ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഗീതാ ശ്ലോകങ്ങള്‍ ചൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് ഭഗവദ്ഗീത പഠിക്കണമെന്ന് അഫ്രീന്‍ റൗഫിന് തോന്നിയത്. മോദിയുടെയും യോഗി ആദിത്യനാഥിന്റെയും ഗീതാപാരായണങ്ങള്‍ അഫ്രീനെ ഏറെ പ്രചോദിപ്പിച്ചു. അങ്ങനെ അവള്‍ ഗീത പഠിച്ചുതുടങ്ങി. സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി നടത്തിയ ഗീതാപാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നോടുകയും ചെയ്തു!

ലഖ്‌നൗവില്‍ നിന്നുള്ള അഫ്രീന റൗഫ് എന്ന ഈ മുസ്ലീംപെണ്‍കുട്ടിയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ താരം. അഫ്രീനയുടെ ഗീതാപാരായണം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഉത്തര്‍പ്രദേശ് എഡ്യുക്കേഷന്‍ ബോര്‍ഡ് നടത്തിയ ഗീതാ പാരായണമത്സരത്തില്‍ അഫ്രീനയും കൂട്ടുകാരും പങ്കെടുത്തത്. 

സ്‌കൂളിലെ അധ്യാപികയാണ് മത്സരത്തിലേക്ക് അഫ്രീനയുടെ പേര് നിര്‍ദേശിച്ചത്. സ്‌കൂള്‍ തലത്തില്‍ നടന്ന പ്രാഥമിക മത്സരത്തില്‍ അഫ്രീനയുടെ മികച്ച പ്രകടനം കണ്ട് അധ്യാപകര്‍ തുടര്‍ന്ന് അവള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയായിരുന്നു. 

തന്റെ ഗീതാപാരായണ ദൃശ്യങ്ങള്‍ മതമൈത്രിയുടെ മാതൃകയായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ സന്തോഷത്തിലാണ് അഫ്രീന. ഗീതയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കണമെന്നും പുരാണഗ്രന്ഥങ്ങളെക്കുറിച്ച് ഗവേഷണം നടത്തണമെന്നുമാണ് അവളുടെ ആഗ്രഹം. മുസ്ലീമെന്നോ ഹിന്ദുവെന്നോ വ്യത്യാസമില്ലാതെ അറിവ് നേടാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകണമെന്ന് അഫ്രീന പറയുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരില്‍ക്കാണണമെന്നും അഫ്രീനയ്ക്ക് ആഗ്രഹമുണ്ട്.

ജാതിമതചിന്തകള്‍ക്കതീതമായി മകളെ ഇഷ്ടവിഷയങ്ങള്‍ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും അഫ്രീനയുടെ വീട്ടുകാര്‍ക്ക് പൂര്‍ണസമ്മതമായിരുന്നു. മകളുടെ വിജയത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു.