ഇറോം ശര്‍മിള എന്ന പേരുകേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ഒരു ചിത്രമുണ്ട്. മൂക്കില്‍ കുഴലിട്ട, ചുരുണ്ട മുടിയിഴകള്‍ വിടര്‍ത്തിയിട്ട വിളറി വെളുത്ത ഒരു മുഖം. കണ്ണും മൂക്കും ചുണ്ടും പോലെ അവരുടെ മുഖത്തോട് ചേര്‍ന്നിരിക്കുന്ന ഒരവയവമായിരുന്നു ആ കുഴല്‍...അവരേക്കാള്‍ സ്വാഭാവികതയോടെ ആ കുഴലിനെ ഉള്‍ക്കൊണ്ടത് അവളെ കാണുന്നവരായിരുന്നു, അവളെ ധീരയെന്ന് അംഗീകരിച്ചവരായിരുന്നു. ആ കുഴല്‍ മൂക്കില്‍ നിന്നൂരിമാറ്റാന്‍ തീരുമാനിക്കും വരെ അവര്‍ക്ക് അവള്‍ അങ്ങനെത്തന്നെയുമായിരുന്നു. 

ചരിത്രത്തില്‍ ഒരേടാകാന്‍ വേണ്ടി തുടങ്ങിയതായിരുന്നില്ല ശര്‍മിള തന്റെ പോരാട്ടം. സൈന്യത്തിന്റെ കിരാതനടപടികളില്‍ മനംമടുത്താണ് അവള്‍ സമരം തുടങ്ങിയത്. മണിപ്പൂര്‍ ജനതക്ക്, അവിടുത്തെ പെണ്ണുങ്ങള്‍ക്ക് സ്വൈര്യമായും സമാധാനമായും ജീവിക്കുന്നതിന് വേണ്ടിയാണ് മരണത്തെ വെല്ലുവിളിച്ച് അവള്‍ പട്ടിണി കിടന്നത്. രക്തത്തിലൂടെ പകര്‍ന്നുകിട്ടിയ പോരാട്ടവീര്യത്തെ കെടാതെ കാത്തത്.

ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങാതെ സ്വന്തമായി എടുത്ത ഒരു തീരുമാനത്തില്‍ നിന്നും മാറിചിന്തിക്കാന്‍ തീരുമാനിച്ചതോടെയാണ് സാഡിസത്തിന്റെ മുഖം എത്രത്തോളം ക്രൂരമാണെന്ന് അവള്‍ തിരിച്ചറിഞ്ഞത്. അവള്‍ക്ക് ചുറ്റുമുണ്ടായിരുന്നവര്‍ക്കും അവളെ അംഗീകരിച്ചവര്‍ക്കും ആവശ്യം അവളെന്ന ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ മാത്രമായിരുന്നു. വരണ്ടചുണ്ടില്‍ വെള്ളം പോലും ഇറ്റിക്കാതെ, പതിനാറുവര്‍ഷം ലോകമെമ്പാടുമുള്ള മനുഷ്യാവകാശസമരങ്ങള്‍ക്ക് മുഴുവന്‍ മാതൃകയായി അവള്‍ നടത്തിയ പോരാട്ടത്തെ അതോടെ അവര്‍ കണ്ടില്ലെന്ന് നടിച്ചു. വിവാഹിതയാകാനും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുമുളള അവളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അവര്‍ എതിര്‍ത്തു. അവളെ ഒറ്റപ്പെടുത്തി. അതൊരുതുടക്കം മാത്രം.

ഇറോം ശര്‍മിള

സമരം കൊണ്ടായില്ലെങ്കില്‍ ഇനി രാഷ്ട്രീയത്തിലൂടെയാകാം അഫ്‌സപക്കെതിരെയുള്ള പോരാട്ടമെന്ന് അവര്‍ തീരുമാനിച്ചു. അതിനുള്ള ആദ്യപടിയായി പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചു. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നും അധികാരത്തിലെത്തി അഫ്‌സപ നിര്‍ത്തലാക്കുമെന്നും അവള്‍ പ്രഖ്യാപിച്ചു. പക്ഷെ അവളുടേതെന്ന് അവള്‍ കരുതിയ ജനത അവള്‍ക്ക് നല്‍കിയത് വെറും തൊണ്ണൂറുവോട്ടുകള്‍. നോട്ടക്ക് 143 വോട്ടുകള്‍ കിട്ടിയ സ്ഥാനത്താണ് നൂറുവോട്ടുകള്‍ പോലും തികയ്ക്കാനാകാതെ ശര്‍മിള അതിഭീകരമായ പരാജയത്തെ അഭിമുഖീകരിച്ചത്. 

'എനിക്ക് ഞാന്‍ വഞ്ചിക്കപ്പെട്ടതുപോലെ തോന്നുന്നു...പക്ഷെ ഇത് ജനങ്ങളുടെ തെറ്റല്ല, അവര്‍ നിഷ്‌കളങ്കരാണ്.. അവര്‍ എനിക്ക് വോട്ട് ചെയ്യുമായിരുന്നു പക്ഷെ വോട്ട് ചെയ്യാനുള്ള അവരുടെ അവകാശത്തെ ചിലര്‍ വിലയ്ക്ക് വാങ്ങി. ഞാന്‍ രാഷ്ട്രീയം വിടുകയാണ് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല..'  16 വര്‍ഷത്തെ സഹനം തിരഞ്ഞെടുപ്പിലേറ്റ പരാജയത്തോട് കാണിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പക്ഷെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് തന്നെയാണ് ആ തകര്‍ച്ചയിലും അവര്‍ക്ക് ആവര്‍ത്തിക്കാനുള്ളത്. 

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അതിശക്തമായ തിരഞ്ഞെടുപ്പാണ് ഇത്തവണ മണിപ്പൂര്‍ അഭിമുഖീകരിച്ചത്. അഴിമതിക്കാരനെന്ന് പേരുകേട്ട
ഒക്രം ഇബോബി സിങ്ങിനെതിരെ ശര്‍മിള മത്സരിക്കുന്നതുമാത്രമായിരുന്നില്ല മണിപ്പൂരിനെ ചര്‍ച്ചകളിലെത്തിച്ചത്. 15 വര്‍ഷം നീണ്ട കോണ്‍ഗ്രസിന്റെ ഭരണം മോദി പ്രഭാവത്തില്‍ അവസാനിക്കുമോ എന്നുകൂടി അറിയേണ്ടിയിരുന്നു. സിങ്ങിന്റെ  അഴിമതിക്കഥകള്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി നടത്തിയ പ്രചാരണം ആ സംശയത്തിന് ആക്കവും കൂട്ടി. സമരം അവസാനിപ്പിച്ചതോടെ ശര്‍മിളക്ക് നഷ്ടപ്പെട്ട ജനസ്വീകാര്യത ഒരു സൈക്കിളില്‍ ചുറ്റിനടന്ന് വോട്ടര്‍മാരെ കണ്ട് സംസാരിക്കുന്നതിലൂടെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അവരുടെ സാന്നിധ്യം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഒരു ചലനം സൃഷ്ടിക്കുമെന്ന് തന്നെയായിരുന്നു കണക്കുകൂട്ടല്‍. 

തങ്ങളെ സ്വാധീനിച്ച പണക്കൊഴുപ്പിന്റെ രാഷ്ട്രീയത്തില്‍ ജനങ്ങള്‍ വിധിയെഴുതി.. ഇറോം ചാനു ശര്‍മിളയെന്ന രാഷ്ട്രീയക്കാരിയെ അല്ല അവര്‍ക്കാവശ്യം, മണിപ്പൂരിനെ സെന്‍സേഷണല്‍ വാര്‍ത്തകളില്‍ നിത്യവും നിര്‍ത്തിയിരുന്ന, വെള്ളമിറക്കാത്ത സമരനായികയെ ആണ്. പക്ഷെ അവിടെ നിന്നും ശര്‍മിള മുന്നോട്ട് നടന്നുകഴിഞ്ഞു.. 

'ഞാനൊരു പൊതുമുതലാണെന്ന് ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിട്ടുണ്ട്. ഇനിമുതല്‍ എന്റെ വിധി ഞാന്‍ തീരുമാനിക്കുന്നതായിരിക്കും.'


തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള സോഷ്യല്‍മീഡിയയിലെ ചില പ്രതികരണങ്ങള്‍.