാമത്തിലെ ജനങ്ങളെ സഹായിക്കുന്നതുമൊക്കെ കുട്ടിക്കാലം മുതലേയുള്ള ജബ്‌നയുടെ സ്വപ്‌നങ്ങളായിരുന്നു. എന്നാല്‍,നിര്‍ധനനായ പിതാവിന് അവളെ 12 ക്ലാസ് വരെ പഠിപ്പിക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഭാഗികമായി കാഴ്ച്ചശക്തിയില്ലാത്ത രണ്ട് സഹോദരന്മാരുടെയും അനുജത്തിയുടെയും കാര്യമോര്‍ത്തപ്പോള്‍ പഠനം നിര്‍ത്താന്‍ ജബ്‌നയും നിര്‍ബന്ധിതയായി.

പക്ഷേ, ആ സങ്കടം അധികകാലം അവളനുഭവിക്കേണ്ടി വന്നില്ല. ജബ്‌നയുടെ പഠനമികവ് അറിയാവുന്ന ഒരകന്ന ബന്ധു അവളുടെ പഠനച്ചെലവ് ഏറ്റെടുക്കാന്‍ തയ്യാറായി. അങ്ങനെ മാണ്ഡിയിലെ കോളേജില്‍ ചേര്‍ന്നു. അതോടൊപ്പം ഒരു പത്രത്തില്‍ പ്രാദേശിക ലേഖികയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. തന്റെ ചുറ്റുപാടുമുള്ള ദുരിതങ്ങളെയും അനാസ്ഥകളെയും അവള്‍ വാര്‍ത്തകളാക്കി. അവ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുന്നതിനും അവള്‍ മുന്‍കയ്യെടുത്തു. ജബ്‌നയുടെ വാര്‍ത്തകളിലെ സത്യം തിരിച്ചറിഞ്ഞ് അധികാരികള്‍ ഗ്രാമത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ താല്പര്യം കാണിച്ചുതുടങ്ങി.

jabna

പൊതുപ്രവര്‍ത്തന രംഗത്തേക്ക്.....

പത്രത്തിലെ പ്രവൃത്തിപരിചയം ഒരു പ്രാദേശിക ചാനലില്‍ ജോലി ലഭിക്കാന്‍ ജബ്‌നയ്ക്ക് സഹായകമായി. അവിടെ റിപ്പോര്‍ട്ടറായും അവതാരകയായും അവള്‍ തിളങ്ങി. സമൂഹത്തിലെ സ്ത്രീ പുരുഷ അസമത്വത്തിനെതിരെയും സമൂഹത്തിലെ ദുഷിച്ച വ്യവസ്ഥകള്‍ക്കെതിരെയുമെല്ലാം അവള്‍ വാര്‍ത്തകളിലൂടെ പ്രതികരിച്ചു. 

2016ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള സമയം വന്നപ്പോള്‍ നാട്ടുകാര്‍ക്ക് തങ്ങളുടെ പ്രതിനിധിയായി വരേണ്ടതാരെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. അവര്‍ ജബ്‌നയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ദേശിച്ചു. അവരുടെ സ്‌നേഹത്തിന് മുന്നില്‍ കീഴടങ്ങി ആ 22 കാരി അങ്ങനെ സജീവ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി. പഞ്ചായത്തംഗം മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവിയും ജബ്‌നയെത്തേടിയെത്തി.

jabna

ആദ്യമൊക്കെ ജബ്‌നയ്ക്ക് സംശയമായിരുന്നു തന്നെക്കൊണ്ട് ഈ പദവി ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമോ എന്ന്. എന്നാല്‍, ഒരു വര്‍ഷത്തിനിപ്പുറം തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം പൊതുപ്രവര്‍ത്തനമാണെന്ന് അനുഭവത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ജബ്‌ന. ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായി തജൂനിനെ മാറ്റാന്‍ ജബ്‌നയ്ക്കായി. ഈ പുരസ്‌കാരത്തിനൊപ്പം ഏറ്റവും മികച്ച പഞ്ചായത്ത് പ്രസിഡന്റ് എന്ന നേട്ടവും ജബ്‌ന സ്വന്തമാക്കി.

മദ്യത്തിനെതിരെ..

