''അതായിരുന്നു എന്റെ ജീവിതത്തിലെ സുവര്‍ണനിമിഷം. അഡ്മിഷന്‍ ലിസ്റ്റ് കയ്യില്‍ കിട്ടുന്ന  ആ നിമിഷം വരെ എനിക്കറിയില്ലായിരുന്നു ഒരു പെണ്‍കുട്ടി പോലും അതിന് മുമ്പ് അവിടെ പഠിച്ചിട്ടില്ലെന്ന്.'' ഹര്‍ഷിണി കനേക്കറുടെ ഈ വാക്കുകള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. പുരുഷന്മാര്‍ മാത്രം കയ്യടക്കിവച്ചിരുന്ന ഫയര്‍ എഞ്ചിനിയറിംഗ് മേഖലയിലേക്ക് ആദ്യമായി നടന്നുകയറിയ ഇന്ത്യന്‍ വനിതയാണ് ഹര്‍ഷിണി. 

2002ല്‍ നാഗ്പൂരിലെ നാഷണല്‍ ഫയര്‍ സര്‍വ്വീസ് കോളേജിലേക്ക് ഹര്‍ഷിണി എന്ന 26കാരി പഠനത്തിനെത്തിയതോടെ മാറിമറിഞ്ഞത് കോളേജിന്റെ 46 വര്‍ഷത്തെ ചരിത്രമായിരുന്നു. കോളേജ് ഗേറ്റ് കടന്ന് കാമ്പസിലേക്ക് നടക്കുമ്പോള്‍ ഭാവിയില്‍ ഫയര്‍ എഞ്ചിനിയറിംഗിലേക്ക്  വരാനുള്ള എത്രയോ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകും തന്റെയീ തീരുമാനമെന്ന് ഹര്‍ഷിണി ചിന്തിച്ചിട്ടുകൂടിയില്ല. സ്വപ്‌നം കണ്ട ജോലിയിലേക്കുള്ള ആദ്യപടിയായിരുന്നു അവള്‍ക്ക് ആ പ്രവേശനം.

പ്രവേശനപരീക്ഷ എഴുതാന്‍ എത്തുമ്പോള്‍ തനിക്ക് നേരെ അമ്പരപ്പോടെ നീളുന്ന കണ്ണുകളോ കൂട്ടിന് ഒരു പെണ്‍തരിയെപ്പോലും കാമ്പസില്‍ കാണാനില്ലല്ലോ എന്ന ചിന്തയോ  ഒന്നും ഹര്‍ഷിണിയുടെ മനസ്സില്‍ അപ്പോഴില്ലായിരുന്നു. അവളാകെ കണ്ടത് ആ ചുവന്ന നിറമുള്ള കെട്ടിടം മാത്രമായിരുന്നു. കുട്ടിക്കാലം മുതലേ സ്വപ്‌നങ്ങളിലൂടെ ആ കെട്ടിടം അവളെ വല്ലാതെ മോഹിപ്പിച്ചിരുന്നു.

harshini

ആ സ്വപ്‌നം വന്ന വഴി

സ്‌കൂളില്‍ എന്‍സിസി കേഡറ്റായിരുന്നു ഹര്‍ഷിണി. അന്നെപ്പോഴോ ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റായ ശിവാനി കുല്‍ക്കര്‍ണിയെക്കുറിച്ച് വായിച്ചറിഞ്ഞതാണ് ഹര്‍ഷിണിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌. ശിവാനി കുല്‍ക്കര്‍ണിയായിരുന്നു ഹര്‍ഷിണിയുടെ പ്രചോദനം. ഓഫീസ് യൂണിഫോമിനോടുള്ള എന്‍സിസി ഓഫിസേഴ്‌സിന്റെ അഭിമാനവും ഇഷ്ടവും കൂടി കണ്ടതോടെ ശിവാനി ഉറപ്പിച്ചു. സാഹസികതയും അഭിമാനത്തോടെ അണിയാനൊരു യൂണിഫോമും ചേര്‍ന്നതാവണം തന്റെ ഔദ്യോഗിക ജീവിതമെന്ന്.

ആര്‍മി കോളേജിലോ എയര്‍ഫോഴ്‌സിലോ ചേര്‍ന്ന് കൂടേ?

ഫയര്‍ എഞ്ചിനിയറിംഗ് കോഴ്‌സിലേക്ക് ചേരാന്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്കിയപ്പോള്‍ ഹര്‍ഷിണി ആദ്യം നേരിട്ട ചോദ്യം അതായിരുന്നു. ആര്‍മി, എയര്‍ ഫോഴ്‌സ് കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങളുണ്ടല്ലോ. പിന്നെന്തിനാണ് ആണ്‍കുട്ടികള്‍ മാത്രമുള്ള ഈ കോളേജ് തിരഞ്ഞെടുത്തത് എന്ന ചോദ്യം പക്ഷേ ഹര്‍ഷിണിയെ തളര്‍ത്തിയില്ല.

യു.പി.എസ്.സി മാതൃകയിലുള്ള പരീക്ഷ ഹര്‍ഷിണി വളരെ എളുപ്പത്തില്‍ പാസായി. ശാരീരിക ക്ഷമതാ പരിശോധനയായിരുന്നു രണ്ടാംഘട്ടം. പരിശോധനയ്‌ക്കെത്തിയ ഡോക്ടറും അവളോട് ചോദിച്ചു ഇത്രയും സാഹസികത നിറഞ്ഞ ജോലി ചെയ്യാന്‍ പറ്റുമെന്ന് വിശ്വാസമുണ്ടോ എന്ന്. നിറഞ്ഞ പുഞ്ചിരിയായിരുന്നു അതിനുള്ള ഹര്‍ഷിണിയുടെ മറുപടി. മൂന്നാംഘട്ടം അഭിമുഖമായിരുന്നു. ഫയര്‍ സര്‍വീസിലെ കിരണ്‍ ബേദിയാവട്ടെ എന്നായിരുന്നു പാനലിലുണ്ടായിരുന്നവര്‍ അവളെ ആശംസിച്ചത്. 