ചാനല്‍ റിപ്പോര്‍ട്ടറായിരുന്ന സമയത്ത് ജബ്‌ന ഏറ്റവുമധികം ആഞ്ഞടിച്ചത് ഗ്രാമത്തിലെ മദ്യവില്പനയ്‌ക്കെതിരെയായിരുന്നു. അവിടുത്തെ ഭൂരിപക്ഷം പുരുഷന്മാരും മദ്യപാനത്തിന് അടിമകളായിരുന്നു. സ്ത്രീകള്‍ പണിക്ക് പോയി കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം തട്ടിപ്പറിച്ച് അവര്‍ മദ്യം വാങ്ങിക്കുടിച്ചു. 

jabna

മദ്യവും പുകയില ഉല്പന്നങ്ങളും ഗ്രാമത്തില്‍ നിന്നകറ്റുക എന്നതായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് ആയശേഷം ജബ്‌ന ആദ്യ അജണ്ട. ഇതിനായി സ്ത്രീക്കൂട്ടായ്മകളും യുവജനകൂട്ടായ്മകളും ജബ്‌ന സംഘടിപ്പിച്ചു. അവര്‍ക്കൊക്കെ സമൂഹത്തില്‍ വരുത്താന്‍ കഴിയുന്ന മാറ്റങ്ങളെക്കുറിച്ച് ജബ്‌ന വിശദീകരിച്ചു. വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയും ശകത്മായ പ്രചരണം നടത്തി. പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയതോടെ ഒമ്പതു മാസത്തിന് ശേഷം ഗ്രാമീണര്‍ ഒപ്പിട്ട ഒരു നിവേദനം ഡപ്യൂട്ടി കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. ഗ്രാമത്തിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്നായിരുന്നു അതിലെ നിര്‍ദേശം.

"വല്ലാത്തൊരു വെല്ലുവിളി തന്നെയായിരുന്നു അത്. മദ്യപാനികള്‍ എന്നെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷേ, ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ച് നിന്നു. മുന്നോട്ട് വച്ച കാല്‍ പിന്നോട്ടില്ലെന്ന് ഞാനവരോട് തറപ്പിച്ച് പറഞ്ഞു."

ഗ്രാമസഭയുടെ പൂര്‍ണപിന്തുണയും പോലീസ് സഹായവും കൂടിയായതോടെ ജബ്‌ന ലക്ഷ്യം പൂര്‍ത്തിയാക്കി. 2017 മാര്‍ച്ച് ഒന്ന് മുതല്‍ മദ്യവും പുകയില ഉല്പന്നങ്ങളും ഗ്രാമത്തില്‍ നിന്ന് പുറത്തായി. 

മാലിന്യമുക്ത താജൂന്‍..

മാലിന്യമുക്ത പഞ്ചായത്ത് എന്നതായിരുന്നു ജബ്‌നയുടെ അടുത്ത ലക്ഷ്യം. അതിനായി സ്ത്രീകളുടെ സഹകരണം തേടി. എല്ലാ വീടുകളിലും മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവല്ക്കരിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ വീടുകളിലേക്കും രണ്ട് വേസ്റ്റ് ബിന്നുകള്‍ നല്കി. ഒന്നില്‍ ഭക്ഷണ അവശിഷ്ടങ്ങളും മറ്റൈാന്നില്‍ അല്ലാത്തവയുമെന്ന് തരംതിരിച്ച് ശേഖരിക്കാന്‍ ആവശ്യപ്പെട്ടു. ഇവ സംസ്‌കരിക്കുന്നതെങ്ങനെയെന്ന് ശാസ്തീയപരിശീലനവും വീട്ടമ്മമാര്‍ക്ക് നല്കി. വഴിയരികിലെ ഓടകള്‍ സ്ലാബിട്ട് മൂടി. കാലിത്തൊഴുത്തുകള്‍ നിര്‍മ്മിക്കാനും പഞ്ചായത്ത് സഹായം ചെയ്തു. ശൗചാലയങ്ങളില്ലാത്ത വീടുകളില്‍ അവ നിര്‍മ്മിച്ച് നല്കാനും പഞ്ചായത്ത് മുന്‍കയ്യെടുത്തു.

jabna

സ്വപ്‌നങ്ങള്‍ അവസാനിക്കുന്നതേയില്ല..

ഗ്രാമത്തില്‍ ഒരു കോളേജ് സ്ഥാപിക്കുകയാണ് ജബ്‌നയുടെ അടുത്ത ലക്ഷ്യം. സ്ത്രീകള്‍ക്ക് അധികവരുമാനം ലഭിക്കുന്നതിന് സഹായകമാകുന്ന എന്‍ജിഒ സംരംഭം തുടങ്ങാനും പദ്ധതിയുണ്ട്. പൊതുപ്രവര്‍ത്തനത്തനിടിയ്ക്ക് മാധ്യമപ്രവര്‍ത്തകയായും അച്ഛനെ കൃഷികാര്യങ്ങളില്‍ സഹായിക്കുന്ന മകളായും ഒക്കെ തിളങ്ങാനും ജബ്‌ന സമയം കണ്ടെത്തുന്നു. 

photos:FB/Jabna Chauhan