കേളേജിലെ ആദ്യദിവസം അധ്യാപകരിലൊരാള്‍ അവളെ കഴിവതും നിരുത്സാഹപ്പെടുത്താന്‍ നോക്കി. പക്ഷേ,അവളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അദ്ദേഹവും കീഴടങ്ങി. എന്നാല്‍,പരിശീലനകാലത്തുടനീളം തന്നെ ഏറ്റവുമധികം പിന്തുണച്ചത് ആ അധ്യാപകനായിരുന്നവെന്ന് ഹര്‍ഷിണി ഓര്‍മ്മിക്കുന്നു.

harshini

ഏറ്റവും സമര്‍ഥയായ വിദ്യാര്‍ഥി(നി)

പരിശീലനത്തിന്റെ ഒരു ഘട്ടത്തിലും പിന്നിലാവാതിരിക്കാന്‍ ഹര്‍ഷിണി പ്രത്യേകം ശ്രദ്ധിച്ചു. തന്റെ പെരുമാറ്റവും രീതികളും വിലയിരുത്തിയാവും വരും കാലത്ത് ഇവിടെയെത്തുന്ന പെണ്‍കുട്ടികളെ അധ്യാപകര്‍ വിലയിരുത്തുക എന്ന ചിന്തയായിരുന്നു അതിന് പിന്നിലുണ്ടായിരുന്നത്. മാധ്യമങ്ങളും സമൂഹവും തന്നെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നതും ഇതിന് കാരണമായിരുന്നെന്ന് ഹര്‍ഷിണി പറയുന്നു.

ഏഴ് സെമസ്റ്ററുകളിലായി പൂര്‍ത്തിയാക്കേണ്ട കോഴ്‌സില്‍ വിദ്യാര്‍ഥികളെല്ലാവരും കോളേജില്‍ തന്നെ താമസിച്ച് പഠിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെങ്കിലും ഹര്‍ഷിണിക്ക് ഇളവ് ലഭിച്ചു. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് പ്രത്യേകം അനുവാദം വാങ്ങിയാണ് കോളേജ് അധികൃതര്‍ ഹര്‍ഷിണിക്ക് ദിവസവും വീട്ടില്‍ പോവാന്‍ സൗകര്യമൊരുക്കിയത്.

harshini

സ്വപ്‌നം യാഥാര്‍ഥ്യമാവുന്നു

2006ല്‍ ഗുജറാത്തിലെ മെഹ്‌സാനാ ഫയര്‍ സ്റ്റേഷനിലായിരുന്നു ഹര്‍ഷിണിയുടെ ആദ്യ നിയമനം. മൂന്ന് സബ് ഫയര്‍‌സ്റ്റേഷനുകളാണ് ഈ ഓഫീസിനു കീഴിലുണ്ടായിരുന്നത്. 2010ല്‍ ഹര്‍ഷിണി മുംബൈ ഡ്രില്ലിംഗ് സര്‍വീസിലെത്തി.ഒരു സ്ത്രീയെ ഈ ജോലി ധൈര്യമായി ഏല്‍പ്പിക്കാമെന്ന വിശ്വാസത്തില്‍ തനിക്ക് ആത്മവിശ്വാസം പകര്‍ന്ന അധികൃതരോട് തനിക്കെന്നും കടപ്പാടെന്ന് ഹര്‍ഷിണി പറയുന്നു. 

2013 മുതലാണ് പെണ്‍കുട്ടികള്‍ കൂടുതലായി ഫയര്‍ എഞ്ചിനിയറിംഗ് മേഖലയിലേക്ക് എത്തിത്തുടങ്ങിയത്.

harshini

ഞാനും പിന്നെന്റെ ബുള്ളറ്റും

മികച്ച് ബൈക്ക് റൈഡര്‍ കൂടിയാണ് ഹര്‍ഷിണി. യാത്രകളെ ഇഷ്ടപ്പെടുന്ന ബൈക്ക് റൈഡര്‍ കൂടിയായ സുഹൃത്തിനെയാണ് ഹര്‍ഷിണി ജീവിതപങ്കാളിയാക്കിയത്. ബുള്ളറ്റില്‍ കയറി നാടു ചുറ്റലാണ് ഇരുവരുടെയും  ഇഷ്ടവിനോദം.

harshini

"സ്വപ്‌നങ്ങളോട് ഗുഡ് ബൈ പറയരുത്"

സ്വപ്‌നങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കരുതെന്നാണ് ഹര്‍ഷിണി പെണ്‍കുട്ടികളോട് പറയുന്നത്.ഏതെങ്കിലും തൊഴില്‍ മേഖല പുരുഷന്മാര്‍ക്ക് മാത്രമായില്ല. സ്ത്രീകള്‍ക്ക് മാത്രമായി പുരുഷന്മാര്‍ക്ക് മാത്രമായി എന്നൊന്നും ഒരു ജോലിയെയും മാറ്റിനര്‍ത്തരുത്. ജീവിതം ഒന്നേയുള്ളു,അത് സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായാനുള്ളതാക്കി മാറ്റുകയാണ് വേണ്ടതെന്നും ഹര്‍ഷിണി പറയുന്നു.